2015, ജനുവരി 5, തിങ്കളാഴ്‌ച

ധര്‍മ്മ ശാസ്താവും അയ്യപ്പനും ഒരു വിമര്‍ശന പഠനം


സുധീര്‍ നീരേറ്റുപുറം

കോടാനുകോടി ഭക്തജനങ്ങള്‍ വര്‍ഷംതോറും ദര്‍ശനത്തിനായെത്തുന്ന കാനനക്ഷേത്രമായ ശബരിമലയില്‍ ഇന്ന് പ്രചാരത്തിലുളള അയ്യപ്പചരിതം ഐതീഹ്യവും ചരിത്രവും കെട്ടുകഥകളും കെട്ടുപിണഞ്ഞു അവിശ്വസനീയമായ തരത്തിലുളളതാണ്. ഇതില്‍ നിന്നും സത്യം വേര്‍തിരിച്ചെടുത്ത് യുക്ത്യാധിഷ്ഠിതമായ ഒരു ചരിതം പുനഃസൃഷ്ടിക്കേണ്ടത് ജനങ്ങളില്‍ രൂഢാമൂലമായ ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ന് ഏറെ പ്രചാരത്തിലുളള അയ്യപ്പചരിതം ഇതാണ് : പരമശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയില്‍ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ അനപത്യദുഃഖത്താല്‍ ദുഃഖിച്ചുകഴിഞ്ഞ പന്തളം രാജാവ് രാജശേഖരചോളന്‍ പെരുമാള്‍ എടുത്തു വളര്‍ത്തി. വളര്‍ത്തുമകനെ യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ച് അനന്തിരാവകാശിയാക്കി യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു. രാജ്ഞിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളില്‍പ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടില്‍ പോകേണ്ടി വന്നു. അവിടെ വച്ച് ഉഗ്രരൂപിണിയായ മഹിഷി എന്ന എരുമയുടെ ശിരസോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകി. ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, ഈ ആവശ്യം നിരസിച്ച നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നായിരുന്നു കരാര്‍. അയ്യപ്പനു കൂട്ടായി വാവരെന്ന മുസ്ലീം യോദ്ധാവും കടുത്ത (തൊമ്മന്‍) സ്വാമിയെന്ന ക്രിസ്ത്യാനി കര്‍ഷകപ്രഭുവും അടക്കം വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല, കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുര ഭീഷണിയെ ഇല്ലാതാക്കി. പന്തളത്ത് രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കുകയും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം.
മേല്‍പ്പറഞ്ഞ ഐതീഹ്യം അംഗീകരിച്ചാല്‍ അത് നമ്മുടെ അതിപ്രാചീന ചരിത്രത്തെ നിഷേധിക്കലാവും. ഭാരതീയ വിശ്വാസപ്രമാണങ്ങളും രേഖകളും അനുസരിച്ച് മഹിഷാസുരനെ ദുര്‍ഗ്ഗാദേവിയും, സഹോദരിയായ മഹിഷിയെ ശാസ്താവും വധിക്കുന്നത് കൃത(സത്യ)യുഗത്തിലാണ്. പന്തളത്തു രാജാവാണ് ഹരിഹരപുത്രനായ ശാസ്താവിനെ എടുത്തു വളര്‍ത്തിയതും, പിന്നീട് ശാസ്താവ് മഹിഷിയെ വധിച്ചതെന്നും അംഗീകരിച്ചാല്‍ ഈ സംഭവം നടന്നിട്ട് കേവലം 800 ല്‍ താഴെ വര്‍ഷങ്ങളേ ആയുളളു എന്ന് അംഗീകരിക്കേണ്ടിവരും. ഭാരതീയ കാലഗണന അനുസരിച്ച് മഹിഷാസുര-മഹിഷി വധം നടന്നത് കൃതയുഗത്തിലാണെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് 998716 മനുഷ്യ വര്‍ഷമെങ്കിലും (ത്രേതായുഗം 1296000 + ദ്വാപരയുഗം 864000 + കലിയുഗം 5116) കഴിഞ്ഞിരിക്കും. മാത്രവുമല്ല പരശുരാമനാണ് ശബരിമല ക്ഷേത്രം വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഈ പരശുരാമനാണല്ലോ കേരളം കടലില്‍ നിന്നും വീണ്ടെടുത്തത്. പരശുരാമാവതാരം നടന്നത് ത്രേതായുഗത്തിലാണ്. കേരളീയം എന്നു നാം വിശ്വസിക്കുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമന്‍ കൊണ്ടു വന്നതാണെന്ന വാദവുമുണ്ട്. കേരളത്തിലെ പന്തളത്തു രാജാവ് ജീവിച്ചിരുന്നത് ഏതായാലും കൃത-ത്രേതായുഗത്തിലായിരുന്നുവെന്ന് ഒരാളും വാദിക്കുകയില്ലല്ലോ. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോള്‍ പന്തളത്തു കുമാരനായ അയ്യപ്പനാണ് മഹിഷിയെ വധിച്ചതും, ശബരിമല ക്ഷേത്രം നിര്‍മ്മിച്ചതെന്നുമുളള കഥകള്‍ അവാസ്തവികമാണെന്ന് അംഗീകരിക്കേണ്ടിവരും. ഇതിന്‍പ്രകാരം പന്തളത്തു രാജകുമാരനായ അയ്യപ്പന്റെ ജീവിതകഥയില്‍ നിന്നും പ്രസ്തുത ഭാഗങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ വിശ്വസനീയവും യുക്തിഭദ്രവുമായ രീതിയെന്നുവരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ശബരിമല അയ്യപ്പനിലുളള വിശ്വാസത്തിനും ആരാധനക്കും യാതൊരു ഭംഗവും വരുന്നതല്ല.
ഹരിഹരപുത്രനായ ശാസ്താവും, പന്തളത്തു രാജകുമാരനായ അയ്യപ്പനും രണ്ട് കഥാപാത്രങ്ങളാണെന്ന് അംഗീകരിച്ചുകൊണ്ടുളള ഒരു കഥാരചന നടത്തുകയാണ് ഏറ്റവും ഉചിതമായ രീതി. അതുപോലെതന്നെ മതേതരത്വത്തിന്റെ പേരില്‍ അയ്യപ്പചരിതത്തില്‍ കടന്നുകൂടിയിട്ടുളള പ്രക്ഷിപ്തങ്ങളേയും തുടച്ചുനീക്കേണ്ടതുണ്ട്.
തമിഴ്‌നാട്ടിലെ പാണ്ഡ്യരാജ്യത്ത് കൊല്ലവര്‍ഷാരംഭത്തില്‍ അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്‍ അധികാരം പിടിച്ചെടുക്കാന്‍ ഉദ്യമിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകനായ മാലിക് ഖാഫര്‍ പാണ്ഡ്യരാജ്യം ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ പാണ്ഡ്യ രാജവംശത്തിലെ രണ്ട് ശാഖകള്‍ കൊ.വ. 79 ല്‍ പാണ്ടിദേശത്തു (മധുര) നിന്നും കേരളത്തിലേക്ക് പാലായനം ചെയ്തു. ഇതില്‍ ഒരു കൂട്ടര്‍ പൂഞ്ഞാറില്‍ (കോട്ടയം) അഭയംതേടുകയും, മറ്റൊരു കൂട്ടര്‍  (ചെമ്പഴന്നൂര്‍ ശാഖക്കാര്‍)  ഊരുചുറ്റി കറങ്ങിനടന്ന് പന്തളം രാജ്യം കൈവശപ്പെടുത്തി കൊല്ലവര്‍ഷം 377 (ക്രി.വ. 1201) ല്‍ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു.  പന്തളത്ത് രാജവംശത്തില്‍പെട്ടവര്‍ 'ഭാര്‍ഗ്ഗവ ഗോത്ര'ത്തില്‍ പെട്ടവരായിരുന്നു. കേരളത്തിലെ മറ്റ് ക്ഷത്രിയരെല്ലാംതന്നെ 'വിശ്വാമിത്ര ഗോത്ര'വംശജരാണ്. ശാസ്താവ് വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു. അക്കാലത്തെ പ്രധാന ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമലയിലായിരുന്നു ഇവരുടെ മുഖ്യ ആരാധനാകേന്ദ്രമായിരുന്ന  ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നവെന്നും അതല്ല അദ്ദേഹത്തിന്റെ മകനായിരുന്നുവെന്നും ദത്തുത്രനായിരുന്നുവെന്നുമുളള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അതെന്തായാലും മണികണ്ഠനെന്നറിയപ്പെട്ട അയ്യപ്പനെ രാജാവ് നാട്ടിലെ കളരികളിലെല്ലാം അയച്ച് വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് വില്ലാളിവീരനായി വളര്‍ത്തി, അയ്യപ്പന്‍ എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം വര്‍ധിപ്പിക്കാനുള്ള യാത്രയില്‍ മുസ്‌ലിം യോദ്ധാവായ ബാബറുമായി (വാവര്) ഏറ്റുമുട്ടി, അവസാനം സന്ധിചെയ്തു ചങ്ങാതിമാരായി. എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനും, ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനുമായി അയ്യപ്പന്‍ തന്റെ സേനയുമായി യുദ്ധസന്നദ്ധമായി ശബരിമലയ്ക്കു പുറപ്പെട്ടു. തന്റെ സൈന്യത്തെ പല ഘടകങ്ങളായി വിഭജിച്ചു. ഒരു വിഭാഗത്തെ വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഇഞ്ചിപ്പാറ കോട്ട തകര്‍ക്കാന്‍ നിയോഗിച്ചു. മറ്റൊരു വിഭാഗം അയ്യപ്പന്റെ നേതൃത്വത്തില്‍ ആലങ്ങാട്ടുകാരോടൊപ്പം തലപ്പാറകോട്ട ആക്രമിച്ചു കീഴടക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും ഇരുമുടിയില്‍  തോളിലേറ്റിയാണ് പോയത്. യുദ്ധംചെയ്തു
Pandalam Palace
മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. യോദ്ധാക്കളെല്ലാവരും അവസാനം പമ്പയില്‍ ഒന്നിച്ചുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. (എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന അമ്പലപ്പുഴ- ആലങ്ങാട്ട് സംഘങ്ങള്‍ ഈ ചടങ്ങുകളെല്ലാം ഇന്നും നടത്തുന്നുണ്ട്). പിന്നീട് അയ്യപ്പനും സംഘവും നീലിമല കയറി ശബരിപീഠത്തിലെത്തി. ആയുധങ്ങളെല്ലാം ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ ആജ്ഞാപിച്ചു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താ സന്നിധിയിലെത്തിയത്. ശാസ്താക്ഷേത്രനടയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം.
ഇക്കഥയില്‍ ശാസ്താവും അയ്യപ്പനും രണ്ടാണെന്ന് വ്യക്തമാകുന്നു. ഇക്കഥ വിശ്വാസയോഗ്യവും യുക്തിസഹവുമാണ്. പക്ഷെ ഇതില്‍ അയ്യപ്പന്റെ സഹായിയായി ഒരു മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നുവെന്ന് പ്രതിപാദിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നുവേണം പറയാന്‍. വാവരുടെ പൂര്‍വികര്‍ പാണ്ടിനാട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ കുടിയേറിയതാകട്ടെ കലി വര്‍ഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലില്‍ നിന്നും വാവരുടെ പൂര്‍വികര്‍ കുടിയേറിയത് 500 വര്‍ഷം മുന്‍പു മാത്രമാണെന്നു വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നു. മക്കം പുരയില്‍ ഇസ്‌മൈല്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബര്‍ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. പന്തളം രാജാവ് ശാസ്താവിന്റെ അംഗരക്ഷകനായ വാവര്‍ക്ക് ആരാധാനാലയം പണിതുവെന്ന് ചില സംസ്‌കൃതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയുന്നു. അയ്യപ്പന്‍ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാര്‍ത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളല്‍ ആരംഭിക്കുന്നത് എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ്.
ഹിന്ദുപുരാണങ്ങളില്‍ ശാസ്താവിന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു വാപുരന്‍ എന്ന പരാമര്‍ശമുണ്ട്. ഇത് വളച്ചൊടിച്ചാണ് വാവര്‍ എന്ന മുസ്ലീം കഥാപാത്രത്തെ വ്യാജമായി സൃഷ്ടിച്ചത്. എരുമേലിയിലെ വാവര്‍ പളളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മസ്ജിദിലെ പുരോഹിതന്‍ നെറ്റിയില്‍ തൊടാനായി ഭസ്മം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് നല്‍കുന്നവരോ മസ്ജിദിലെ മറ്റ് മുസ്ലീങ്ങളോ ഈ ഭസ്മം സ്വന്തം നെറ്റിയില്‍ അണിയാറില്ല എന്നതാണ് വിചിത്രമായ സത്യം. അയ്യപ്പ ഭക്തന്മാരുടെ കാണിയ്ക്കയില്‍ മാത്രമാണ് ഇവരുടെ നോട്ടം. ഇസ്ലാമിക പ്രമാണമനുസരിച്ച് ഒരു മുസ്ലീം 'അളളാഹുവിനെ അല്ലാതെ മറ്റൊരു ദൈവവുമില്ല' എന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റു ദൈവങ്ങളെ അംഗീകരിക്കുന്നതും ആരാധിക്കുന്നതും വിഗ്രഹപൂജ നടത്തുന്നതുമെല്ലാം കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റവും മതനിന്ദയുമാണെന്ന് കരുതുകയും ചെയ്യുന്നവരാണ്. അപ്രകാരമെങ്കില്‍ വാവര്‍ ഒരു മുസ്ലീമും അയ്യപ്പന്റെ ഭക്തനും കാവല്‍ക്കാരനുമാണെങ്കില്‍ ആ വ്യക്തിയെ ഇസ്ലാമിക ശരീയത്ത് അനുസരിച്ച് ഒരു മുസ്ലീമിന് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക? അളളാഹുവിനെ മാത്രം ആരാധിക്കുന്ന പവിത്രമായ മസ്ജിദില്‍ 'സ്വാമിയേ അയ്യപ്പോ' (അമുസ്ലിം ദൈവം) എന്ന ശരണം വിളികളോടെ എത്തുന്നവരെ എപ്രകാരമാണ് പ്രവേശിപ്പിക്കുക? ഇത് കടുത്ത ഇസ്ലാംമതവിരുദ്ധ പ്രവൃത്തിയല്ലേ.....???!!!
ശബരിമല ക്ഷേത്രത്തിലേക്കുളള യാത്രാപഥത്തില്‍ ഏഴ് കോട്ടകളുണ്ടെന്നും, അതിനോരോന്നിനും ഓരോ അനുചരരെ കോട്ടയുടെ സംരക്ഷണത്തിനായി അധിപന്മാരായി അയ്യപ്പന്‍ നിയമിച്ചുവെന്നും കാണുന്നു. ഇതില്‍ ആദ്യത്തെ കോട്ടയായ എരുമേലിയുടെ നാഥനായിരുന്നു വാപുരന്‍ എന്ന വാവരുസ്വാമി. മറ്റ് 6 കോട്ടകളും അവയുടെ അധിപന്മാരും ഇപ്രകാരമാണ് : കാളകെട്ടി - നന്ദികേശ്വരന്‍, ഉടുമ്പാറ മല - വ്യാഘ്രപാദന്‍ (കോട്ടയില്‍ ശാസ്താവ്) എന്ന ഭൂതനാഥന്‍, കരിമല - കൊച്ചുകടുത്തസ്വാമി, ശബരിപീഠം - ശബരിദുര്‍ഗ്ഗ എന്ന ദേവി, ശരംകുത്തിയാല്‍ത്തറ - അസ്ത്രഭൈരവന്‍, പതിനെട്ടാം തൃപ്പടി - പടിയുടെ വലതുവശത്ത് വലിയകടുത്ത സ്വാമി, ഇടതുവശത്ത് കറുപ്പസ്വാമിയും കറുപ്പായി അമ്മയും കോട്ടകാവലിനുണ്ട്. കൂടാതെ തിരുമുറ്റത്ത് വാവരുസ്വാമി പടിക്കു വടക്കുകിഴക്കായി തിരുസന്നിധാനവും കാക്കുന്നു. വാപുരസ്വാമിയുടെ പേര് മാറ്റി വാവരെന്നാക്കി അയ്യപ്പഭക്തന്മാരെ വഞ്ചിച്ച് കാണിക്കപ്പണം തട്ടിയെടുക്കുന്നതിനെതിരെ ഇനിയെങ്കിലും ഭക്തന്മാര്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ വാവര്‍ എന്നു പേരുളള ഒരൊറ്റ മുസ്ലീം പോലുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
പരമശിവന് പാത്തുമ്മയെന്ന മുസ്ലിം സ്ത്രീയിലുണ്ടായ പുത്രനാണ് മുസ്ലീമായ വാവര്‍ എന്നുളള കെട്ടുകഥയും ഉടുക്കുകൊട്ടിപ്പാട്ട് രൂപത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ കഥ ഇപ്രകാരമാണ് : പാത്തുമ്മ എന്ന മുസ്ലീം സ്ത്രീയില്‍ പരമശിവന് പ്രേമം തോന്നി. ശിവന്‍ അവളെ ആകര്‍ഷിക്കാനൊരു പൂമരമായി നിന്നു. ആ പൂമരത്തിന്റെ പ്രസിദ്ധി കേട്ട പാത്തുമ്മയ്ക്ക് പൂമരം കാണാനാഗ്രം ജനിച്ചു. തന്റെ അമ്മയോട് ആ ആഗ്രഹം പറഞ്ഞപ്പോള്‍ പൂമരം കാണാന്‍ പോകരുതെന്നും അതില്‍ പല ചതികളുമുണ്ടെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ പൂമരം കാണാന്‍ പാത്തുമ്മ പോയി. പൂമരത്തിന്റെ ഒരു ശാഖ കുറച്ച് താഴ്ന്ന് കിടക്കുന്നതായി കണ്ട പാത്തുമ്മ ആ കൊമ്പില്‍പിടിച്ച് പൂമരത്തില്‍കയറി ഒരിടത്തിരുന്നു. ആ സമയത്ത് ശിവന്‍ പാത്തുമ്മയെ അദൃശ്യരൂപേണപുണര്‍ന്നു എന്നും, പാത്തുമ്മ അതില്‍നിന്ന് ഗര്‍ഭംധരിക്കുകയും ചെയ്തു. അങ്ങനെ പിറന്നവനാണത്രെ വാവര്‍....!!! ഇത്തരത്തിലുളള അവഹേളനപരവും അസംബന്ധം നിറഞ്ഞതുമായ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ആത്മഹത്യാപരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട വാപുരനെന്ന വാവര്‍ സ്വാമിക്ക് ഇസ്ലാംമതവുമായോ എരുമേലി പളളിയുമായോ യാതൊരു ബന്ധവുമില്ലെന്ന് ലോകമെമ്പാടുമുളള അയ്യപ്പഭക്തരെ ധരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇതുപോലെ തന്നെയുളള ഒരു കെട്ടുകഥയാണ് കടുത്ത സ്വാമി ക്രിസ്ത്യാനിയാണെന്ന കുപ്രചരണം. കൊച്ചു തൊമ്മന്‍ എന്ന ക്രിസ്ത്യാനിയാണ് കെച്ചു കടുത്ത സ്വാമിയായതെന്നാണ് ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കടുത്ത ഒരു നായര്‍ പടയാളിയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.
അയ്യപ്പനേയും അര്‍ത്തുങ്കല്‍ പള്ളിയേയും ബന്ധപ്പെടുത്തി ഒരു കെട്ടുകഥയുണ്ട് : ജനങ്ങള്‍ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികന്‍ അര്‍ത്തുങ്കല്‍ പള്ളിയിലുണ്ടായിരുന്നുവത്രേ, ഫാദര്‍ ഫെനിഷ്യോ. ഇദ്ദേഹത്തെ ജനങ്ങള്‍ 'വെളുത്തച്ഛന്‍' എന്നു വിളിച്ചിരുന്നു. കാലാന്തരത്തില്‍ ജനം വിശുദ്ധ സെബാസ്തന്യോസിനേയും ഈ പേരില്‍ വിളിച്ചു തുടങ്ങി. കളരി പഠിക്കാന്‍ ചീരപ്പന്‍ചിറയില്‍ പോയ ഫാ. ഫെനിഷ്യോ അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്തായെന്ന് ഐതീഹ്യം പറയുന്നു. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ മാലയൂരി സമര്‍പ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കപ്പെടുന്നത്. ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനായി ജാതി മത ഭാഷാ പ്രാദേശിക ഭേദമില്ലാതെ ഭക്തിപൂര്‍വ്വം പോകുന്ന അയ്യപ്പ ഭക്തന്മാരെ വഴിതെറ്റിച്ച് മുസ്ലിം - ക്രിസ്ത്യന്‍ പളളികളിലേക്ക് ആകര്‍ഷിച്ച് ചിന്താകുഴപ്പം സൃഷ്ടിച്ച് മതംമാറ്റാനും കാണിയ്ക്കപ്പണം തട്ടിയെടുക്കാനും വേണ്ടിയാണ് ഇത്തരത്തിലുളള നുണക്കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.
പുരാണകഥാപാത്രമായ ധര്‍മ്മശാസ്താവും, ചരിത്രപുരുഷനായ അയ്യപ്പനും തമ്മിലുളള സാമ്യവൈജാത്യങ്ങള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിഷ്ണുവിന്റെ മായാരൂപമായ മോഹിനി, പരമശിവന്‍, ഭസ്മാസുരന്‍, ശാസ്താവ് എന്നിവരെയെല്ലാം ബന്ധപ്പെടുത്തി നേരിയ വ്യത്യാസങ്ങളോടെയുളള കഥകള്‍ നിരവധി പ്രാചീന ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിഷ്ണുപുരാണം, ബ്രഹ്മാണ്ഡപുരാണം, ത്രിപുര രഹസ്യം, ബൗദ്ധ തമിഴ്കൃതിയായ സതാര ദേവാല ദേവി പൂവാത എന്നിവ ഇതിന് തെളിവുകളാണ്. ഇതുപ്രകാരം ശാസ്താവ് യുദ്ധവീരനും, ഹരിഹരപുത്രനും, ഭൂതനാഥനും മറ്റുമായി ആരാധിക്കപ്പെടുന്നു. ഭാരതത്തില്‍ നിലനിന്നിരുന്ന ശക്തമായ ശൈവവൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു ഇവ രണ്ടിന്റെയും സമന്വയമായ ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ശാസ്താവ് ക്ഷത്രിയരുടെ കുലദൈവമാണ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കര്‍ത്തവ്യം ചെയ്യാന്‍ നിയുക്തരായ ക്ഷത്രിയര്‍ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോന്നു.  ബ്രാഹ്മണര്‍ അവരുടെ ശക്തിസ്വരൂപനായ മഹാദേവനെ ഉയരമുള്ള ഹിമാലയത്തില്‍ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നില്‍ക്കുന്ന പശ്ചിമഘട്ടനിരയില്‍ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയര്‍ തീരുമാനിച്ചതിന്റെ പരിണതഫലമായിരിക്കാം ശബരിമലയിലെ ധര്‍മ്മശാസ്താ ക്ഷേത്രം.   ക്ഷത്രിയര്‍ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര്‍ എന്ന പേരു നല്‍കിയത്. നിത്യബ്രഹ്മചാരിയായിരുന്ന ശാസ്താവ് ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്. ധര്‍മ്മശാസ്താവ് വാജികുതിര വാഹനനാണ് സ്‌കന്ദപുരാണം അനുസരിച്ച് ശാസ്താവിന് പൂര്‍ണ്ണ, പുഷ്‌കല തുടങ്ങിയ ഭാര്യമാരും സാത്യകന്‍ എന്ന പുത്രനും ഉണ്ടായിരുന്നതായി പറയുന്നു. അച്ചന്‍കോവിലിലെ ശാസ്താ ക്ഷേത്രത്തില്‍ പുഷ്‌കലയുടേയും പൂര്‍ണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നുവെന്നത് സ്മരണീയമാണ്. ഇതനുസരിച്ച് ശാസ്താവ് വിവാഹിതനും, അയ്യപ്പന്‍ നിത്യബ്രഹ്മചാരിയുമാണ് എന്ന് പറയേണ്ടിവരും.
അയ്യപ്പനെക്കുറിച്ച് വ്യത്യസ്തങ്ങളായ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അയ്യപ്പനെന്ന പേരില്‍ ശാസ്താവിന്റെ ഭക്തരായി ഒന്നിലേറെപ്പേര്‍ ഉണ്ടായിരിക്കാമെന്നും ഇവയെല്ലാംകൂടിക്കലര്‍ന്നുളള കഥകളാണ് ഇന്ന് പ്രചാരത്തിലുളളതെന്നും കരുതാം. ഇതാണ് പല ചരിതങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ തോന്നാന്‍ ഇടയാക്കിയത്. അയ്യപ്പന്‍ എന്ന പേര് വിഷ്ണു എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന വാക്കും ശിവന്‍ എന്നര്‍ത്ഥം വരുന്ന 'അപ്പ' എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം. 'അയ്യന്‍' എന്നത് പാലിയിലെ ശ്രേഷ്ഠന്‍ എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സംസ്‌കൃതത്തിലെ 'ആര്യഃ' എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്.
ശാസ്താംപാട്ടുകളിലെ കഥനപ്രകാരം തനി മലയാളി യോദ്ധാവായ വീരനായിരുന്നു അയ്യപ്പന്‍. പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്ന ഇദ്ദേഹം. പരസ്പരം മല്ലടിച്ചിരുന്ന കേരളീയ നാട്ടുരാജാക്കന്മാരെ മറവപ്പടയും നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലത്താണ് പന്തളത്തു രാജാവ് ജീവിച്ചിരുന്നത്. ശത്രുഭയംമൂലം പന്തളം കൊട്ടാരത്തില്‍നിന്നും ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല ആയുധവിദ്യകളും പരിശീലിപ്പിച്ചു. ശബരിമലയുടെ അടിവാരത്തില്‍ കഴിഞ്ഞിരുന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ (അയ്യപ്പന്‍) ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. രാജ്യത്തിന്റെ അനന്തരാവകാശിയെ ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു. ക്രമേണ പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ വില്ലാളികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍ മാറി.
തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു അയ്യപ്പനും സേനയും നേരിട്ടു. പരാജിതനായ വാവര്‍ അയ്യപ്പനുമായി സൗഹൃദം സ്ഥാപിച്ച് വിശ്വസ്ത അനുയായിയാക്കി മാറ്റി. പാണ്ടി ദേശത്തു നിന്നുള്ള ആക്രമണം നേരിടാന്‍ ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു. ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ. നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്തു.
പന്തളത്തു ജീവിച്ചിരുന്ന രാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി പ്രകീര്‍ത്തിച്ച് ചിത്രീകരിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പനെന്ന യോദ്ധാവ് നാട്ടിലേക്കു മടങ്ങി വന്നില്ല. ഇദ്ദേഹം കൊടുംകാട്ടില്‍ മരിച്ചു പോവുകയോ അപ്രത്യക്ഷനാവുകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. ആളുകള്‍ ഇദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിച്ചു.
Malikappurathamma
മഹിഷിയെ (എരുമ) അയ്യപ്പന്‍ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയില്‍ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതില്‍ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട് ഈ അയ്യപ്പന്‍ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തില്‍ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവില്‍ ആ ശാസ്താവില്‍ തന്നെ വിലയം പ്രാപിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു.
പന്തളരാജാവിന്റെ മകന്‍ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റി ഒരു ഐതീഹ്യമുണ്ട്.
വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള രചിച്ച 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നത് 500 കൊല്ലം മുന്‍പ് ജീവിച്ചിരുന്ന 'മലയാളി സേവക'നായിരുന്നു 'വെള്ളാളകുലജാതന്‍' അയ്യന്‍ എന്ന അയ്യപ്പന്‍ എന്നാണ്.
അയ്യപ്പന്‍ ഒരു ഈഴവനായിരുന്നുവെന്നും കഥയുണ്ട്. സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിതനായ ഈഴവനായകന്‍ യുദ്ധത്തില്‍ പ്രതിയോഗിയെ പരാജയപ്പെടുത്തി പ്രസിദ്ധനായിത്തീര്‍ന്നു, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലര്‍ക്കുണ്ട്.  നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ഒരു നാഗരിക സമൂഹം ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ പൗരാണികകാലം മുതലേ വസിച്ചിരുന്നു. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെും ചിലര്‍ വിശ്വസിക്കുന്നു.
ശബരിമലയിലെ ശാസ്താവ് അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നവെന്നും, ശബരിമല ശാസ്തക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ബുദ്ധമതാചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നു, അയ്യപ്പ ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് 41 ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതും, ശബരിമലയിലെ പൂജകള്‍ തുളു ബ്രാഹ്മണര്‍ നടത്തി വരുന്നതും, തീര്‍ത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത് പോലുള്ള ശരണം വിളികള്‍ ഉപയോഗിക്കുന്നതും ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങള്‍ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തര്‍ഭാഗങ്ങളില്‍ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകളാണത്രെ. ശാസ്താവിഗ്രഹങ്ങള്‍ക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അമരകോശത്തിന്റെ കര്‍ത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ വില്ലാളി വീരന്‍, വീര മണികണ്ഠന്‍ എന്നീ സംബോധനകള്‍ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂര്‍ണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകള്‍ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീര്‍ത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് കൂടുതല്‍ സാമ്യമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളെ ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂര്‍ത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണ്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവ ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമായ ആചാരങ്ങളാണ്.
ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള 'പൊതളകവും', തമിഴ്‌സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ''ലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' പറയുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണ് വ്യാഖ്യാനം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്.
അയ്യപ്പന്‍ പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആയിരുന്നുവെന്നും, ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ചിരുന്നുവെന്നും ചിലര്‍ കരുതുന്നു. 41 ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളുമാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രാചീന കാലത്ത് ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചപ്പോള്‍ കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അക്കാലത്ത് ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു. ബുദ്ധമതം ഹിന്ദുമതത്തിന്റെ തന്നെ ഒരു പരിഷ്‌കൃതരൂപമായിരുന്നു. ബൗദ്ധസ്വാധീനത്താല്‍ നിരവധിപേര്‍ ബൗദ്ധമതം സ്വീകരിക്കുകയും തങ്ങളുടെ ആരാധനാലയങ്ങള്‍ ബൗദ്ധ വിഹാരങ്ങളും ബുദ്ധദേവാലയങ്ങളുമാക്കി മാറ്റുകയും ചെയ്തിരിക്കാം. പിന്നീട് ബുദ്ധമതം അതിന്റെതന്നെ ആന്തരിക ദൗര്‍ഭല്യങ്ങളാലും അന്തഃഛിദ്രങ്ങളാലും കലഹങ്ങളാലും വിഭാഗീയതകളാലും സ്വയം നശിക്കുകയും, ശങ്കരാചാര്യരുടെയും മറ്റും വൈജ്ഞാനിക കടന്നാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിയുകയും ചെയ്തപ്പോള്‍ ബൗദ്ധന്മാര്‍ വീണ്ടും അവരുടെ പഴയ വൈദിക വിശ്വാസധാരയിലേക്ക് മടങ്ങിവരുകയാണുണ്ടായത്. ഇതോടൊപ്പം അവര്‍ തങ്ങളുടെ ബൗദ്ധ ആരാധനാലയങ്ങള്‍ വീണ്ടും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്നത് ചരിത്ര വസ്തുതയാണ്. ശബരിമല ക്ഷേത്രവും ഇപ്രകാരം രൂപമാറ്റങ്ങള്‍ക്ക് വിധേയമായതാകാം. ബൗദ്ധകാലഘട്ടത്തിനും മുന്‍പുതന്നെ ശബരിമലയിലെ ശാസ്താ ക്ഷേത്രം നിലവില്‍ നിന്നിരുന്നുവെന്നത് ചരിത്രസത്യമാണ്. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. കൂടാതെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുസംഹാരകനും ആയുധപാണിയും യുദ്ധോത്സുകനുമായിരുന്ന ശാസ്താവും ഒരാളാകാന്‍ സാദ്ധ്യമല്ല. വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗങ്ങളാലാണ് ശാസ്താവിനെ സ്തുതിക്കാറുളളത്. 1818 ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും സഞ്ചരിച്ച് വിപുലമായ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിന് 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ പഴക്കം രാമായണകഥയുടെ കാലത്തോളം  നീളുന്നുണ്ട്. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹിന്ദു നവോത്ഥാന പരിഷ്‌കര്‍ത്താക്കള്‍ അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും കരുതാവുന്നതാണ്.
ശാസ്താവ് എന്നത് തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ്. പാണന്‍, പുലയന്‍, പറയന്‍, വേലന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരായ കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയവരും ഒരുപോലെ ശാസ്താ ആരാധകരാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ട വനവാസികളുടെയും പരിഷ്‌കൃതസമൂഹത്തിന്റെയും ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്.
ശബരിമല തീര്‍ത്ഥാടനം ഹൈന്ദവസമൂഹത്തിന്റെ ഏകീകരണ ശക്തികേന്ദ്രമാണ്. ഇവിടെ 5 ആരാധനാരീതികളുടെ അത്ഭുതകരമായ സമന്വയം നമുക്ക് ദര്‍ശിക്കാവുന്നതാണ്. ശൈവ-ശാക്തേയ-വൈഷ്ണവ-ബൗദ്ധ-ജൈന സമ്പ്രദായങ്ങളുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ശക്ത്യാരാധനയുടെ ഭാഗമായാണ് മുന്‍പ് ഇവിടെയുളള പല ദേവന്മാര്‍ക്കും ഇറച്ചി, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില മുതലായവ വഴിപാടായി നല്‍കിയിരുന്നത്. രുദ്രാക്ഷ മാലയും ഭസ്മവും മറ്റും ധരിക്കുന്നത് ശൈവാരാധനയാണ്. കഠിനമായ വ്രതങ്ങളും അനുഷ്ഠാനങ്ങളും മറ്റും വൈഷ്ണവാരാധനയാണ്. 'ബുദ്ധം ശരണം ഗച്ഛാമി' എന്ന മന്ത്രത്തിനു സമാനമായ 'സ്വാമിയേ ശരണമയ്യപ്പ' എന്ന തുടര്‍ച്ചയായ ജപത്തോടെയുളള ശബരിമല യാത്രയും അഹിസാചരണവും ബൗദ്ധരീതിയാണ്. അഹിസാചരണം ജൈനന്മാരുടെ സമ്പ്രദായമാണ്. വ്യത്യസ്ത ആരാധനാരീതികളെ സംയാജിപ്പിച്ചുകൊണ്ടുളള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മൂലമാണ് ശബരിമലയിലേക്ക് ജനകോടികള്‍ എല്ലാവിധ ത്യാഗങ്ങളും സഹിച്ചുകൊണ്ട് ധര്‍മ്മശാസ്താ ദര്‍ശനം കാംക്ഷിച്ച് ശരണം വിളിച്ച് മലകയറി ദേവസന്നിധിയിലെത്തുന്നത്.
പ്രാചീനമായ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ശാസ്താവില്‍ പില്‍ക്കാലത്ത് അയ്യപ്പനെന്ന പേരിലറിയപ്പെട്ട വീരനായകര്‍ വിലയംപ്രാപിച്ചു എന്നു കരുതുന്നതാണ് ഏറെ യുക്തിഭദ്രമായ അയ്യപ്പചരിതം. അസാമാന്യ പ്രതിഭയും യുദ്ധനൈപുണ്യവും വീരത്വവും സമുദായസംരക്ഷണവും ധാര്‍മ്മികതയും പുലര്‍ത്തുന്ന വ്യക്തികളെ ഏതെങ്കിലും ഈശ്വരന്റെ അവതാരമോ പുനര്‍ജന്മമോ ആയി സങ്കല്പിച്ച് അവരെ ദൈവതുല്യരായി കണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും പൂവിട്ടുപൂജിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് ഭാരതീയ ജനസമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അവരെക്കുറിച്ചുളള നിറംപിടിപ്പിച്ച അത്ഭുതകൃത്യങ്ങള്‍ കുത്തിനിറച്ച പാട്ടുകളും കഥകളും വാമൊഴി ചെല്ലുകളും ഗ്രന്ഥങ്ങളും രചിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. ഇവിടെ പ്രതിപാദിക്കപ്പെട്ട അയ്യപ്പനെ കുറിച്ചുളള ഒട്ടുമിക്ക കഥകളും ശത്രുക്കളില്‍ നിന്നും നാടിനെ രക്ഷിച്ച ധീരനായകനോടുളള വീരാധനയില്‍ നിന്നും ഉടലെടുത്തതാണെന്നതില്‍ തര്‍ക്കമില്ല. ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന് കരുതുന്നതാണ്ഏറെ വിശ്വാസനീയമായ കഥ. കേരളത്തിലെ പ്രസിദ്ധങ്ങളായ മറ്റ് ശാസ്താക്ഷേത്രങ്ങളിലൊന്നും തന്നെ ഇല്ലാത്ത വാവര്‍, കറുപ്പസ്വാമി, കടുത്തസ്വാമി, മാളികപ്പുറത്തമ്മ തുടങ്ങിയ ആരാധനമൂര്‍ത്തികള്‍ ശബരിമല ക്ഷേത്രത്തില്‍ മാത്രമാണുളളത്. ഈ ദേവീദേവന്മാര്‍ ശബരിമലയുമായി ബന്ധപ്പെട്ട അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടവരായതിനാലാവാം ഇവര്‍ക്ക് ഇവിടെ ആരാദ്ധ്യസ്ഥാനങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്.
ശബരിമലയുടെ സന്ദേശം ''തത്ത്വമസി'' എന്നാകുന്നു. അതായത് '...തത് ത്വം അസി...' 'അത് നീ ആകുന്നു....' എന്ന തത്വത്തെ ഗ്രഹിച്ചും, സൃഷ്ടിയിലെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നറിഞ്ഞും പുണ്യനദിയായ പമ്പയില്‍ കുളിച്ച് പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് കഠിനമായ ജീവിതയാത്ര ചെയ്ത് കാനനത്തിലൂടെ 7 കോട്ടകളും പടി 18 ഉം കടന്ന് ശാസ്താ സന്നിധിയിലെത്തി പുണ്യമായ ഈശ്വരദര്‍ശനം ലഭിക്കുന്നവര്‍ മോക്ഷപ്രാപ്തിക്കര്‍ഹരായി തീരും. അപ്പോള്‍ അവിടെ ഭക്തന്‍ ദര്‍ശിക്കുക ഈശ്വരനെ മാത്രമായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ശാസ്താവും അയ്യപ്പനും വാപുരനും കൊച്ചു കടുത്ത സ്വാമിയും മാളികപ്പുറത്തമ്മയും എല്ലാം അനുഗ്രഹങ്ങള്‍ ചൊരിയുന്ന അമാനുഷശക്തികളാണ്. പണ്ഡിതന്മാര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടെട്ടെ. ശുദ്ധവും തീവ്രവുമായ ഭക്തിക്കു മുന്നില്‍ ഇത്തരം വാദകോലാഹലങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. പക്ഷെ, മോക്ഷകാംക്ഷികളായെത്തുന്ന ഭക്തകോടികളെ നുണക്കഥകളും അന്ധവിശ്വാസങ്ങളും പറഞ്ഞു വിശ്വസിപ്പിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ശബരിമലയില്‍ ഇന്നു നടക്കുന്ന എല്ലാവിധത്തിലുമുളള വിശ്വാസഭംഗങ്ങള്‍ക്കും ഭരണകൂട അനീതികള്‍ക്കും അന്യമതസ്ഥരുടെ കുപ്രചരണങ്ങള്‍ക്കുമെതിരെ അയ്യപ്പഭക്തന്മാര്‍ ജാഗരൂകരായിരിക്കണം.
ക്ഷേത്രശക്തി മാസിക
2014 ഡിസംബര്‍ ലക്കം

#ശരണംവിളി #ലേഖനം #നിലയ്ക്കല് #ശബരിമല


TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


    20% off all Design Essentials Natural Collections