ആനുകൂല്യങ്ങൾ നല്കാത്ത ബഹുരാഷ്ട്ര കമ്പനി ആയ മെയിൻഹാർട്ടിന് എതിരെ മുൻ ജീവനക്കാരൻ ലേബർ കമ്മീഷണർക്ക് പരാതി നൽകി
ഡൽഹി : ബഹുരാഷ്ട്ര കുത്തക കമ്പനി ആയ മെയിൻഹാർട്ട് സിങ്കപ്പൂർ Pte ലിമിറ്റഡിന്റെ ഇന്ത്യൻ ഡിവിഷന്റെ ഹെഡ് ഓഫീസിൽ (നോയിഡ, ഉത്തർപ്രദേശ്) അഞ്ച് വർഷത്തോളം ഡോക്യുമെന്റ് കൺട്രോളർ ആയും സീനിയർ ഡോക്യുമെന്റ് കൺട്രോളർ ആയും ജോലി ചെയ്ത കേരളീയനായ ജീവനക്കാരന് ന്യായമായും നിയമപരമായും നൽകേണ്ട പ്രമോഷനും ശമ്പള വർദ്ധനവും ഗ്രാറ്റുവിറ്റിയും മാന്യമായ നഷ്ടപരിഹാരവും ലീവ് സാലറിയും നൽകാതെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ച് പറഞ്ഞു വിട്ടതിന് എതിരെ തൊഴിലാളി കമ്പനിക്കെതിരെ ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ) (CLC-C)ക്ക് Central Government Industrial Tribunal-cum-Labour Courts (CGIT-cum-LCs)) 2025 ജൂൺ 22ന് പരാതി നൽകി. എല്ലാ ജീവനക്കാർക്കും സാധാരണയായി 2 വർഷം ആകുമ്പോൾ പ്രൊമോഷനും സാലറി വർദ്ധനവും നൽകാറുള്ള കമ്പനി ഈ ജീവനക്കാരന് 5 വർഷം ആകാറായിട്ടും ഇത് നിഷേധിക്കുകയായിരുന്നു. സേവന കാലാവധി 5 വർഷം പൂർണമാകുമ്പോൾ നിയമപരമായി നൽകേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് വേണ്ടി ബോധപൂർവ്വം കമ്പനി ഈ ജീവനക്കാരനെ 4 വർഷവും 8 മാസവും ആയപ്പോൾ നിർബന്ധിച്ചു രാജി വയ്പ്പിക്കുകയായിരുന്നു.
കമ്പനിയുടെ HR & ലീഗൽ മാനേജരും അക്കൗണ്ട്സ് മാനേജരും 2024 ജൂൺ 20 ന് ജീവനക്കാരനോട് "മെയിൻഹാർട്ടിന്റെ മാനേജിങ് ഡയറക്ക്ടറുമായി ചർച്ച നടത്തി നിങ്ങളുടെ സേവനം കമ്പനിക്ക് ഇനി ആവശ്യമില്ലെന്നും അതിനാൽ സ്വയം രാജി വച്ചു പുറത്തു് പോകണം” എന്നും ആവശ്യപ്പെട്ടു. സ്വയമേവ രാജി വയ്ക്കുകയാണെങ്കിൽ നിയമപരമായി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കോമ്പൻസേഷനും ഫുൾ ലീവ് സാലറിയും നൽകാം എന്നും, അതല്ല കമ്പനി ടെർമിനേറ്റു ചെയ്യുകയാണെങ്കിൽ ഒരു ആനുകൂല്യങ്ങളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നൽകുകയില്ല എന്നും അറിയിച്ചു. കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ച ജീവനക്കാരൻ ഗത്യന്തരം ഇല്ലാതെ 2024 ജൂൺ 21 ന് രാജി കത്ത് നല്കാൻ നിർബന്ധിതനായി. ഒരു മാസത്തെ നോട്ടിസ് പീരിയഡ് പൂർണമാക്കി 2024 ജൂലൈ 23 ന് കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിക്ക് വാഗ്ദാനം ചെയ്ത ഒരു ആനുകൂല്യങ്ങളും നൽകാതെ കമ്പനി വഞ്ചിക്കുകയാണ് ചെയ്തത്.
16-09-2024ന് കമ്പനി അയച്ച Full and Final Settlement (FNF) റിപ്പോർട്ടിൽ ജീവനക്കാരന് 8.75 ദിവസത്തിന് പ്രിവിലേജ് ലീവ് സാലറി ആയി തുച്ഛമായ തുക മാത്രം നൽകാം എന്നാണ് അറിയിച്ചത്. ഭരണ - രാഷ്ട്രീയ -സാമ്പത്തിക സ്വാധീനമുള്ള വൻകിട ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ ഭീഷണിക്ക് വഴങ്ങി ജോലി ഉപേക്ഷിക്കേണ്ടി വന്ന ജീവനക്കാരൻ 4.72 വർഷം i.e., 4 വർഷം 8 മാസം & 19 ദിവസം ആത്മാർത്ഥമായും സത്യസന്ധമായും ജോലി ചെയ്തിട്ടും ഒരു മാനുഷിക മൂല്യങ്ങളും നിയമവും പരിഗണിക്കാതെ കോമ്പൻസേഷനും ഗ്രാറ്റുവിറ്റിയും ഫുൾ ലീവ് സാലറിയും ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കമ്പനി നിഷേധിക്കുകയാണ് ചെയ്തത്.
ജീവനക്കാരൻ തന്റെ അവസാന പ്രവൃത്തി മാസത്തിൽ (ജൂലൈ 2024) 23 ദിവസം ജോലി ചെയ്തതിന് 8 ദിവസത്തെ ശമ്പളം (രൂപ 1613/ദിവസം) കുറച്ചാണ് നൽകിയത്. അതെ സമയത്താണ് 8.75 ദിവസത്തെ ലീവ് സാലറി ആയി ആകെ വെറും രൂപ 7292/- (രൂപ 833.37/ദിവസം) ജീവനക്കാരന് കമ്പനി ഓഫർ ചെയ്തത്. പല തവണ അവസാന മാസത്തെ സാലറി സ്ലിപ് ചോദിച്ചിട്ട് അത് നല്കാൻ പോലും കമ്പനി തയ്യാറായില്ല.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും Meinhardt India Private Limited, Meinhardt Singapore Pte Ltd, Meinhardt Australia Pty Ltd എന്നീ വിവിധ പേരുകളിൽ നിരവധി വൻകിട പ്രോജക്ടുകളുടെ പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി ആയി പ്രവർത്തിക്കുന്ന ഈ ബഹുരാഷ്ട്ര കമ്പനി നിരന്തരമായി തൊഴിലാളികളെ ചൂഷണം ചെയുകയും വഞ്ചിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. വിവിധ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നവർക്ക് മൂന്നും നാലും മാസമായി ശമ്പളം നല്കാതിരിക്കുന്നതിനാൽ ജീവനക്കാർ സഹികെട്ട് ജോലി രാജി വച്ചു പോകാൻ നിർബന്ധിതരാകും. നിസഹായരായ തൊഴിലാളികൾ ഈ വൻകിട കമ്പനിക്കെതിരെ കേസുകൾ നടത്താൻ കഴിവില്ലാത്തതിനാൽ അവർ നിശ്ശബ്ദരാകുകയും അവരുടെ കുടിശികയുള്ള ശമ്പളം കമ്പനി തട്ടിയെടുക്കുകയും ചെയ്യും. ശമ്പളം ലഭിക്കാതെ ജോലിയിൽ തുടരുന്നവർ ആത്മാർഥമായി ജോലി ചെയ്യാറില്ല. സാലറി ലഭിക്കാത്തതിനാൽ ജീവനക്കാർ പിരിഞ്ഞു പോകുന്നതിനാലും, ഉള്ളവർ കൃത്യമായി ജോലി ചെയ്യാത്തതിനാലും പ്രോജക്ടുകളുടെ ഗുണനിലവാരം മോശമാവുകയും ക്ലൈന്റ്സ് ഈ കമ്പനിയെ പ്രൊജെക്ടുകളിൽ നിന്നും പുറത്താക്കുകയും ചെയ്യും. പാട്നയിലെ ജയപ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി (PMC) ആയിരുന്ന മെയിൻഹാർട്ടിനെ അതി ദയനീയമായ മോശം പ്രവർത്തനങ്ങളുടെ പേരിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) കൺസൾട്ടൻസി ജോലിയിൽ നിന്നും കാലാവധി കഴിയുന്നതിന് മുൻപ് നിഷ്കരുണം പുറത്താക്കുകയുണ്ടായി. ഇപ്പോൾ കമ്പനി ഇതിനെതിരെ കേസ് നടത്തുകയാണ്. കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുകയോ, രാജി വെച്ചു പോയവരോ ആയ മുൻ ജീവനക്കാരിൽ അപൂർവ്വം ചിലർ കമ്പനിക്ക് എതിരെ ന്യായമായി ലഭിക്കേണ്ട സാലറിക്കും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി കേസുകൾ നടത്തുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക -നിയമ-രാഷ്ട്രീയ-ഭരണ മേഖലകളിൽ എല്ലാം വൻ സ്വാധീനമുള്ള മെയിൻഹാർട്ട് കമ്പനിയുടെ വ്യാജ രേഖകൾക്കും ദുരാരോപണങ്ങൾക്കും വിധേയമായി ദുർബലനും നിസ്സഹായനും ആയ കമ്പനിയുടെ മുൻ ജീവനക്കാരന് ലേബർ കോർട്ടിൽ നിന്നും നീതി ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജീവനക്കാരന്റെ അഭ്യർത്ഥന പ്രകാരം കമ്പനിയുടെ ഭീഷണിക്ക് വഴങ്ങി 5 വർഷം പൂർണമാകുന്നതിന് മുൻപ് രാജി വയ്ക്കേണ്ടി വന്നതിനാൽ നിയമപരമായി ലഭിക്കേണ്ട മുഴുവൻ ഗ്രാറ്റുവിറ്റിയും, അപ്രതീക്ഷിതമായി തൊഴിൽ രഹിതനായതിനാൽ ലഭിക്കേണ്ട നഷ്ട പരിഹാരവും, 8.75 ദിവസത്തെ മുഴുവൻ ലീവ് സാലറിയും തൊഴിലാളി വിരുദ്ധ മെയിൻഹാർട്ട് കമ്പനിയിൽ നിന്നും ഈടാക്കി നല്കാൻ കോടതി വിധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ