ലേഖനം
അഡ്വ. ശങ്കു. ടി. ദാസ്
ഇരുട്ടായിരുന്നു കേരളത്തിൽ.
വീടുകളിലും കാവുകളിലും തിരി തെളിക്കാറില്ലായിരുന്നു.
കാറ്റ് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തടസ്സങ്ങളില്ലാതെ വീശിയിരുന്നു.
ഇരുട്ടിൽ ഒരിറ്റ് വെളിച്ചമായി പരമേശ്വരൻ വന്നു.
അതിൽ നിന്ന് ആയിരം ദീപങ്ങൾ തെളിഞ്ഞു വന്നു.
മധുരമുള്ള ഒരു വേണുഗാനം പലരും കേട്ടു.
ആരും എവിടെ നിന്നാണ് അത് വരുന്നതെന്ന് അന്വേഷിക്കാൻ ശ്രമിച്ചില്ല.
സ്വയം മറന്നു പോയവർക്ക് അതൊരു ഓർമ്മയായി തോന്നി.
മറവികൾക്കെതിരെ കലഹിക്കാൻ വെമ്പിയിരുന്ന ഓർമ്മകളുടെ വിസ്മൃത ബീജങ്ങൾ സ്വാഭിമാനം കൊണ്ടു.
ആളൊഴിഞ്ഞ ക്ഷേത്രമുറ്റത്ത് ആസ്വാദകനായ ക്ഷേത്രമൂർത്തിക്ക് വേണ്ടി മാത്രം ഭൂമിയിലെ ഏറ്റവും ഉത്കൃഷടമായ കലാവിഷ്കാരം പകർന്നാടുന്ന കലാകാരന്റെ നിർമ്മമതയോടെ ഒരാൾ തുടരെ തുടരെ ഇടതടവില്ലാതെ ആ മധുര സംഗീതം പൊഴിച്ചു കൊണ്ടിരുന്നു.
പഞ്ഞ കർക്കിടകങ്ങൾ ശ്രീരാമ നാമം മുഴങ്ങുന്ന രാമായണ മാസങ്ങളായി പരിണമിച്ചു.
മുത്തശ്ശിമാരും അമ്മമാരും അവർ പോലും അറിയാതെ ധർമ്മ യുദ്ധത്തിന്റെ മുൻനിര പോരാളികളായി.
തമ്മിൽ കലഹിച്ചിരുന്ന ജാതികളിൽ സനാതന ധർമ്മത്തിന്റെ ഐക്യമക്ത സൂക്തങ്ങൾ മുഴങ്ങി.
ജന്മം കൊണ്ടല്ല ചിന്തകൊണ്ടാണ് ഒരാൾ ബ്രാഹ്മണനാവുക എന്ന തത്വം ജനമനസ്സുകളിൽ സ്ഥാപിച്ചു കൊണ്ട് പുകഴ്പെറ്റ കാലടി ഇല്ലത്തെ ഭട്ടതിരിപാട് സമാരാധ്യനായ പറവൂർ ശ്രീധരൻ തന്ത്രിയുടെ പരികർമ്മിയായി മാതൃക സൃഷ്ടിച്ചു.
ഇതിനെല്ലാം കാരണഭൂതമായ സംഘടനയുടെ ധിഷണയായും അമരക്കാരനായും
പരമേശ്വർജി ദേഹത്തിൽ വിളങ്ങുന്ന ദേഹി എന്ന പോലെ ഒട്ടും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാത്ത ഒരു കർമ്മയോഗിയായി ജ്വലിച്ച് നിന്നു.
പാലാഴി മഥനത്തിൽ ഉയർന്ന് പൊങ്ങിയ അമൃത് പോലെ നിരർത്ഥക വിപ്ലവകാരികളും ജീവിക്കാൻ ഒട്ടുമേ സഹായിക്കാത്ത യുക്തി വാദങ്ങളും നിറഞ്ഞുനിന്ന സമൂഹത്തിൽ നിന്ന് വേരുകളും സംസ്കാരവും അന്വേഷിച്ചിറങ്ങിയ ഒരു തലമുറ ഉയർന്നു വന്നു.
അവർക്ക് ജീവിതവും യാത്രയും എളുപ്പമല്ലായിരുന്നു.
വേരുകളെ അവർ തേടിയത് മനസ്സുകൾ കൊണ്ടാണ്.
ബോധോദയം വന്നവന് സംവേദന ഭാഷ ഒരു പ്രശ്നമായി ഭവിച്ചു.
അതെങ്ങനെ അനന്തര തലമുറകൾക്ക് പകർന്ന് കൊടുക്കാവുന്ന അറിവാക്കി മാറ്റും എന്നവൻ സംശയിച്ചു.
ധൈഷണിക വേഷം കെട്ടിയ വിമർശകരെ എങ്ങനെ ധൈഷണികമായി തന്നെ നേരിടും എന്ന് പകച്ച് നിന്നു.
അവിടേയും ശ്രീ പരമേശ്വരന്റെ തന്നെ അവതാര നൃത്തം തുണയായി.
യുദ്ധത്തിൽ രണ്ട് ലക്ഷ്യങ്ങൾ ഒറ്റ നീക്കം കൊണ്ട് നേടിയെടുക്കുന്ന യുദ്ധ തന്ത്രജ്ഞന്റെ സാമർഥ്യം പോലെ പരേമശ്വർജി ആദ്ധ്യാത്മികതയേയും ദേശീയതയേയും
ഭംഗിയായി ഒരേ നൂലിൽ കോർത്തെടുത്തു.
ആദ്ധ്യാത്മിക വാദിക്ക് സംരക്ഷണബോധമായ ദേശീയത അത്യന്താപേക്ഷികമാണ്.
ദേശീയ വാദിക്ക് ആദ്ധ്യാത്മികത ദേഹത്തിന് ദേഹിയെന്ന പോലെ ജീവൽദായകവും.
ഇവയുടെ പാരസ്പര്യം അദ്ദേഹത്തിലൂടെ തെളിവായി.
അവനവനിലേക്ക് ചുരുങ്ങി സത്യത്തെ തേടുന്ന ആത്മീയതയാണ് സനാതന ധർമ്മത്തിന്റെ കാതൽ.
സത്യത്തെ ബാഹ്യമായും അന്യന്റെ പരിണാമത്തിലും ദർശിച്ചിരുന്ന വൈദേശിക ആശയങ്ങൾക്ക് ഭാരതത്തിൽ ഭരണപരമായ വ്യവഹാരങ്ങൾ ഏറ്റെടുത്ത് നടത്താൻ സഹായകമായത് ഭാരതീയന്റെ ഈ ഉൾവലിയൽ കാരണമായിരുന്നു.
സന്ന്യാസത്തിന്റെ ആദ്ധ്യാത്മിക ചിന്തയെ ക്ഷാത്രവീര്യമുള്ള ദേശീയ ബോധത്തിലേക്ക് പകർന്നെടുത്തത് സ്വാമി വിവേകാനന്ദനായിരുന്നു.
സംസ്കാരത്തേയും ദേശത്തേയും ബന്ധിപ്പിച്ചെടുത്ത മഹാ സൈദ്ധാന്തികൻ.
സന്ന്യാസിയുടെ നിഷ്ക്രിയത്വമല്ല, സംസ്കാരത്തെ സംരക്ഷിക്കാനും പ്രവഹിപ്പിക്കാനുമുള്ള ക്ഷത്രിയന്റെ നിഷ്‌കാമ കർമ്മമാണ് വേണ്ടത് എന്നു പറഞ്ഞു വച്ചു സ്വാമി വിവേകാനന്ദൻ.
സ്വാമി വിവേകാനന്ദന്റെയും സർവ്വരും തുല്യരായി വർത്തിക്കുന്ന രാമരാജ്യം സങ്കൽപ്പിച്ച മര്യാദ പുരോഷത്തമനായ ശ്രീരാമ ചന്ദ്രന്റെയും ദർശനങ്ങൾ കോർത്തിണക്കിയ സിദ്ധാന്തങ്ങൾക്ക് കാലിക പ്രസക്തി കൈവന്ന സന്ദർഭം ഇതാണ്.
ഇതിന്റെ ഏറ്റവും ശക്തനായ പ്രയോക്താവായി പരമേശ്വർജി മാറുകയും ചെയ്തു.
ഭാരതീയന്റെ തിരിച്ച് വരവ് മത രാഷ്ട്രത്തിലേക്കുള്ള വഴുതി വീഴലാവും എന്നും ആ നടത്തം പിന്നോട്ടാവുമെന്നും മറുപക്ഷം വാദിച്ചു.
മനുഷ്യനു വിമോചനം വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നാണവർ പറഞ്ഞത്.
വിപ്ലവത്തെ ബാഹ്യമായി മാത്രം ദർശിക്കുന്ന ഭൗതിക വാദികൾക്ക് മുന്നിൽ ഭാരതീയ ദർശനങ്ങളുടെ തലപൊക്കം സ്ഥാപിച്ചെടുത്തു പരമേശ്വർജി.
ഹിന്ദു ദേശീയത ഒരിക്കലും ഒരു വ്യവസ്ഥാപിത മത രാഷ്ട്രമായി അധഃപതിക്കില്ല എന്ന് തന്റെ വാദങ്ങളിലൂടെ ബോധ്യപ്പെടുത്തി പരമേശ്വർജി.
ഞങ്ങളെ നിങ്ങൾ തടയുന്നതാവും യഥാർത്ഥത്തിൽ അനലഭഷണീയമായ പല മത രാഷ്ട്ര പ്രവണതകളിലേക്കും നയിക്കുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ആദ്ധ്യാത്മിക ശക്തിയും ദേശീയതയും സമഞ്ജസമായി മാതൃഭാവത്തിൽ കുടിയിരുത്തുന്ന ഭാരതീയൻ ലോകത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാവും എന്ന് പരമേശ്വർജി വാദിച്ചു വിജയിച്ചു.
പണ്ട് വേരറ്റു പോയവരിൽ പലരും ഇന്ന് വേരുകൾ തേടി തിരിച്ചു വരുന്നതും ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും തന്റെ സംസ്കാരം ഒരു ജനതക്ക് അഭിമാനമായി മാറിയതും ഇങ്ങനെ ചില വിശാരദന്മാർ ഇവിടെ അത്യധ്വാനം ചെയ്തിരുന്നത് കൊണ്ടാണ്.
വിവേകാനന്ദനെ നമുക്ക് മുന്നിൽ അവതരിപ്പിച്ച പരമേശ്വർജി മഹർഷി അരബിന്ദോയാവും നാളെയുടെ ദാർശനികൻ എന്നു കൂടി പറഞ്ഞു വെച്ചു.
അത് ഒരു ദിശാ സൂചനയാണ്.
ഏതാണ് ഭാരതീയന്റെ ഭാവി സഞ്ചാര പഥം
എന്ന് നമുക്ക് വരച്ചു കാട്ടി തരികയായിരുന്നു ആ മഹാത്മാവ്.
നിമിഷങ്ങളുടെ മാത്രം ആയുസ്സുള്ള ഒരു തീഗോളമാകാതെ നീറി എരിയുന്ന കനലായി മാറുകയായിരുന്നു പരമേശ്വർജി.
ഇന്ന് ആലോചിച്ചു നോക്കുമ്പോൾ സംഭവിച്ചു കഴിഞ്ഞ പല വൻ വിസ്ഫോടനങ്ങൾക്കും കാരണമായി മാറിയ പുണ്യാഗ്നിയായിരുന്നത്.
ഇന്ദ്രീയ നിഗ്രഹത്തിലൂടെ ജീവൻ മുക്താവസ്ഥയെ പ്രാപിച്ച ആ മഹായോഗിക്ക് ജീവിതം ഒരു തപസ്സായിരുന്നു.
ആ തപസ്സിന്റെ പുണ്യം പോലും ഈ സമാജത്തിനാണ് അദ്ദേഹം സമർപ്പിച്ചത്.
പരമേശ്വർജി ആരാണെന്ന് പറയാനുള്ള സാഹസത്തിന് മുതിരുകയല്ല.
അത്രമേൽ ധന്യമായൊരു ജീവിതം കൺമുന്നിലൂടെ ഇങ്ങനെ ഒഴുകിപോയത് ഒന്നു ഓർത്ത് നോക്കിയതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.