2023, സെപ്റ്റംബർ 13, ബുധനാഴ്‌ച

പി. മാധവ്ജി: നവോന്ഥാന നായകന്റെ മുപ്പത്തി അഞ്ചാം സ്മൃതിദിനം : 12-09-2023

 മാധവജി (31-5-1926  -  12-9-1988)


ഹൈന്ദവ സമാജത്തിൽ ഐക്യത്തിന്റെയും മൈത്രിയുടെയും നൂതനപന്ഥാവുകൾ വെട്ടിത്തെളിച്ച സാമൂഹ്യ പരിഷ്‌കർത്താവ്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകൻ,  സർവസമ്മതനായ താന്ത്രിക ആചാര്യൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവജിയുടെ മുപ്പത്തി അഞ്ചാം സ്‌മൃതിദിനം ഇന്ന്. 
അന്തിത്തിരി കത്തിക്കുവാൻ പോലും നിവർത്തിയില്ലാതെ അമ്പലങ്ങളെ വെറും ഒന്നര പതിറ്റാണ്ട് കൊണ്ടാണ് അദ്ദേഹം  സാമൂഹ്യ ഒരുമയുടെ ജീവസ്സുറ്റ കേന്ദ്രങ്ങളാക്കി മാറ്റിയത്.
ക്ഷേത്രങ്ങളുടെ ശക്തി പുറമെ കാണുന്ന എടുപ്പുകളിൽ അല്ലെന്നും അകമേ ഉണ്ടാകേണ്ട ചൈതന്യത്തിന്റെ തികവിൽ ആണെന്നും തിരിച്ചറിഞ്ഞ മാധവജി അതിനായി  യുവ പുരോഹിതരുടെ കരുത്തുറ്റ തലമുറകളെത്തന്നെ സൃഷ്ടിച്ചു. 
കൽപ്പുഴ പോലെയുള്ള പ്രഗത്ഭരായ ആചാര്യന്മാരുടെ സജീവ നേതൃത്വത്തിൽ തന്ത്രവിദ്യാ പീഠത്തിൽ "തന്ത്രരത്നം" എന്നിരു ബിരുദതല പഠന പദ്ധതി ഇതിനായി ആവിഷ്കരിച്ചു നടപ്പാക്കി. അതിൽ ആദ്യ സംഘത്തിൽ വിദ്യാർഥിയായും തുടർന്ന് വർഷങ്ങളോളം അവിടെ അദ്ധ്യാപകനായും കുലപതിയായും പല തവണ അദ്ധ്യക്ഷനായും മാധവജിയുടെ ജീവിത ദൗത്യം മുന്നോട്ട് കോണ്ടുപോകുന്നതിൽ തന്ത്രരത്നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് വഹിച്ച പങ്ക് നിസ്തുലമാണ്. അദ്യേഹവും ഗിരീഷ് കുമാറും (ഗിരിഷ്‌ജി) അടക്കം മാധവജി പൂർണ്ണ ദീക്ഷ നൽകി അനുഗ്രഹിച്ച "സപ്തരത്ന"ങ്ങളും കേരളത്തിന്റെ സാമൂഹ്യ ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ശ്രീ വിദ്യാ ഗുരു, പി മാധവൻ
ശ്രീ വിദ്യാ ഗുരു, പി മാധവൻ
കോഴിക്കോട് തീരുവണ്ണൂർ കോവിലകത്തെ പി. കെ. മാനവിക്രമൻ രാജയുടെയും പാലക്കൽ അമ്മുട്ടി എന്ന സാവിത്രിയമ്മയുടെയും മകനായി 1928 മേയ് 31ന് ഉത്രാടം നക്ഷത്രത്തിലാണ് മാധവജിയുടെ ജനനം.
ചെറുപ്പത്തിൽ തന്നെ സംസ്കൃതവും ജ്യോതിഷവും പഠിച്ചു തുടങ്ങി. മദ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദത്തിന് ഗോൾഡ് മെഡൽ. 1946ൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യ പ്രചാരകരിൽ ഒരാൾ. കണ്ണൂരും ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും  പ്രചാരകനായി പ്രവർത്തിച്ചു. 
1962ൽ  പള്ളത്ത് നാരായണൻ നമ്പൂതിരി ശ്രീവിദ്യയിൽ പൂർണ്ണ ദീക്ഷ നൽകി അനുഗ്രഹിച്ചു. 
കേളപ്പജി ആരംഭിച്ച മലബാർ പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതിയിൽ 1968 മുതൽ സജീവ നേതൃത്വം. 1977ൽ കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.  
1972ൽ തന്ത്രവിദ്യാപീഠം ആരംഭിച്ചു. 1982ൽ നടന്ന ചരിത്രപ്രസിദ്ധമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി. 1984ൽ ക്ഷേത്ര ചൈതന്യ രഹസ്യം പ്രസിദ്ധീകരിച്ചു. 
1987 ആഗസ്റ്റ് 26ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തിൽ വെച്ച് നടത്തിയ ഐതിഹാസികമായ പാലിയം വിളംബരത്തിന്റെ ചാലക ശക്തിയായി. 1988 സെപ്റ്റംബർ12ന് സൽഗതി.
തന്ത്രത്തിലെ ഏറ്റവും ഉയർന്ന സാധനാപദ്ധതികളിൽ ഒന്നായ ശ്രീവിദ്യക്ക് കേരളത്തിൽ ലഭിച്ച സ്വീകര്യതയിൽ മാധവ്ജി വഹിച്ച പങ്ക് ചെറുതല്ല. 
മാധവജിയുടെ സംപൂർണ്ണ കൃതികൾ ഇനിയും വെളിച്ചം കാണേണ്ടതുണ്ട്.
ലളിത ജീവിതം, ഉയർന്ന ചിന്ത, നിരന്തര പഠനം, നിസ്വാർത്ഥ സേവനം, ശ്രേഷ്ഠ സപര്യ - ഇതാണ് മാധവ്ജിയുടെ ജീവിതശൈലി. അദ്ദേഹം കൊളുത്തിയ ജ്ഞാനദീപം ഇന്നും തലമുറകൾക്ക് പ്രകാശം പകർന്ന് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. 
എന്നത്തേയുംപോലെ സ്‌മൃതിദിനത്തിലും പരമഗുരുനാഥന് ശ്രീവിദ്യാ പരമ്പരയുടെ പാദ നമസ്ക്കാരം 🙏
#മാധവിജി #madhavaji #PMadhavan


            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ