ലേഖനം
കാ.ഭാ. സുരേന്ദ്രന്‍

ചോര, കണ്ണീരും, വിയർപ്പും വിലനൽകി,
ഭാരതം സ്വാതന്ത്ര്യമാർന്നശേഷം,
അത്രമേൽ സ്നേഹിച്ച തൻനാട്ടിൽ വീണ്ടും വരാൻ,
മൃത്യുവനുമതി നൽകിയെങ്കിൽ,
എന്തു നമ്മോടു ശിവജി ചോദിച്ചിടും,
'തന്ത്ര'മുണ്ടെങ്ങുപോയ് 'സ്വത്വ'മെന്നോ?
എൻ.വി.കൃഷ്ണവാര്യരുടെ രണ്ടു ചോദ്യങ്ങൾ എന്ന കവിതയിലെ ഒരു ഭാഗമാണിത്. 1947ൽ നാം സ്വാതന്ത്ര്യം നേടി എന്നു പറയുമ്പോൾ അത് സമ്പൂർണമായിരുന്നോ? സ്വത്വത്തിൻ്റെ വീണ്ടെടുക്കൽ സാധിച്ചോ? സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ നേതാക്കന്മാരുടെ സങ്കല്പമെന്തായിരുന്നു? സ്വാമി വിവേകാനന്ദൻ എപ്പോഴും ആവർത്തിച്ചിരുന്ന ഒരു കാര്യം, "കായിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, ആത്മീയ സ്വാതന്ത്ര്യം" എന്നായിരുന്നു. അതിൽ കായിക സ്വാതന്ത്ര്യം നാം നേടി. ബാക്കി രണ്ടോ? ഈ 75-ാം വർഷത്തിലെങ്കിലും ആത്മപരിശോധന നടത്തണ്ടേ? ബാലഗംഗാധര തിലകൻ ഉത്തേജിപ്പിച്ചത് സ്വദേശിയും സ്വാശ്രയത്വവുമായിരുന്നു. സ്വദേശി എന്നാൽ വിദേശി വിരോധമല്ല. സ്റ്റാലിനും ചർച്ചിലും ഹിറ്റ്ലറും പ്രചരിപ്പിച്ച സ്വദേശസ്നേഹം വിദേശ വിരോധമാണ്. അതല്ല ഭാരതം പറയുന്ന സ്വദേശി. അത് മാതൃസ്നേഹമാണ്. അതിന് മറ്റാരോടെങ്കിലും ശത്രുത വച്ചു പുലർത്തേണ്ടതില്ല. അതുപോലെതന്നെ സ്വാശ്രയത്വവും! അങ്ങനെയൊരു ആദർശം സ്വതന്ത്ര്യാനന്തരം നാം നിലനിർത്തിയിരുന്നുവെങ്കിൽ 1962ലും '65ലും 1948ൽ കാഷ്മീരിലും നാം നാണം കെടുമായിരുന്നോ? നാം റഷ്യയുടെയും മറ്റു പലരുടെയും ഉത്തരീയം പിടിച്ചു നടക്കുകയായിരുന്നില്ലെ. സ്വാഭിമാനം എവിടെ പോയിരുന്നു?
ഗാന്ധിജിയുടെ സ്വാതന്ത്ര്യസങ്കല്പമാണ് ഹിന്ദുസ്വരാജിൽ താൻ വിവരിച്ചിരിക്കുന്നത് എന്നദ്ദേഹം ജവഹർലാൽ നെഹ്റുവിനെ കത്തെഴുതി അറിയിച്ചു. അതിൽ കൊള്ളാവുന്നതൊന്നുംതന്നെയില്ല എന്ന് നെഹ്റു മറുപടി എഴുതി. കോൺഗ്രസ് ഗാന്ധിജിയുടെ ആശയം ഗൗരവത്തിലെടുക്കുന്നതു പോലും ആശാസ്യമല്ലെന്നും നെഹ്റു കൂട്ടിച്ചേർത്തു.
മഹർഷി അരവിന്ദൻ, സനാതനധർമ്മംതന്നെയാണ് ദേശീയത എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. വാക്കുകൾ പലതായിരുന്നെങ്കിലും എല്ലാവരുടെയും സങ്കല്പം ഒന്നുതന്നെയായിരുന്നു. ഇങ്ങനെയുള്ള സ്വതന്ത്ര അഖണ്ഡഭാരതം! പക്ഷെ ഈ സ്വപ്നവും സ്വത്വവും എവിടെപ്പോയി? 1950 ജനുവരി 26നുശേഷം അവയെയെല്ലാം അപ്രത്യക്ഷമാക്കി; അഥവാ വലിച്ചെറിഞ്ഞു.
![TataCliq [CPS] IN](https://ad.admitad.com/b/2a7ddobukgf8f648ddb222654840ad/)
നേടിയ സ്വാതന്ത്ര്യത്തിനു നൽകിയ വില എന്തെന്നു നാം പുതിയ ഭാരതത്തെ പഠിപ്പിച്ചില്ല. യൂറോപ്യന്മാരുടെ ആഗ്രഹംപോലെ 'ഇന്ത്യയെ' സൃഷ്ടിക്കുകയായിരുന്നു 'നവഭാരത ശില്പി'കൾ! ഫലം ദേശസ്നേഹമെന്നത് അപരാധമായി മാറി. ഭാരതമാതാവെന്ന സങ്കല്പം പരിഹാസപാത്രമായി. സുഭാഷ് ചന്ദ്രബോസ് കത്തിജ്ജ്വലിപ്പിച്ച ജയ്ഹിന്ദ് എന്ന ഘോഷം വർഗീയമായി. ഭാരതത്തെ കണ്ടംതുണ്ടമാക്കുമെന്ന മുദ്രാവാക്യം ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽനിന്ന് മുഴുവൻ സർവ്വകലാശാലകളിലേക്കും പടർത്തി. ഐ.ഐ.ടി.കളിൽനിന്ന് സാങ്കേതിക വിദഗ്ദ്ധരോടൊപ്പം രാജ്യദ്രോഹികളും ഉല്പാദിപ്പിക്കപ്പെട്ടു. വിഘടനവാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കുകയും വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടമാക്കി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അക്കാദമികളെയും അധ:പതിപ്പിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കാനും ധിക്കരിക്കാനുമുള്ളതാണ് സ്വാതന്ത്ര്യമെന്നതാണ് 'ഇന്ത്യ'പഠിപ്പിച്ചു കൊണ്ടിരുന്നത്.
ഒരു രാജ്യത്തിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിൽ ആ നാടിനെ സ്നേഹിക്കുന്ന പൗരന്മാർ വളർന്നു വരണം. നാടിനോടു സ്നേഹവും ഭക്തിയും വർദ്ധിക്കാനുള്ള എന്തെങ്കിലും നമ്മുടെ വിദ്യാഭ്യാസപദ്ധതിയിലുണ്ടോ? യൂറോപ്യന്മാർ വരുന്നതിനു മുമ്പ് നമ്മളായിരുന്നോ അവരായിരുന്നോ പ്രാകൃതരും ദരിദ്രരും സംസ്ക്കാര ശൂന്യരും? എന്താണോ യൂറോപ്യന്മാർ ആഗ്രഹിച്ചത് അതു തുടരുക മാത്രമല്ലേ സ്വാതന്ത്ര്യാനന്തരം നമ്മളും ചെയ്തത്. ലോകപ്രശസ്ത പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും ഭാരതത്തെ വിലയിരുത്തിയതും വിവരിച്ചതും എന്തുകൊണ്ടു പഠിപ്പിച്ചില്ല?
വസ്ത്രനിർമ്മാണ രംഗത്തും കപ്പൽ നിർമ്മാണ രംഗത്തും ആരോഗ്യരംഗത്തും നമ്മുടെ നിലയെന്തായിരുന്നു? കലയുടെയും സാഹിത്യത്തിൻ്റെയും തത്വശാസ്ത്രങ്ങളുടെയും രംഗത്ത് നമ്മൾ സൃഷ്ടിച്ച റിക്കാർഡുകൾ ഇന്നോളം മറ്റാരെങ്കിലും കവച്ചുവച്ചിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യവും പകരമായി കൊണ്ടുവന്ന സ്വർണശേഖരത്തിൻ്റെയും കണക്കുകൾ ഏതെങ്കിലും സർവ്വകലാശാലകൾ അന്വേഷിച്ചുവോ?
പിഴകളെ മാത്രം ഉയർത്തിക്കാട്ടി നമ്മൾക്ക് അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്ന അധിനിവേശക്കാരുടെ കപടവാദങ്ങളെ സ്വാതന്ത്ര്യാനന്തരം തലയിലേറ്റിയതും പഠിപ്പിച്ചതും എന്തിനായിരുന്നു? അങ്ങനെ വളരുന്ന ഒരു തലമുറയ്ക്ക് എങ്ങനെ സ്വന്തം നാടിനോട് കൂറും ഭക്തിയും ഉണ്ടാകും?
സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ വിശാലമായ ചരിത്രം മറച്ചുവച്ചത് വർഗീയ വാദികളെ കൂടെക്കൂട്ടാനായിരുന്നു. സ്വാതന്ത്ര്യാനന്തരം നമ്മുടെ പല്ലവി "ഒരു വെടിയുണ്ടപോലും പൊഴിക്കാതെ നേടിയ സ്വാതന്ത്ര്യം, ഒരുതുള്ളി ചോരപോലും വീഴ്ത്താതെ നേടിയ സ്വാതന്ത്ര്യം" എന്നതായിരുന്നു. അതാണോ ചരിത്രം? മുഹമ്മദ് ബിൻ കാസിം മുതൽ മുഹമ്മദ് ഗസ്നിയും മുഹമ്മദ് ഘോറിയും ഖിൽജിയും ഡൽഹി സുൽത്താന്മാരും ബാബറും അക്ബറും ഔറംഗസീബും തുടർന്ന് പോർട്ടുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എല്ലാവരും ചേർന്ന് ഭാരതത്തെ ഞെക്കിക്കൊല്ലാൻ നൂറ്റാണ്ടുകളോളം നടത്തിയ അക്രമങ്ങൾ എന്തൊക്കെയായിരുന്നു എന്നു നാം ഇനിയെങ്കിലും പഠിക്കണം. ഇവർക്കെതിരെ ദാഹിറും പൃഥ്വിരാജ് ചൗഹാനും റാണാ പ്രതാപ് സിംഹനും ഛത്രപതി ശിവജിയും രജപുത്രവീരന്മാരും മഹാറാണാ രൺജിത് സിംഹനും അടക്കം എത്രയോ മഹാന്മാരായ നേതാക്കന്മാരുടെ പ്രതിരോധം കൊണ്ടാണ് നാം പിടിച്ചുനിന്നത്. സിഖ് മതം ഉണ്ടായതുതന്നെ മതപരമായ ആക്രമണത്തെ അതിജീവിച്ച് സ്വത്വവും സ്വാഭിമാനവും വീണ്ടെടുക്കാനായിരുന്നു.
അടുത്ത കാലത്തുകേട്ട ഒരു പരിഹാസ്യമായ വാദം 'എണ്ണൂറിലധികം വർഷം ഇസ്ലാമികഭരണം നടത്തിയിട്ടും ഞങ്ങൾ ഭാരതത്തെ ഇസ്ലാമികരാജ്യമാക്കിയില്ല' എന്നതായിരുന്നു. അത് ലക്ഷണക്കണക്കിന് ഭാരതമക്കളുടെ ജീവൻ ബലിനൽകി പോരടിച്ചതുകൊണ്ടാണെന്ന ചരിത്രസത്യം സ്വാതന്ത്ര്യാനന്തരം മറച്ചുവച്ചു. സിഖ് ഗുരുപരമ്പരയിലെ അർജൻദേവും തേജ്ബഹാദൂറും ഗോവിന്ദസിംഹനും മക്കളും അമ്മയുമടക്കം ലക്ഷക്കണക്കിന് സിഖ് സമൂഹം സ്വാതന്ത്ര്യസംരക്ഷണത്തിൽ ആഹുതി ചെയ്തത് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടീഷുകാർക്കെതിരെ പോലും നടത്തിയ വിറുറ്റ വിപ്ലവങ്ങളുടെ ചരിത്രത്തെ നാം പുനരവതരിപ്പിച്ചില്ല. സന്ന്യാസിമാർ, വനവാസികൾ, മുക്കുവർ, കർഷകരും തൊഴിലാളികളും, പ്രഭുക്കന്മാർ, നാട്ടുരാജാക്കന്മാർ, സ്ത്രീകളും കുട്ടികളും വൃദ്ധരും, സൈനികർ, വിപ്ലവകാരികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും അത്യുഗ്രമായ പോരാട്ടങ്ങൾ നാം ഇനിയെങ്കിലും പഠിക്കണം. നവോത്ഥാന നായകർ, സന്ന്യാസിമാർ, ആചാര്യന്മാർ, സാഹിത്യകാരന്മാരും കവികളും കലാകാരന്മാരും, വിദേശരാജ്യത്ത് ദുരിതപൂർണമായ ജീവിതംനയിച്ചുകൊണ്ട് ഭാരതത്തെ സ്വതന്ത്രമാക്കാൻ പണിയെടുത്തവർ തുടങ്ങി അനേകം മാർഗങ്ങളിലൂടെ നടത്തിയ പ്രയത്നത്തിൻ്റെ വിശാലമായ ചരിത്രം ഇനിയെങ്കിലും പഠിക്കണം, പഠിപ്പിക്കണം, പ്രചരിപ്പിക്കണം. അപ്പോൾ സ്വാഭാവികമായും ജനങ്ങളിൽ സ്വാഭിമാനവും രാഷ്ട്രഭക്തിയും വർദ്ധിക്കുകതന്നെ ചെയ്യും.
അങ്ങനെ നാം പഠിപ്പിച്ചില്ല എന്നു മാത്രമല്ല, രാജ്യത്തിൻ്റെ ഉടമസ്ഥത ഒരു കുടുംബത്തിൽ മാത്രമൊതുക്കാനുള്ള കുടിലതന്ത്രങ്ങളും ആവിഷ്ക്കരിച്ചു. 1973 ആഗസ്റ്റ് 15ന് ഭാരതസ്വാതന്ത്ര്യ സമരത്തിൻ്റെ നിർണായക ചരിത്രം എന്നു പറഞ്ഞുകൊണ്ട് ചെമ്പോലച്ചുരുളുകൾ തയ്യാറാക്കി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചെങ്കോട്ടയിൽ കുഴിച്ചിട്ടു. കാലപത്രമെന്ന് ഹിന്ദിയിലും Time capsule എന്ന് ഇംഗ്ലീഷിലും അതിനെ പറഞ്ഞു. എന്താണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പാർലമെൻ്റിൽ ചോദ്യമുയർന്നു. ആയിരം വർഷത്തിനു ശേഷം അന്നത്തെ തലമുറയ്ക്ക് ഭാരതത്തിൻ്റെ സ്വാതന്ത്ര്യസമര ചരിത്രം അറിയുന്നതിനുള്ള ചരിത്ര വസ്തുതകളാണ് അതിലെന്ന് ഇന്ദിരാഗാന്ധി മറുപടി പറഞ്ഞു. അതു പരിശോധിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തെ ഇന്ദിര അഹങ്കാരത്തോടെ പുച്ഛിച്ചുതള്ളി. അധികം താമസിയാതെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തെ തടങ്കലിലിട്ടു. ജനാധിപത്യത്തെ വധിച്ചു. അതിനെതിരെ ഭാരതത്തിൻ്റെ ആത്മാവുണർന്നു. ഉജ്ജ്വലമായ ജനാധിപത്യ സഹനസമരത്തിലൂടെ ശ്രീമതി ഇന്ദിരയുടെ ഏകാധിപത്യത്തെ തൂത്തെറിഞ്ഞു. പുതിയ ഭരണകൂടം അധികാരമേറ്റു.

കുഴിച്ചിട്ട 'മോൻസൻ' ചെമ്പോലത്തകിടുകൾ മാന്തിയെടുത്തു. പരിശോധിച്ചവർ ഞെട്ടി. അതിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പത്തു വർഷത്തെയും സ്വാതന്ത്ര്യാനന്തരമുള്ള പതിനഞ്ചു വർഷത്തെയും ചില കാര്യങ്ങൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്; പ്രധാനമായും രണ്ടു പേരുകളും. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയുമായിരുന്നു ആ 'മഹാത്മാക്കൾ' !!! ഇത്തരമൊരു ഭരണകാലത്ത് എങ്ങനെ ദേശഭക്തർ വളർന്നുവരും?
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷാഘോഷം പൂത്തിരി കത്തിക്കുന്നതിലും വെടിക്കെട്ടു നടത്തുന്നതിലും ഒതുങ്ങരുത്. ലോകത്തിലെ അനേകം രാജ്യങ്ങളും ജനതതികളും വൈദേശിക അധിനിവേശത്താൽ സമ്പൂർണമായും തൂത്തെറിയപ്പെട്ടപ്പോൾ ഭാരതം മാത്രം അല്പസ്വല്പം പരിക്കുകൾ ഏറ്റിട്ടാണെങ്കിലും എന്തുകൊണ്ട് അതിജീവിച്ചു എന്നു പഠിക്കാനുള്ള സന്ദർഭമായി ഇതിനെ കാണണം. കോട്ടങ്ങളും വീഴ്ചകളും പോരായ്കകളും, ഉള്ളതും ഇല്ലാത്തതുമെല്ലാം നാം വേണ്ടതിലധികം ചർച്ച ചെയ്തുകഴിഞ്ഞു. ഇനിയെങ്കിലും നമ്മുടെ ഈടുവയ്പുകളെന്തായിരുന്നു എന്നു മനസ്സിലാക്കാള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കണം. ലോക ജീവിതത്തിന് ഭാരതത്തിൻ്റെ സംഭാവന എന്തായിരുന്നു (എന്തെങ്കിലും ഉണ്ടായിരുന്നോ) എന്ന് അന്വേഷിക്കുന്ന യുവതലമുറ വളർന്നുവരണം. രാഷ്ട്ര ജീവിതത്തിൻ്റെ എല്ലാരംഗത്തും നമ്മുടെ നിലയെന്തായിരുന്നു എന്നന്വേഷിക്കാൻ ഇനിയെങ്കിലും തുനിഞ്ഞിറങ്ങണം. രണ്ടായിരത്തിലധികം വർഷത്തെ ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും കാലത്ത് നാം എപ്പോഴും കീഴടങ്ങുകയായിരുന്നോ? വിജയങ്ങളും നേട്ടങ്ങളും ഒരിക്കൽപോലും ഉണ്ടാക്കിയിട്ടില്ലേ? വിക്രമവർഷവും ശകവർഷവും എങ്ങനെ ഉണ്ടായി? ഇന്ദ്രപ്രസ്ഥത്തിലെ അയസ്തംഭം (ഇരുമ്പുതൂണ്) എന്തിൻ്റെ അടയാളമായിരുന്നു? നളന്ദയും തക്ഷശിലയും വിക്രമശിലയും എന്തിൻ്റെ കേന്ദ്രങ്ങളായിരുന്നു? അജന്തയും എല്ലോറയും നിർമ്മിച്ചതിൻ്റെ ഗണിതവും സാങ്കേതികശാസ്ത്രവും എന്തായിരുന്നു?രണ്ടായിരത്തി മുന്നൂറു കൊല്ലത്തിനപ്പുറം ആറുലക്ഷം സൈനികരെ അണിനിരത്തിയ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ആരുടേതായിരുന്നു? നിരന്തര വിദേശാക്രമണങ്ങളിൽ പൊറുതിമുട്ടിയ ചൈന പിടിച്ചു നിൽക്കാൻ വൻമതിൽ കെട്ടി. എന്നാൽ അതേ ആക്രമണങ്ങൾ നേരിട്ട ഭാരതത്തിന് എന്തുകൊണ്ടാണ് അങ്ങനെയൊരു വേലി ആവശ്യമില്ലാതെ വന്നത്.
![TataCliq [CPS] IN](https://ad.admitad.com/b/klgnrm8h25f8f648ddb222654840ad/)
കേരളത്തിലാണെങ്കിൽ വലിയശാലയും തിരുവല്ലശാലയും മൂഴിക്കുളം ശാലയുമെല്ലാം എന്തായിരുന്നു? ലോകത്തിലെ ഏറ്റവും വലിയ നാവികശക്തിയായിരുന്ന ഡച്ചു സാമ്രാജ്യത്തെ ഏഷ്യാഭൂഖണ്ഡത്തിൽ ആദ്യമായി പരാജയപ്പെടുത്തിയതാരാണ്?
വാട്ടർലൂയുദ്ധത്തിൻ്റെ നായകനായിരുന്ന ആർതർ വെല്ലസ്ലിയെ പരാജയപ്പെടുത്തിയ കേരളത്തിൻ്റെ ഗറില്ലാ യുദ്ധവീരൻ ആരായിരുന്നു? ചെമ്പിൽ അരയനും വൈക്കം പത്മനാഭപിള്ളയും ആരായിരുന്നു? എല്ലാമെല്ലാം പഠിച്ചറിഞ്ഞ് പ്രചരിപ്പിക്കണം.
പരിശോധനകളും പoനങ്ങളും ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി നടത്തണം. വെള്ളത്തൊലിക്കാരൻ ചൊല്ലിത്തന്ന മാനസികാടിമത്തത്തിൻ്റെ കപടമന്ത്രം ഏറ്റുചൊല്ലുന്ന ദേശവിരുദ്ധരെ തല്ക്കാലം അവഗണിക്കുക. അപകർഷബോധത്തെ വലിച്ചെറിഞ്ഞ് മാനസികസ്വാതന്ത്ര്യവും ആത്മീയ സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനായിരിക്കണം 75-ാം വർഷാഘോഷം. കളഞ്ഞുപോയ മുക്കാൽ നൂറ്റാണ്ടിൻ്റെ നഷ്ടം വരുന്ന കാൽനൂറ്റാണ്ടുകൊണ്ടു വീണ്ടെടുക്കണം. ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷം സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദിയാഘോഷിക്കുമ്പോൾ ദേശപ്രേമത്താൽ ജ്വലിക്കുന്ന മനസ്സുകളുടെ ഉടമകളായി മുഴുവൻ ഭാരതവും മാറണം. രാഷ്ട്രജീവിതത്തിൻ്റെ എല്ലാ തുറകളിലും ഭാരതത്തിൻ്റെ ആത്മാവിഷ്ക്കാരം സാദ്ധ്യമാക്കണം. പ്രാചീനകാലത്ത് എങ്ങനെയാണോ ജ്ഞാനദാഹികൾ ഭാരതത്തിലേക്കു തീർത്ഥാടനം നടത്തിയത്, അത് ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാക്കണം. സ്വാമി വിവേകാനന്ദൻ്റെ സ്വപ്നമായിരുന്ന ആധുനിക യൂറോപ്യൻ സാങ്കേതികവിദ്യയും ഭാരതത്തിൻ്റെ ആത്മവിദ്യയും സംയോജിപ്പിക്കുന്ന സമന്വയത്തിൻ്റെ പുതിയ മന്ത്രം ലോകത്തിനു പ്രദാനം ചെയ്യാനുള്ള ആത്മബലം നേടാനായിരിക്കട്ടെ ഈ ആഘോഷങ്ങൾ. ഭാരതത്തിനു മാത്രമേ അങ്ങനെയൊരു ലോകവീക്ഷണം അവതരിപ്പിക്കാൻ കഴിയൂ. കാരണം, നമ്മുടേത് സമന്വയത്തിൻ്റെ മന്ത്രമാണ്. തിരസ്ക്കാരത്തിൻ്റെയല്ല, സ്വീകാരത്തിൻ്റേതാണ് നമ്മുടെ ദർശനം. ബഹിഷ്ക്കരണമല്ല, ഉൾക്കൊള്ളലാണ് നമ്മുടെ വീക്ഷണം. അത് ഇവിടെ മാത്രമേയുള്ളൂ. അത് ലോകത്തിനു നൽകാനാണ് ഇത്രയധികം ഇട്ടുതട്ടുകൾ ഏറ്റുവാങ്ങിയിട്ടും ഭാരതം ജീവിച്ചിരിക്കുന്നത്. ഈ ദൗത്യം ഏറ്റുവാങ്ങാൻ നാം തോൾ കൊടുക്കുക. അങ്ങനെ നമ്മുടെ ജീവിതവും സാക്ഷാത്കൃതമാകട്ടെ! ആസാദി കാ അമൃത മഹോത്സവം അർത്ഥപൂർണമാകട്ടെ!
#ലേഖനം #കാ.ഭാ. സുരേന്ദ്രന്‍
The outlook for solar energy shines brightly, fuelled by ongoing innovations propelling the industry forward. With solar technology advancing in efficiency, flexibility, and affordability, it stands poised as a cornerstone of our future energy landscape, one characterized by cleanliness and sustainability.
മറുപടിഇല്ലാതാക്കൂWithin this piece, we've highlighted some of the solar energy trends and breakthroughs that are steering solar energy toward a more sustainable future.
Solar Energy Company