ലേഖനം
തൊഴിലിടങ്ങളിലെ അധിനിവേശം
സുധീര്‍ നീരേറ്റുപുറം
കേരളത്തിലെ തൊഴിലന്വേഷകരുടെ ഏറ്റവും വലിയ സ്വപ്നം എങ്ങനെയെങ്കിലും ഒരു പാസ്പോര്‍ട്ടും വിസയും സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുക എന്നതാണ്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ ഭാരതത്തിലെ അന്യ സംസ്ഥാനങ്ങളിലെ നിരക്ഷരരും തൊഴില്രഹിതരുമായവരുടെ സ്വപ്നം കളളവണ്ടി കയറിയാണെങ്കിലും കേരളത്തിലെത്തി ഒരു ജോലി സമ്പാദിക്കുക എന്നതാണ്. വിദേശങ്ങളില്‍ ലഭിക്കുന്ന ഉയര്‍ന്ന ശമ്പളമാണ് കേരളീയനെ പ്രവാസി ജീവിതത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍, കേരളത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന വേതനവും, സുഖകരമായ കാലാവസ്ഥയും, കെട്ടിട നിര്‍മ്മാണ-ഇന്‍ഫ്രാ സ്ട്രക്ചര്‍ മേഖലയില്‍ ഉണ്ടായിട്ടുളള വന്പുരോഗതിയുമാണ് ഇവിടേക്ക് മറുനാടുകളിലുളളവരെ പ്രധാനമായും ആകര്‍ഷിക്കുന്നത്. കൂടാതെ മലയാളികളുടെ തൊഴില്സമീപനത്തിലും ചിന്തയിലും വന്ന മാറ്റങ്ങളും പരിണാമങ്ങളും ഒരു മുഖ്യകാരണമാണ്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തിന്റെ സാക്ഷരതാ നിലവാരം 93.91 ശതമാനമാണ്. അഭ്യസ്തവിദ്യരായ കേരളീയന് ഇന്ന് ശാരീരിക അദ്ധ്വാനം ആവശ്യമായ ഒരു ജോലിയും സ്വന്തം നാട്ടില്‍ ചെയ്യാന്‍ തയ്യാറല്ല. തന്മൂലം കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വേതനവും, തൊഴില്‍ സംരക്ഷണ നിയമങ്ങളും മറ്റുമുണ്ടെങ്കിലും മലയാളി ഇന്ന് ആഗ്രഹിക്കുന്നത് വെളളക്കോളര്‍ ജോലികള്‍ മാത്രമാണ്. കേരളത്തിലെ കാര്‍ഷിക, നിര്‍മ്മാണ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെങ്കിലും അതുപയോഗപ്പെടുത്താന്‍ കേരളീയന് തയ്യാറല്ല. തന്മൂലം ഇവിടെ ഉണ്ടാകുന്ന തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരികയാണ് ചെയ്യുന്നത്. ഇത് ഒരു തരത്തില്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് നല്ലതാണെങ്കിലും സമീപ ഭാവിയില്‍ ഈ കൊച്ചു കേരത്തിലേക്കുളള അന്യ സംസ്ഥാനക്കാരുടെ അനിയന്ത്രിതമായ കുടിയേറ്റം നമ്മുടെ സാമൂഹ്യ-സാമ്പത്തിക-സദാചാര-സാംസ്കാരിക-മതപര ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അന്യസംസ്ഥാനക്കാരുടെ വന്സാന്നിദ്ധ്യമുളള പല പ്രദേശങ്ങളും ഇന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിലാണുളളത്.
പ്രവാസി കേരളീയരെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇവിടേക്കുളള മറ്റുളളവരുടെ കുടിയേറ്റങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷന്‍ നടത്തിയ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുളള ഒരു റിപ്പോര്‍ട്ട് ഫെബ്രുവരി 15, 2013 ന് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഇന്ന് 25 ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി പറയുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എണ്‍പതോളം ട്രെയിനുകളില്‍ നിത്യേന 5500 ലേറെ തൊഴിലന്വേഷകരെത്തുന്നുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യ 3.33 കോടിയാണ് (33,387,677). ഇതില്‍ 87.36 ലക്ഷം പേര് 20-64 വയസ് പ്രായമുളളവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്ഗനൈസേഷന് തയ്യാറാക്കിയ സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് 2012 ല്‍ പറയുന്നത് ഭാരതത്തിലെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്താണുളളതെന്നാണ്. അതായത് 9.9% പേര് ഇവിടെ തൊഴില്രഹിതരാണത്രെ! കേരളത്തേക്കാള്‍ കൂടുതല്‍ തൊഴില്രഹിതരുളളതാകട്ടെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളായ ഗോവ (17.9%), ത്രിപുര (14.1%), സിക്കിം (12.6%) എന്നിവയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 45 ലക്ഷമാണ്. ഇതില്‍ സ്ത്രീകള്‍ 27.4 ലക്ഷമുണ്ട്. ഫെബ്രുവരി 27, 2013 ല്‍ ലോകസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ കേരളത്തില്‍ തൊഴിലില്ലായ്മയുണ്ടെങ്കിലും ഇവിടെ ദരിദ്രരായിട്ടുളളവര് 9.5% മാത്രമാണെന്ന് വ്യക്തമാക്കുന്നു. സംഘടിത മേഖലയില്‍ 2000 ല്‍ 12.26 ലക്ഷം പേര്‍ക്ക് ജോലി ലഭിച്ചുവെങ്കില്‍ 2012 ല്‍ അത് 10.89 ലക്ഷം ആയി കുറഞ്ഞു. 12 വര്‍ഷത്തിനുളളില്‍ 11.2% കുറവുണ്ടായി. 2012 ല്‍ തൊഴില്‍ ലഭിച്ച 10.89 ലക്ഷത്തില്‍ 5.77 ലക്ഷം (53%) പേര് പൊതുമേഖലയിലും, 5.12 ലക്ഷം (47%) പേര് സ്വകാര്യ മേഖലയിലുമാണ് തൊഴില്‍ നേടിയത്. 2012 മാര്‍ച്ച് വരെയായി 47% പേര്‍ക്ക് സംസ്ഥാന സര്‍ക്കാരിലും, 10% പേര്‍ക്ക് കേന്ദ്ര സര്‍ക്കാരിലും, 39% പേര്‍ക്ക് കേന്ദ്ര-സംസ്ഥാന നിയന്ത്രണത്തിലുളള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ലഭിച്ചു. കേരളത്തില്‍ സ്ത്രീകള്‍ പൊതുമേഖലയില്‍ 32.1% ഉം, സ്വകാര്യമേഖലയില്‍ 39% ഉം ജോലി ചെയ്യുന്നു. കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം അനുദിനം പെറ്റുപെരുകുമ്പോളാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്ന് ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചുകൊണ്ട് പോകുന്നതെന്നത് വിചിത്രമാണ്.
സംസ്ഥാന തൊഴില്‍ വകുപ്പ് നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് അന്യസംസ്ഥാനക്കാര്‍ ഇവിടെ നിന്നും പ്രതിവര്‍ഷം 16076.16 കോടി രൂപ തങ്ങളുടെ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ്. പ്രവാസി മലയാളികള്‍ പ്രതിവര്‍ഷം കേരളത്തിലേക്ക് 55,000 കോടി രൂപ അയക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. കേരള സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും സഹായത്തോടെ സിഡിഎസ് നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വ്വേ 2011 ല്‍ പറയുന്നത് 2011 ല്‍ വിവിധ വിദേശ രാജ്യങ്ങളിലായുളള 2.28 മില്യണ്‍ മലയാളികള്‍ ഏകദേശം 49,695 കോടി രൂപ നാട്ടിലേക്കയച്ചുവെന്നാണ്. കേരളത്തിലുളള തൊഴില്‍രഹിതരായ മലയാളികള്‍ പട്ടിണിയില്ലാതെ ജീവിക്കുന്നത് ഈ വിദേശപണം കൊണ്ടാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍കരണം കര്‍ശനമായി നടപ്പാക്കുകയും അവിടെയുളള മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് വിദേശപ്പണത്താല് കഴിഞ്ഞുകൂടുന്ന മലയാളി കടുത്ത ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും വഴുതിവീഴുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അന്യസംസ്ഥാന തൊഴിലാളികളെ അനിയന്ത്രിതമായി ക്ഷണിച്ചുവരുത്തുന്ന ലാഭക്കൊതിയന്മാര് ഭാവി തലമുറയോടും സ്വസമൂഹത്തോടും ജന്മനാടിനോടും കടുത്ത അനീതിയും ദ്രോഹവുമാണ് ചെയ്യുന്നത് എന്ന മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
നഗരങ്ങളിലും ഗ്രാമങ്ങളിലും മറ്റും ഒന്നോ നാലോ അന്യസംസ്ഥാനക്കാര്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്ത് ജീവിക്കുന്നതുപോലെയല്ല ഒരു സുപ്രഭാതത്തില്‍ ഒരു സ്ഥലത്തേക്ക് നൂറ് നൂറ്റമ്പത് പേരടങ്ങുന്ന ഒരു സംഘം അപരിചിതര്‍ പ്രത്യക്ഷപ്പെട്ട് താമസമുറപ്പിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഇത്തരം ലേബര്‍ ക്യാമ്പുകള്‍ തദ്ദേശിയര്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദവും പിരമുറുക്കവും അസ്വസ്ഥതയും ആശങ്കകളും ഉണ്ടാക്കുക സ്വാഭാവികമാണ്. ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിന്റെ തളം ഇതുമൂലം തെറ്റുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. കേരളത്തിലേക്കെത്തുന്ന അന്യ സംസ്ഥാനക്കാരില്‍ ബഹുഭൂരിപക്ഷവും അവിദഗ്ദ്ധ തൊഴിലാളികളാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് 18.5% മാത്രമാണ് വിദഗ്ദ്ധ തൊഴിലാളികളായിട്ടുളളത്, 69.52% അവിദഗ്ദ്ധ തൊഴിലാളികളാണ്. നിരക്ഷരരും, കടുത്ത ദാരിദ്ര്യജീവിതത്തില് നിന്ന് വരുന്നവരുമായ ഇവരുടെ ജീവിതരീതികള്‍ ഉയര്‍ന്ന സാംസ്കാരിക-ഭൗതിക-സാക്ഷര-ആരോഗ്യ-പുരോഗമന ജീവിതം നയിക്കുന്ന കേരളീയന് ഒരിക്കലും ഉള്‍ക്കൊളളാനോ അംഗീകരിക്കാനോ കഴിയാറില്ല.
കേരളത്തില്‍ പ്രധാനമായും തൊഴില്‍തേടി എത്തുന്നവര്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ്. ഇതുകൂടാതെ അതിര്‍ത്തി കടന്ന അനധികൃതമായി എത്തുന്ന ബംഗ്ലാദേശികള്‍ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നാണെന്ന് നുണപറഞ്ഞ് താമസിക്കുന്നവരുമുണ്ട്. നേപ്പാളില്‍ നിന്നുളളവരും ഇപ്പോള്‍ കേരളത്തിലേക്ക് കുടിയേറുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ തമിഴ്നാട്ടില്‍ നിന്നുളളവരെക്കുറിച്ചുളള വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ ഇപ്രകാരമാണ് പശ്ചിമ ബംഗാള്‍ : 20%, ബീഹാര്‍ : 18.1%, ആസ്സാം : 17.28%, ഉത്തര്‍പ്രദേശ് : 14.83% ഒറീസ്സ : 6.67%, മറ്റുളളവര്‍ : 23.13%. ഇതില്‍ നിന്നും മറ്റുളളവര്‍ എന്നതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ബഹുഭൂരിപക്ഷവും തമിഴ്നാട്ടില്‍ നിന്നുളളവരെയാണ് എന്ന് മനസിലാക്കാം. കൊച്ചിയിലെ തമിഴ് തൊഴിലാളികളെക്കുറിച്ച് 2007 ല്‍ സെന്റര്‍ ഫൊര്‍ സോഷ്യോ-ഇക്കണോമിക് & എന്വയറോണ്മെന്റ് സ്റ്റഡീസ് നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തില്‍ 2,79,702 തമിഴര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ്. 2007 ല്‍ അന്യസംസ്ഥാനക്കാരില്‍ 67.75% ഉം തമിഴരായിരുന്നു. ഇതില്‍ തമിഴ് സ്ത്രീ തൊഴിലാളികള്‍ 47.08% വരും. കര്‍ണ്ണാടകയില്‍ നിന്നും അക്കാലയളവില്‍ 55,685 പേര് (13.49%) ഇവിടെ പണിയെടുത്തിരുന്നു. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഉയര്‍ന്ന വേതനവും ധാരാളം തൊഴിലവസരങ്ങളും ഉളളതിനാല്‍ അവിടെ നിന്നുളള വരവ് കുറഞ്ഞിട്ടുണ്ട്. പക്ഷെ 2007 ല്‍ ഉത്തരപ്രദേശ് : 1.43%, പശ്ചിമ ബംഗാള്‍ : 1.03%, ബീഹാര്‍ : 0.81%, ഒറീസ്സാ : 0.81%, ആസ്സാം : 0.29% മാത്രമാണുണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനുളളില്‍ സ്ഥിതിഗതികളാകെ മാറിയിരിക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇന്ന് കേരളത്തിലുളള അന്യസംസ്ഥാന തൊഴിലാളികളില്‍ 75.24% ഉം 18-29 വയസ്സിനുളളിലുളളവരാണ്. ചെറുപ്പക്കാരുടെ വന്‍തോതിലുളള കുടിയേറ്റം കേരളത്തില്‍ നിരവധി സാമൂഹ്യതിന്മകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 2013 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സര്‍ക്കാര്‍ രേഖയില്‍ വിവിധ വയസ്സിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുളള കുടിയേറ്റക്കാരുടെ വിവിധ സംസ്ഥാനങ്ങള്‍ തിരിച്ചുളള പട്ടിക ചുവടെ ചേര്‍ക്കുന്നു.
മേല്‍ കൊടുത്ത പട്ടികയില്‍ നിന്നും ഒരു കാര്യം സ്പഷ്ടമാണ് ഇന്ന് പശ്ചിമ ബംഗാള്‍, ആസ്സാം, ബീഹാര്‍, ഉത്തരപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും വലിയ കുടിയേറ്റം ഉണ്ടാകുന്നത്. ഇതില്‍ സമൂഹത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ബംഗാള്‍, ആസ്സാം എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന മുസ്ലിം വംശജരാണ്. കാരണം ഇവരില്‍ 99% ശതമാനവും ബംഗ്ലാദേശില്‍ നിന്നും പാസ്പോര്‍ട്ടും വിസയും ഒന്നുമില്ലാതെ അനധികൃതമായി നുഴഞ്ഞുകയറി വരുന്നവരാണ്. ഇവരുടെ കൂട്ടത്തില്‍ മതതീവ്രവാദികളും ക്രിമിനലുകളും കടന്നുവരുന്നത് ലഹളകള്‍ക്ക് വരെ കാരണമാകുന്നുണ്ട്. ഇവര്‍ പലപ്പോഴും കളളനോട്ട്, കഞ്ചാവ്, മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവയുടെ കളളക്കടത്തുകാരായും പ്രവര്‍ത്തിക്കുന്നു. ഇവരുടെ തൊഴിലിടങ്ങളില്‍ സ്ത്രീകളെ കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ട ഒരു പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് പറഞ്ഞത് പെരുമ്പാവൂരില്‍ വൈദ്യ പരിശോധനക്ക് വിധേയരായവരില്‍ ഏഴ് പേര് എച്ച്ഐവി/എയ്ഡ്സ് രോഗം ബാധിച്ചവരാണെന്നാണ്. ഇവരിലൂടെ കേരളത്തിന് അന്യമായ പല പകര്‍ച്ചവ്യാധികളും (മലേറിയ, ടിബി....) രോഗങ്ങളും വരെ പടര്‍ന്നുപിടിക്കുന്നത് തദ്ദേശവാസികള്‍ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പോലും അന്യസംസ്ഥാനക്കാരുടെ ലേബര്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്. ഗ്രാമങ്ങളുടെ സാമൂഹികജീവിതം ഇതുമൂലം ഭീഷണി നേരിടുകയാണ്. മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ നാട്ടുകാരെ ആക്രമിക്കുന്നതും സംഘട്ടനങ്ങള്‍ നടത്തുന്നതും പതിവായിരിക്കുന്നു. ഇക്കൂട്ടര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇപ്പോള്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ പതിവാണ്. ഇവിടെ രണ്ട് ലക്ഷത്തിലേറെ കുടിയേറ്റക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ബംഗ്ലാദേശി/ബംഗാള്‍/ആസ്സാം മുസ്ലിം കുടിയേറ്റക്കാര്‍ ഹിന്ദുക്കളെ ആക്രമിക്കുന്നത് സാധാരണമായിരിക്കുകയാണ്. സ്ഥലവാസികളായ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ ഇവരെ ദുരുപയോഗം ചെയ്യുന്നതും രംഗം കൂടുതല്‍ വഷളാക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 15 ന് പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ വച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു പശുവിനെ പട്ടാപ്പകല്‍ ഒരു മൗലവി പ്രാര്‍ത്ഥനചൊല്ലി അനുയായികളെക്കൊണ്ട് കഴുത്തറുത്ത് കൊന്നത് ഇവിടെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. പൊതുസ്ഥലങ്ങളിലും, റോഡരുകിലും ലൈസന്‍സൊന്നും ഇല്ലാതെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പോത്തിനേയും പശുവിനേയും ആടിനേയും എരുമയേയും മറ്റും കഴുത്തറുത്ത് കൊന്ന് വില്പന നടത്തുന്നത് നിത്യകാഴ്ചയാണ്. മുറിച്ചെടുത്ത തലകളും ശരീരഭാഗങ്ങളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു. രക്തം വാര്‍ന്നൊലിച്ച് റോഡുകളില്‍ തളംകെട്ടി കിടക്കുന്നത് നിത്യ കാഴ്ചയാണ്. മാംസാഹാരികളായ കുടിയേറ്റക്കാര്‍ക്ക് വേണ്ടി ആയിരക്കണക്കിന് മൃഗങ്ങളെയാണ് ഇവിടെ ദിവസവും പരസ്യമായി കശാപ്പ് ചെയ്യുന്നത്. മാത്രവുമല്ല മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊതുസ്ഥലങ്ങളിലും, നീര്‍ച്ചാലുകളിലും, കുളങ്ങളിലും, റോഡരികിലും വലിച്ചെറിയുന്നത് സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുകയും ശുദ്ധജലലഭ്യത അസാദ്ധ്യമാക്കുകയും ചെയ്യുന്നു. നിലവിലുളള മതപരമായ ജനസംഖ്യാ സന്തുലനത്തില്‍ വരുന്ന നേരിയ വ്യതിയാനം പോലും ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അന്യസംസ്ഥാനക്കാരുടെ മതാടിസ്ഥാനത്തിലുളള കണക്കുകള്‍ ഈ ഭീതി അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ്.
പശ്ചിമ ബംഗാള്‍, ആസ്സാം എന്നിവിടങ്ങളില്‍ നിന്നും വരുന്നവരില്‍ യാഥാക്രമം 48.98%, 45.67% മുസ്ലീങ്ങളാണ് കേരളത്തിലുളളത്. ഇവരില്‍ സിംഹഭാഗവും ബംഗ്ലാദേശികളാണെന്ന് കരുതേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പോലീസ് ഇവരെ കണ്ടെത്താനോ പിടികൂടി രാജ്യാതിര്‍ത്തി കടത്തിവിടാനോ ശ്രമിക്കാറില്ല. അനധികൃത കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്ത് എല്ലുമുറിയെ പണിയെടുപ്പിച്ച് കൊളളലാഭം ഉണ്ടാക്കുന്ന മുതലാളിമാരും കോണ്ട്രാക്ടര്മാരും പോലീസിനേയും തൊഴില്‍-ആരോഗ്യ വകുപ്പുകളേയും പണ-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് 200-350 രൂപ കൂലി ലഭിക്കുന്നുവെങ്കിലും അവര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് അറിയുന്നത്. ഇക്കൂട്ടത്തില്‍ ബാലവേലക്കാരും ഉണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ പ്രധാനമായും ജോലി ചെയ്യുന്നത് കെട്ടിട നിര്‍മ്മാണ മേഖലയിലാണ്. മൊത്തം തൊഴിലാളികളില്‍ 60% ഉം ഈ രംഗത്താണുളളത്. ഉല്പാദന മേഖലയില്‍ 8.30%, ഹോട്ടല്‍ & റസ്റ്റോറന്റ് 6.94%, കൃഷി 2.31%, വിവിധ ടേഡുകളില് 1.77% ഉം ജോലി ചെയ്യുന്നു. ഇവരില്‍ 57.82% ഉം ആഴ്ചയില്‍ 6 ദിവസവും, 28.71% ആഴ്ചയില്‍ 7 ദിവസവും, 10.88% ആഴ്ചയില്‍ 5 ദിവസവും ജോലി ചെയ്യുന്നവരാണ്. 29.12% പേര് 300 രൂപയില്‍ താഴെ ദിവസ കൂലി കിട്ടുന്നവരാണ്. 300-399 രൂപ ലഭിക്കുന്നവര്‍ 35.51% ഉം, 400-499 രൂപ കിട്ടുന്നവര്‍ 23.13% ഉം, 500 രൂപയില്‍ കൂടുതല്‍ കിട്ടുന്നവര്‍ 9.8% ഉം ഉണ്ട്. ശരാശരി 70000 രൂപ ഇവര്‍ വര്‍ഷംതോറും അവരുടെ നാടുകളിലേക്ക് അയക്കുന്നുണ്ട്. 57.69% ഉം സ്വന്തം ബാങ്ക് അകൗണ്ട് മുഖേനയും, 21.50% മറ്റുളളവരുടെ അകൗണ്ടിലൂടെയും, 6.94% സുഹൃത്തുക്കള്‍ വഴിയും, 1.63% പോസ്റ്റ് ഓഫീസ് മുഖേനയുമാണ് വീടുകളിലേക്ക് പണം കൈമാറുന്നത്.
ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍കരണവും, തൊഴിലില്ലായ്മയും മൂലം പ്രവാസി മലായാളികള്‍ മടങ്ങിവരുന്നതുമൂലം 10 വര്‍ഷത്തിനുളളില്‍ കേരളത്തിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും 40 വയസിനുമേല്‍ പ്രായമുളളവരായിരിക്കും. ഈ സമയം ഇവിടെയുളള കുടിയേറ്റക്കാരാകട്ടെ ചെറുപ്പക്കാരും ആരോഗ്യവാന്മാരും ആയിരിക്കും. ഇത് വലിയ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് വഴിതുറക്കും. കുടിയേറ്റക്കാരില്‍ വലിയപങ്കും അവിവാഹിതരോ ഭാര്യമാരെ നടുകളില്‍ പാര്പ്പിച്ചവരോ ആയതിനാല്‍ ഇവിടെ ഏകരായിട്ടാണ് കഴിയുന്നത്. അതിനാല്‍ ഇവരുടെ പ്രകൃതിദത്തമായ ലൈംഗികതൃഷ്ണകള്‍ ശമിപ്പിക്കാന്‍ തദ്ദേശവാസികളായ സ്ത്രീകളുടെമേല്‍ അതിക്രമങ്ങള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലും താമസിക്കുന്നത് കൂട്ടമായിട്ടാണ്. ഒരേ ഭാഷ സംസാരിക്കുന്നവര്‍ ഒന്നിച്ച് താമസിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നത് സാധാരണമാണ്. ചെറിയ ഒരു മുറിയില്‍ 20 ഉം 50 ഉം പേര് താമസിക്കുകയും, ഒന്നിച്ച് ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നതുമൂലം പലവിധ സാംക്രമിക രോഗങ്ങളും ഉണ്ടാകാം. ഒറ്റയ്ക്ക് പാചകം ചെയ്ത് കഴിക്കുന്നവര്‍ 3% മാത്രമാണുളളത്. അതുപോലെ ഇവര്‍ക്ക് പൊതുവായ ഭോജനാലയവും കക്കുസും കുളിമുറിയും മറ്റുമാണുളളത്. താല്കാലിക കക്കൂസുകളിലെ മാലിന്യം നിറഞ്ഞ് കവിയുമ്പോള്‍ അത് നെല്‍പ്പാടങ്ങളിലേക്കും, ജലാശയങ്ങളിലേക്കും ഒഴുക്കി ശുദ്ധജലം മലിനമാക്കുന്നതുമൂലം തദ്ദേശവാസികളുടെ കിണറുകളും തോടുകളും കുളങ്ങളും മറ്റും ഉപയോഗശൂന്യമാകുന്നത് പല പ്രദേശങ്ങളിലും നാട്ടുകാരുമായുളള വഴക്കുകള്‍ക്ക് കാരണമാകുന്നുണ്ട്.
2012 ജൂലൈ 11 ന് സംസ്ഥാന നിയമസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയില്‍, കേരളത്തില്‍ 63,200 അന്യസംസ്ഥാന തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇവരുടെ യാഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കാനും തീവ്രവാദ-ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കാനും, തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനും പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുളളതായി പറഞ്ഞിരുന്നു. കേരളത്തിലെ വിവിധ ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത് വെറും 23,500 പേര് മാത്രമാണ്. ഇത് കേരളത്തില്‍ യഥാര്‍ത്ഥത്തിലുളള അന്യസംസ്ഥാനക്കാരെ തിരിച്ചറിയാനും അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട വിവിധ സേവനവേതനങ്ങളും ആരോഗ്യ ക്ഷേമ പദ്ധതികളും നഷ്ടമാക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു.
നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോലും ഒരു കക്കൂസ് മാത്രമുളള ലേബര്‍ ക്യാമ്പുകളും കേരളത്തിലുണ്ട്. കേരളത്തിലെ തൊഴിലന്വേഷകര്‍ ഇവിടെ ജോലി ചെയ്യുന്നത് ഗള്‍ഫിലേക്ക് പോകുന്നതിനു മുന്പുളള പരിശീലനം എന്ന നിലയിലാണ്. സ്ഥിരമായി ജോലിയില്‍ ഉറച്ചു നില്‍ക്കാത്തതിനാല്‍ ഇന്ന് എല്ലാ തൊഴിലുടമകളും അന്യസംസ്ഥാനക്കാരെയാണ് ആശ്രയിക്കുന്നത്. പെരുമ്പാവൂരിലെ പ്ലൈവുഡ്, തടി മില്ലുകള്‍, തൃശൂരിലെ കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍, ഇഷ്ടിക കളങ്ങള്‍, പാലക്കാട്ടെ പ്ലാസ്റ്റിക് കമ്പനികള്‍, സംസ്ഥാനമെമ്പാടുമുളള റോഡ്, റെയില്‍ നിര്മ്മണരംഗം എന്നുവേണ്ട സമസ്തമേഖലയിലും ഭായിമാരെയും അണ്ണാച്ചിമാരെയും മാത്രമേ കാണാനുളളൂ! കേരളത്തിന്റെ നഗര-ഗ്രാമ ഭേദമന്യേ ഇവര്‍ വ്യാപിച്ചിരിക്കുകയാണ്. രണ്ടായിരത്തിലേറെ കിലോമീറ്റര്‍ യാത്രചെയ്തെത്തുന്ന ഇവര്‍ ഒരു ഉപഭോഗ സംസ്ഥാനമായി മാറിയിരിക്കുന്ന കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നല്കുന്ന സംഭാവനകള്‍ കാണാതിരുന്നുകൂടാ. ഒരു പാന്‍പരാഗും, ഒരു കുപ്പി ബിസ്ലേരി വെളളത്തിന്റെ കുപ്പിയും കൊടുത്താല്‍ ഇവര്‍ മാടുകളെപ്പോലെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ പണിയെടുക്കുമെന്നാണ് പല കോണ്ട്രാക്ടര്മാരും പരിഹാസത്തോടെ പറയുന്നത്. മലയാളിക്ക് കൊടുക്കേണ്ട കൂലിയുടെ പകുതി കൊണ്ട് ഇവരെ ഉപയോഗിച്ച് നിത്യേന 11 മണിക്കൂര്‍ വരെ രാവാകുവോളം പണി ചെയ്യിച്ച് അവന്റെ രക്തവും വിയര്‍പ്പും പരമാവധി ഊറ്റിയെടുത്ത് അതിസമ്പന്നരാവുകയല്ലേ മുതലാളിമാരായ മലയാളികള്‍? സ്വന്തം നാട്ടില്‍ ലഭിക്കുന്ന കൂലിയുടെ രണ്ടും മൂന്നും ഇരട്ടി കൂലി ലഭിക്കുന്നതിനാലും ദിവസവും പണിയുളളതിനാലും അവര്‍ ഈ പീഡനങ്ങള്‍ നിശബ്ദം സഹിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഏകദേശം 350 ാളം ബില്ഡര്മാരുണ്ട്. ഈ കെട്ടിട നിര്‍മ്മതാക്കള്‍ പറയുന്നത് ഈ മേഖലയില്‍ 4 ലക്ഷത്തോളം പേര് ജോലി ചെയ്യുന്നുവെന്നാണ്. ഇവിടെ കല്ലുകെട്ട്, മേസ്തിരി, മരപ്പണി, ഇലക്ട്രിക്കല്‍, പെയിന്റിംഗ് തുടങ്ങിയ ജോലികളൊക്കെ ചെയ്യാന്‍ ഇന്നാട്ടുകാരെ കിട്ടാനില്ല. എല്ലാവരും ഗള്‍ഫിലോ വിദേശയാത്ര സ്വപ്നം കണ്ട് നടക്കുന്നവരോ, അഭ്യസ്തവിദ്യരോ ആണ്. അതിനാല്‍ ഈ മേഖലയില്‍ 99% ഉം അന്യസംസ്ഥാനക്കാരാണ് പണിയെടുക്കുന്നത്.
എല്ലാ വിഭാഗം ജനതകളിലും ഒന്നോ രണ്ടോ ശതമാനം കുറ്റവാളികളുണ്ടാകാം. അവരെ യഥാസമയം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ച് ന്യായമായ ശിക്ഷ നല്കിയാല് കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സാധിക്കും. കൂടാതെ തൊഴിലാളികളുടെ വേഷത്തില്‍ ഇവിടേക്ക് കടന്നുവരുന്ന ഭീകരപ്രവര്‍ത്തകരേയും, രാജ്യദ്രോഹികളേയും, കളളക്കടത്തുകാരേയും മറ്റ് കുടിയേറ്റക്കാരുടെയും തദ്ദേശവാസികളുടേയും സഹായത്തോടെ തിരിച്ചറിയുകയും അവരെ ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്യണം. കുടിയേറ്റക്കാരെ ലാഭം മാത്രം നോക്കി ദയനീയമായ ചുറ്റുപാടുകളില്‍ മതിയായ ആരോഗ്യവും വൈദ്യസഹായവും ശുചിത്വവും ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കണം. ഓരോ സ്ഥാപനത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികളുടെയും പേരുകള്‍ സഹിതമുളള പൂര്‍ണ്ണവിവരങ്ങള്‍ തൊഴില്‍ വകുപ്പിനേയും പോലീസിനേയും അറിയിക്കുകയും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും വേണം. എച്ച്ഐവി, എയ്ഡ്സ്, മലേറിയ, ടിബി തുടങ്ങിയ മാരകരോഗങ്ങളുളളവരെ കണ്ടെത്തി ചികിത്സ നല്‍കണം. ആരോഗ്യ വകുപ്പ് അധികൃതര്‍ നിരന്തരം തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവിധ ആരോഗ്യസുരക്ഷാ പദ്ധതികളെ കുറിച്ച് അവരെ ബോധവല്‍കരിക്കുകയും വൈദ്യ സഹായം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
മലയാളിയുടെ തൊഴിലിനോടുളള മനോഭാവത്തില്‍ മാറ്റം വരാത്തിടത്തോളം കാലം ഇവിടെ അന്യസംസ്ഥാനക്കാര്‍ കടന്നു വരികയും അദ്ധ്വാനിച്ച് പണം സമ്പാദിച്ച് മടങ്ങിപ്പോവുകയും ചെയ്യും. ഭക്ഷ്യോല്പാദനത്തില് സ്വയംപര്യാപ്തമായിരുന്ന കേരളീയന് ഇന്ന് അന്നം വേണമെങ്കില്‍ അന്യസംസ്ഥാനക്കാര്‍ കനിയേണ്ട അവസ്ഥയില്‍ മറ്റുളളവരെ കുറ്റം പറഞ്ഞ് കാലം കഴിക്കുന്നത് പരിഹാസ്യമാണ്. എന്തുകൊണ്ടാണ് ഇവിടെ വിദഗ്ദ്ധതൊഴില്‍ മേഖലയില്‍ മറ്റുളളവരുടെ ഇടിച്ചുകയറ്റം ഇല്ലാത്തത്. ഉത്തരം വളരെ സ്പഷ്ടമാണ്, അവിടെ ജോലി ചെയ്യാന്‍ മലയാളികള്‍ തയ്യാറാണ്, ഉന്തുംതളളുമാണ്. അതിനാല്‍ പ്രഥമ പരിഗണന മലയാളികള്‍ക്കായതിനാല്‍ മറ്റുളളവര്‍ക്ക് ഇവിടെ സ്ഥാനം കിട്ടുന്നില്ല. ഇതുപോലെ അവിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ കേരളീയന് ന്യായമായ കൂലിക്ക് പണിയെടുക്കാന്‍ സന്നദ്ധനായാല്‍ കുടിയേറ്റക്കാര്‍ക്ക് അവസരം നഷ്ടമാവുകയും അവര്‍ ക്രമേണ പുതിയ മേച്ചിന്‍പുറങ്ങള്‍ തേടി യാത്രയാവുകയും ചെയ്യും. കേരളീയന്റെ അനിയന്ത്രിതമായ സാമ്പത്തികമോഹമാണ് ഇവിടെയുളള ഘോരവനങ്ങളും, പര്‍വ്വതങ്ങളും, നദികളും, നീര്‍ച്ചാലുകളും, തോടുകളും, കായലുകളും, കൃഷിയിടങ്ങളും എല്ലാം നഷ്ടപ്പെടുത്തിയത്. എല്ലാ കാലത്തും സമശീതോഷ്ണമായ കാലാവസ്ഥ നിലനിന്നിടത്ത് കടുത്ത വേനലും ശുദ്ധജലക്ഷാമവും ഭക്ഷ്യകമ്മിയും എല്ലാം വരുത്തിവച്ചത് അവന്റെ അമിതവും ഭ്രാന്തവുമായ ഭോഗതൃഷ്ണയാണ്. ഇതിന് ശമനം വരാത്തിടത്തോളം കാലം കേരളീയന് ഒരു മോചനം അകലെതന്നെയാണ്. കുന്നും മലകളും ഇടിച്ചുനിരത്തിക്കൊണ്ട് കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നതാണ് പുരോഗമനം എന്ന അന്ധവിശ്വാസത്തില്‍ നിന്ന് മോചിതനായി പ്രകൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുളള ഒരു ജീവിത സംസ്കാരം രൂപപ്പെടുത്തുകയും നഷ്ടമായ ഗ്രാമീണത വീണ്ടെടുക്കുകയുമാണ് മലയാളിക്ക് ഇനി കരണീയമായിട്ടുളളത്. തൊഴിലില്ലായ്മ വേതനം കിട്ടുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലെടുക്കാതെ വിദേശജോലി സ്വപ്നം കണ്ട് കഴിയുന്ന രീതി മാറണം. ഇന്നാട്ടുകാരില്‍ തൊഴിലില്ലാത്തവര്‍ 45 ലക്ഷമുണ്ടെങ്കില്‍, അവര്‍ സ്വന്തം നാട്ടില്‍ത്തന്നെ പണിയെടുക്കാന്‍ തയ്യാറായാല്‍ ഇവിടെ തൊഴിലന്വേഷിച്ചു വന്നിട്ടുളള 25 ലക്ഷത്തിലേറെപ്പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകും. സ്വയം അദ്ധ്വാനിക്കുകയില്ല, മറ്റുളളവരെ തൊഴിലെടുക്കാന്‍ അനുവദിക്കുകയുമില്ല എന്ന സമീപനം മാറണം. ഇവിടെയുണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഇന്നാട്ടുകാര് തന്നെ നികത്തിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുന്നതാണ്.
..............................................................
കേരളം സ്വര്‍ഗ്ഗം
കേരളത്തിലെ ഏറ്റവും വലിയ അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരില്‍ ഭീകരാന്തരീക്ഷമാണുളളത്. ലൈസന്‍സില്ലാതെ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ച് ബംഗ്ലാദേശി കുടിയേറ്റക്കാരെയും തീവ്രവാദികളേയും കുറ്റവാളികളേയും ബോധപൂര്‍വ്വം ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചുകൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന മുതലാളിമാരാണ് ഇവിടെയുളളത്. ഓരോ ക്യാമ്പിലുളളവരേയും ആറു മാസം കൂടുമ്പോള്‍ സ്ഥലം മാറ്റുന്നതും പതിവാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഇടയിലുളള കുറ്റവാളികളെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. അപരിചിതരെ കണ്ടാല്‍ ഗുണ്ടകളെകൊണ്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും അടിച്ചോടിക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണ്. തൊഴിലാളികളുമായി സംസാരിക്കാനോ വിവരങ്ങള്‍ തിരക്കാനോ ഫോട്ടോകള്‍ എടുക്കാനോ ഇവര്‍ അനുവദിക്കാറില്ല. എങ്കിലും ഈ ഭീഷണികള്‍ അവഗണിച്ചുകൊണ്ടാണ് കേസരി ഈ പ്രദേശങ്ങളിലെ ഫോട്ടോകളും അഭിമുഖങ്ങളും മറ്റും ശേഖരിച്ചത്.
Add caption |
ആസ്സാമിലെ ലഖന്പൂര് ജില്ലയിലെ കേഖറി ഗ്രാമവാസിയായ ജയന്തോ ഹണിഗര് (32) ആറ് വര്‍ഷം മുമ്പ് കേരളത്തില്‍ തൊഴിലന്വേഷിച്ച് വന്നതാണ്. ഇന്ന് അയാള്‍ പെരുമ്പാവൂരിലുളള ഒരു തടി കമ്പനിയില്‍ ജോലി ചെയ്യുന്നു. അയാള്‍ പറയുന്നത് കേരള ജീവിതത്തില്‍ അയാള്‍ പരമ സന്തുഷ്ടനാണെന്നാണ്. കേരളം ഒരു സ്വര്‍ഗ്ഗമാണെന്നും പറയാന്‍ ആയാള്‍ മടിച്ചില്ല. അയാളുടെ ഗ്രാമത്തില്‍ പകലന്തിയോളം പണിയെടുത്താല്‍ കൂലിയായി കിട്ടുന്നത് 150 രൂപയായിരുന്നു. അവിടെ പ്രധാനമായും തക്കാളി, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. പക്ഷെ, അവിടെ ആഴ്ചയില്‍ 2-3 ദിവസം മാത്രമേ തൊഴില്‍ ഉണ്ടായിരുന്നുളളു. എന്നാല്‍ കേരളത്തില്‍ ജയന്തോക്ക് ദിവസം 350 രൂപ വീതം കിട്ടുന്നുണ്ട്. മാസം തോറും ഇയാള്‍ സ്വന്തം ബാങ്ക് അകൗണ്ടിലൂടെ വീട്ടിലേക്ക് 8000 ാളം രൂപ അയച്ചു കൊടുക്കുന്നു. ഇയാളുടെ നിരവധി നാട്ടുകാര്‍ പെരുമ്പാവൂരിലുളള പ്ലൈവുഡ്, തടി കമ്പനികളിലും, എറണാകുളത്തുളള മത്സ്യസംസ്കരണ യൂണിറ്റുകളിലും, കെട്ടിട നിര്‍മ്മാണ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ അഭിപ്രായത്തില്‍ ബംഗാള്‍, ആസ്സാം എന്നിവിടങ്ങളില്‍ നിന്ന് വന്നതാണെന്ന് പറയുന്ന മുസ്ലീങ്ങളില്‍ 90% ഉം അനധികൃതമായി ഭാരതത്തിലേക്ക് നുഴഞ്ഞുകയറിവന്നിട്ടുളള ബംഗ്ലാദേശികളാണ്, അവര്‍ യഥാര്സ്ഥ ആസാമികളല്ല.
കളളനോട്ട് ലോബി
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു തടി മില്‍ ഉടമസ്ഥന് പറഞ്ഞത്, പെരുമ്പാവൂര്‍ മേഖലയില്‍ വിതരണം ചെയ്യുന്ന കറന്‍സി നോട്ടുകളില്‍ വലിയ ഭാഗം കളളനോട്ടുകളാണെന്നാണ്. ഇന്ത്യന്‍ കറന്‍സിയെ വെല്ലുന്ന പാകിസ്ഥാനില്‍ അച്ചടിച്ച് കേരളത്തില്‍ കണ്ന്റയിനറുകളില് ഇറക്കുമതി ചെയ്ത കളളനോട്ടുകളില്‍ ഒരു ഭാഗം ഇവിടുത്തെ അന്യസംസ്ഥാന തൊഴിലാളികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ദിവസം 50 ലക്ഷം രൂപ വരെ കടം കൊടുക്കുന്നവര്‍ ഇവിടെയുണ്ട്. ഇതിന് ഇവിടെ പറയുന്ന കോഡ് 'ഏറ്റിഎം' എന്നാണ്. ഇതിലും കളളനോട്ടുകളുണ്ടെന്നാണ് അറിവ്. പെരുമ്പാവൂരിലുളള പ്ലൈവുഡ് കമ്പനികളില്‍ 90 ശതമാനത്തിലേറെയും മുസ്ലീങ്ങളുടേതാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളുമാണ്. ഇവര്‍ അനധികൃത കുടിയേറ്റക്കാരായതിനാല്‍ ഇവരെ കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചാലും, ക്രൂരമായി മര്‍ദ്ദിച്ചാലും, കൊന്നാലും, വിധ്വംസക ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലും ആരും പോലീസില്‍ പരാതിപ്പെടുകയില്ലെന്ന ഗുണമാണ് മുതലാളിമാര്ക്കുളളത്. ജനകീയ പ്രക്ഷോഭണങ്ങളെ തുടര്‍ന്ന പോലീസ്, തൊഴില്‍ വകുപ്പുകള്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഈ വിദേശ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാളിലെ സ്ഥലങ്ങളുടെ പേരില്‍ വ്യാജ ഐഡി പ്രൂഫുകള്‍ നിര്‍മ്മിച്ച് നല്കി കമ്പനി ഉടമകള്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നതായും ഇദ്ദേഹം വെളിപ്പെടുത്തി.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് സര്‍ക്കാര്‍ വേതനം...!!!
ബംഗ്ലാദേശില്‍ നിന്നും പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കേരളത്തിലെ പെരുമ്പാവൂരിലെത്തി ജോലി ചെയ്തിരുന്ന 7 പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയുണ്ടായി. ഇവര്‍ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഈ നുഴഞ്ഞുകയറ്റക്കാരെ ജയിലില്‍ ചപ്പാത്തി ഉണ്ടാക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. കൂലിയായി ഇവര്‍ക്ക് നിത്യേന 117 രൂപ നല്കുന്നുണ്ടത്രെ! അനധികൃതമായി നുഴഞ്ഞുകയറി തൊഴില്‍ ചെയ്തതിന് പിടിയിലായവര്‍ക്ക് ഇപ്പോള്‍ ഫ്രീ താമസം, ഭക്ഷണം, സര്‍ക്കാര്‍ ജോലി, കൂലി, പോലീസ് സംരക്ഷണം........!!! ഇതാണ് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ. അനധികൃത കുടിയേറ്റക്കാരെ പിടികൂടി കടുത്ത ശിക്ഷ നല്കി അതിര്‍ത്തി കടത്തി വിടാതെ തീറ്റിപ്പോറ്റുന്ന ഇവിടുത്തെ രീതി മാറേണ്ടിയിരിക്കുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെല്ലാം അവരുടെ രാജ്യത്ത് അനധികൃതമായി നുഴഞ്ഞുകയറി പണിയെടുക്കുന്നവരെ മതമോ ജാതിയോ രാജ്യമോ നോക്കാതെ പുറത്താക്കുന്നത് ഭാരത സര്‍ക്കാര്‍ കാണുന്നില്ലേ? ഇവിടെ ഒരു കോടിയിലേറെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് അറിയുന്നത്. ഭാരതത്തിലെ ദരിദ്രജനകോടികളെ ഓര്‍ത്തെങ്കിലും ഈ അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി കടത്തിവിടാന്‍ നടപടികള്‍ സ്വീകരിക്കണം.
സുധീര്‍ നീരേറ്റുപുറം
കേസരി 26/05/2013
Immigration of labours from outside Kerala
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ