ലേഖനം
പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി
ആത്മീയതയെ തൊട്ടറിഞ്ഞ കവി
സ്വന്തം മണ്ണില്‍ പ്രകൃതിയുടെ തനിമയില്‍, സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയാതെ വിധ്വംസകശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയപര്യടനങ്ങളാണ് ഈ കവിതകള്‍. മനുഷ്യനാണ് അദ്ദേഹത്തിന്റ കവിതകളുടെ കേന്ദ്രബിന്ദു. പ്രതിരോധരാഷ്ട്രീയത്തിന്റ സൂക്ഷ്മ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളില്‍ അത്യന്തം സചേതനമാണ്. അതിനപ്പുറം അവ ആത്മീയ അന്തര്‍ബലമാര്‍ജിച്ച് സാന്ദ്രത കൈവരിക്കുകയും ചെയ്യുന്നു. അങ്ങനെ, കവിസ്വത്വത്തില്‍ ഋഷിയും പോരാളിയും സമന്വയിക്കുന്നതായി നമുക്ക് കാണാം.
ഭാരതീയ
പാരമ്പര്യത്തിന്റ ശക്തിധാരകള്‍ ഇത്ര ഗാഢമായി മലയാളത്തിലെ ആധുനിക കവിതയില്‍ ഉള്‍ക്കൊണ്ടവര്‍
ഏറെയില്ല. സംസ്‌കൃത സാഹിത്യത്തിന്റെയും വേദങ്ങളുടെയും മലയാളകവിതയുടെയും യൂറോപ്യന്‍സാഹിത്യത്തിന്റെയും
സമന്വിതപാരമ്പര്യത്തിന്റെ ഭൂമികയിലാണ് അദ്ദേഹത്തിന്റെ കവിതകളുടെ വേരോട്ടം. ഹിമവല്‍ശൃംഗങ്ങളിലെ
ഭാവനാപരിക്രമണത്തിന്റ പദധ്വനികള്‍പോലെ ഭൂമിഗീതങ്ങളുടെ നാളവും ആ കവിതകളില്‍ പ്രകാശിതമാവുന്നു.
പ്രണയഗീതങ്ങളും ആരണ്യകഗാഥകളുമാകട്ടെ, അവയ്ക്ക് സ്വരവൈവിധ്യവും പ്രദാനം ചെയ്യുന്നു.
1939
ജൂണ്‍ 2 ന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ല ഇല്ലത്താണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ
ജനനം. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍,
മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത,
പരിക്രമം, ശ്രീവല്ലി, രസക്കുടുക്ക, തുളസീ ദളങ്ങള്‍, എന്റെ കവിത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍.
അസാഹിതീയം, കവിതകളുടെ ഡി.എന്‍.എ, അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളും, ഗാന്ധി
പുതിയ കാഴ്ചപ്പാടുകള്‍, സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൂടാതെ പുതുമുദ്രകള്‍, ദേശഭക്തികവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ
കൃതികള്‍ സമ്പാദനം ചെയ്യുകയും കുട്ടികള്‍ക്കായി 'കുട്ടികളുടെ ഷേക്‌സ്പിയര്‍' എന്ന കൃതി
രചിക്കുകയും ചെയ്തിട്ടുണ്ട്.
എഴുത്തച്ഛന്‍
പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാര്‍ഡ് (1979), കേന്ദ്രസാഹിത്യഅക്കാദമി
അവാര്‍ഡ് (1994), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), വയലാര്‍ പുരസ്‌കാരം (2010), വള്ളത്തോള്‍
പുരസ്‌കാരം (2010),
കേരള
സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്‌കാരം (2009), ഓടക്കുഴല്‍
അവാര്‍ഡ് (1983, മുഖമെവിടെ), ബാലമണിയമ്മ പുരസ്‌കാരം
തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.
പത്മശ്രീ പുരസ്‌കാരം ലഭിച്ചപ്പോള്‍ അഭിനന്ദിക്കാന്‍ വന്നവരോട് എളിമയോടെ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു, ''എന്തായാലും അര്‍ഹതയല്ല മാനദണ്ഡമെന്നാണ് തോന്നുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോനും അക്കിത്തത്തിനും പി. കുഞ്ഞിരാമന്‍ നായര്‍ക്കും പദ്മശ്രീ ലഭിച്ചിട്ടില്ല. താന്‍ ശ്രീവല്ലഭന്റെ പൂജാരിയായിരുന്നു. ശ്രീവല്ലഭന്റെ കൈയില്‍ പദ്മവും ഉണ്ട് ശ്രീയും ഉണ്ട്. ശ്രീവല്ലഭന്റെ അനുഗ്രഹമായിരിക്കാം തനിക്ക് പദ്മശ്രീ ലഭിക്കാന്‍കാരണം. താന്‍ നല്ലൊരു കവിയാണെന്ന് കരുതുന്നില്ല. എന്നാല്‍ നല്ലൊരു അധ്യാപകനാണ്. അതുകൂടി പരിഗണിച്ചാവാം തനിക്ക് പദ്മശ്രീ നല്‍കിയത്.''
കമ്മ്യൂണിസ്റ്റ് ചൈനയുടെ ആധിപത്യത്തിലമര്‍ന്ന് സ്വദേശം വെടിഞ്ഞ ടിബറ്റന്‍ ജനയക്കായി വിഷ്ണുനാരായണന്‍ നമ്പൂതിരി ശബ്ദമുയര്‍ത്തുകയും അവര്‍ക്കായി 'ദലൈലാമയും തുമ്പിയും' എന്ന ഹൃദയസ്പര്‍ശിയായ കവിത രചിക്കുകയും ചെയ്തിരുന്നു. ടിബറ്റന്‍ ജനതയ്ക്കായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും, ഹിമാലയത്തില്‍ പോയപ്പോള്‍ ദെലൈലാമയെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുകയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ ടിബറ്റന്‍ ജനതയ്ക്കായി വാക്കുകളെ അഗ്‌നിയാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഈ ആധുനിക കാലത്തും കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന ബൗദ്ധന്മാരായ ടിബറ്റന്‍ ജനതയുടെ മോചനത്തിനായി അദ്ദേഹത്തിന്റെ ഹൃദയം ഇപ്പോഴും മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ട്.
(2015 ഫെബ്രുവരിയില്‍ www.vrittantham.com- ല്‍ ഞാന്‍ പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം)
സുധീര്‍ നീരേറ്റുപുറത്തിന്റെ ലേഖന സമാഹാരങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ