അഭിമുഖം : കുമ്മനം രാജശേഖരന് / സുധീര്‍ നീരേറ്റുപുറം
മണ്ണും മാനവും കാക്കാന്‍ വിമാനം വേണ്ട
- കുമ്മനം രാജശേഖരന്
ആറന്മുള ഗ്രാമം ഒരു ജീവന്മരണ പോരാട്ടത്തിലാണ്. ഈ പൈതൃക ഗ്രാമത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ നശിപ്പിക്കുന്നതെന്ന് ഗ്രാമവാസികള്‍ ഉറച്ച് വിശ്വസിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരികൊളളുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വന്‍കിട ഭൂമഫിയയും പിന്തുണയ്ക്കുന്ന വിമാനത്താവള പദ്ധതിയെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ ഗ്രാമവാസികള്‍ ചെറുത്തുനില്ക്കുന്നു. ഈ പ്രക്ഷോഭത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് 'കേസരി'യ്ക്കനുവദിച്ച അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
ചോദ്യം: സുപ്രീം കോടതിയുടെ ഹരിത ട്രൈബ്യൂണല്‍ താങ്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറന്മുള വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സ്റ്റേ ചെയ്തിരിക്കുകയാണല്ലോ. ഇത് പ്രക്ഷോഭ പരിപാടികളുടെ വിജയമായി കരുതുന്നുവോ?
ഉത്തരം: ഞങ്ങളുടെ പരാതി പ്രഥമദൃഷ്ട്യാ വസ്തുതാപരമാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ജസ്റ്റിസ് ചൊക്കലിംഗം അദ്ധ്യക്ഷനായുളള ചെന്നൈ ബഞ്ച് വിമാനത്താവളനിര്‍മ്മാണം സ്റ്റേ ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും ട്രൈബ്യൂണല്‍ നോട്ടീസയച്ചിട്ടുണ്ട്. ട്രൈബ്യൂണലിന്റെ ഉത്തരവ് ജനങ്ങളുടെ ധാര്‍മ്മിക വിജയമാണ്. സത്യത്തേയും ധര്‍മ്മത്തേയും നീതിയേയും പണത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് തകര്‍ക്കാനാവില്ല എന്നതിന്റെ തെളിവാണിത്. നിയമവിരുദ്ധമായും നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുമാണ് വിമാനത്താവള നിര്‍മ്മാണമെന്ന് ട്രൈബ്യൂണലിനു മുമ്പില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം. ഈ വിധിയെ മാനിച്ച് സംസ്ഥാനസര്‍ക്കാര്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ നിന്നു പങ്കാളിത്തം ഉപേക്ഷിക്കുകയാണു വേണ്ടത്.
ചോദ്യം: കെ.ജി.എസ് ഗ്രൂപ്പെന്ന സ്വകാര്യ കമ്പനിയുടെ ആറന്മുള വിമാനത്താവള പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരും 10 ശതമാനം ഓഹരിയെടുത്തിട്ടുണ്ടല്ലോ.
ഉത്തരം: യാതൊരു അനുമതിയും കൂടാതെ ഒരു വിമാനത്താവളം നിര്‍മ്മിക്കാന്‍ തയ്യാറായ കമ്പനിക്കുവേണ്ടി ഉത്തരവാദപ്പെട്ട സര്‍ക്കാര്‍, ജനാധിപത്യ സര്‍ക്കാര്‍, ജനകീയ സര്‍ക്കാര്‍ 10% ഓഹരിയെടുക്കുന്നത് ജനവഞ്ചനയാണ്. ഭൂപരിഷ്കരണ നിയമം, ഭൂപരിധി നിയമം, ഭൂവിനിയോഗ നിയമം, തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ ആക്ട് (2008), ജല-ജലസേചന സംരക്ഷണ നിയമം (2003), പാരിസ്ഥിതിക സംരക്ഷണ നിയമം (1984) തുടങ്ങിയവ ലംഘിച്ചും, ക്രൃത്രിമ രേഖകള്‍ ചമച്ചും വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്ന കമ്പനിയുടെ എല്ലാ ദുഷ്ചെയ്തികള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഷെയറെടുക്കല്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത ഒരു പ്രോജക്ടില്‍ സര്‍ക്കാര്‍ പങ്കാളിയാകുന്നുവെന്നതിന്റെ അര്‍ത്ഥം തട്ടിപ്പിനും വെട്ടിപ്പിനും ഭരണകൂടവും പങ്കാളിയാകുന്നുവെന്നാണ്. നെല്‍വയല്‍ നികത്താനും തണ്ണീര്‍ത്തടങ്ങള്‍ മൂടാനും നീര്‍ച്ചാലുകള്‍ നിരപ്പാക്കാനും പൈതൃക ഗ്രാമത്തെ നശിപ്പിക്കാനും ശ്രമിക്കുന്ന വിമാനത്താവള കമ്പനിക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക പരിവേഷം ഇതോടെ ലഭിക്കുന്നത് നാടിനപമാനകരമായതിനാലാണ് ഇതിനെ എതിര്‍ക്കുന്നത്.
ചോദ്യം: വിമാനത്താവളം ആറന്മുളയുടെ സാംസ്കാരിക-സാമൂഹിക-സാമ്പത്തിക ജീവിതത്തേയും പൈതൃകത്തേയും എങ്ങനെയാണ് ദോഷകരമായി ബാധിക്കുക? ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്താണ്?
ഉത്തരം: ഒരു നാടിന്റെ നിലനില്‍പ്പ് മണ്ണും വെളളവും അന്നവുമാണ്. ഇതിനെ ആശ്രയിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ നാടിന്റെ ജനജീവിതം താറുമാറാകും. നൂറുകണക്കിന് ഏക്കര്‍ വരുന്ന നെല്‍വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയാല്‍ ജനങ്ങളുടെ കുടിവെളളം മുട്ടും. പമ്പാ നദി മരിക്കും. വെളളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകും. ആറന്മുളയിലെ ജൈവസമ്പത്തും നഷ്ടപ്പെടും. മനുഷ്യജീവന് ഭാവിതലമുറക്ക് വിലമതിക്കുന്ന നമുക്കാര്‍ക്കും ഈ ദുരന്തങ്ങളെ കാണാതെ വയ്യ. പൈതൃക ഗ്രാമമെന്നത് തനിപഴഞ്ചനും വ്യവസായ മേഖല പരിഷ്കൃതവുമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. സംസ്കാരവും പാരമ്പര്യവും വഴി ഹൃദയാന്തരാഴങ്ങളില് ജ്വലിക്കുന്ന അഭിനിവേശവും വികാരവുമാണ് ഒരു ജനതയുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. കാവുകളും, ക്ഷേത്രങ്ങളും, നെല്‍വയലുകളും, നീര്‍ത്തടങ്ങളും, പമ്പാനദിയും, പളളിയോടങ്ങളും, ആറന്മുള കണ്ണാടിയും ആറന്മുളയുടെ തലമുറകള്‍ കൈമാറിക്കിട്ടിയ പൈതൃക സമ്പത്തുകളാണ്, വരപ്രസാദങ്ങളാണ്. ഇവയില്‍ ജനങ്ങളുടെ വികാരവും വിശ്വാസവും തുടികൊട്ടുന്നു. വ്യവസായ മേഖലയില്‍ വികാരത്തിനും വിശ്വാസത്തിനും സ്ഥാനമില്ല. ലാഭക്കൊതിയും കച്ചവടക്കണ്ണുമുളളവര്ക്ക് പൈതൃകത്തിന്റെ ഭാഷ മനസിലാവുകയില്ല. പകരമായി വരുന്ന വാണിജ്യ-വ്യവസായ കേന്ദ്രങ്ങളും അന്താരാഷ്ട്ര വിമാനത്താവളവും ഉപഭോഗതൃഷ്ണയുടെയും ആര്‍ത്തിയുടെയും പരിണതഫലമായുണ്ടാകുന്ന സംഭവവികാസങ്ങളാണ്. വയലിന്റെ നന്മയെ മണ്ണിട്ടുമൂടി നാടിന് മുഴുവന്‍ വരള്‍ച്ച സംഭാവന ചെയ്യുന്നത് വ്യവസായമായി കാണുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. മണ്ണ് തുരന്ന് വെളളമെടുത്ത് കുപ്പിയിലാക്കി വില്‍ക്കുന്നത് വ്യവസായാണ്.എന്നാല്‍ ഇടതൂര്‍ന്ന മരങ്ങളും കാവുകളും നീര്‍ത്തടങ്ങളും കൊണ്ട് ഭൂമിയുടെ ജലവിതാനം സമ്പന്നമാക്കുന്നതാണ് നമ്മുടെ പൈതൃകം. ഇതാണ് വ്യവസായവും പൈതൃകവും തമ്മിലുളള വ്യത്യാസം. ആറന്മുളയുടെ ഗ്രാമീണ സൗന്ദര്യവുമായും പ്രകൃതിയുമായും ഇഴുകിച്ചേര്‍ന്ന ജനജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് ഇവിടെയുളളത്. ഈ തുടിപ്പ് ഇല്ലാതായാല്‍ ജീവന് നിലക്കും. ആറന്മുള ഒരു ശവപ്പറമ്പായിത്തീരും.
ചോദ്യം: കമ്പ്യൂട്ടര്‍, റെയില്‍പ്പാതകള്‍, അതിവേഗപാതകള്‍ എന്നിവയെല്ലാം ആദ്യമായി വന്നപ്പോള്‍ ഇവ സമൂഹത്തിന് ഹാനികരമാണ്, പല തട്ടുകളായി വിഭജിക്കും, തൊഴില്‍ നഷ്ടപ്പെടുത്തും, സംസ്കാരത്തെ നശിപ്പിക്കും ഇത്യാദി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം തെറ്റായിരുന്നുവെന്ന് പില്ക്കാല ചരിത്രം തെളിയിച്ചു. ഇതുപോലെ വിമാനത്താവളത്തി നെതിരായ ആക്ഷേപങ്ങളും ഭാവിയില്‍ തെറ്റാണെന്ന് വരികയില്ലേ?
ഉത്തരം: സത്യത്തില്‍ ഈ പ്രക്ഷോഭണം വിമാനത്താവളത്തിനെതിരായ ഒന്നല്ല. നെല്‍വയലും നീര്‍ത്തടവും നികത്തുന്നതിനെതിരെയാണ് ഈ സമരം. ഇത് അന്നും ഇന്നും എന്നും തെറ്റുതന്നെയാണ്. മനുഷ്യന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ മേല്‍ മാനവസമൂഹം എക്കാലത്തും ഒരേ നിലപാടേ എടുത്തിട്ടുളളു. എയര്‍പോര്‍ട്ട് സൗകര്യപ്രദാമയ മറ്റ് എവിടേക്കുവേണമെങ്കിലും മാറ്റി സ്ഥാപിക്കാം. പക്ഷെ നെല്‍വയലും നീര്‍ത്തടവും പൈതൃകവും മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കാനാവില്ല. അവ പ്രകൃതിയുടെ വരദാനങ്ങളാണ്. അതിനാല്‍ത്തന്നെ ആറന്മുള വിഷയത്തിന് കമ്പ്യൂട്ടര്‍വല്‍കരണ വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ല.
ചോദ്യം: ആറന്മുളയിലെ മുന്‍ എംഎല്‍എ, ഇപ്പോഴത്തെ എംഎല്‍എ, എംപി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഇതിനെ അനുകൂലിക്കുന്നു. ഇതിന്റെ അര്‍ത്ഥം ജനങ്ങള്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്നല്ലേ? ജനപ്രതിനിധികള്‍ ജനവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുമോ?
ഉത്തരം: ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ജനപ്രതിനിധികള്‍ മനസ്സിലാക്കാത്തതാണ് ആറന്മുളയുടെ ദുര്യോഗം. നെല്‍വയല്‍ നികത്തരുത് എന്ന് നിയമസഭയില്‍ പ്രസംഗിക്കുകയും നെല്‍വയല്‍ സംരക്ഷണത്തിന് ബില്ലുകള്‍ പാസാക്കുകയും ചെയ്യുന്ന ജനപ്രതിനിധികള്‍ ആറന്മുളയില് വന്ന് നെല്‍വയലില്‍ മണ്ണ് ചുമന്നിട്ട് മൂടുന്നത് കാണുമ്പോള്‍ ഈ എംഎല്‍ഏയും എംപിയുമൊന്നും ജനങ്ങളുടെ പ്രതിനിധികളല്ല മറിച്ച്, വന്‍കുത്തക മുതലാളിമാരുടെയും ഭൂമഫിയാകളുടെയും പ്രതിനിധികളാണ് എന്ന് പറയേണ്ടിവരും.
ചോദ്യം: മുന്‍ ഇടതുപക്ഷ സര്‍ക്കാരാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അതില്‍ സിപിഎമ്മിന്റെയും (മുഖ്യമന്ത്രി), സിപിഐയുടെയും (റവന്യു-കൃഷി മന്ത്രിമാര്‍) നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ന് ഇവര്‍ പ്രതിപക്ഷത്തായപ്പോള്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പും തട്ടിപ്പും വഞ്ചനയുമല്ലേ? ഹൈന്ദവ സംഘടനകള്‍ ഇടതുപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നു നടത്തുന്ന പ്രക്ഷോഭണം ലക്ഷ്യത്തിലെത്തുമോ? വിജയംവരെ ഈ കൂട്ടുകെട്ട് തുടരുമോ?
ഉത്തരം: ആറന്മുളയുടെ പ്രശ്നം ആരംഭിച്ചത് 2004 ല്‍ യൂഡിഎഫ് ഭരണകാലത്താണ്. അന്നാണ് നെല്‍വയലില്‍ മണ്ണിട്ട് നികത്താന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അനുവാദം നല്‍കിയത്. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറന്മുളയിലെ സിപിഎം എംഎല്‍എ കമ്പനിക്ക് വേണ്ട ഒത്താശകളെല്ലാം ചെയ്തു കൊടുത്തു. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. ആ തെറ്റ് വീണ്ടും തുടര്‍ന്നാല്‍ അത് ശരിയാവുകയില്ലല്ലോ? യുഡിഎഫും, എല്‍ഡിഎഫും തമ്മിലുളള രാഷ്ട്രീയപ്രശ്നമല്ല ആറന്മുളയിലേത്. ഭൂമഫിയാകളും ജനങ്ങളും തമ്മിലുളള നിലനില്പിന്റെ പ്രശ്നമാണ്. അതുകൊണ്ട് ആരാണ് ഉത്തരവാദി എന്നതിനേക്കാള്‍ ആര്‍ക്ക് ജനങ്ങളെ രക്ഷിക്കാനാകും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ചെയ്ത തെറ്റിന്റെ ജാതകം നോക്കേണ്ട സമയമല്ലിത്. കോടിക്കണക്കിന് രൂപയുമായി ആറന്മുളയെ വിലയ്ക്കു വാങ്ങി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉഴറി നടക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ മുന്നില്‍ ജനകീയമുന്നേറ്റത്തിനുവേണ്ടിയുളള ഐക്യനിര കെട്ടിപ്പടുക്കുക മാത്രമാണ് കരണീയമായിട്ടുളളത്. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. പ്രകൃതിക്കും, പൗരാവകാശങ്ങള്‍ക്കും, മനുഷ്യത്വത്തിനും വേണ്ടി അണിനിരക്കാന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായും ബഹുജനപ്രസ്ഥാനങ്ങളുമായും കൈകോര്‍ത്ത് പിടിക്കാനും നിരന്തരമായും സന്ധിയില്ലാത്തതുമായ പ്രക്ഷോഭണങ്ങളില്‍ അണിചേര്‍ക്കാനും പൈതൃക ഗ്രാമ കര്‍മ്മ സമിതി സദാസന്നദ്ധമാണ്. കൊടിയുടെ നിറം നോക്കിയോ, സംഘടനയുടെ രാഷ്ട്രീയ നലപാട് നോക്കിയോ അല്ല സമരവേദിയിലേക്ക് ജനങ്ങളെ അണിനിരത്തുന്നത്. പ്രകൃതിമാതാവിന്റെ മാനം കാക്കാന്‍ മക്കളെ യോജിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ വികാരം സാഹോദര്യം മാത്രമാണ്. മാനം വിറ്റ് വിമാനം വേണ്ടെന്ന് പറയുന്നവരെല്ലാം ഈ സമരത്തില്‍ ഭാഗഭാക്കളായുണ്ട്.
ചോദ്യം: പദ്ധതി പ്രദേശത്തിന്റെ മുന്‍ ഉടമയായ ഏബ്രഹാം കലമണ്ണില്‍ കമ്പനിക്കെതിരെ നല്കിയിട്ടുളള കേസുകള്‍ എന്ത് ഫലങ്ങളാണുണ്ടാക്കുക?
ഉത്തരം: ഇത് ഈ പ്രക്ഷോഭണത്തെ ഒരുതരത്തിലും ബാധിക്കുന്ന വിഷയമല്ല. കാരണം ഇരു കൂട്ടരും തമ്മിലുളള പ്രശ്നം പണമിടപാട് സംബന്ധിച്ചുളളതാണ്. ഈ തര്‍ക്കം പരിഹരിച്ചാല്‍ കേസ് തന്നെ ഇല്ലാതാകും എന്നുമാത്രം.
ചോദ്യം: കെ.ജി.എസ് ഗ്രൂപ്പ് അവകാശപ്പെടുന്നത് പദ്ധതിയിലൂടെ ഇവിടെ 3000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും, ഇതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും എന്നെല്ലാമാണ്. ഇത് സത്യമാണെങ്കില്‍ ഇതിനെ അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്?
ഉത്തരം: ഇതെല്ലാം കമ്പനിയുടെ പൊളളയായ അവകാശവാദങ്ങളാണ്. ഇതുവരേയും ഇവര്‍ ഇവിടെ എത്ര തുക നിക്ഷേപിക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. വിമാനത്താവളം നിര്‍മ്മിക്കുക മാത്രമാണ് കമ്പനി ചെയ്യുന്നത്. മറ്റ് വിമാന കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. അതിനാല്‍ ജോലിസാധ്യതയുളളത് വിമാന കമ്പനികളിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലുമാണ്. ഇവരാരും ആറന്മുളക്കാര്ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞിട്ടുമില്ല. ഇനി അഥവാ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ തന്നെ അത് പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെളളവും കിടപ്പാടവും അന്നവും മുട്ടിച്ചിട്ട് വേണമോ? ചാരായം നിരോധിച്ചപ്പോള്‍ ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടില്ലേ? തൊഴില്‍ മാത്രമായിരിക്കരുത്, ജനനന്മയും പൊതുതാല്പ്പര്യവുമായിരിക്കണം ഏതൊരു നടപടി സ്വീകരിക്കുന്നതിന്റേയും അടിസ്ഥാന മാനദണ്ഡങ്ങള്‍.
ചോദ്യം: കേരള സര്‍ക്കാര്‍ ഈ പദ്ധതിയെ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തുകയും, ഭാരത പ്രസിഡന്റ് പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പദ്ധതിയെ തത്വത്തില്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ സമരം വ്യര്ത്ഥമാവില്ലേ?
ഉത്തരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളത്തെ പിന്തുണച്ചു എന്നതുകൊണ്ടുമാത്രം ഈ പ്രക്ഷേഭണം പരാജയപ്പെടുമെന്ന് കരുതാന്‍ വയ്യ. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആന്റോ ആന്റണി എംപി, പ്രധാനമന്ത്രിയുടെ ഉപദേശകനായ ടി.കെ.എ. നായര്‍, സോണിയാ ഗാന്ധിയുടെ സഹായികളായ ടോം വടക്കന്‍, വിന്‍സന്റ് ജോര്‍ജ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുള്‍പ്പെട്ട അച്ചുതണ്ടാണ് കെജിഎസിനുവേണ്ടി ദില്ലിയില്‍ മന്മോഹന് സിങ്ങ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവരെയെല്ലാം സ്വാധീനിച്ച് കരുനീക്കങ്ങള്‍ നടത്തുന്നത്. കേരളത്തിന്റെ മഹത്തായ പൈതൃകത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഈ വന്‍ ഉപജാപകസംഘത്തിന് ആഗോളതലത്തില്‍ വേണ്ട സഹായങ്ങളും സൗകര്യങ്ങളും നല്കുന്ന ശക്തികള്‍ വിമാനത്താവളത്തിനുവേണ്ടി രംഗത്തുണ്ട്. ആറന്മുള ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരു നാടിന്റെ പൈതൃകം നശിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാനാകുമെന്നും, അവരെ ഛിന്നഭിന്നമാക്കാന്‍ കഴിയുമെന്നും ഉളള കണക്കുകൂട്ടലാണ് ഈ ഗൂഢശക്തികള്ക്കുളളത്. തൃശൂര്‍ പൂരവും, കൊടുങ്ങല്ലൂര്‍ പൈതൃകവും, ആലുവ മണപ്പുറവും എല്ലാം സമീപകാലത്ത് ഈ ക്ഷുദ്രശക്തികളുടെ ആക്രമണത്തിനും അധിനിവേശത്തിനും ഇരയായി. ശബരിമലയെ കടുവാസങ്കേതമാക്കി നിരോധനം ഏര്‍പ്പെടുത്തല്‍, അഗസ്ത്യകൂടത്തേക്കുളള തീര്‍ത്ഥയാത്ര തടയല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നതില്‍ ഒട്ടും തെറ്റില്ല.
ചോദ്യം : പദ്ധതിക്ക് കേന്ദ്ര എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്കിയിട്ടില്ലേ?
ഉത്തരം: കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന വയലാര്‍ രവി ആദ്യം പറഞ്ഞത് അനുമതി നിഷേധിച്ചുവെന്നാണ്. ഇപ്പോള്‍ പറയുന്നത് വിമാനത്താവളമാകാമെന്നാണ്. പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് അനുമതി നല്‍കാനാവില്ലെന്ന് പറഞ്ഞു. എന്നാല്‍ 20 ദിവസത്തിനകം അഭിപ്രായം മാറ്റി അനുമതി നല്‍കുകയാണ് ചെയ്തത്. അപ്രൈസല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര പരിസ്ഥിതി വകുപ്പ് ക്ലിയറന്‍സ് (എന്‍ഒസി) നല്കാന് ഇതുവരെയും തയ്യാറായിട്ടില്ല. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ മാത്രമേ മറ്റ് അനുമതികള്‍ നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ പണവും അധികാരവും കോണ്‍ഗ്രസ് തലപ്പത്ത് സ്വാധീനവുമുളള കെജിഎസ് ഗ്രൂപ്പിന് അനുമതി സംഘടിപ്പിക്കുക എന്നത് ഒരു പ്രശ്നമല്ല. വേണ്ടി വന്നാല്‍ ഭരണഘടന ഭേദഗതി ചെയ്തും അവര്‍ വിവിധ അനുമതികള്‍ നേടിയേക്കാം. എന്നാല്‍ ജനങ്ങളുടെ ഹിതവും അനുമതിയും നേടാന്‍ അവര്‍ക്കാവില്ല. അവരുടെ ഇച്ഛാശക്തിയെ വിലയ്ക്ക് വാങ്ങാന്‍ അവര്‍ക്കാവില്ല. സ്റ്റാറ്റ്യൂട്ടറി ക്ലിയറന്‍സ് ലഭിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താവൂ എന്ന ഹൈക്കോടതി ഉത്തരവ് 2005 ല്‍ പുറപ്പെടുവിച്ചത് ഇന്നും പ്രാബല്യത്തിലുണ്ട്.
ചോദ്യം : വികസനവിരോധികളാണ് പ്രക്ഷോഭണം നടത്തുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?
ഉത്തരം: സാധാരണക്കാരന് വേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. റോഡ്, റയില്‍, ആഹാരം, കൃഷി, തൊഴില്‍ തുടങ്ങി പൊതുജനസമൂഹത്തെ ദൈനംദിനം ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണം. നാടിന്റെ വികസനം വിമാനത്താവളത്തിലധിഷ്ഠിതമാണെന്ന വാദം വികലവും വസ്തുതാവിരുദ്ധവുമാണ്. വിമാനത്തില്‍ യാത്ര ചെയ്യുന്ന സമ്പന്ന വര്‍ഗ്ഗത്തിന് പ്രയോജനം ലഭിക്കുമെന്നത് ശരിതന്നെ. പക്ഷെ അങ്ങനെയുളളവര്‍ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണുളളത്. പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിംഗ്മാളും വിമാനത്താവളവും വന്നാല്‍ വികസനമാകുമെങ്കില് കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഉണ്ടായ വികസനമെന്തെല്ലാമെന്ന് വികസനവാദികള്‍ വ്യക്തമാക്കണം. ആറന്മുളയില് എയ്റോട്രോപോളിസ് ആണ് നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. ഒരു ഗ്രാമത്തില്‍ ആദ്യം ഒരു വിമാനത്താവളം. ഇതിനെ കേന്ദ്രീകരിച്ച് ഇതിനു ചുറ്റുമായി വലിയൊരു വ്യവസായ വാണിജ്യ വ്യാപാര സമുച്ചയം. ഇതിന് മൊത്തം 3000 ഏക്കര്‍ സ്ഥലം വേണ്ടിവരും. അതായത് ആറന്മുളയെന്ന ഗ്രാമം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. കമ്പനി പറയുന്ന 500 ഏക്കര്‍ കൊണ്ട് ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാനാവില്ല. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ 1300 ഏക്കറോളം ഉണ്ട്. റണ്‍വേക്ക് തന്നെ 4 കിലോ മീറ്റര്‍ നീളവും 1 കിമീ വീതിയും വേണം. വിമാനത്താവള പരിധിയിലുളള എല്ലാവരും വിറ്റുപോകും എന്നു കരുതിയാണ് കമ്പനി ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്ന് പറഞ്ഞത്. മരിക്കേണ്ടി വന്നാലും കോടികള്‍ തന്നാലും പൂര്‍വികര്‍ നല്കിയ പുരയും പുരയിടവും പിറന്ന നാടും ഉപേക്ഷിച്ച് സ്ഥലം വിടില്ലെന്നും പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് തദ്ദേശവാസികളായ ആറന്മുളയുടെ മക്കള്‍. പദ്ധതിമേഖലയില്‍ ഉള്‍പ്പെടുന്ന നാനൂറോളം കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ടു വേണോ വിമാനത്താവളം നിര്‍മ്മിക്കാന്‍?
ചോദ്യം : വിദേശങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ഈ വിമാനത്താവളം പുതിയ തൊഴിലവസരങ്ങള്‍ നല്കില്ലേ?
ഉത്തരം: കൊച്ചിയില്‍ ഈയിടെ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് വിദേശ മലയാളികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയുടെ സ്ഥാനം ഏഴാമതാണ്. ഇന്ത്യയില്‍ ആകെയുളള എന്‍ആര്‍ഐ ഒരു കോടിയാണ്. ഇതില്‍ കേരളീയര്‍ 23 ലക്ഷമാണ്. ഇവിടെയും പത്തനംതിട്ടയുടെ സ്ഥാനം ആറാമതാണ്. സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് (സിഡിഎസ്) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം വിദേശ മലയാളികളില്‍ 40 ശതമാനം പത്തനംതിട്ട ജില്ലക്കാരാണ് എന്ന കെജിഎസിന്റെ വാദം പെരും നുണയാണെന്ന് തെളിയിക്കുന്നു. ഈ വിമാനത്താവളം പ്രവാസി മലയാളികള്‍ക്ക് തൊഴിലും നല്‍കും, അനുഗ്രഹവുമാണ് തുടങ്ങിയ കമ്പനിയുടെ വാദങ്ങള്‍ ശുദ്ധ അസംബന്ധം മാത്രമാണ്.
ചോദ്യം : ആറന്മുളയില് വരുന്നത് ഗ്രീന്‍ ഫീല്‍ഡ് എയര്‍പ്പോര്‍ട്ടാണ്. തായ്ലന്റ് മാതൃകയില്‍ പരമാവധി പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ട് ബാക്കി വരുന്ന സ്ഥലത്ത് മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്യുകയെന്ന് കെജിഎസ് ഗ്രൂപ്പ് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഇത് ഒരു പ്രകൃതിസൗഹൃദ പ്രോജക്ടല്ലേ? ഇതിനെ അനുകൂലിക്കുകയല്ലേ ചെയ്യേണ്ടത്?
ഉത്തരം: ഗ്രീന്‍ ഫീല്‍ഡ് പ്രോജക്ട് എന്നതിന് പ്രകൃതിയുമായി ഒരു ബന്ധവുമില്ല. വ്യവസായ സംരംഭകര്‍ക്ക് വിവിധ വകുപ്പുകളുടെ അനുമതികള്‍ ഏകജാലകത്തിലൂടെ വളരെവേഗം ലഭിക്കുന്നതിനെയാണ് ഇത് വിവക്ഷിക്കുന്നത്. നെല്‍വയലും നീര്‍ത്തടങ്ങളും മലകളും നശിപ്പിച്ചുകൊണ്ട് പണിയുന്ന വിമാനത്താവളം പ്രകൃതിസൗഹൃദ പ്രോജക്ടാണെന്ന് പറയുന്നതുതന്നെ വലിയ തമാശയാണ്.
ചോദ്യം : നിലയ്ക്കല്‍ പ്രക്ഷോഭണം നടത്തി വിജയിപ്പിച്ച സ്വാമി അയ്യപ്പ ഭക്തനായ താങ്കള്‍ ശബരിമലയുടെ വികസനത്തിന് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ വിമാനത്താവളത്തെ എതിര്‍ക്കുന്നത് ശരിയാണോ?
ഉത്തരം: ശബരിമലക്ക് വേണ്ടിയാണ് വിമാനത്താവളം പണിയുന്നതെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം എരുമേലിയാണ്. എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള അയ്യപ്പഭക്തന്മാര് എരുമേലി വഴിയാണ് മലയ്ക്ക് പോകുന്നത്. എരുമേലിയില്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ അധിപനായ ബിഷപ്പ് കെ.പി. യോഹന്നാന് 2500 ഏക്കറോളം സ്ഥലമുണ്ട്. ഇത് വെറും വെളിപ്രദേശമാണ്. കമ്പനി എംഡി ജിജി ജോര്‍ജിന് ഈ പ്രദേശം ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാവുന്നതാണ്. ഇക്കഴിഞ്ഞ ശബരിമല സീസണ് കാലത്ത് നെടുമ്പാശേരി വിമാനത്താവളം വഴി വന്ന അയ്യപ്പന്മാരുടെ എണ്ണം മൂവായിരമാണ്. ഇതില്‍ 75 ശതമാനവും മറ്റ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ശബരിമലയില്‍ എത്തുന്നത്. ഇവിടുത്തെ തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. അവരുടെ പ്രധാന ആശ്രയം റോഡും റെയിലുമാണ്. ആറന്മുളയില് ഒരു കക്കൂസോ കുളിമുറിയോ കുളിക്കടവോ നിര്‍മ്മിക്കാന്‍ കഴിയാത്ത കമ്പനിയും എംഎല്‍എയും എംപിയുമാണ് തീര്‍ത്ഥാടകര്‍ക്ക് വ്യോമസഞ്ചാരസൗകര്യം ഒരുക്കാന്‍ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിട്ടുളളത്. ശബരിമല റെയില്‍പ്പാത അട്ടിമറിച്ചതിന്റെ പ്രധാന ഉത്തരവാദി എംപിയായ ആന്റോ ആന്റണിയാണ്. കോട്ടയം-ചെങ്ങന്നൂര്‍ റയില്‍പ്പാത ഇരട്ടിപ്പിച്ചിരുന്നെങ്കില് അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ട്രെയിന്‍ സര്‍വീസുകള്‍ നടത്തി അയ്യപ്പന്മാരുടെ യാത്രാക്ലേശം ലഘൂകരിക്കാമായിരുന്നു. ആറന്മുള വഴിയുളള ചെങ്ങന്നൂര്‍-പമ്പ റോഡിന്റെ വീതി കൂട്ടി അവരെ സഹായിക്കുക. അതല്ലാതെ വിമാനം കാട്ടി മോഹിപ്പിക്കുകയല്ല ചെയ്യേണ്ടത്.
ചോദ്യം : താങ്കള്‍ ഇത് സംബന്ധിച്ച് വിജിലന്‍സില്‍ ഒരു പരാതി നല്‍കിയതായി അറിഞ്ഞു. അതിന്റെ നടപടികള്‍ എവിടം വരെയായി?
ഉത്തരം: വിജിലന്‍സ് കോടതി എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് അന്വേഷണം നടക്കുക. 1. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് നടത്തിയ വീഴ്ചകള്‍, 2. വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നിലെ ക്രമക്കേടുകള്‍. ഇവയെപ്പറ്റി അന്വേഷണം നടത്തി മാര്‍ച്ച് മാസത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്.
ചോദ്യം : വിമാനത്താവളത്തിനെതിരെ ഒരു സിബിഐ കേസ് നിലവിലുണ്ടല്ലോ? ഈ അന്വേഷണം ഫലപ്രദമാണോ? സിബിഐയില്‍ നിന്ന് സത്യസന്ധമായ അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകുമെന്ന് അങ്ങ് കരുതുന്നുണ്ടോ?
ഉത്തരം: കൊച്ചിയില്‍ നിന്നുളള അന്വേഷണ ഉദ്യോഗസ്ഥര്‍ ആറന്മുള സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് പോയിട്ടുണ്ട്. അവരുടെ അന്വേഷണം മുറപോലെ നടക്കും.
ചോദ്യം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ കമ്പനിക്കുവേണ്ടി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ ഈ പ്രക്ഷോഭണത്തില്‍ ആരൊക്കെ, ഏതൊക്കെ സംഘടനകള്‍ സഹകരിക്കുന്നുണ്ട്?
ഉത്തരം: കോണ്‍ഗ്രസ് (ഐ) ഉള്‍പ്പെടെയുളള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, മനുഷ്യാവകാശ സംഘടനകളും, മത-സാമുദായിക-സാമൂഹ്യ-സാംസ്കാരിക-പരിസ്ഥിതി പ്രസ്ഥാനങ്ങളും ഈ സമരസമിതിയുമായി സഹകരിക്കുകയും പ്രക്ഷോഭണങ്ങളില്‍ ഭാഗഭാക്കളാകുകയും ചെയ്യുന്നുണ്ട്.
ചോദ്യം : മാര്‍ത്തോമ്മാ സഭയുടെ അധിപനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത വിമാനത്താവളത്തെ അനുകൂലിച്ച് രംഗത്ത് വന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉത്തരം : മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പോലീത്ത ആറന്മുളയുടെ പൈതൃകത്തെ അവഹേളിച്ചതും വെറും പൊന്തന്‍ പുഴയോട് ഉപമിച്ച് കളിയാക്കിയതിനും എതിരെ ജനങ്ങളുടെ ഇടയില്‍ വ്യാപകമായ അമര്‍ഷത്തിനും ഉത്കണ്ഠക്കും ഇടനല്‍കിയിട്ടുണ്ട്. അത് ഒഴിവാക്കാമായിരുന്നു.
ചോദ്യം : മുന്‍പ് വിമാനത്താവളത്തെ എതിര്‍ത്ത് സംസാരിച്ചിരുന്നവരില്‍ പലരും ഇന്ന് നിശബ്ദരോ, അനുകൂലികളോ ആയി മാറിയിട്ടുണ്ട്. പ്രക്ഷോഭണത്തെ അനുകൂലിച്ച പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധികളെ സ്വാധീനിക്കാന്‍ കമ്പനി ഡയറക്ടര്‍മാര്‍ നേരിട്ട് ശ്രമിച്ചതായി അറിയുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയുടെ പണ-രാഷ്ട്രീയ-അധികാര-ഭരണകൂട സ്വാധീനത്തില്പെട്ട് സമരം കാലക്രമത്തില്‍ നിശ്ചലമാകും എന്ന് കരുതാമോ?
ഉത്തരം: പ്രക്ഷോഭണത്തെ തച്ചുതകര്ക്കാന് വിമാനത്താവള കമ്പനി ഏത് ഹീനമാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നത് ഏവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. പണവും അധികാരവും മാത്രമാണ് അവരുടെ കൈമുതല്‍. സ്വാധീനവും സമ്മര്‍ദ്ദവും ഭീഷണിയും അവിഹിത മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് എന്ത് നേട്ടമുണ്ടാക്കാം എന്നവര്‍ കണക്കുകൂട്ടുന്നു. പ്രക്ഷോഭണങ്ങളില്‍ അണിനിരക്കുന്നവരെ സ്വാധീനിക്കാന്‍ അവര്‍ പണവും ഭീഷണിയും ഉപയോഗിക്കുന്നുണ്ട്. പക്ഷെ, സമരത്തെ അല്പംപോലും തളര്‍ത്താനോ തകര്‍ക്കാനോ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. അനുദിനം ബഹുജനാടിത്തറ വിപുലവും ശക്തവുമായി വരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സമരമുഖത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്, ഫിലിപ്പോസ് തോമസ് (കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ & മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം), റോയ്സണ്‍ (മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), മാലേത്ത് സരളാദേവി (മുന്‍ എംഎല്‍എ) തുടങ്ങിയവരും വിമാനത്താവളം പാടില്ലെന്ന് നിര്‍ബന്ധമുളളവരാണ്. കവിയത്രി സുഗതകുമാരി വിളിച്ചുകൂട്ടിയ ഉന്നത നേതൃസമ്മേളനത്തില്‍ ബിജെപി, സിപിഐ, സിപിഎം, ആര്‍എസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതാക്കളും, പരിസ്ഥിതി പ്രസ്ഥാനക്കാരും, സാമൂഹിക സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു. ഐക്യനിര അനുദിനം ശക്തിപ്പെട്ടു വരുന്നു എന്നുളളത് വ്യക്തമാണ്. പ്രതിയോഗികളുടെ ഭീഷണിക്കും വെല്ലുവിളികള്‍ക്കും വഴങ്ങാത്ത ജനങ്ങളുടെ ഇച്ഛാശക്തി ആറന്മുളയുടെ പൈതൃകത്തെ രക്ഷിക്കുമെന്ന് ഉറപ്പുണ്ട്. നെല്‍വയല്‍ നികത്തുന്നവരുടെ അടിസ്ഥാനം കാപട്യവും കൃത്രിമത്വവും വഞ്ചനയുമാണ്. പ്രക്ഷോഭകരുടെ അടിസ്ഥാനം ധര്‍മ്മവും സത്യവും നീതിബോധവും മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭണം ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പിച്ചു പറയാം.
ചോദ്യം : ഭാവി പ്രക്ഷോഭണ പരിപാടികള്‍ എന്തെല്ലാമാണ്?
ഉത്തരം: ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി എല്ലാ സ്ഥലങ്ങളിലും ജനകീയ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലവും വ്യാപകവുമാക്കി വരികയാണ്. ഗ്രാമങ്ങള്‍ തോറുമുളള പദയാത്രകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ ഈ മാസം പൂര്‍ത്തിയാകും. മാര്‍ച്ച് 14 ന് സന്യാസി സമ്മേളനവും, മാര്‍ച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് ആറന്മുളയില് ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജലരക്ഷാ ശൃംഘലയും സംഘടിപ്പിച്ചുകഴിഞ്ഞു. ഏപ്രില്‍ 9 ന് പത്തനംതിട്ടയില്‍ ജനകീയ കണ്വന്ഷന് നടക്കുന്നു. വിമാനത്താവള പദ്ധതിയില്‍ നിന്ന് കെജിഎസ് കമ്പനിയും സര്‍ക്കാരും പിന്മാറുന്നതുവരെ ഈ ജനകീയ പ്രക്ഷോഭണങ്ങള്‍ തുടരുകതന്നെ ചെയ്യും.
(കേസരി, 2013 ഏപ്രില്‍ 14)
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ