കെ. സുരേന്ദ്രനാണ് താരം.....
സുധീര്‍ നീരേറ്റുപുറം

പൊതുജനം നേരിടുന്ന ഒട്ടുമിക്ക നീറുന്ന പ്രശ്നങ്ങളിലൂടെയും ഇന്ന് ഇടത് വലത് ഗൂഢസഖ്യം അവരുടെ അവകാശാധികാരങ്ങളേയും നീതിയേയും കവര്ന്നെടുക്കുമ്പോള് ജനരക്ഷക്കായി ആദ്യാവസാനം രംഗത്തെത്തി ഉറച്ചുനിന്ന് പോരാടുന്നവരില്‍ ഒരു മുഖ്യപങ്ക് ബിജെപിയുടെ നേതാക്കന്മാരാണെന്ന് കാണാം. ഭരണകൂടത്തിന്റെ പോലീസ് ഭീഷണികളേയും, മാര്‍ക്സിസ്റ്റ്-കോണ്‍ഗ്രസ് അവിശുദ്ധകൂട്ടുകെട്ടിന്റെ വക ശാരീരികാക്ര മണങ്ങളേയും അപവാദപ്രചരണങ്ങളേയും സധൈര്യം നേരിട്ടുകൊണ്ടാണ് ഈ പ്രവര്‍ത്തകര്‍ നീതിക്കുവേണ്ടി പടപൊരുതുന്നത്. ഇന്ന് രാഷ്ട്രീയ കേരളം ആശയോടെ ഉറ്റുനോക്കുന്ന ഈ വിഭാഗം നേതാക്കന്മാരില് പ്രമുഖനാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. ഭരണ-പ്രതിപക്ഷങ്ങള്‍ രഹസ്യധാരണയോടെ അട്ടിമറിക്കാന്‍ ശ്രമിച്ച പല സംഭവവികാസങ്ങള്ക്കുമെതിരെ ഉറച്ച നിലപാടുമായി മുന്നോട്ടു വരാറുളള കെ സുരേന്ദ്രന്റെ ശബ്ദം മറ്റ് നേതാക്കന്മാരില് നിന്നും വ്യത്യസ്തമാകുന്നത് അദ്ദേഹം നിര്‍ഭയം നീതിയുടെ പക്ഷത്ത് അടിയുറച്ചു നില്ക്കുന്നുവെന്നതുകൊണ്ടാണെന്നത് വ്യക്തം.
കേരളം കണ്ട തട്ടിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നായ, മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ ദുരുപയോഗം ചെയ്തുകൊണ്ട് അദ്ദേഹത്തേയും മറ്റ് നിരവധി സംസ്ഥാന കേന്ദ്ര മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കിയ സോളാര്‍ തട്ടിപ്പുകളെക്കുറിച്ച് കെ സുരേന്ദ്രന് മുന്നോട്ടു വെച്ച ഒട്ടുമിക്ക ആരോപണങ്ങളും ഇന്ന് വാസ്തവമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സോളാര്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറാണെന്ന് കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു. ഇതിനാലാണ് ഷാഫി മേത്തര്‍ക്ക് രാജി വെക്കേണ്ടി വന്നത്. സോളാര്‍ തട്ടിപ്പില്‍ ഷാഫിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഫോണ്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടും അന്വേഷണം നടക്കുന്നില്ലെന്ന സുരേന്ദ്രന്റെ ആരോപണം ഇതിന് തെല്ലൊന്നുമല്ല സഹായിച്ചത്. ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അറസ്റ്റിലായ എസ്.ഐ ബിജു സലീമിനെ സര്‍വീസില്‍ തിരിച്ചു കൊണ്ടുവന്നത് ഷാഫി മേത്തറിന്റെ ഇടപെടലുകളായിരുന്നുവെന്നും, 108 ആംബുലന്‍സ് തട്ടിപ്പിലും ഇയാള്‍ക്ക് പങ്കുെണ്ടന്നും, കേവലം ഒരു രൂപ മാത്രം മാസവേതനം പറ്റുന്ന ഷാഫി മേത്തര്‍ നടത്തിയ നിരന്തര വിദേശ യാത്രകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്നും ആരോപിച്ചത് സുരേന്ദ്രന് തന്നെയായിരുന്നു. അമേരിക്കന്‍ കമ്പനി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന വാദം നുണയാണെന്നും, 260 തവണ മായ്ച്ച് കളഞ്ഞാലും ദൃശ്യങ്ങള്‍ ലഭ്യമാകുമെന്നും സുരേന്ദ്രനാണ് പറഞ്ഞത്. മുഖ്യമന്ത്രിയും കുടുംബവും അറിഞ്ഞുകൊണ്ടാണ് സോളാര്‍ തട്ടിപ്പ് നടത്തിയതെന്ന ഇദ്ദേഹത്തിന്റെ ആരോപണം വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമുളള ഗണ്മാന് സലിംരാജ്, ഒരുന്നത പോലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി സാമ്പത്തിക ഇടപാടുകളും ബിസിനസ് ഇടപാടുകളും ഉണ്ടെന്നതും, അദ്ദേഹത്തിന്റെ പി.എ ടെന്നി ജോപ്പനെയും ഗണ്മാനെയും തത്സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയത് അന്വേഷണം കുടുംബത്തിലേക്ക് വരാതിരിക്കാനാണെന്നതും സുരേന്ദ്രന്റെ ആരോപണങ്ങളായിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ അന്വേഷണവിധേയമാവുകയോ പോലീസ് സത്യം കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നതും വാസ്തവം.
സോളാര്‍ തട്ടിപ്പ് വിവാദത്തെപ്രതി സുരേന്ദ്രന് നടത്തിയ മറ്റ് പ്രധാന ആരോപണങ്ങള്‍ ഇവയാണ് :
ബാംഗ്ലൂരിലെ കുരുവിള മുഖ്യമന്ത്രിയുടെ ബന്ധു ആന്‍ഡ്രൂസിനെതിരെ 2012 ഒക്ടോബര്‍ 17 ന് നല്കിയ പരാതിയില്‍ നടപടിയുണ്ടായില്ല എന്നതു കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സ്റ്റാര്‍ ഫ്ളേക്ക് എന്ന തട്ടിപ്പ് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ നടത്തിപ്പുകാരന് മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനാണ്. സ്റ്റാര്‍ ഫ്ളേക്കിന്റെ ഇന്ത്യയിലെ ആസ്ഥാനം കോട്ടയത്തെ നാഗമ്പടത്താണെന്നാണ് കമ്പനി പറയുന്നത്. നേരിട്ട് അന്വേഷിച്ചപ്പോള്‍ അവിടെ അങ്ങനെ ഒരു സ്ഥാപനമില്ലെന്നാണ് അറിയാനായത്. ഈ സ്ഥാപനം ഇന്ത്യയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദില്ലിയില്‍ നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ശാലുമേനോന്റെ പെന്‍െ്രെഡവ് കാണാതായത് വമ്പന്മാരെ പലരേയും രക്ഷപ്പെടുത്താനാണ്.
മുഖ്യമന്ത്രക്കെതിരെ പരാതി നല്കിയ കോന്നി സ്വദേശി ശ്രീധരന് നായരെ മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ പെട്ട ഒരാള്‍ ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇയാള്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍നായര്‍ പരാതി നല്‍കാതിരുന്നത്. പിന്നീട് ഈ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് ശ്രീധരന്‍നായര്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഈ ബന്ധുവിന്റെ ഇടപെടല്‍ മൂലമാണ്. ഉന്നത സമ്മര്‍ദ്ദം അതിജീവിക്കാനാണ് 164 പ്രകാരം ശ്രീധരന്‍നായര്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്.
ദുബായില്‍ നിന്നും പുതുപ്പള്ളിയില്‍ എത്തിയ അനില്‍ എന്ന ആന്‍ഡ്രൂസും, കോട്ടയം സ്വദേശിയായ സെന്‍സര്‍ ബോര്‍ഡ് മെമ്പറും മുഖ്യമന്ത്രിയുടെ ഡോക്യുമെന്ററി നിര്‍മ്മിച്ച ആര്.എന്‍. നൗഷാദുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കെ.സുരേന്ദ്രന് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഈ കമ്പനിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആരോപിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലായെന്നത് ചരിത്രം.
ആറന്മുള അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളും കെ സുരേന്ദ്രന് നടത്തിയിരുന്നു. അവയെല്ലാം തന്നെ പൊതുജനശ്രദ്ധ ആകര്‍ഷിക്കുകയും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇവയില്‍ പ്രധാനപ്പെട്ടവ :
വിമാനത്താവള ഭൂമി ഇടപാടിലും സരിത.എസ്.നായര്‍ മുഖ്യമന്ത്രിയെ മുന്‍ ഭൂമി ഉടമ ഏബ്രഹാം കലമണ്ണിലിനൊപ്പം കണ്ടിരുന്നു. പദ്ധതിയുടെ 30 ശതമാനം ഷെയറും മറ്റ് ഇടപാടുകളും ഏബ്രഹാം കലമണ്ണിലിന് നല്‍കാമെന്ന കെ.ജി.എസിന്റെ വാഗ്ദാനം നേടിക്കൊടുക്കുന്നതിനാണ് സരിത മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചത്. പരിസ്ഥിതി നശിപ്പിക്കലും വഴിവിട്ട ഉപഭോഗ സാംസ്കാരിക അധിനിവേശവുമാണ് വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുളയില് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഉപദേശകന് ടി.കെ.എ നായര്‍ക്കും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിമാനത്താവളകമ്പനിയായ കെ.ജി.എസ് ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്കിയ സംഭവത്തിനു പിന്നിലും ഇടതു, വലതു മന്ത്രി സഭകളുടെ ആന്തരമില്ലാത്ത പുതിയ കുത്തകവീക്ഷണത്തിന്റെ ഭാഗമാെണന്നും, എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഇക്കാര്യത്തില്‍ ഒന്നാണെന്നും ആരോപിച്ചത് ഈ ബിജെപി നേതാവായിരുന്നു. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഇരുമ്പയിര് ഖനനത്തിന് നല്കിയ അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കിയത്. ഇതോടൊപ്പം വിവാദ ഭൂമിയില്‍ ഖനനത്തിനുവേണ്ടി സര്‍വേ നടത്താന്‍ വ്യവസായ വകുപ്പിന് കമ്പനി നല്കിയ അപേക്ഷ റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ണാടകയിലെ ബെല്ലാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധമായ എം.എസ്.പി.എല്‍ കമ്പനിക്കാണ് ഇതിനു അനുമതി നല്‍കിയത്. സംഭവത്തില്‍ ഇടത്, വലത് സര്‍ക്കാറുകള്‍ക്ക് പങ്കുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നത് ശരിവയ്ക്കുന്ന വിധമായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധകേസ് സിബിഐക്ക് വിടുന്നതായി പ്രസ്താവനയിറക്കിയ മുഖ്യമന്ത്രി അതിന്റെ തുടര്‍ നടപടികള്‍ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന് സിബിഐ അന്വേനണത്തിന്റെ ഉത്തരവ് എന്തുകൊണ്ടിറക്കുന്നില്ലെന്ന് വ്യക്തമാക്കുവാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയുമുണ്ടായി.
ഇവയിലൊക്കെയുപരി ഒരു അഴിമതിവിരുദ്ധ പോരാളി എന്ന നിലയ്ക്കുളള കെ സുരേന്ദ്രന്റെ സുപ്രധാന സാന്നിദ്ധ്യം
കേരളത്തിലെ പൊതുജനം മനസ്സിലാക്കുന്നത് സരിത കോടതിയില്‍ നല്കിയ രഹസ്യമൊഴി രേഖപ്പെടുത്താതെ അത് അട്ടിമറിക്കാന്‍ അവസരം നല്‍കും വിധം നടപടി സ്വീകരിച്ചുവെന്ന അദ്ദേഹത്തിന്റെ പരാതിമേല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി. രാജുവിന് ഹൈക്കോടതിയുടെ വിമര്‍ശനമേല്‍ക്കേണ്ടി വന്നതാണ്. 
മജിസ്ട്രേറ്റിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് കെ.എം.ജോസഫിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. വിഷയം പരിഗണിച്ച അദ്ദേഹം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഭരണതലത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തത്. വിജിലന്‍സ് അന്വേഷണത്തിനായി റജിസ്ട്രാറെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
സരിത നായര്‍ കോടതിയില്‍ നടത്തിയ രഹസ്യമൊഴി അങ്ങനെ തന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നെങ്കില്‍ ഒരു പക്ഷേ, സംസ്ഥാനം ഞെട്ടിത്തരിക്കുന്ന അവസ്ഥ സംജാതമാവുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ പ്രത്യേക സാമ്പത്തികകോടതി ജഡ്ജി അത് അട്ടിമറിക്കുന്ന തരത്തിലേക്ക് മൊത്തം സംഭവഗതികള്‍ മാറ്റുകയായിരുന്നു എന്ന് സംശയിക്കേണ്ട അവസ്ഥയുണ്ടായത് സുരേന്ദ്രന്റെ ഇടപെടലിനെ അങ്കുശമില്ലാതെ ന്യായീകരിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയചരിത്രത്തില്‍ സംശുദ്ധമായ ജീവിതവും പൊതുപ്രവര്‍ത്തനവും ജനകീയപ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയമായ ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്. അനീതിക്കും അഴിമതിക്കുമെതിരെ തെരുവുകളില്‍ അലയടിച്ചുയരുന്ന തന്റെ കൂട്ടരുടെ പ്രതിഷേധസമരങ്ങളില്‍ മുന്‍നിരയില്‍ നിന്ന് ലാത്തികളേയും കണ്ണീര്വാതകത്തേയും നേരിടുന്ന ഈ യുവനേതാവിന്റെ ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ ആഴത്തിലുളള സ്വാധീനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരേ തൂവല്പ്പക്ഷികളെന്ന പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് സമീപകാലത്തെ ചില സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഇടത് വലത് മുന്നണികള്‍ക്കെതിരെ വരാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു ശക്തമായ ബദല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കെ സുരേന്ദ്രന് കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സ്പഷ്ടമായിരിക്കുകയാണ്. ഇരു മുന്നണികള്‍ക്കും കാസര്‍ഗോഡ് കാര്യങ്ങള്‍ മുമ്പത്തെപ്പോലെയാവില്ലെന്നതു തീര്‍ച്ച. പ്രത്യേകിച്ച് പുതുതായി സംജാതമായിരിക്കുന്ന രാഷ്ട്രീയാന്തരീക്ഷം ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറയുമ്പോള്‍, സുരേന്ദ്രനാണ് താരം.
സുധീര്‍ നീരേറ്റുപുറം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ