ആറന്മുള എന്ന ഗ്രാമീണത തുടിച്ചു നില്ക്കുന്ന ഒരു കൊച്ചു ഗ്രാമത്തെ സമ്പന്ന ബഹുരാഷ്ട്ര കുത്തകകളുടേയും ഉദരംഭരികളായ ഭരണ-രാഷ്ട്രീയ ഭിക്ഷാംദേഹികളുടേയും ധനാര്‍ത്തിയ്ക്കുവേണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും വികസനത്തിന്റേയും പുരോഗതിയുടേയും മറ്റും പേരില്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സാധാരണക്കാരായ ഗ്രാമീണ ജനത നടത്തിയ ശക്തമായ ജനകീയ സഹനസമരത്തിന്റെ അറിയപ്പെടാത്ത ചരിത്രം ഇ-ബുക്ക് രൂപത്തില്‍ ആമസോണിന്റെ കിന്ഡല് ഡയറക്റ്റ് പബ്ലീക്കേഷന്‌സ് പ്രസിദ്ധീകരിച്ചു. സുധീര്‍ നീരേറ്റുപുറം രചിച്ച 'ആറന്മുള അന്താരാഷ്ട്ര വിമാനത്താവള വിരുദ്ധസമരം : ഒരു ഗ്രാമം നടത്തിയ അതിജീവനത്തിന്റെ സമരഗാഥ' എന്ന ഗ്രന്ഥത്തില്‍ പ്രക്ഷോഭണ കാലഘട്ടത്തില്‍ വിവിധ പത്ര-മാസികകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും വാര്‍ത്തകളും സമരനായകനായ കുമ്മനം രാജശേഖരനുമായി നടത്തിയ അഭിമുഖവും
കൂടാതെ ആറന്മുളയുടെ ചരിത്ര-സാംസ്‌കാരിക പാരമ്പര്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏകദേശം 2012 ഫെബ്രു. 26 ന് ദീപയാന പ്രയാണത്തോടെ തുടക്കം കുറിച്ച് 2014 മെയ് 28 ന് ഹരിത ട്രിബൂണല്‍ വിധിയോടെ അവസാനിച്ച ഈ സഹനസമരം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ശാന്തമായ ഗ്രാമ്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ ആചാരാനുഷ്ഠാനങ്ങളും സ്വസ്ഥതയും സംസ്‌കാരവുമെല്ലാം നശിപ്പിച്ച് തല്‍സ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളും ബാറുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും മസാജ് പാര്‍ലറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റും പടുത്തുയര്‍ത്തി ഗ്രാമവാസികളെ അവരുടെ ജന്മഭൂമികളില് നിന്നും ആട്ടിപ്പായിക്കുന്നതിനുവേണ്ടി അരയുംതലയും മുറുക്കി രംഗത്തിറങ്ങിയ ജനദ്രോഹികള്ക്കും; അവരോടൊപ്പം നിന്ന കേരളത്തിലെ സംഘടിത ഭരണകൂട ശക്തികള്‍ക്കുമെതിരെ ഒരു അസംഘടിത ജനത നടത്തിയ ധീരോദാത്തമായ പ്രക്ഷോഭണത്തിന്റേയും വിജയത്തിന്റേയും വീരേതിഹാസ ചരിത്രമാണ് ഇവിടെ ഭാവിതലമുറക്കുവേണ്ടി അടയാളപ്പെടുത്തിയിട്ടുള്ളത്.
ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ നടന്ന ഐതിഹാസികമായ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി എന്ന പ്രസ്ഥാനമാണ്. തുടക്കത്തില്‍ പ്രാദേശിക തലത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നീട് ദിശാബോധവും കരുത്തും ഉണ്ടായത് കര്‍മ്മസമിതിയുടെ രൂപീകരണത്തോടുകൂടിയാണ്. ആരംഭത്തില്‍ സംസ്ഥാന ഇടതുപക്ഷ സര്‍ക്കാരിനും പിന്നീട് സംസ്ഥാന-കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും എതിരെയാണ് നാട്ടുകാര്‍ തങ്ങളുടെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും തോടും പുഴയും ക്ഷേത്രങ്ങളും പളളിയോടങ്ങളും പ്രാചീനാചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരവും എല്ലാം സംരക്ഷിക്കുന്നതിനുവേണ്ടി ജീവന്മരണ പോരാട്ടം നടത്തിയത്. ആറന്മുളയില്‍ പരാജയപ്പെട്ട ഭരണകൂട ജനദ്രേഹ ശക്തികള്‍ - സംസ്ഥാന ഇടതുപക്ഷ സര്‍ക്കാര്‍ - ഇപ്പോള്‍ ശബരിമലയുടെ പേരില്‍ നിലക്കലിന് സമീപമുള്ള സര്‍ക്കാര്‍ വക ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി ബിഷപ്പ് കെ.പി. യോഹന്നാന് പണം നല്കി വാങ്ങി വിമാനത്താവളം നിര്മ്മിക്കാനുള്ള നെട്ടോട്ടത്തിലാണ്. ജനരോഷത്തിന് മുന്‍പില്‍ ഈ അധാര്‍മ്മിക നീക്കവും പരാജയപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
അന്താരാഷ്ട്ര സാമ്രാജ്യത്വശക്തികള്‍ക്കെതിരെ സാധാരണക്കാരില്‍ സാധാരണക്കാരായ കാര്‍ഷികജനത മറ്റ് ബഹുജനപ്രസ്ഥാനങ്ങളുടെ സഹായസഹകരണത്തോടെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ വ്യത്യസ്തങ്ങളായ സമരങ്ങളുടെ ഈ രേഖാചിത്രം പരിസ്ഥിതിപ്രേമികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ആവേശവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുസ്തകം ആമസോണില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.
Visit & Buy Aranmula Agitationi from Amazon.... Click here....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.