ലേഖനം
ശബരിമലയുടെ പ്രശ്നങ്ങളും
പരിഹാരങ്ങളും
സുധീര്‍ നീരേറ്റുപുറം
കൊടുംകാനനത്തിന് മദ്ധ്യത്തില്‍ മലമുകളിലായി സ്ഥിതി ചെയ്യുന്ന പ്രാചീനക്ഷേത്രമാണ് ശബരിമല അയ്യപ്പന്റേത്. നൂറ്റാണ്ടുകളുടെ പഴക്കമുളള ഇവിടേക്ക് വര്‍ഷംതോറും എത്തുന്ന ഭക്തരുടെ സംഖ്യ പ്രവചനാതീതമായ രീതിയിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കോടികളുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. വര്‍ഷംതോറും മണ്ഡലകാലത്ത് സീസണ് ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോര്‍ഡും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും വിവിധ ഹൈന്ദവ സംഘടനകളും മറ്റും ഒന്നുചേര്ന്നുകൊണ്ടുളള അവലോകന യോഗങ്ങള്‍ നടത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ടെങ്കിലും അവയെല്ലാം വെറും ജലരേഖകളായി മാറുകയാണ് പതിവ്. കഴിഞ്ഞ രണ്ട് തവണയും പ്രഗത്ഭനായ കെ. ജയകുമാര്‍ ദേവസ്വം ചീഫ് കമ്മീഷണറായി ചുമതല നോക്കിയതിനാല്‍ വലിയ പരാതികളില്ലാതെയാണ് തീര്‍ത്ഥാടനകാലം സമാപിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചന്സലറായി നിയമിച്ചതിനാല്‍ ശബരിമലയുടെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
ശബരിമലയില്‍ വര്‍ഷംതോറും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ സ്ഥലസൗകര്യം ഇവിടെയില്ല. യാത്രാവഴികള്‍, പാര്‍ക്കിംഗ് സൗകര്യം, ഗതാഗതകുരുക്കുകള്‍, അടിസ്ഥാന സൗകര്യങ്ങളായ കക്കൂസ്, ബാത്ത്റൂം എന്നിവയുടെ അപര്യാപ്തത, വിരിവയ്ക്കാനുളള സ്ഥലദൗര്ഭല്ല്യം, ശുദ്ധമായ ഭക്ഷണം, വിശ്രമകേന്ദ്രങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെല്ലാം തീര്‍ത്ഥാടകര്‍ നിത്യേന അനുഭവിക്കുന്ന ദുരിതങ്ങളാണ്. ഭക്തര്‍ നല്കുന്ന ഭീമമായ സംഭാവനകളില്‍ നിന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തടിച്ചുകൊഴുക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ നിരന്തരം ചൂഷണത്തിന് വിധേയമാവുകയാണ്. കടുവാ സംരക്ഷണത്തിന്റെ പേരില്‍ ശബരിമലയിലേക്കുളള തീര്‍ത്ഥാടനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി വകുപ്പ് സുപ്രീം കോടതിയെ വരെ സമീപിക്കുകയുണ്ടായി. ശബരിമലയുടെ പ്രാധാന്യം ഇല്ലാതെയാക്കാന്‍ വൈദേശിക സെമറ്റിക് ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒരു വിദേശ മദാമ്മയുടെ നേതൃത്വത്തിന് കീഴിലുളള ഒരു പാവഭരണകൂടം അധികാരം കൈയാളിയതോടുകൂടി ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കെതിരെ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് ശബരിമലയിലും ദൃശ്യമാകുന്നത്.
അതിഘോരമായ വനമദ്ധ്യത്തില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടും കാട്ടിലൂടെ കാടും മലകളും പുഴകളും അരുവികളും കടന്ന് ജീവന് പണയം വെച്ചുകൊണ്ട് ദുരിതപൂര്‍ണ്ണമായ യാത്ര ചെയ്താണ് ജനകോടികള്‍ ശബരിമലയിലെത്തുന്നത്. തികഞ്ഞ ഈശ്വരചിന്തയോടെ ശരണഘോഷങ്ങള്‍ മുഴക്കി 41 ദിവസത്തെ കഠിനവ്രതത്തോടെ അഹിംസാവാദികളായി ബ്രഹ്മചര്യനിഷ്ഠയോടെയാണ് ഇവര്‍ അയ്യപ്പ സന്നിധിയിലെത്തുന്നത്. 1950 കള്‍ വരെയും തീര്‍ത്ഥാടകര്‍ ഘോരവനത്തിലൂടെ 65 ലേറെ കിലോമീറ്റര്‍ നടന്ന് ഏഴ് മലകള്‍ താണ്ടിയാണ് ഈശ്വരസന്നിധിയിലെത്തിയിരുന്നത്. ഏത് സമയത്തും ഹിംസ്രജന്തുകളുടെ ആക്രമണം അവര്‍ പ്രതീക്ഷിച്ചിരുന്നു. നിരവധിപേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുമുണ്ട്. അതിനാല്‍ തീര്‍ത്ഥയാത്രികര്‍ വലിയ കൂട്ടങ്ങളായിട്ടാണ് യാത്രചെയ്തിരുന്നത്. രാത്രികാലങ്ങളില്‍ വനത്തിനുളളില്‍ വലിയ അഗ്നികൂട്ടിയും ചെണ്ടയും മറ്റും കൊട്ടി ശബ്ദമുണ്ടാക്കിയും ശരണം വിളിച്ചും വന്യജീവികളെ അകറ്റിനിര്‍ത്തിയാണ് ഇവര്‍ ഉറങ്ങിയിരുന്നത്. ഇന്ന് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അതിനനുസൃതമായി വഴികളുടെ വീതികൂട്ടാന്‍ സര്‍ക്കാര്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ് തടസ്സങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തവണ ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുളള സ്വാമി അയ്യപ്പന് റോഡ് 5 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയാണ്. ഇത് തീര്‍ത്ഥാടകര്‍ക്ക് വലിയ ഒരു അനുഗ്രഹമായിരിക്കും. കൂടാതെ ഈ വഴിയിലുടെ ട്രാക്ടറുകളില്‍ സന്നിധാനത്തിലേക്കുളള അവശ്യവസ്തുക്കള്‍ എത്തിക്കാനും സാധിക്കും. ഇതോടെ തിരക്കുളള അവസരങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ ഇടയിലൂടെ ഭാരമുളള ചുമടുകളുമായി ഇഴഞ്ഞുനീങ്ങുന്ന കഴുതകളുടെ സേവനം ഒഴിവാക്കപ്പെടുമെന്ന് കരുതാം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി സര്‍ദാര്‍ ബൂട്ടാ സിങ്ങിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ മകരസംക്രാന്തി നാളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കണ്ട അഭൂതപൂര്‍വ്വമായ തിരക്കും ഭക്തര്‍ അനുഭവിക്കുന്ന അമാനവീകമായ ദുരിതങ്ങളും കണ്ട് അത്ഭുതപ്പെടുകയുണ്ടായി. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുളള വഴിയില്‍ തീര്‍ത്ഥാടകര്‍ തിക്കിത്തിരക്കി ഒന്നു തിരിയാന്‍പോലും സ്ഥലമില്ലാതെ 15-20 മണിക്കൂര്‍ വെയിലും മഞ്ഞും മഴയും കാറ്റും സഹിച്ച് ക്ഷമയോടെ ക്യൂവില്‍ നില്ക്കുന്നു. ഭക്ഷണമോ, കുടിവെളളമോ, ഇരിക്കാന്‍ സ്ഥലമോ എന്തിന് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാതെയാണ് പ്രായമായ വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ ദര്ശനാവസരവും കാത്ത് ശരണംവിളിയോടെ നിലയുറപ്പിച്ചിരുന്നത്. പെരിയാര്‍ കടുവാ സംരക്ഷണ ഏരിയായില്‍ ഉള്‍പ്പെടുന്ന ഈ കാനനപ്രദേശത്തിന്റെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ തീര്‍ത്ഥാടകരുടെ യാത്രാപഥത്തില്‍ വഴിയുടെ ഇരുപുറത്തും താല്‍ക്കാലിക ഷെഡ്ഡുകളും വിശ്രമിക്കാനും ഇരിക്കാനുമുളള സൗകര്യവും, ഭക്ഷണത്തിനും കുടിവെളളത്തിനുമുളള ഏര്‍പ്പാടുകളും, മൂത്രപ്പുരകളും മറ്റും നിര്‍മ്മിക്കണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ കമ്മറ്റി ശബരിമലയുടെ വികസനത്തിനുവേണ്ടി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ചെയ്തെങ്കിലും ഇവിടുത്തെ പ്രത്യേക രാഷ്ട്രീയ അതിപ്രസരത്താല്‍ ഈ ശ്രമങ്ങള്‍ വിഫലമാവുകയാണ് ചെയ്തത്. ഇന്നും പോലീസുകാര്‍ ക്യൂവില്‍ ദര്‍ശനത്തിനായി ശരണമന്ത്രങ്ങളുമായി നില്ക്കുന്ന അയ്യപ്പന്മാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉന്തിത്തളളിവിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ ലക്ഷക്കണക്കിന് ഭക്തന്മാര് തുറസായ ആകാശത്തിന്റെ കീഴില്‍ വെറും നിലത്ത് ഒരു വിരിവിരിച്ചാണ് വിശ്രമിക്കാറുളളത്. വന്‍തിരക്കുകള്‍ നിയന്ത്രിക്കാനാവശ്യമായ ആസൂത്രണം ഉണ്ടാവുകയും സന്നിധാനത്തിലേക്കുളള എല്ലാ പാതകളുടെയും വീതി വര്‍ദ്ധിപ്പിക്കുകയും പോലീസിന്റെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.
രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ തടിച്ചുകൂടിയ പുല്മേട്ടില് ഇക്കഴിഞ്ഞ മകരസംക്രാന്തി നാളില്‍ നടന്ന തിക്കിലും തിരക്കിലും പെട്ട് 102 ാളം നിരപരാധികളായ ഭക്തരാണ് ഭീകരമായി കൊലചെയ്യപ്പെട്ടത്. പത്ര റിപ്പോര്‍ട്ടുകളുനുസരിച്ച് ആ സമയത്ത് അവിടെ ആകെ നാലോളം പേലീസുകാര് മാത്രമാണുണ്ടായിരുന്നത്. ശബരിമലയിലേക്കുളള എല്ലാ പാതകളിലും തീര്‍ത്ഥടകര്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കാന് സര്‍ക്കാര്‍ യുക്തമായ നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ഇത്തരം ദുരന്തങ്ങള്‍ ശബരിമലയില്‍ എവിടെയും സംഭവിക്കാവുന്നതാണ്.
ശബരിമലയിലെ തീര്‍ത്ഥാടകര്‍ അഭിമൂഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മാലിന്യ നിര്‍മ്മാര്‍ജ്ജനം
ശബരിമലയില്‍ സീസണ് സമയത്ത് നിത്യേന മൂന്ന് ലക്ഷത്തോളം ഭക്തരെത്തുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ നൂറ് പേരില്‍ ഒരാള്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലെങ്കിലും സന്നിധാനത്തും പമ്പയിലും പൂങ്കാവനത്തിലുമായി ഉപേക്ഷിക്കുന്നു. അതായത് ഒരു ദിവസം 3000 ബോട്ടിലുകള്‍. അങ്ങനെ നോക്കുമ്പോള്‍ ഒരു സീസണില്‍ 1.8 മില്യണ്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍! ഇതുകൂടാതെയാണ് തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന കര്‍പ്പൂരം, സാമ്പ്രാണി, ഭക്ഷണം, ഷാംമ്പൂ, വസ്ത്രം എന്നിവയുടെ പ്ലാസ്റ്റിക് ബാഗുകള്‍ വേറെ. തേങ്ങയുടെ ചിരട്ടയാവട്ടെ പര്‍വ്വതം പോലെ കുന്നുകൂടും. പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓരോ തീര്‍ത്ഥാടകനും 250 ഗ്രാമിന്റെ പ്ലാസ്റ്റിക് മാലിന്യം ശബരിമലയില്‍ ഉപേക്ഷിക്കുന്നുണ്ട്. വെളളം കുപ്പികള്‍, മിഠായി കവറുകള്‍, മഴക്കോട്ടുകള് തുടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലുളളത്. ഇക്കഴിഞ്ഞ സീസണില്‍ തീര്‍ത്ഥാടനം കഴിഞ്ഞപ്പോള്‍ പൂങ്കാവനത്തില്‍ നിന്നും 8750 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കണ്ടെടുത്തത്. മഴക്കാലത്ത് പ്രകൃതിതന്നെ ഈ മാലിന്യങ്ങള്‍ നീക്കുകയാണ് പതിവ്. പക്ഷെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണില്‍ ലയിച്ചുചേരാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നത് പ്രകൃതിയുടെ സന്തുലനത്തിന് ദോഷം ചെയ്യും. ശബരിമല പൂങ്കാവനം പച്ചപ്പ് നിറഞ്ഞ വന്മരങ്ങളാലും പര്‍വതനിരകളാലും സമ്പന്നമാണ്. ഇവിടെ വംശനാശം നേരിടുന്ന നിരവധി അപൂര്‍വ്വ മൃഗങ്ങളും പക്ഷികളും ജീവജാലങ്ങളും ജീവിക്കുന്നുണ്ട്. ഇവ കാത്തുസൂക്ഷിക്കേണ്ടത് ഓരോ അയ്യപ്പ ഭക്തന്റെയും കര്‍ത്തവ്യമാണ്.
അയ്യപ്പസ്വാമി പഞ്ചഭൂതങ്ങളായ ജലം, വായു, അഗ്നി, ഭൂമി, ആകാശം എന്നിവയുടെ നാഥനാണ്. അയ്യപ്പനെ ശ്രീഭൂതനാഥന്, ഭൂമിപ്രപഞ്ചന്, അഷ്ട ദശദീശ്വരന് എന്നെല്ലാമാണ് വിശേഷിപ്പിക്കുന്നത്. ഇവിടുത്തെ 18 മലകളെ അയ്യപ്പന്റെ പൂങ്കാവനമായിട്ടാണ് സങ്കല്പിക്കുന്നത്. അങ്ങനെയുളള ഈ ശബരിമലയെയും അതിന്റെ പരിസരപ്രദേശങ്ങളേയും വിശുദ്ധമായും ശുചിയായും സൂക്ഷിക്കേണ്ടത് ഓരോ അയ്യപ്പ തീര്‍ത്ഥാടകന്റെയും ചുമതലയാണ്. അയ്യപ്പ സേവാ സമാജം, മാതാ അമൃതാനന്ദമയീ മഠം, ദേവസ്വം ബോര്‍ഡ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കുകയും, പുതുതായി വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുകയും, പരിസരപ്രദേശങ്ങള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.
ജലദൗര്‍ലഭ്യം
ശബരിമലയിലെ സീസണ് കാലത്ത് മിക്കപ്പോളും പമ്പാ നദിയില്‍ മുട്ടറ്റം പോലും ജലമുണ്ടാകാറില്ല. പമ്പയിലും മറ്റും ലക്ഷക്കണക്കിന് ഭക്തര്‍ നിത്യേന സ്നാനം ചെയ്യേണ്ട പുണ്യനദിയായ പമ്പയിലെ ജലദൗര്‍ലഭ്യം തീര്‍ത്ഥാടകര്‍ക്ക് വളരെയേറെ വിഷമതകള്‍ സൃഷ്ടിക്കാറുണ്ട്. ജലസേചന വകുപ്പിന് വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വന്‍തുകകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി സമയബന്ധിതമായി വിനയോഗിക്കാന്‍ ഈ വകുപ്പ് തയ്യാറാകാത്തത് ഇത്തവണയും ഭക്തര്‍ക്ക് നിരവധി ദുരിതങ്ങള്ക്കിടവരുത്തുമെന്നതില് സംശയമില്ല. ഒക്ടോബറില്‍ എല്ലാ പദ്ധതികളും പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടവര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു തുടങ്ങുന്നതേയുളളു. മിക്ക പദ്ധതികളും 4 മാസത്തിലേറെ സമയമെടുത്ത് പൂര്‍ത്തിയാക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതായത് സീസണ് തുടങ്ങുന്ന ഒരു മാസത്തിനുളളില്‍ ഒരു പദ്ധതിപോലും ജലസേചന വകുപ്പ് പൂര്‍ത്തിയാക്കുകയില്ല!!! കക്കാ നദിക്ക് കുറുകെ പമ്പാ ത്രിവേണിക്ക് മേല്‍ഭാഗത്ത് താല്‍ക്കാലിക തടയണ നിര്‍മ്മിക്കാന്‍ 7.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 5 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് താല്‍ക്കാലിക ക്രോസ് ബണ്ട് കാരക്കാട് തോടിന് കുറുകെ നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് നല്കിയ സമയം 5 മാസം! 10 ലക്ഷം രൂപ ചെലവില്‍ മാടമണ്ണില്‍ പമ്പാ നദിയില്‍ വിവിധ കടവുകളില്‍ താല്‍ക്കാലിക ബാരിക്കേഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാനും 5 മാസം സമയം നല്കിയിരിക്കുന്നു! 15 ലക്ഷം രൂപ ചെലവില്‍ പണ്ടാരക്കയം, കെ.എസ്.ആര്.ടി.സി, ശ്രീരാമപാദം, ആറാട്ടുകടവ്, വലിയാനവട്ടം എന്നീ സ്ഥലങ്ങളില്‍ സ്റ്റീല്‍ ഷട്ടറുകള്‍ നിര്‍മ്മിക്കാനും 4 മാസം അനുവദിച്ചിട്ടുണ്ട്! പമ്പാ ത്രിവേണിയില്‍ സംരക്ഷണ ഭിത്തിയുടെ പണിയാനും, നടപ്പാലം മുതല്‍ ആറാട്ടുകടവ് വരെയുളള നടപ്പാതയില്‍ ലൈറ്റ് തൂണുകള്‍ സ്ഥാപിക്കാനും, സംരക്ഷണ ഭിത്തി കെട്ടാനും 12 ലക്ഷം രൂപ ചെലവില്‍ 6 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും ദര്‍ഘാസ് വിളിച്ചിട്ടുണ്ട്! വിവിധ ജലസേചന മാര്‍ഗ്ഗങ്ങളുടെയും പമ്പയിലെ തടയണകളുടെയും വാര്‍ഷിക പണികള്‍ക്കും 3 ലക്ഷം രൂപ അനുവദിച്ചത് പൂര്‍ത്തിയാക്കാന്‍ 4 മാസം അനുവദിച്ചിരിക്കുന്നു! നിലയ്ക്കലില്‍ തടയണ നിര്‍മ്മിച്ച് വെളളം ടാങ്കില്‍ ശേഖരിച്ച് വിതരണം ചെയ്യുമെന്ന് ചീഫ് കമ്മീഷണര്‍ കെ. ജയകുമാര്‍ പറഞ്ഞത് നടപ്പാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്രകാരം ശബരിമലയിലെ ജലവിതരണ സംവിധാനം അപ്പാടെ തകര്‍ക്കുന്ന ജലസേചന വകുപ്പിന്റെ മെല്ലപ്പോക്ക് നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. ്യൂപമ്പയില് ജലദൗര്‍ലഭ്യവും ശുദ്ധജലക്ഷാമവും നേരിട്ടാല്‍ അത് മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കുകയും തന്മൂലം മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിന് ഇടവരുത്തുകയും ചെയ്യും.
ഇടത്താവളങ്ങള്‍
ശബരിമലയിലേക്ക് വിവിധ വഴികളിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുളള കേന്ദ്രങ്ങളാണ് ഇടത്താവളമായി കണക്കാക്കുന്നത്. മുന്‍കാലങ്ങളില്‍ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ കാല്‍നടയായിട്ടാണ് യാത്ര ചെയ്തിരുന്നത്. അതിനാല്‍ അയ്യപ്പ സന്നിധിയിലെത്തി തിരികെ സ്വഭവനത്തിലെത്തുന്നതിന് നാലും അഞ്ചും ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു. അപ്രകാരം കാല്‍നടയായി യാത്ര ചെയ്യുമ്പോള്‍ പല സ്ഥലങ്ങളില്‍ വിശ്രമിക്കാനും ആഹാരം പാകം ചെയ്യാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറ്റുമായി തങ്ങാറുണ്ട്. അങ്ങനെയുളള സ്ഥലങ്ങളാണ് ഇടത്താവളമെന്ന പേരില്‍ അറിയപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന പന്തളം മുതല്‍ ശബരിമല വരെയുളള യാത്രാവേളയിലും മറ്റ് വഴിത്താരകളിലും നിരവധി ഇടത്താവളങ്ങളുണ്ട്. ആറന്മുള, ചെങ്ങന്നൂര്‍, പത്തനംതിട്ട, പെരുനാട്, വടശേരിക്കര, റാന്നി, കോന്നി, ളാഹ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലെല്ലാം അയ്യപ്പന്മാര്ക്ക് വിരിവെയ്ക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും വിവിധ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ സീസണ് മുന്‍പായി അവലോകന യോഗങ്ങള്‍ ചേരുകയും അതില്‍ നിരവധി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ടെങ്കിലും അവയെല്ലാം വെറും പ്രഹസനമായി മാറുകയാണ് പതിവ്. കാല്‍നടയായും വിവിധ വാഹനങ്ങളിലും എത്തുന്ന ഭക്തര്‍ക്ക് വിരിവെയ്ക്കാനുളള സ്ഥല സൗകര്യമോ ആവശ്യത്തിനനുസരിച്ച് കക്കൂസുകളോ കുളിമുറികളോ പാര്‍ക്കിംഗ് സൗകര്യങ്ങളോ ഒന്നുംതന്നെ ഇവിടങ്ങളില്‍ ഇല്ലായെന്നതാണ് സത്യം. ഒറ്റരാത്രി കൊണ്ട് ഇടത്താവളങ്ങളായി മുറുന്ന പ്രതിഭാസമാണ് എല്ലായിടത്തുമുളളത്. സീസണ് അല്ലാത്തപ്പോള്‍ പല ഇടത്താവളങ്ങളും കല്യാണ ഓഡിറ്റോറിയങ്ങളായി മാറും. തീര്‍ത്ഥാടകരുടെ ബാഹുല്യത്തിനനുസരിച്ച് യുക്തമായ സ്ഥലസൗകര്യവും മറ്റും ഒരുക്കിയില്ലെങ്കില്‍ ഭക്തര്‍ക്ക് റോഡരികില്‍ വിരിവെച്ച് പാചകം ചെയ്ത് അന്തിയുറങ്ങേണ്ടിവരും. മിക്ക ഇടത്താവളങ്ങളിും ശുദ്ധജലത്തിന്റെ അപര്യാപ്തതയും മാലിന്യ നിര്മ്മാര്ജനത്തിനുളള വ്യവസ്ഥകളില്ലാത്തതും വഴിയോരങ്ങളിലെ തെരുവ് വിളക്കുകള്‍ കത്താത്തതും കുളിക്കടവുകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും രക്ഷാസംവിധാനങ്ങളില്ലാത്തതും എല്ലാം തീര്‍ത്ഥാടകരുടെ യാത്രകള്‍ നരകതുല്യമാക്കുമെന്നതില് സംശയമില്ല. സര്‍ക്കാര്‍ വിവിധ പഞ്ചായത്തുകള്‍ക്ക് ശബരിമല സീസണ് കാലത്ത് അനുവദിക്കുന്ന ഫണ്ടുകള്‍ പോലും ഫലപ്രദമായി വിനിയോഗിക്കാതെ ലാപ്സാക്കുന്നതും പതിവാണ്. പലപ്പോഴും തീര്ത്ഥടനത്തിനുവേണ്ടി അനുവദിക്കുന്ന പണം പല പഞ്ചായത്തുകളും വകമാറ്റി ചെലവഴിക്കാറുമുണ്ട്. വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കി സമയബന്ധിതമായി സര്‍ക്കാര്‍ ഫണ്ടുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാല്തന്നെ ഒരുപരിധിവരെ ഈ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ കഷ്ടപ്പാടുകള്‍ കൂടാതെ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്.
യാത്രാപ്രശ്നം
തീര്‍ത്ഥാടകര്‍ ശബരിമലയിലെത്താന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റോഡ് മാര്‍ഗ്ഗമാണ്. ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ ട്രെയിനിലെത്തുന്ന ഭക്തരും പിന്നീട് ശബരിമലയിലെത്തുന്നത് റോഡ് വഴിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ശബരിമലയിലേക്കുളള റോഡുകള്‍ ഇന്നും പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലാണുളളത്. ശബരിമലയില്‍ അവലോകന യോഗത്തിന് ഒക്ടോബര്‍ 20 ന് എത്തിയ മുഖ്യമന്ത്രി പോലും റോഡുകളുടെ ദയനീയസ്ഥിതി കണ്ട് പൊതു മരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയുണ്ടായി. തിരുവാഭരണം കടന്നുപോകുന്ന വടശേരിക്കരയില്‍ നടപ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കുകയും രണ്ട് കോടി അനുവദിക്കുകയും ചെയ്തിട്ട് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. കുമിളി വഴിയിലൂടെ 25 ലക്ഷത്തിലേറെ അയ്യപ്പന്മാരെത്തുന്നുണ്ട്. എന്നാല്‍ കുമിളിയുള്പ്പെട്ട ഇടുക്കി ജില്ലയിലെ ഒരു റോഡുപോലും നന്നാക്കിയിട്ടില്ല. പെരുമഴയില്‍ നടത്തിയ വഴിപാട് ടാറിംഗ് കഴിഞ്ഞ് എതാനും നാളുകള്ക്കകംതന്നെ റോഡുകളില്‍ വലിയ ഗട്ടറുകള്‍ രൂപംകൊണ്ടുകഴിഞ്ഞു. പ്രധാനപാതയായ തിരുവല്ല-പത്തനംതിട്ട ടി.കെ റോഡില്‍ ഇപ്പോഴും പണികള്‍ ഇഴഞ്ഞുനീങ്ങുകയാണ്, പത്തനംതിട്ട-കൈപ്പട്ടൂര്‍-പന്തളം, കൈപ്പട്ടൂര്‍-തട്ട-അടൂര്‍, കൈപ്പട്ടൂര്‍-ചന്ദനപ്പളളി-ഏഴംകുളം, പുനലൂര്‍-മൂവാറ്റുപുഴ, മണ്ണാറകുളഞ്ഞി-ചാലക്കയം, ആറന്മുള-കോഴഞ്ചേരി ആറ്റുതീര റോഡ്, മുട്ടമണ്‍-ചെറുകോല്‍പ്പുഴ, ചെങ്ങന്നൂര്‍-ആറന്മുള-കോഴഞ്ചേരി, കാഞ്ഞിരപ്പളളി-എരുമേലി തുടങ്ങിയ പ്രധാന ശബരിമല പാതകളെല്ലാം ശാപമോക്ഷം കാത്ത് കിടക്കുകയാണ്. കരാറുകാര്‍ 20 ശതമാനംവരെ താഴ്തിയാണ് പല റോഡുകളുടെയും പണികള്‍ ചെയ്യാന്‍ ടെന്ഡറെടുത്തിട്ടുളളത്. സീസണ് ആരംഭിക്കുമ്പോള്‍ ദ്രുതഗതിയില്‍ റോഡുകള്‍ തട്ടിക്കൂട്ടി കൊളളലാഭമെടുക്കാനുളള അടവാണിത്. കരാറുകാരും മരാമത്ത് വകുപ്പുകാരും ഒത്തുചേര്‍ന്നുളള ഈ കളളക്കളിയില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമാകുന്നത് കൂടാതെ റോഡുകള്‍ കുടുതല്‍ തകരാനാണ് സാധ്യത. ശബരിമലയില്‍ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, ഡിജിപി, എഡിജിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം ചാലക്കയം-പമ്പ റോഡിലെ ഗതാഗതകുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയുണ്ടായി. സീസണ് തുടങ്ങിക്കഴിഞ്ഞാല്‍ ഇവിടുത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. റോഡുകള്‍ക്ക് വീതികൂട്ടുകയും, നല്ല നിലവാരത്തില്‍ ടാറിംഗ് ഇടുകയും, ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യങ്ങളൊരുക്കുകയും ചെയ്യാത്തപക്ഷം അയ്യപ്പഭക്തരുടെ റോഡുമാര്ഗ്ഗമുളള യാത്ര ഇത്തവണ കൂടുതല്‍ ദുഷ്കരമാകും എന്നതിന് സംശയമില്ല.
കെ.എസ്.ആര്.ടി.സി ഇത്തവണ ശബരിമലയിലേക്ക് 400 ബസുകള്‍ സര്‍വീസ് നടത്തുമെന്നാണ് അവകാശപ്പെടുന്നത്. ദീര്‍ഘദൂര സര്‍വീസിന് 300 ബസുകളും, നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന് 100 ബസുകളും ഉണ്ടാകും. തിരുവനന്തപുരം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, എരുമേലി, കുമിളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും, കൂടാതെ കൊയമ്പത്തൂര്, തെങ്കാശി. പഴനി എന്നിവിടങ്ങളില്‍ നിന്നും ട്രിപ്പുകളുണ്ടാകും. മൂന്ന് വര്‍ഷത്തില്‍ താഴെ പഴക്കമുളള ബസുകളാണ് ഓടിക്കുക എന്നാണ് അവരുടെ അവകാശവാദം, എന്നാല്‍ എല്ലാ പ്രാവശ്യത്തെയും പോലെ പ്രായംചെന്ന ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വെച്ച് ഭക്തരെ കൊളളയടിക്കുന്ന പതിവ് ഇത്തവണയും തുടരുമോ എന്ന് കണ്ടറിയണം.
ശബരിമലയിലേക്ക് ഒരു റെയില്‍വേ പദ്ധതി -ശബരി പാത- എന്ന പേരില്‍ തുടക്കം കുറിച്ചിരുന്നു. അങ്കമാലിയില്‍ നിന്നും എരുമേലിയിലേക്കായിരുന്നു ഒന്നാം ഘട്ടമായി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് അങ്കമാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം റെയില്‍പ്പാത നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇതോടുകൂടി ഈ പദ്ധതി വിശ്രമത്തിലുമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യാതൊരു അനക്കവുമില്ല. റാന്നി, കുമ്പഴ, കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളും വിഭാവനം ചെയ്തിരുന്നു. ഈ റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ റോഡ് മാര്‍ഗ്ഗമുളള തിരക്കിന് വലിയ ശമനമാകും. രണ്ടാം ഘട്ടമായി എരുമേലിയില്‍ നിന്നും പുനലൂരിലേക്കും റെയില്‍ പാത വരുമായിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കും പത്തനംതിട്ട ജില്ലാവാസികള്ക്കും വലിയ ഉപകാരമാകുമായിരുന്ന ഈ പദ്ധതി അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്.
ആരോഗ്യസഹായം
ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് യഥാസമയം വൈദ്യസഹായം ലഭിക്കാത്തത് ഗുരുതരമായ ഒരു പ്രശ്നമാണ്. പമ്പയില്‍ ഗണപതി കോവിലിന് സമീപത്തായി സര്‍ക്കാര്‍ വക ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ആധുനിക സൗകര്യങ്ങളുളള ആശുപത്രി പണിയാനുളള നീക്കങ്ങള്‍ വനംവകുപ്പിന്റെ എതിര്‍പ്പുമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് ഇവിട 15 കോടി ചെലവില്‍ രോഗികളെ കിടത്തി ചികിത്സിക്കാനും, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കാനും എല്ലാം സൗകര്യമുളള നാല് നില കെട്ടിടം പണിയുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചത്. പമ്പയില്‍ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്ഥിരം ആശുപത്രി നിലവിലുണ്ട്. ഇത് കൂടാതെ മഠത്തിന്റെ നേതൃത്വത്തില്‍ അമലഭാരതം എന്ന പേരില്‍ നാലായിരത്തോളം സന്നദ്ധസേവാംഗങ്ങളുടെ നേതൃത്വത്തില്‍ ശബരിമലയും പരിസരങ്ങളും ശുചിയാക്കുകയും അതിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ബോധവല്കരണങ്ങള് നടത്തുകയും ചെയ്യുന്നുണ്ട്. സന്നിധാനത്തിലേക്കുളള കഠിനയാത്രാവേളയില് ശ്വാസതടസവും ഹൃദയാഘാതവും തളര്‍ച്ചയും മറ്റും ഉണ്ടാകുന്നവരെ സഹായിക്കാനായി കാര്‍ഡിയാക് സെന്ററുകള്‍ പല ഭാഗങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നത് ഉചിതമാണ്. അപ്പാച്ചിമേട്ടില്‍ അയ്യപ്പ സേവാ സമാജം ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിന്റെ സഹായത്തോടെ ഒരു കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
സീസണ് കാലത്ത് ഭക്തര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളില്‍ സീസണ് മുന്‍കൂട്ടികണ്ട് ഭക്ഷണസാധനങ്ങളുടെ വില യാതൊരു മാനദണ്ഡവും കൂടാതെ 20 ശതമാനത്തിലേറെ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഫുഡ് സേഫ്റ്റി കമ്മീഷണ് അധികൃതര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു ശുചിത്വവുമില്ലാതെ പഴകിയതും പുഴുവരിച്ചതുമായ സാധനങ്ങള്‍ കൊണ്ടാണ് ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ശബരിമലയിലെത്തുന്ന അയ്യപ്പന്മാരെ പരമാവധി ഞെക്കിപ്പിഴിയുന്ന ഹോട്ടലുകാര്‍ വൃത്തിയുളളതും ഗുണമേന്മയുളളതും ശുദ്ധവുമായ ഭക്ഷണം നല്കുന്നതില് വിമുഖരാണ്. ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി പമ്പയിലും സന്നിധാനത്തും എരുമേലിയിലുമെല്ലാം സൗജന്യ ഭക്ഷണം മുഴുവന്‍ സമയവും വിതരണം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. ന്യായമായ വിലയ്ക്ക് നല്ല ഭക്ഷണം ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണം.
അയ്യപ്പ സേവാ സമാജം, വിശ്വ ഹിന്ദു പരിഷത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ശബരിമലയിലും മറ്റും ഭക്തര്‍ക്കായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ (ശുദ്ധജലവിതരണം, വൈദ്യസഹായം, സൗജന്യ ഭക്ഷണവിതരണം....) നടത്തുന്നുണ്ട്.
വഴിപാടുകള്‍
നിത്യേന ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയില്‍ ഭക്തര്‍ക്ക് ദേവന്റെ പ്രസാദമായ വഴിപാട് സാധനങ്ങള്‍ ലഭ്യമാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ബന്ധുജനങ്ങളുടെയും നാട്ടുകാരുടെ എല്ലാം ആശീര്‍വാദവും വാങ്ങി ശബരിമലയില്‍ എത്തി സ്വാമിദര്‍ശനം നടത്തി സ്വദേശത്തെത്തുമ്പോള്‍ കുടുംബാംഗങ്ങളും അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം അയ്യപ്പസ്വാമിയുടെ പ്രസാദത്തിനായി കാത്തിരിക്കാറുണ്ട്. എന്നാല്‍ മിക്ക വര്‍ഷങ്ങളിലും പ്രസാദകൗണ്ടറുകളിലെ തിക്കും തിരക്കും ദേവസ്വത്തിന്റെ അനാസ്ഥയും അവഗണനയും മുന്‍കരുതലില്ലായ്മയും മൂലം ഭക്തര്‍ അപ്പം, അരവണ തുടങ്ങിയവ ലഭിക്കാതെ ഇവര്‍ കണ്ണീരോടെ മലയിറങ്ങുകയാണ് പതിവ്, ഇത് പരിഹരിക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുകയും, മുന്‍കൂട്ടിതന്നെ ആവശ്യമായ വഴിപാടു സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യണം.
അപ്പം, അരവണ എന്നിവ നിര്‍മ്മിക്കുന്നതിന് ഏകദേശം 45 ലക്ഷം കിലോ ശര്‍ക്കരയും, 4.5 ലക്ഷം കിലോ അരിയും സന്നിധാനത്ത് വേണമെന്നാണ് ദേവസ്വം അധികാരികള്‍ പറയുന്നത്. ഇത്രയും സാധനങ്ങള്‍ കഴുതപ്പുറത്താണ് സന്നിധാനത്ത് എത്തിച്ചിരുന്നത്. ഇപ്പോള്‍ അയ്യപ്പന്മാര് സഞ്ചരിക്കുന്ന റോഡിലൂടെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത് തീര്‍ത്ഥയാത്ര കൂടുതല്‍ ദുഷ്കരമാക്കും. മലയിലേക്ക് അവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍'റോപ്പ്വേ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് സാധനങ്ങള്‍ ലഭിക്കാത്തതു കാരണം ഭക്തര്‍ക്ക് പ്രസാദങ്ങള്‍ കിട്ടാതെവരുന്നത് ദുഃഖകരമാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാന്റിലൂടെ അപ്പവും അരവണയും നിര്‍മ്മിക്കേണ്ടതാണ്. കര്‍ണ്ണാടകയിലെ ബല്‍ഗാം, ലാത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തവണ ദേവസ്വം നേരിട്ട് 40 ലക്ഷം കിലോ ശര്‍ക്കര പൊടിച്ചത് വാങ്ങി 35 ലക്ഷം ടിന് അരവണ നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശബരിമലയിലെ പ്രധാന വഴിപാടുകളായ പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവയുടെ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ ക്രമക്കേടുകളുളളതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനാല്‍ ഇത്തവണ വഴിപാട്, പ്രസാദം, പൂജ കൗണ്ടറുകളിലൂടെയുളള ടിക്കറ്റ് വിതരണം കമ്പ്യൂട്ടറിലൂടെയാക്കാന് നടപടികള്‍ എടുത്തുവരുകയാണ്. കളഭാഭിഷേകം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റില്ലാതെ 19000 രൂപ വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഓഫീസിലെ അക്കൗണ്ടന്റിനെ ചീഫ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പതിനെട്ടാംപടി
കാനനമദ്ധ്യത്തിലുളള ഈ ക്ഷേത്രം നിലവില്‍ വന്ന കാലത്ത് അമ്പതോ നൂറോ പേരാണ് ദര്ശനത്തിനെത്തിയിരുന്നതെങ്കില് ഇന്നിവിടെ എത്തുന്നത് കോടിക്കണക്കിന് ഭക്തരാണ്. ആരാധകരുടെ വര്‍ദ്ധനവിനനുസരിച്ച് ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പമ്പയ്ക്കും സന്നിധാനത്തിനും ഇടയില്‍ വന്‍ഭക്തജന തിരക്കും തളളും കഷ്ടപ്പാടുകളും അനുഭവപ്പെടാനുളള മുഖ്യകാരണം പതിനെട്ടാംപടിയിലെ തിരക്കാണ്. ഇരുമുടയക്കെട്ടെടുത്ത് വ്രതധാരിയായി ശബരിമലയിലെത്തുന്ന ജനകോടികള്‍ പതിനെട്ടാംപടി ചവുട്ടി ശ്രീകോവില്‍ നടയിലെത്തി സ്വാമിദര്‍ശനം നടത്താനാണ് ആസ്രഹിക്കാറുളളത്. വീതികുറഞ്ഞ 18 ാം പടിയിലൂടെ എത്രമാത്രം ഉന്തിത്തളളി വിട്ടാലും അതിലൂടെ കടന്നുപോകുന്നവരുടെ എണ്ണത്തിന് അതിന്റേതായ പരിമിതിയുണ്ട്. കോടിക്കണക്കിന് അയ്യപ്പന്മാരെ ഇപ്രകാരം കടത്തിവിടാന്‍ എടുക്കുന്ന സമയമാണ് മറ്റ് സ്ഥലങ്ങളില്‍ നീണ്ട ക്യവിന് കാരണമാകുന്നത്. ക്ഷേത്ര തന്ത്രി, ഭക്തജന സംഘടനകള്‍, ദേവസ്വം ബോര്‍ഡ്, വാസ്തുവിദ്യാ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ പൊതുഅഭിപ്രയം അറിഞ്ഞ് 18 ാം പടിയുടെ വീതി ഇരട്ടിയോ അതിലധികമോ ആക്കുന്നത് ഉത്തമമായിരിക്കും. ശബരിമലയില്‍ 365 ദിവസവും ദര്‍ശനം അനുവദിച്ചില്ലെങ്കിലും 18 ാം പടിയ്ക്ക് വീതികൂട്ടുന്നത് തന്ത്രശാസ്ത്രവിധി പ്രകാരം സ്വീകാര്യമാകുമെന്ന് ഉറപ്പാണ്. ഇതുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരത്തിനോ വിശ്വാസങ്ങള്‍ക്കോ പ്രാധാന്യത്തിനോ തനിമയ്ക്കോ ദേവപ്രീതിക്കോ ശക്തിക്കോ എന്തെങ്കിലും കോട്ടം ഉണ്ടാകാന്‍ പോകുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി ഈ വിഷയത്തില്‍ മൂന്ന് മാസത്തിനുളളില്‍ തീരുമാനം അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതംഗീകരിച്ച് ഇതിനനുസൃതമായ മാറ്റങ്ങള്‍ 18 ാം പടിയിലും തുടര്‍ന്നുളള ക്യൂ കോംപ്ലക്സുകളിലും വരുത്തിയാല്‍ അത് ഭക്തര്‍ക്ക് വലിയ ഒരു അനുഗ്രഹമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
ശബരിമല മാസ്റ്റര്‍ പ്ലാന്‍
ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 2015 വര്ഷത്തിനുളളിലേക്കുളള ഒരു ഹ്രസ്വകാല വികസന പദ്ധതിയും, 2050 നുളളിലേക്കുളള ഒരു ദീര്‍ഘകാല പദ്ധതിയും തയ്യാറാക്കി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമാക്കിയുളള ഐ.എല്‍ & എഫ്.എസ് എക്കോസ്മാര്ട്ട് ഇന്ത്യാ ലിമിറ്റഡ് തയ്യാറാക്കിയ ഈ മാസ്റ്റര്‍ പ്ലാന്‍ 2007 മെയ് 3 ന് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി. ശബരിമലയുടെ ജൈവവൈവിധ്യവും പാരിസ്ഥിതിയും പച്ചപ്പും വനസമ്പത്തും എല്ലാം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി-വനം വകുപ്പുകളുടെ സഹകരണത്തോടെ മലയിലെത്തുന്ന ഭക്തര്‍ക്ക് ശുദ്ധജലവും, ഭക്ഷണവും, ഉറങ്ങാനും വിശ്രമിക്കാനുമുളള കെട്ടിടങ്ങളും, ശൗചാലയങ്ങളും, കുളിമുറികളും, വൈദ്യസഹയവും എല്ലാം ലഭിക്കാനുളള ആധുനിക വ്യവസ്ഥകളാണ് ഈ പ്ലാനിലുളളത്. ഇതനുസരിച്ച് സന്നിധാനത്ത് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രസാദം കോംപ്ലക്സ്, മരക്കൂട്ടത്തില് നിന്നും ശരംകുത്തിയിലേക്കുളള വഴിയില്‍ ക്യൂ കോംപ്ലക്സ്, കുന്നാര്‍ ഡാം നവീകരിക്കല്‍, സ്വാമി അയ്യപ്പന്-ചന്ദ്രാനന്ദന്‍ റോഡുകളുടെ വികസനം, പതിനെട്ടാം പടിക്ക് മുമ്പിലുളള വലിയ നടപ്പന്തല്‍ രണ്ട് നിലയാക്കല്‍ തുടങ്ങിയവയെല്ലാം നടപ്പാക്കേണ്ടതാണ്. പമ്പയില്‍ നിന്നും മാളികപ്പുറത്തേക്കുളള റോപ്പ്വേ നിര്‍മ്മണവും എത്രയുംവേഗം നടപ്പാക്കണം. ഇത് നടപ്പിലായാല്‍ സന്നിധാനത്തിലേക്കുളള അവശ്യവസ്തുക്കളുടെ ചരക്കുനീക്കം എളുപ്പമാകും. കൂടാതെ പ്രായമായവരും രോഗികളുമായവരെ മനുഷ്യന് ഡോളികളില്‍ ചുമന്നുകൊണ്ട് പോകുന്ന പതിവും നിര്‍ത്തലാക്കാന്‍ സാധിക്കും. തിരുപ്പതി മോഡലിലുളള കുറ്റമറ്റ സംവിധാനം ഇവിടെ ഉണ്ടാവണം. സന്നിധാനത്തിലെ വികസനപദ്ധതികളുടെ കണ്‍സള്‍ട്ടന്റായ ചെന്നൈയിലെ പിത്ത്വാഡിയാ അസോസിയേറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഇപ്രാവശ്യത്തെ മകരവിളക്കിനുശേഷം വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണെന്ന് ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഹൈ പവര്‍ കമ്മറ്റി ചെയര്‍മാനായ കെ. ജയകുമാര്‍ പറയുകയുണ്ടായി.
ഓണ്‍ലൈനിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് വലിയ തിരക്കില്‍ പെടാതെ സ്വാമിദര്‍ശനം നടത്താനുളള സൗകര്യം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമലയും അതിന്റെ ഭാഗമായ 18 മലകളും പവിത്രമായി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് വലിയ ഒരു ഹിന്ദുതീര്‍ത്ഥാടന കേന്ദ്രമായി മാറിയതോടുകൂടി ദേശദ്രോഹശക്തികളുടെ ഭീഷണിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും യാചകരുടെയും ശല്യം വര്‍ദ്ധിച്ചുവരുന്നു. അതിനാല്‍ ഇവിടെ എല്ലായ്പ്പോഴും പോലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ജാഗ്രതയോടുകൂടിയ നിരീക്ഷണം അത്യന്താപേക്ഷിതമാണ്. ശബരിമലയുടെ പവിത്രതയും പ്രസിദ്ധിയും തകര്‍ക്കാന്‍ ചില സെമറ്റിക് മതക്കാര്‍ വേഷംമാറിയെത്തി അന്യമതപ്രചരണം ഇവിടെ നടത്തുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുളളതു കൊണ്ട് ഇത്തരം നീക്കങ്ങള്‍ മുളയില്‍തന്നെ നുളളിനീക്കാന് അധികൃതര്‍ ശ്രദ്ധചെലുത്തണം.
ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്. ഭാസ്കരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തണമെന്ന ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കണം. ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കളവ് പോകാതെ സംരക്ഷിക്കുകയും അവ ഹിന്ദുസമൂഹത്തിന്റെ മത-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുമാണ്. ക്ഷേത്രധനം വിശ്വാസികളും അവിശ്വാസികളുമായ സര്‍ക്കരുകള്‍ കൊളളയടിക്കുകയും അത് ഹിന്ദുവിരുദ്ധ ശക്തികള്ക്കുവേണ്ടിപ്പോലും ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റംവരണം. ശബരിമലയില്‍ ലഭിക്കുന്ന സമ്പത്തുകൊണ്ടുതന്നെ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘവീക്ഷണവും നിസാര്ത്ഥബുദ്ധിയും ദൃഢനിശ്ചയവും ത്യാഗമനോഭാവവും കര്മ്മകുശലതയുമുളള വ്യക്തികള്‍ ക്ഷേത്രഭരണത്തിന്റെ തലപ്പത്ത് വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും തീര്‍ത്ഥാടനം നല്ല രീതിയില്‍ നടപ്പാക്കാനും സാധിക്കും. അതിനുളള ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണ് വേണ്ടത്. സ്വാമിശരണം...!!!
സുധീര്‍ നീരേറ്റുപുറം
PROBLEMS & SOLUTIONS OF SABARIMALA
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ