പ്രകൃതിയേയും അതിലുളള സര്‍വ്വചരാചരങ്ങളേയും - പക്ഷിമൃഗാദികള്‍, സസ്യങ്ങള്‍, ജലം, വായു, മണ്ണ് .... - തന്റെ അമിതമായ സ്വര്‍ത്ഥതക്കുവേണ്ടി പരമാവധി ചൂഷണം ചെയ്യാമെന്നാണ് ചില പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടിയാണെന്ന് അവര്‍ അന്ധമായി കരുതുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിയിലുളള സമസ്ത വസ്തുക്കളിലും ഒരേ അടിസ്ഥാന ചൈതന്യമാണ് കുടികൊളളുന്നതെന്നും അതിനാല്‍ അവയ്‌ക്കെല്ലാം പ്രകൃതിയില്‍ തുല്യാവകാശങ്ങളും അധികാരങ്ങളുമാണുളളതെന്നുമാണ് ഭാരത ദര്‍ശനം. ഒരു പശു തന്റെ കുട്ടിക്ക് വയറു നിറയെ പാല്‍ ചുരത്തി നല്‍കിയതിനു ശേഷം മിച്ചമുളളതു മാത്രം കറന്നെടുക്കാം (ദോഹനം) എന്നാണ് നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്നത്. ഇതുപോലെ പ്രകൃതിവിഭവങ്ങള്‍ ഭാവിതലമുറയ്ക്കു വേണ്ടി കരുതിവെച്ചതിനു ശേഷം സ്വന്തം ആവശ്യത്തിനുളളതു മാത്രം മനുഷ്യന് എടുക്കാമെന്നതാണ് ഭാരതീയ സങ്കല്പം. ഭ്രാന്തമായ ധനമോഹത്താല്‍ പ്രകൃതിയുടെ അസ്തിത്വത്തെയും നിലനില്പിനേയുംപോലും അപകടത്തിലാക്കുന്ന തരത്തിലുളള പ്രകൃതിചൂഷണം ഭാവിതലമുറകളോടും പ്രകൃതിയോടും ചെയ്യുന്ന കടുത്തദ്രോഹമാണെന്നുളളതില്‍ സംശയമില്ല.
പാശ്ചാത്യ വിദ്യാഭ്യാസവും സാമ്പത്തിക ശാസ്ത്രങ്ങളും ചിന്താഗതികളും തത്വശാസ്ത്രങ്ങളും മതങ്ങളും തലയ്ക്കുപിടിച്ച് മാനുഷികമായ എല്ലാ മൂല്യങ്ങളും സഹജീവിസ്‌നേഹവും ദീര്‍ഘവീക്ഷണവും നഷ്ടപ്പെട്ട നവ ഭാരതീയ സമൂഹം വിശിഷ്യ നമ്മുടെ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും വികസനമെന്നാല്‍ ആകാശചുംബികളായ ബഹുനില കെട്ടിടങ്ങളും, സ്റ്റാര്‍ ഹോട്ടലുകളും, സ്പാകളും, ചൂതാട്ടകേന്ദ്രങ്ങളും, എട്ടു വരിപാതകളും, അന്താരാഷ്ട്ര വിമാനത്താവളങ്ങളും, ഇന്റര്‍നെറ്റ് സിറ്റികളും, മഹാനഗരങ്ങളും, ആണവനിലയങ്ങളും മറ്റും ആണെന്ന് തെറ്റിദ്ധരിച്ച് സാധാരണ ജനങ്ങളെയും അവരുടെ അരിക് ജീവിതങ്ങളേയും മറന്നുകൊണ്ട് അവരെ പാര്‍ശ്വവല്കരിച്ചും അവഗണിച്ചും ആട്ടിയോടിച്ചും ഒരുപിടി സമ്പന്നര്‍ക്കു വേണ്ടി മാത്രമുളള ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് ആധുനിക ഭാരതീയ ഭരണവര്‍ഗ്ഗം ദരിദ്രജനങ്ങളുടെ ഭൂമികളെല്ലാം ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നക്കാപ്പിച്ച നല്‍കിയും പിടിച്ചെടുത്ത് ബഹുരാഷ്ട്ര-സ്വദേശി കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നത്. ആഗോളവല്കരണം മൂലം അന്താരാഷ്ട്രതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്താല്‍ പാപ്പരായി ഗതികേടിലായ വിദേശരാജ്യങ്ങളെ ഭാരതത്തിലെ വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്യാനനുവദിച്ച് കരകയറ്റുക എന്നതാണ് സോണിയാ കോണ്‍ഗ്രസിന്റെ രഹസ്യദൗത്യം. ഇത് നടപ്പിലാക്കുന്നതാകട്ടെ അമേരിക്കയുടെ വിനീതദാസനായ മുന്‍ യുണൈറ്റഡ് നേഷന്‍സ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുമായ ശ്രീ. മന്‍മോഹന്‍ സിംഗുമാണ്.
38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വസ്തീര്‍ണ്ണമുളള ഈ കൊച്ചു കേരളത്തില്‍ നാല് ആന്താരാഷ്ട്ര വിമാനത്താവളങ്ങളുളളതു കൂടാതെ ഒരു സ്വകാര്യ അന്താരാഷ്ട്ര വിമാനത്താവളം കൂടി വേണമെന്ന് സര്‍ക്കാര്‍ ശഠിക്കുന്നതിനു പിന്നിലെ ചേതോവികാരം ജനസ്‌നേഹമല്ല മറിച്ച് വന്‍ കച്ചവട താല്പര്യങ്ങളാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. പൈതൃക ഗ്രാമമായി ലോകം അംഗീകരിച്ചിട്ടുളള ആറന്മുളയിലെ ഹരിതപ്രകൃതിയും പൈതൃകസ്മാരകങ്ങളും ഗ്രാമീണ ജീവിതവും സംസ്‌കാരവും പാരമ്പര്യവുമെല്ലാം നശിപ്പിച്ചിട്ട് നിയമലംഘനങ്ങളുടേയും പ്രകൃതിധ്വംസനത്തിന്റെയും അകമ്പടിയോടെ ബലപ്രയോഗത്തിലൂടെ ഒരു വിമാനത്താവളം അടിച്ചേല്പ്പിക്കുന്നത് വികസനവും പരിഷ്‌കാരവുമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമായേ പൊതുജനം കാണുകയുളളൂ.
ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് വനം പരിസ്ഥിതി മന്ത്രാലയം തിടുക്കത്തില്‍ 19 നവംബര്‍ 2013 ന് തിങ്കളാഴ്ച വൈകിട്ട് നല്‍കിയ അന്തിമാനുമതി ഗ്രാമീണ ദരിദ്ര ജനതകളോടുളള വെല്ലുവിളിയും പ്രകൃതി ധ്വംസനത്തിനും ചൂഷണത്തിനുളള ഗ്രീന്‍ സിഗ്നലുമാണ്. നേരത്തെ സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്‍ഹതയുണ്ടെന്നു പറഞ്ഞ് പദ്ധതിക്കായി വയല്‍ നികത്താനുള്ള അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിലയന്‍സിന് 15 ശതമാനം ഓഹരിയുള്ള കെ.ജി.എസ് ഗ്രൂപ്പാണ് 700 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപ ചെലവില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. 60 ഏക്കറോളം സ്ഥലം ഇതിനകം നികത്തിക്കഴിഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം എന്നിവയില്‍ നിന്ന് ഇളവ് നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. വിമാനത്താവളത്തിന് ആവശ്യമായ നികത്തിയ ഭൂമി ഇപ്പോള്‍ തന്നെ കമ്പനിക്കുണ്ടെന്നും, ഇനി ഒരിഞ്ച് ഭൂമി പോലും നികത്താന്‍ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ നികത്തിയ 60 ഏക്കര്‍ സ്ഥലത്ത് കെജിഎസ് കമ്പനിയും എയര്‍പോര്‍ട്ട് അതോറിറ്റിയും പരിസ്ഥിതി മന്ത്രാലയവും പറയുന്ന തരത്തില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ല. ഉമ്മന്‍ചാണ്ടിയും കമ്പനിയും ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചക്കു ശേഷം കെജിഎസ് കമ്പനി അധികാരികള്‍ പറഞ്ഞത് ആദ്യഘട്ട നിര്‍മ്മാണത്തിന് 500 ഏക്കര്‍ ഭൂമി വേണ്ടിവരുമെന്നും, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി, ഷോപ്പിംഗ് മാള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് പ്രോജക്ട് എന്നുമാണ്. കൂടാതെ പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക ഘട്ടത്തില്‍ പാര്‍ക്കിംഗിനായി 80 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള സ്ഥലം ഒരുക്കി അവിടെ 40 കാറുകള്‍, 50 ടാക്‌സികള്‍, 10 ബസ്സുകള്‍ എന്നിവയുടെ സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കണം. രണ്ടാംഘട്ടത്തില്‍ പാര്‍ക്കിംഗ് ഏരിയാ വര്‍ദ്ധിപ്പിച്ച് 205 കാറുകളും, 250 ടാക്‌സികളും 30 ബസ്സുകളും ഒരേ സമയം പാര്‍ക്കു ചെയ്യാനുള്ള സ്ഥലം കമ്പനി തയ്യാറാക്കണം.
ആറന്മുളയില്‍ നെല്‍വയലുകള്‍ നികത്തി എടുക്കുന്നതിനായി 72 ലക്ഷത്തിലധികം ടണ്‍ മണ്ണ് ആവശ്യമായി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പദ്ധതിക്കായി ആയിരത്തിലധികം ഏക്കര്‍ വേണ്ടിവരുമെന്നും അതിനായി ആറന്മുള ക്ഷേത്രത്തിന്റെ കാവല്‍മലകളായ കോഴിമല, ചിറ്റൂര്‍ പുരയിടം, ചാക്കകുന്ന്, കൊണ്ടൂര്‍മോടി, കനകകുന്ന്, കോമളപ്പൂഴി എന്നിവ ഇടിച്ചു നിരത്താതെ നിവൃത്തിയുണ്ടാവില്ല. ഗുരുതമായ പാരിസ്ഥിതിക ഭീഷണിയാവും ഇത് സൃഷ്ടിക്കുക. ഇവിടെ താമസിക്കുന്നവരെ കുടിയിറക്കാനുള്ള വാറോലയാണ് മന്ത്രാലയത്തിന്റെ അനുമതിപത്രമെന്ന് വിശേഷിപ്പിക്കേണ്ടിവരും. ആറന്മുള, കിടങ്ങന്നൂര്‍, മുളക്കുഴ എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ 20 ശതമാനത്തിലധികം ജനങ്ങളെ കുടിയിറക്കാതെ വിവാദ വിമാനത്താവള നിര്‍മ്മാണം സാധ്യമാവില്ല.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്ട് പ്ലാനിംഗ് റിപ്പോര്‍ട്ടിലും കണ്‍സള്‍ട്ടന്റ് ഏജന്‍സിയായ കിറ്റ്‌കോയുടെ റിപ്പോര്‍ട്ടിലും ആറന്മുളക്ഷേത്രം വിമാനത്താവളത്തിന് തടസ്സമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊടിമരത്തിന്റെ ഉയരം 30.8 മീറ്ററാണ്. ഇത് 23.7 മീറ്ററാക്കി കുറയ്ക്കുക, പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പിനായി കൊടിമരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കുക, ക്ഷേത്രഗോപുരവാതില്‍ ഉടച്ചുവാര്‍ക്കുകയും 285 മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യുക, മണ്ണൊലിപ്പു തടയാന്‍ നടപടി സ്വീകരിക്കുക, ഗ്രാമീണ പാതകള്‍ മാറ്റിവിടുക, ചുറ്റുമുള്ള മരങ്ങളും സസ്യജാലങ്ങളും പൂര്‍ണമായും ഒഴിവാക്കുക, കൂടുതല്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്താവളവും റണ്‍വേയും അടങ്ങുന്ന മേഖലയ്ക്കു സമുദ്രനിരപ്പില്‍നിന്ന് 1012 മീറ്റര്‍ മാത്രമാണ് ഉയരം. പമ്പാനദിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ഈ മേഖല ഉയര്‍ത്തണമെന്നും വിമാനത്താവള അഥോറിട്ടി നിര്‍ദേശിച്ചിട്ടുണ്ട്. 78 പേജ് വരുന്ന കിറ്റ്‌കോയുടെ റിപ്പോര്‍ട്ടിലാകട്ടെബോയിംഗ് 747, എയര്‍ബസ് എ320 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ എയര്‍പോര്‍ട്ട് വികസിപ്പിക്കുക, ഇതിനനുസൃതമായി റണ്‍വേ, ടാക്‌സികള്‍ക്കായി പ്രത്യേക സ്ഥലം, സുരക്ഷാമതില്‍, ഫയര്‍സ്‌റ്റേഷന്‍, മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനം, വാഹന പാര്‍ക്കിംഗ്, ശുദ്ധജല വിതരണം, വൈദ്യുതി, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഉണ്ടാക്കുക, നിര്‍ദ്ദിഷ്ട റണ്‍വേയുടെ 315 മീറ്റര്‍ മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള സ്ഥലങ്ങളിലെ തടസം ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാകണമെങ്കില്‍ സര്‍ക്കാരും കമ്പനിയും പറയുന്നതിനപ്പുറം കൂടുതല്‍ സ്ഥലവും കുടിയൊഴിപ്പിക്കലുകളും വേണ്ടിവരുമെന്നും വിശാലമായ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ടു നികത്തേണ്ടി വരുമെന്നും ഉളള കാര്യം സ്പഷ്ടമാണ്. ആറന്മുള വിമാനത്താവള ടെര്‍മിനലിലേക്ക് എത്തുന്ന റോഡുകളുടെ വീതി 23 മീറ്റര്‍ ആക്കണമെന്ന ആവശ്യം നിറവേറ്റിയാല്‍ ആറന്മുള പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ ഇരുവശത്തുമായുളള നിരവധി കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവയെല്ലാം ഇടിച്ചു നിരത്തേണ്ടതായി വരും. 3100 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും ഉള്ളതാണ് നിര്‍ദ്ദിഷ്ട റണ്‍വേ.
ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടു പ്രമോട്ടറായ കെജിഎസ് കമ്പനി തിരുത്തിയെന്നു കിറ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ് പറഞ്ഞു. 2009 ല്‍ പ്രമോട്ടറായ കെജിഎസ് കമ്പനിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ മാസ്റ്റര്‍ പ്ലാന്‍, സര്‍വേ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു പരാമര്‍ശമില്ലായിരുന്നു. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ചാണു കിറ്റ്‌കോ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍ നിന്നുമുള്ള അനുമതിക്കായി കെജിഎസ് കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കിറ്റ്‌കോയുടെ വ്യാജ ലോഗോ പതിച്ച് തിരുത്തി നല്‍കിയതിനെതിരേ
കെജിഎസ് കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും, വിശദീകരണം ആവശ്യപ്പെട്ടു കത്തും അയക്കുമെന്നും നല്‍കുമെന്നും സിറിയക് ഡേവിസ് പറഞ്ഞു. റിപ്പോര്‍ട്ട് തങ്ങളുടെ അനുവാദമില്ലാതെ തിരുത്തിയതിലൂടെ ക്രമിനല്‍ കുറ്റം ചെയ്ത കെജിഎസ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ഡയറക്റ്റര്‍ ബോര്‍ഡ് ചേര്‍ന്നു തീരുമാനിക്കും അദേഹം വ്യക്തമാക്കുകയുണ്ടായി. ഇപ്രകാരം അടിമുടി തട്ടിപ്പും വെട്ടിപ്പും വഞ്ചനയും നടത്തി കേന്ദ്ര സംസ്ഥാനങ്ങളെ സ്വാധീനിച്ച് റോക്കറ്റ് വേഗതയില്‍ കമ്പനിക്ക് എല്ലാ അനുമതികളും ലഭിക്കാന്‍ കാരണം ഡല്‍ഹിയിലെ നമ്പര്‍ 10 ജന്‍പഥ് റോൗിലെ താമസക്കാരുടെ സ്വാധീനമാണെന്ന് സ്പഷ്ടമാണ്. കെജിഎസിന്
സ്ഥലം നല്‍കിയ ആദ്യ ഉടമസ്ഥന്‍ ഏബ്രഹാം കലമണ്ണില്‍ ദുബായില്‍ വെച്ച് ഒരു ചാനലിനോട് പറഞ്ഞത്, ആറന്മുള പദ്ധതിക്ക് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയാണ്. തന്റെ കൈയ്യില്‍ നിന്നും 52 കോടിക്ക് 232 ഏക്കര്‍ ഭൂമി കെ.ജി.എസ് ഗ്രൂപ്പ് വാങ്ങി. ഇവരില്‍ നിന്നും 500 കോടിക്ക് റോബര്‍ട്ട് വധേര സ്ഥലം വാങ്ങിയിട്ട് വധേര 1000 കോടിക്ക് റിലയന്‍സ് ഗ്രൂപ്പിന് നല്‍കി. റിലയന്‍സാണ് ഇൗ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. റോബര്‍ട്ട് വധേരയുടെ മധ്യസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന നന്ദകുമാറും വെറും സി.എക്കാരനായ ജിജി ജോര്‍ജും 2000 കോടി മുതല്‍ മുടക്കുള്ള പദ്ധതി എങ്ങനെ നടത്താനാകുമെന്നും എബ്രഹാം കലമണ്ണില്‍ അത്ഭുതംകൂറുന്നു.
ആറന്മുള സന്ദര്‍ശിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ മാധവ ഗാഡ്ഗില്‍ ആറന്മുള വിമാനത്താവളം പദ്ധതി നിയമങ്ങള്‍ ലംഘിച്ചാണ് നടപ്പാക്കാനൊരുങ്ങുന്നതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 74 എം എല്‍ എമാര്‍ ഒപ്പിട്ട നിവേദനം അവഗണിച്ചത് വ്യക്തമാക്കുന്നത് പദ്ധതി ജനാധിപത്യവിരുദ്ധമാണെന്നും, ഭരണാധികാരികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളുടെ മേല്‍ അധികാര ദുര്‍വിനിയോഗം ചെയ്യുകയാണെന്നും, നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് കണ്ടെത്തിയ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും, കൃഷിചെയ്യാന്‍ ഈ സ്ഥലം ഉപയോഗിക്കണമെന്നും, ലോകത്ത് എല്ലായിടത്തും
പരിസ്ഥിതി സംരക്ഷിക്കുന്നത് ജനങ്ങളാണെന്നും ഗാഡ്ഗില്‍ പറഞ്ഞു. വിമാനത്താവളം ജലസമ്പത്തിനെ ബാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമുണ്ടാകാത്ത വികസനങ്ങളാണ് രാജ്യത്തിന് അഭികാമ്യമെന്ന് പശ്ചിമ മേഖലയുടെ സംരക്ഷണത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കിയ ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.
ആറന്മുള വിമാനത്താവള നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതികാനുമതി ആറന്മുള പൈതൃക ഗ്രാമത്തിന്റെയും പമ്പാനദിയുടെയും മരണമണിയാണെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ച് ആറന്മുള നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നതിന് പാരിസ്ഥിതികാനുമതി നല്‍കിയാല്‍ കേരളത്തിലെ എല്ലാ നെല്‍വയലും മൂടപ്പെടും. വിമാനത്താവള നിര്‍മാണത്തിന് വേണ്ടിയുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയ രേഖ പോലും വ്യാജമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക്, അതിന്മേല്‍ നല്‍കിയിട്ടുള്ള അനുമതികളൊന്നും നിലനില്‍ക്കുന്നതല്ല. സ്വന്തമായി ഒരിഞ്ചു ഭൂമി പോലും ഇല്ലാതിരിക്കെ, 350 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെ.ജി.എസ്. കേരള സര്‍ക്കാരിന്റെ അനുമതി വാങ്ങിയത്. 12 ല്‍ പരം നിയമങ്ങളും കോടതി ഉത്തരവുകളും ഇതിനോടകം ലംഘിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റി, സലിം അലി ഫൗണ്ടേഷന്‍, കേന്ദ്ര വ്യോമയാന പാര്‍ലമെന്ററി കമ്മിറ്റി, കേന്ദ്ര എക്‌സൈസ് കസ്റ്റംസ് സ്റ്റിയറിങ് കമ്മിറ്റി, കേന്ദ്ര ധനകാര്യ വകുപ്പ് തുടങ്ങിയവ
വിമാനത്താവളം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിമാനത്താവളത്തിനു വേണ്ടി വാങ്ങിയ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി കളക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വിമാനത്താവള കമ്പനിയുടെ കൈയ്യില്‍ അവശേഷിക്കുന്ന 210 ഏക്കര്‍ ഭൂമി, മിച്ചഭൂമിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതു കൂടാതെ വിമാനത്താവള പദ്ധതിക്കെതിരെ ഹൈക്കോടതിയിലും, വിജിലന്‍സിലും, ഹരിത ട്രിബൂണലിലും നിരവധി കേസുകളും നിലവിലുണ്ട്. കെജിഎസ് കമ്പനിയുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുള്‍ക്കൊളളുന്ന ഈ കേസുകളുടെ അന്തിമവിധികള്‍ വരാതെ വിമാനത്താവള നിര്‍മ്മാണം ആരംഭിക്കാന്‍ പോലും സാധ്യമാവില്ല. സോണിയാ ഗാന്ധിയും മരുമകനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എത്രതന്നെ മസില്‍ പിടിച്ചാലും ആറന്മുളയിലെ ജനങ്ങളുടെയും സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സാംസ്‌കാരിക സംഘടനകളുടേയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചുകൊണ്ട് ഒരു പൈതൃക ഗ്രാമത്തെ കുഴിച്ചുമൂടി അതിനുമുകളില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് കെട്ടിട സമുച്ചയങ്ങളും പണിതുയര്‍ത്തുവാന്‍ ക്ഷപ്രസാദ്ധ്യമാവില്ലതന്നെ. പത്തു ശതമാനം ഓഹരി സര്‍ക്കാറിന് ഉണ്ടെന്ന പേരില്‍ എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കും ഭരണകൂട അനുമതി ലഭിച്ച് (നിയമഭേദഗതികള്‍ വരുത്തി) 2015 ഡിസംബറില്‍ ആറന്മുളയില്‍ വിമാനമിറക്കാമെന്ന കെജിഎസിന്റെ ആഗ്രഹം ഒരിക്കലും നടക്കാത്ത ഒരു മനോഹരമായ സ്വപ്‌നമായി അവശേഷിക്കുകയേ ഉളളു.
മൂന്നു വട്ടം കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി പ്രദേശത്ത് ഒരു കല്ലിടാന്‍ പോലും നമ്മുടെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. 163 മെഗാവാട്ട് വൈദ്യതി ഉല്പാദിപ്പിക്കാനുളള ഈ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും നിരവധി തവണ ശ്രമിച്ചിട്ടും അന്തിമാനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും പ്രദേശത്തെ ജൈവവൈവിധ്യത്തെയും ആദിവാസികളുടെ ജീവിതത്തേയും ദോഷകരമായി ബാധിക്കുമെന്ന വാദമുയര്‍ത്തിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കേരള സര്‍ക്കാരിന് അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഒരു കുറുക്കുവഴിയുണ്ട്. ഈ പദ്ധതി സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയെ ഏല്പിച്ചാല്‍ മിസൈല്‍ വേഗതയില്‍ പദ്ധതിക്ക് ആവശ്യമായ എല്ലാ അനുമതികളും കേന്ദ്രത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ മേശമേല്‍ പറന്നെത്തുന്നത് അപ്പോള്‍ കാണാം.
അമേരിക്കന്‍ ഗള്‍ഫ് മലയാളികള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം അത്യന്താപേക്ഷിതമാണെന്നുണ്ടെങ്കില്‍ ഇക്കൂട്ടര്‍ സാധാരണക്കാരായ കര്‍ഷകരും പട്ടികജാതി പട്ടികവിഭാഗങ്ങളും ഇടതിങ്ങി താമസിക്കുന്ന പൈതൃകഗ്രാമമായ ആറന്മുളയെ ഉപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വിദേശമലയാളികളുളള പ്രദേശങ്ങളായ തിരുവല്ലയിലെ കുറ്റപ്പുഴയിലോ, കുമ്പനാട്ടോ വിമാനത്താവളം സ്ഥാപിക്കട്ടെ! അമേരിക്കയില്‍ നിന്നും മറ്റും 15-20 മണിക്കൂര്‍ യാത്ര ചെയ്ത് നെടുമ്പാശേരിയിലോ തിരുവനന്തപുരത്തോ ഇറങ്ങി 3 മണിക്കൂര്‍ കൂടി റോഡ്-റെയില്‍ മാര്‍ഗ്ഗം യാത്ര ചെയ്യാന്‍ സമയമില്ലാത്തവര്‍ സ്വന്തം വീട്ടുപടിക്കല്‍ വിമാനമിറങ്ങാന്‍ സൗകര്യമുണ്ടാക്കട്ടെ!!! ഇതുമല്ലെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ തന്നെ ബിഷപ്പ് കെ.പി. യോഹന്നാനും, മലയാളം ഹാരിസണ്‍ കമ്പനിക്കും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഉണ്ട്. ഇവിടെയാണെങ്കില്‍ നെല്‍വയലുകളും ജനവാസവും ആരധനാലയങ്ങളും പ്രാചീന നിര്‍മ്മിതികളും ഒന്നുമില്ലാത്ത പൈതൃക ഗ്രാമങ്ങളല്ലാത്ത പ്രദേശങ്ങളാണ്. ഇത് പിടിച്ചെടുത്ത് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ച് വന്‍കിട ബഹുരാഷ്ട്ര കുത്തകകളും അവരുടെ വിനീതദാസന്മാരായ നമ്മുടെ 100 വര്‍ഷം പിന്നിട്ട മുത്തശ്ശിപാര്‍ട്ടിയുടെ അനന്തരാവകാശികളും കൃതാര്‍ത്ഥരാകട്ടെ!!!
ഭൂമിയുടെ ഹരിതാഭയും സ്വാഭാവിക സ്ഥിതിയും തകര്‍ത്ത് അവളെ ഊഷരഭൂമിയാക്കി മാറ്റി വരുതലമുറകളുടെ ജീവിതം നരകതുല്യമാക്കാന്‍ പരിശ്രമിക്കുന്ന ധനമോഹികളും അഴിമതിക്കാരും ജനദ്രോഹികളും കുലദ്രോഹികളുമായ ഭരണവര്‍ഗ്ഗവും ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയഭിക്ഷാംദേഹികളും കുത്തകമുതലാളിമാരും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുകതന്നെ ചെയ്യും. കവി ഒ.എന്‍.വി കുറുപ്പിന്റെ ഈരടികളില്‍ മുഴങ്ങുന്നത് സ്വന്തം മക്കളാല്‍ നിരന്തരം വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന ഭൂമിദേവിയുടെ രോദനമാണ്.... അത് നമുക്ക് ഈ വരികളിലൂടെ കേള്‍ക്കാം......
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്‌നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍

ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു
മാര്‍ത്തലക്കുന്നു മൃദുതാളം!
അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്‌നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!
(ഭൂമിക്കൊരു ചരമഗീതം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.