: കാവാലം അനില്‍
"മഹിമയുറ്റ ജരതുഷ്ടജനതയ്ക്കു അഭയം നൽകിയതും അവരുടെ അവശിഷ്ടത്തെ പോറ്റിപ്പോരുന്നതുമായ മതത്തിലുൾപ്പെട്ടവനാണ് ഞാൻ. മർദ്ദിതരും അശരണരുമായി വന്ന മറ്റൊരു ജനതയ്ക്കും എന്റെ സംസ്കാരം അഭയം നൽകിയിട്ടുണ്ട്. റോമൻ മർദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം അടിച്ചു തകർക്കപ്പെട്ട അതേ കൊല്ലം തന്നെ ദക്ഷിണേന്ത്യയിൽ വന്നു അഭയം പ്രാപിച്ച ഇസ്രായേൽ വർഗ്ഗത്തിന്റെ കലർപ്പറ്റ പരിശിഷ്ടം ഞങ്ങളുടെ ഇടയിൽ തന്നെയുണ്ടെന്നു നിങ്ങളോടു പറയുവാൻ എനിക്കഭിമാനമുണ്ട്."
(സ്വാമി വിവേകാന്ദൻ, ചിക്കാഗോ പ്രസംഗം)
1893 ൽ ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ തന്നെ സ്വാമിജി ഇങ്ങനെയാണ് പരിചയപ്പെടുത്തിയത്. നിറഞ്ഞ സദസ്സ് കൈയ്യടികളോടെ ആ യുവ ഇന്ത്യൻ സന്യാസിയെ സ്വാഗതം ചെയ്തു.
എ.ഡി 716 ൽ ഗുജറാത്തിലെ കത്തിയവാറിലാണ് അത് സംഭവിച്ചത്.
രാജാ ജതിറാണയുടെ വിളംബരമനുസരിച്ച് പ്രജകൾ ഒന്നടങ്കം ആ മൈതാനത്ത് സന്നിഹിതരായിരിക്കുകയാണ്. പ്രൗഢിയേറിയ തലപ്പാവും രാജകീയ വസ്ത്രങ്ങളുമണിഞ്ഞ രാജാവ് അകമ്പടിസമേതം സദസ്സിലേയ്ക്ക് എഴുന്നെള്ളിയപ്പോൾ ജനങ്ങൾ ആദരവോടെ എഴുന്നേറ്റുനിന്ന് ജയാരവം മുഴക്കി. സർവാലങ്കാരഭൂഷിതമായ സിംഹാസനത്തിൽ രാജാവ് ഉപവിഷ്ടനായി. ജനം ആകാംക്ഷയോടെ നിർന്നിമേഷരായി രാജാവിനെ തന്നെ ശ്രദ്ധിച്ചിരുപ്പാണ്.
തന്റെ നാട്ടിൽ അഭയം തേടിയെത്തിയിട്ടുള്ളവരെവിടെ?
രാജാവ് ചുറ്റും കണ്ണോടിച്ചു.
അവരെ സംബന്ധിച്ച സർവവിവരങ്ങളും ചാരന്മാർ വഴി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലവെള്ളംപോലെ ഇരമ്പിവന്ന അറേബ്യൻ പടയ്ക്കു മുമ്പിൽ പേർഷ്യൻ ജനത പരാജിതരായി. ഭൂരിപക്ഷം പേരും നിർബന്ധിത മതപരിവർത്തനത്തിനിരയായി. പൂർവിക വിശ്വാസം കൈവിടാൻ മടിച്ചവർ മാതൃഭൂമിയിൽ സർവവും ഇട്ടെറിഞ്ഞ് ഖൊറാസാനിലെ കോഹിസ്ഥാൻ മലനിരകൾക്കിടയിലൂടെ ഓടി രക്ഷപ്പെട്ടു.
അഗ്നിയാരാധനക്കാരായ ആ ജരതുഷ്ടരുടെ പിൻതലമുറക്കാരാണ് ഇവർ . നൂറുവർഷങ്ങളോളം ആ മലനിരകൾക്കിടയിൽ അവർ താമസിച്ചു. അവിടെയും അറബികളുടെ മതപീഡനം അസഹ്യമായപ്പോൾ പിന്നീടവർ പേർഷ്യൻ ഉൾക്കടലിലുള്ള ഹോർമൂസ് തുറമുഖത്തേക്ക് നീങ്ങി. ഒടുവിൽ അവിടെനിന്നാണ് എഴു പായക്കപ്പലുകളിലായി അവർ ഗുജറാത്തിലെ ഒരു മുക്കുവ ഗ്രാമത്തിലെത്തിയത്.
അഞ്ചു നിബന്ധനകളോടുകൂടിയാണ് രാജാ ജതിറാണ തന്റെ നാട്ടിൽ അവർക്ക് അഭയം നൽകാമെന്നേറ്റത്. അവർക്കത് സമ്മതവുമായി. പേർഷ്യയിൽ നിന്നു പലായനം ചെയ്ത്, കോഹിസ്ഥാനിലേയ്ക്കും ഹോർ മൂസിലേയ്ക്കും സർജാനിലേയ്ക്കുമുള്ള ദുർഘടം പിടിച്ചതും സുദീർഘവുമായ യാതയ്ക്കിടയിൽ കെടാതെസൂക്ഷിച്ച അഗ്നിജ്വലിക്കുന്ന അറഫാൻ കെയ്യിലേന്തുന്ന പുരോഹിതനിൽ നിന്ന് അ ഹുരമസ്ദിനേയും ജരദുഷ്ടനേയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളെപ്പറ്റിയും രാജാവ് പരിഭാഷകൻ മുഖേന വിശദമായി ചോദിച്ചു മനസ്സിലാക്കി. ഇനിമേൽ തങ്ങളുടെ മാതൃഭാഷ ഗുജറാത്തിയായിരിക്കുമെന്ന് അവർ സമ്മതിച്ചു. അവരുടെ സ്ത്രീകൾ ഇനിമേൽ സാരി മാത്രമാണ് ധരിക്കുക. കൈവശമുള്ള സർവ ആയുധക്കളും അവർ അടിയറ വച്ചു. തങ്ങൾക്കിടയിലെ വിവാഹങ്ങൾ രാത്രികാലങ്ങളിൽ മാത്രം നടത്തുവാൻ തീരുമാനിച്ചു
രാജാവ് ഒരടയാളം കാട്ടിയപ്പോൾ ആ അഭയാർത്ഥി സംഘം സദസ്സിന്റ മുമ്പിലേയ്ക്ക് ആനയിക്കപ്പെട്ടു. വൃദ്ധനും ദുർബല ശരീരനുമായ പുരോഹിതന്റെ നേതൃത്വത്തിൽ കടന്നുവന്ന ആ സംഘത്തിൽ സ്ത്രീകളും, കുട്ടികളും വൃദ്ധരും യുവാക്കളുമുണ്ടായിരുന്നു. പുരോഹിതന്റെ കൈയ്യിൽ ഒരു കൊച്ചു അറഫാനിൽ വിശുദ്ധാഗ്നി കത്തിക്കൊണ്ടിരുന്നു.
ദ്വിഭാഷി മുഖാന്തിരം രാജാ ജതിറാണ കനിവാർന്ന സ്വരത്തിൽ ചോദിച്ചു.
"വിദൂരനാടുകളിൽ നിന്നു വന്നിടുള്ള അപരിചിതരായ നിങ്ങൾക്ക് ഞങ്ങളിൽ നിന്നും എന്താണ് വേണ്ടത്?"
"പ്രഭോ! ആരാധനാസ്വാതന്ത്ര്യം." - വിനീതസ്വരത്തിൽ ഉത്കണ്ഠ നിറഞ്ഞു തുളുമ്പിയിരുന്നു.
"അനുവദിച്ചിരിക്കുന്നു. മറ്റെന്തു വേണം?"
"ഞങ്ങളുടെ ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളുമനുസരിച്ച് സന്തതി പരമ്പരകളെ വളർത്താനനുവദിക്കണം."
" അനുവദിച്ചിരിക്കുന്നു. മറ്റെന്തെങ്കിലും?"
"പ്രഭോ, ഞങ്ങൾക്ക് കൃഷി ചെയ്ത് ജീവിക്കാൻ കുറച്ച് ഭൂമി കൂടി സദയം അനുവദിച്ചു തരണം. അങ്ങയുടെ പ്രജകൾക്കിടയിൽ താമസിക്കുന്ന ഞങ്ങൾ ഒരിക്കലും ഭാരമായിത്തീരരുതല്ലോ."
"എല്ലാം അനുവദിച്ചിരിക്കുന്നു."
ഒരു നിമിഷത്തെ മൗനത്തിനുശേഷം പുഞ്ചിരിയോടെ.രാജാവ് ആരാഞ്ഞു.
"ഇതിനെല്ലാം പകരമായി നിങ്ങൾ നമുക്ക് എന്താണ് തരുക."
പുരോഹിതൻ ആ ചോദ്യം പ്രതീക്ഷിച്ചതല്ല. അല്പനേരം ചിന്തയിലാണ്ടു. പെട്ടെന്ന് തന്റെ സംഘത്തിലൊരാളിൽ നിന്ന് ഒരു പിച്ചളപ്പാത്രം വാങ്ങി രാജാവിന്റെ മുമ്പിൽ സമർപ്പിച്ചു കൊണ്ട് അതിൽ പാൽ പകർന്നു കൊണ്ടുവരാൻ സേവകരോട് ആജ്ഞാപിക്കാൻ അഭ്യർത്ഥിച്ചു. പാൽ നിറച്ച പാത്രം പുരോഹിതന് തിരിച്ചുനൽകപ്പെട്ടു.
പുരോഹിതൻ പാലിൽ അല്പം പഞ്ചസാര ചേർത്ത് ഇളക്കി. വിറയ്ക്കുന്ന കൈകളാൽ ആ പിച്ചളപ്പാത്രം ഉയർത്തിപ്പിടിച്ചു കൊണ്ട് അത്യുച്ചത്തിൽ വികാരാർദ്രമായ സ്വരതിൽ ചോദിച്ചു.
"ഈ പാലിൽ ചേർത്ത പഞ്ചസാര നിങ്ങളാരെങ്കിലും കാണുന്നുണ്ടോ?
"ഇല്ല, ഇല്ല ".
നിഷേധാർത്ഥത്തിൽ തലകുലുക്കിക്കൊണ്ടു സർവരും ഏകസ്വരത്തിൽ പറഞ്ഞു.
പ്രഭോ, പുരോഹിതൻ നിരുദ്ധകണ്ഠനായി അറിയിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
" അങ്ങയുടെ കാരുണ്യമാകുന്ന പാലിൻ ഞങ്ങൾ ചേർത്ത പഞ്ചസാരയെപ്പോലെ വേർതിരിക്കാനാവാത്ത വിധം അങ്ങയുടെ രാജ്യത്ത് കൂറുള്ള പ്രജകളായി ഞങ്ങളും വരാൻ പോകുന്ന തലമുറകളും വസിക്കുന്നതാണ്."
പുരോഹിതന്റെ വാക്കുകൾ സർവരേയും ഇളക്കിമറിച്ചു. അവർ ആഹ്ലാദാരവങ്ങൾ ഉയർത്തി.
തുടർന്ന് പുരോഹിതൻ ഒരടയാളം കാട്ടിയപ്പോൾ ആ അഭയാർത്ഥി സംഘം ഒന്നൊന്നായി ആ മണ്ണിൽ സാഷ്ടാംഗം നമസ്കരിച്ചു. കയ്യിൽ ഒരു പിടി മണ്ണെടുത്ത് കണ്ണുകളിലും നെറ്റിയിലും അമർത്തി നിർവൃതി പൂണ്ടൂ . അവരുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. പിന്നീടവർ കൈയ്യും മുഖവും കഴുകി ആചാരമനുസരിച്ച് കൊണ്ട് കുഷ്ടിപ്രാർത്ഥനകൾ ചെയ്തു.
അന്ന് രാജാ ജതിറാണയ്ക്ക് പുരോഹിതൻ നൽകിയ പ്രതിജ്ഞ കഴിഞ്ഞ പന്ത്രണ്ട് നൂറ്റാണ്ടുകളായി ആ ജനത പാലിച്ചുവരുന്നു. ഇന്ത്യൻ സമൂഹമാകുന്ന പാലിൽ മാധുര്യം ചേർത്തു കൊണ്ട് അങ്ങേയറ്റം രാജ്യസ്നേഹികളായി രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി അവർ ഈ മണ്ണിൽ വസിക്കുന്നു. വിശേഷാവസരങ്ങളിൽ ഇത് സമൂഹഗാനങ്ങളായും സമൂഹ്യനൃത്തങ്ങളായും പാർസി സ്ത്രീകൾ പുനരാവിഷ്ക്കാറുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.