സുധീര്‍ നീരേറ്റുപുറം
2011 മെയ് 18 ന് കേരളത്തിന്റെ ഭരണാധികാരമേറ്റ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത് വികസനവും കരുതലും ആയിരുന്നു. ഇതിനായി രൂപംകൊടുത്ത സപ്തധാരാ പദ്ധതികളില്‍ ഒന്നാമത്തേതായിരുന്നു അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പുവരുത്തല്‍. എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രമുളള യുഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നിരവധി അഴിമതി ആരോപണങ്ങളുടെയും കെടുകാര്യസ്ഥതയുടെയും ന്യൂനപക്ഷ വര്‍ഗ്ഗീയശക്തികളുടെ അഴിഞ്ഞാട്ടങ്ങളുടെയും കുത്തഴിഞ്ഞ ഭരണത്തിന്റെയും വിഴുപ്പലക്കലുകളുടെയും പരസ്പര ചെളിവാരിയെറിയലിന്റെയും ദുരന്ത ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. സുതാര്യമായ ഭരണം നടത്തുമെന്ന് അവകാശപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വീഡിയോ ക്യാമറകളിലൂടെ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയുണ്ടായി. തികച്ചും സുതാര്യമായ, അഴിമതി രഹിതമായ ഭരണവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നല്ല ഭരണമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നവകാശപ്പെട്ടുകൊണ്ട് സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കും ഇെതന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ പൊതുജനങ്ങളുടെ വിശ്വാസത്തെയും ധാര്‍മ്മികബോധത്തെയും ലജ്ജിപ്പിക്കുന്നതാണ് എന്നതാണ് വാസ്തവം. സ്ഥിരംതട്ടിപ്പുകളില് ഭാഗമായ ഒരു സതിത എസ് നായരുടെ പേരില്‍ മുഖ്യമന്ത്രിയുടെ സര്വ്വപ്രതിച്ഛായയും മരിച്ച് മണ്ണടിയുന്ന കാഴ്ചയാണ് ജനം നിത്യേന കാണുന്നത്. ശ്രീ. ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെട്ട ടെന്നി ജോപ്പന്, ജിക്കുമോന് ജേക്കബ്ബ്, ഗണ്മാന് സലിംരാജ് തുടങ്ങിയവര്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിതാ എസ്. നായരെ നിരന്തരം ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നവേളയില്‍ മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ഇവരുടെയെല്ലാം ടെലഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും കൂടുതല്‍ തെളിവുകളും പുറത്തുവരികയും പ്രതിപക്ഷവും ബിജെപിയും മാധ്യമങ്ങളും സോളാര്‍ തട്ടിപ്പ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉരുണ്ടുകളികള്ക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി കുറ്റക്കാരായ തന്റെ സ്റ്റാഫംഗങ്ങളെ പുറത്താക്കാന്‍ തയ്യാറായത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനായ കോഴിക്കോട് കായണ്ണ കല്ലങ്കൊത്തിപ്പാറ ഹൗസില്‍ കെ.പി.ഗിരീഷ്കുമാറിനെതിരെ ഒരു അദ്ധ്യാപിക ലൈംഗികാരോപണമുന്നയിച്ചത്. നിയമനം കിട്ടാന്‍ വൈകിയപ്പോള്‍ മുഖ്യമന്ത്രിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ പരാതി പറയാന്‍ വിളിച്ച അദ്ധ്യാപികയോട് ഫോണ്‍ എടുത്ത ഗിരീഷ് സൗഹൃദം സ്ഥാപിക്കുകയും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സൗകര്യമൊരുക്കുന്നതിനായി അയാളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി ഉയര്‍ന്നത്. ഗിരീഷിന്റെ അധാര്‍മ്മിക ആവശ്യം അദ്ധ്യാപിക നിരസിച്ചതോടെ ഉണ്ണിക്കൃഷ്ണന്, ജാഫര്‍ എന്നിവര്‍ക്ക് ഗിരീഷ് അദ്ധ്യാപികയുടെ ഫോണ്‍ നമ്പര്‍ കൈമാറിയെന്നും അവര്‍ തന്നെ നിരന്തരം ഇതേ ആവശ്യമുന്നയിച്ച് ശല്യപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരുടെയല്ലാം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മെയ് 25 ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കി. വകുപ്പുതല അന്വേഷണം നടത്തിയ പൊതുഭരണ സെക്രട്ടറി ജൂണ്‍ 18 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. പരാതി ലഭിച്ച് ഒരു മാസം കഴിഞ്ഞ് വിവാദമായപ്പോള്‍ മാത്രമാണ് ജൂണ്‍ 19 ന് ഇയാളെ പിരിച്ചുവിട്ടെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ പത്രക്കുറിപ്പ് ഇറക്കിയത്. ഇയാള്‍ കരാര്‍ ജോലിക്കാരനാണെന്ന് ഗവ. പറയുന്നുണ്ടെങ്കിലും 2012 ല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ഗിരീഷിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ സ്റ്റാഫംഗളെല്ലാം തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സുഹൃത്തുക്കളും സംരക്ഷകരും ഗുണുഭോക്താക്കളുമാണെന്നാണ് ഇത് തെളിയിക്കുന്നത്. പത്രവാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത് ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് പതിനായിരം കോടിയുടെ തട്ടിപ്പ് പദ്ധതിക്കാണ് പ്ലാനിട്ടിരുന്നതെന്നും ഇതിന്റെ ഭരണാനുമതികളുടെ പ്രതിഫലമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അഞ്ഞൂറ് കോടി രൂപ കമ്മീഷന് നല്‍കാനും തീരുമാനിച്ചിരുന്നുവെന്നുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചില ഉന്നതരും പോലീസ് മേധാവികളും ഈ തട്ടിപ്പിന് കൂട്ടുനിന്നിരുന്നതായും തെളിവുകള്‍ നശിപ്പിക്കുന്നതായും അനുമാനിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുഖ്യമന്ത്രിയുടെ അനുചരന്മാരും സ്റ്റാഫംഗങ്ങളുമെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഭാഗഭാക്കളായിട്ട് നമ്മുടെ പാവം ശ്രീ. ഉമ്മന്‍ചാണ്ടി ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുവാന്‍ തക്കവണ്ണം കഴുതകളല്ല ഇവിടുത്തെ ജനങ്ങളെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഓര്‍ത്താല്‍ നന്ന്. കെപിസിസി പ്രസിഡന്റിന്റെ കാത്തിരുന്ന മന്ത്രിസഭാ പ്രവേശനം മുടങ്ങിയതിനാല്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും സജീവമായി രംഗത്തില്ലായെന്നത് ഒരു വിരോധാഭാസമാണ്. പാര്‍ട്ടിയോടാലോചിക്കാതെ സ്റ്റാഫംഗങ്ങളെയെല്ലാം സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചതിനാല്‍ അവരുടെ പാപഭാരം മുഖ്യമന്ത്രി തന്നെ പേറട്ടെ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മനോഭാവം.
കോഴഞ്ചേരി കെ.എച്ച്.എഫ്.എല്ലില്‍ മാനേജരുടെ ചുമതല വഹിച്ചപ്പോള്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ സരിതാ എസ്. നായര്‍ക്കെതിരെ ആറന്മുളയില് രണ്ട് കേസുകള്‍ നിലവിലുണ്ട്. 2003 ല്‍ സ്ഥാപനത്തില്‍ പ്രവേശിച്ച് 2005 ല്‍ മാനേജര്‍ പദവിയില്‍ എത്തിയെങ്കിലും ഏറെക്കാലം കഴിയുംമുമ്പേ തട്ടിപ്പുമൂലം പുറത്താകേണ്ടിവന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ സരിതയുടെ ആദ്യവിവാഹം ആറന്മുളയിലായിരുന്നു. ഇതിനാല്‍തന്നെ തട്ടിപ്പിന് ഇരയായവര്‍ അധികവും ചെങ്ങന്നൂര്‍, ആറന്മുള എന്നിവിടങ്ങളില്‍നിന്നുള്ളവരായിരുന്നു. ഒരുകോടിയിലധികം രൂപ നഷ്ടപ്പെട്ടവരും ഇവിടെയുണ്ട്. നാരങ്ങാനം, കോഴഞ്ചേരി എന്നിവിടങ്ങളിലും പണം നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കേസിനെത്തുടര്‍ന്ന് നാടുവിട്ട സരിത പിന്നീട് ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പുതിയ തട്ടിപ്പുകള്‍ നടത്തുകയായിരുന്നു. ഇവരൊന്നിച്ചാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ പാരമ്പര്യേതര ഊര്‍ജ ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനത്തുനിന്നു മാറ്റി ബോര്‍ഡിന്റെ ചെയര്‍മാനാക്കാം, കൂടാതെ ടീം സോളാര്‍ കമ്പനിയുടെയും ചെയര്മാനാക്കാമെന്നു പറഞ്ഞ് പ്രവാസിമലയാളി ആറന്മുള സ്വദേശി ഇ.കെ. ബാബുരാജിനെ പറ്റിച്ച് 1.19 കോടി തട്ടിയെടുത്തത്. ഇതില്‍ 50 ലക്ഷം ചിദംബരത്തെ നീക്കുന്നതിനും ബാക്കിതുക സരിതയുടെ സ്ഥാപനത്തിന്റെ എല്‍.ഇ.ഒ ആക്കുന്നതിനുമാണെന്നാണ് വിശദീകരിച്ചത്. കമ്പനിക്ക് രാജ്യത്ത് പലയിടത്തുമായി 20,000 കോടിയുടെ ആസ്തിയുണ്ടെന്നും പണം മുടക്കിയാല്‍ കമ്പനിയില്‍ ഓഹരിവിഹിതവും ലാഭവിഹിതവും നല്‍കാമെന്നും ഉറപ്പ് നല്കി. 888 കോടിയുടെ എ.ഡി.ബി വായ്പ ഉപയോഗിച്ച് കേരളവും തമിഴ്നാടും സംയുക്തമായി തീരദേശത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതി തങ്ങളുടെ കമ്പനി വഴിയാണ് നടപ്പാക്കുന്നതെന്നും ബിജുവും സരിതയും പറഞ്ഞിരുന്നു. സര്‍ക്കാറില്‍ നിന്ന് 15 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1,800 കോടിയുടെ പദ്ധതിയും വിവരിച്ചു. ഇതൊക്കെ വിശ്വസിച്ചാണ് ബാബുരാജ് പണം നല്‍കിയത്. ഡോ. ആര്.ബി. നായര്‍, ലക്ഷ്മി നായര്‍ എന്ന് കളളപ്പേരുകള് പറഞ്ഞ ബിജുവും സരിതയും പണം നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന മുഖ്യമന്ത്രിയുടെ കത്തും കാണിച്ചിരുന്നു. കൂടാതെ മന്ത്രിമാരായ ആര്യാടന് മുഹമ്മദുമായും അടൂര്‍ പ്രകാശുമായും അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി കോടികളുടെ തട്ടിപ്പാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും മറ്റും പേരു പറഞ്ഞ് ഇവര്‍ നടത്തിയത്. ഇവിടെ യഥാര്‍ത്ഥ വില്ലന്‍ ബിജു രാധാകൃഷ്ണനാണ്. എന്നാല്‍ പോലീസും ഭരണകൂടവും ബിജുവിനെ അപ്രധാന കഥാപാത്രാമാക്കി സരിതയുടെയും ശാലു മേനോന്റെയും പേരില്‍ പൈങ്കിളിക്കഥകള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ബിജു നമ്മുടെ നാട് മാറിമാറി ഭരിക്കുന്ന ഇടത്-വലത് മുന്നണി നേതാക്കളുടെ പ്രിയതോഴനാണ്. ഇടത് ഭരണകാലത്താണ് ബിജു തന്റെ ഭാര്യയായ കൊല്ലം തിരുമുല്ലവാരം പൊയിലക്കട കോമ്പൗണ്ടില്‍ ശാരദാമണി പരമേശ്വരന്‍പിള്ള ദമ്പതികളുടെ മകള്‍ രശ്മിയെ (26) കൊലപ്പെടുത്തിയത്. 2006 ഫെബ്രുവരി 4 ന് കുടുംബവീടായ കൊട്ടാരക്കര കുളക്കട രാജംവില്ലയിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ച രശ്മി വഴുതിവീണ് മരിച്ചു എന്നാണ് ബിജു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തില്‍ മീഥൈല്‍ ആല്‍ക്കഹോളും കറുത്ത ദ്രാവകവും ആമാശയത്തില്‍ കണ്ടെത്തി. രശ്മിയുടെ പിതാവ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയെതുടര്‍ന്ന് അന്വേഷണം 2008 ല്‍ െ്രെകംബ്രാഞ്ചിന് കൈമാറി. 2010 ല്‍ തിരുവനന്തപുരത്ത് കബളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിജുവിനെ കൊല്ലം െ്രെകംബ്രാഞ്ച് കൊലപാതകക്കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി. സുരേഷ്കുമാര്‍ നടത്തിയ അന്വേഷണത്തില്‍് മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് കോടതിയില്‍ ബിജുവിന്റെ അറസ്റ്റിന് അനുമതി തേടി അപേക്ഷ നല്കി. 2013 മേയ് 25ന് ബിജുവിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്നുമുതല്‍ െ്രെകംബ്രാഞ്ച് പിടികൂടാനുള്ള നീക്കത്തിലായിരുന്നു. ഇപ്രകാരം പോലീസ് അന്വേഷിക്കുന്നുവെന്ന് പറയപ്പെട്ട ബിജുവാണ് തിരുവനന്തപുരത്തും പരിസരങ്ങളിലും സൈ്വര്യവിഹാരം നടത്തിക്കൊണ്ട് ദേശമാസകലം തട്ടിപ്പുകള്‍ നടത്തി വിലസിയത്. ഇയാളാണ് മുഖ്യമന്ത്രിയുമായി മണിക്കൂറുകള്‍ രഹസ്യചര്‍ച്ച (കുടുംബപ്രശ്നമാണത്രെ!!!) നടത്തിയത്. സരിത മുന്ആഭ്യന്തരമന്ത്രിയെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത് അങ്കിള്‍ എന്നായിരുന്നു.
സോളാര്‍ ടീം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് നല്‍കിയും തട്ടിപ്പ് നടത്തിയിരുന്നു. 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നല്കി ആ ചിത്രമെടുത്ത് കമ്പനി പ്രചാരണത്തിനായി ഉപയോഗിച്ചുവെന്ന് കണ്ടത്തെിയിട്ടുണ്ട്. ഈ ചെക്ക് മടങ്ങിയെങ്കിലും തുടര്നടപടികളുണ്ടായില്ലായെന്നത് അത്ഭുതകരമാണ്.
കഴിഞ്ഞ ഇടത് സര്‍ക്കാറിലെ മന്ത്രിമാരുടെ പേര് പറഞ്ഞും സരിതയും ബിജുവും ആശ്രമം വിപുലപ്പെടുത്താന്‍ സഹായിക്കാമെന്ന പേരില്‍ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്റെയും പി.കെ. ശ്രീമതിയുടെയും ഓഫിസില്‍ ബിജുവും സരിതയും എത്തിച്ചെന്ന് ആലപ്പുഴ ചാരുംമൂട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തപോവന്‍ യോഗചികിത്സാകേന്ദ്രം ചെയര്മാന് യോഗി നിര്‍മലാനന്ദഗിരി ആരോപിക്കുന്നു.
ബിജു ശാലു മേനോനുമായുളള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി സരിതയെ ബലിയാടാക്കുകയാണെന്നും അതല്ല ഇത് ബിജുവും സരിതയും ശാലുവും ചേര്‍ന്ന് നടത്തുന്ന ഒത്തുകളികളാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബിജുവിന് വന്‍ തട്ടിപ്പുകള്‍ നടത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത രാഷ്ട്രീയ-ഭരണ-പോലീസ്-ഉ്വേദ്യാഗസ്ഥ തലങ്ങളിലെ വമ്പന്‍സ്രാവുകള്‍ രക്ഷപെടുകയും കേസുകള്‍ അട്ടിമറിക്കപ്പെട്ട് ഇവ അവസാനം വെറും പെണ്‍വാണിഭ-പീഡന കേസുകളായി ഒതുക്കപ്പെടുകയും ചെയ്യുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കോടികളും ലക്ഷങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അവ ഒരിക്കലും ലഭിക്കാതിരിക്കാനാണ് സാധ്യത.
പോലീസ് യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ബിജുവിന് പിന്നിലുളള കറുത്ത ശക്തികളെ കണ്ടെത്തി പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്കുകയാണു വേണ്ടത്. കൂടാതെ ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്ത പണം ഒളിപ്പിച്ചുവെച്ചിരിക്കുന്നത് കണ്ടെത്തി പണം നഷ്ടപ്പെട്ടവര്‍ക്ക് മടക്കി നല്‍കുകയും വേണം. മുന്‍കാല അനുഭവം വെച്ചു നോക്കിയാല്‍ ഇത് മനോഹരമായ ഒരു നടക്കാത്ത സ്വപ്നമാകാനാണ് സാധ്യത.
ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്താണ് മീശപോലും മുളക്കാത്ത ഒരു പത്തൊമ്പത് വയസുകാരന് ശബരീനാഥ് ടോട്ടല്‍ ഫോര്‍ യൂ, ടോട്ടല്‍ മ്യൂസിക് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേകരില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും പിന്നീട് 2008 ഓഗസ്റ്റ് അവസാനത്തില്‍ പോലീസ് പിടിയിലാവുകയുമുണ്ടായത്. രണ്ട് വര്‍ഷം (2007-2008) കൊണ്ട് 200 കോടിയിലേറെ രൂപ ശബരീനാഥ് തട്ടിച്ചുവെന്നാണ് കരുതപ്പെടുന്നത്. ശബരിയുടെ പേരില്‍ ബിഎംഡബ്ല്യു അടക്കമുള്ള 15 ഓളം കാറുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ജയിലില്‍ ആയിരുന്ന ശബരി ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഉടനെ പ്ലസ് ടുവിന് പഠിക്കുന്ന ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ നിന്നും തടിതപ്പിയ ശേഷം 'മോളിക്യൂള്‍' എന്ന പേരില്‍ വീണ്ടും ഒരു തട്ടിപ്പു കമ്പനി രൂപീകരിച്ച് 'ടോട്ടല്‍ ഫോര്‍ യൂ' തട്ടിപ്പ് രീതിയില്‍ ധനസമാഹരണം നടത്തി. നാലുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ 12 ലക്ഷമായി തിരിച്ചു നല്‍കുമെന്ന ഈ തട്ടിപ്പുവീരന്റെ വാഗ്ദാനത്തില്‍ കുടുങ്ങി പിന്നെയും കുറേ പാവങ്ങള്‍ മോളിക്യൂളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായി. ഇതിനിടയില്‍ മുസ്ലീമായി മതപരിവര്‍ത്തനം നടത്തിയ ശബരീനാഥ് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ രാമനാഥപുരം, സേലം, ബംഗളൂരു, ഹസന് വഴി മംഗലാപുരത്തെത്തുകയും അവിടെ നിന്നും കള്ളപാസ്പോര്‍ട്ടില്‍ ദുബായിലേക്കു കടക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ശബരീനാഥ് ജാമ്യത്തിലിറങ്ങി മുങ്ങിയത് 2011 മാര്‍ച്ചിലാണ്. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച് 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒന്‍പതു കേസുകളൊഴിച്ച് മറ്റുള്ളവയിലെല്ലാം കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസിനെ വെട്ടിച്ച് മുങ്ങിയ ശബരീനാഥ് മുന്‍ ഇടതുപക്ഷ മന്ത്രിസഭയിലെ പല മന്ത്രിപുത്രന്മാരുടെയും ഉദ്യോഗസ്ഥപ്രഭുക്കളുടെയും കളളപ്പണ സൂക്ഷിപ്പുകാരനും ബിനാമിയും മാത്രമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇയാളുടെ പിന്നിലുളള കറുത്ത ശക്തികളെയൊന്നും തന്നെ പിടികൂടാതെയാണ് പോലീസ് കേസ് അനേഷിച്ചതും കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതും. അവസാനം യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടി ശബരീനാഥിനെ നാടുകടത്തുകയും ചെയ്തു. മിസിംഗ്കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര പോലീസ് കേസ് എഴുതിത്തള്ളുകയും, ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ട് ഫലമില്ലെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ പ്രതി ശബരീനാഥിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും. ചുരുക്കത്തില്‍ ശബരീനാഥിനും തട്ടിപ്പുസംഘത്തിനും സുരക്ഷിതരായി കഴിയാം.
സന്തോഷ് മാധവന് കേസ്
2008 മെയ് 12 ന് സ്വമി അമൃത ചൈതന്യ എന്ന പേരില്‍ വിലസിയ സന്തോഷ് മാധവന് പോലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി, നീല ചിത്രം നിര്‍മ്മിച്ചു, നിരോധിക്കപ്പെട്ട വസ്തുക്കള്‍ (മയക്ക് മരുന്ന്, പുലിത്തോല്) കൈവശം വെച്ചു, ഭക്തരില്‍ നിന്നും പണം തട്ടിയെടുത്തു, ദുബായില്‍ ഒരു വ്യവസായി സെറാഫിന് എഡ്വിന്റെ കയ്യില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ പേരില്‍ ഇന്റര്‍പോളിന്റെ നോട്ടപുള്ളി തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് സന്തോഷ് മാധവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സത്യത്തില്‍ എറണാകുളത്തെ ഭൂമഫിയാകളുടെ കുടിപ്പകയുടെ ഇരയായി ഒറ്റുകൊടുക്കപ്പെട്ട് പോലീസ് പിടിയിലായ വ്യക്തിയാണ് ഇയാള്‍. അക്കാലത്തെ ഭരണകക്ഷിയായ വിപ്ലവപാര്‍ട്ടി നേതാക്കന്മാരുടെ ബിനാമിയായി നിന്നുകൊണ്ട് ഭൂമിയിടപാടുകള്‍ നടത്തുകയായിരുന്നു ഇയാള്‍. ഈ അവിശുദ്ധബന്ധങ്ങള്‍ പുറത്തറിയിക്കാതിരിക്കാന്‍ വേണ്ടിയാണ് പിന്നീട് ഇയാളുടെ പേരില്‍ നിരവധി കളളക്കേസുകള്‍ പോലീസ് ചുമത്തി ഒരിക്കലും പുറത്തുവരാത്ത വിധം ജയിലിനുളളിലടച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്ക്കും അവരുടെ പ്രിയപുത്രന്മാര്ക്കുമെതിരെ പോലീസും മാധ്യമങ്ങളും പൊതുജനങ്ങളും തിരിയിതെയിരിക്കാനും അവരുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുമായി അന്നവര്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രക്ഷോഭണമെന്ന പേരില്‍ ഹിന്ദു സന്യാസാശ്രമങ്ങള്‍ക്കും, ആചാര്യന്മാര്ക്കും, ക്ഷേത്രങ്ങള്‍ക്കുമെല്ലാം എതിരെ വ്യാപകമായ അക്രമങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിടുകയുണ്ടായി. ദരിദ്രനായിരുന്ന സന്തോഷ് മാധവന്റെ സാമ്പത്തികസ്രോതസ്സുകളെക്കുറിച്ച് യാതൊരു അന്വേഷണവും അക്കാലത്ത് നടക്കുകയുണ്ടായില്ല.
2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. 2011 ജൂലൈ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സന്തോഷ് മാധവന് ജയിലില്‍ നിന്ന് ഒരു പരാതി അയക്കുകയുണ്ടായി. ഇത് മുഖ്യമന്ത്രി വിജിലന്‍സിന് കൈമാറിയിരുന്നു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍കുമാര്‍ 80 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടത്. 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അരുണ്‍കുമാറും മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ ദീപ്തി പ്രസേനനും ചേര്‍ന്ന് 80 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നാണ് സന്തോഷ് മാധവന് പറയുന്നത്. 2006 ല്‍ വൈക്കത്തിനടുത്ത് വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍ക്കാനുണ്ടെന്ന് അറിഞ്ഞതിനെതുടര്‍ന്ന് അഡ്വ. ദീപ്തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്, സുരേഷ് പൈ, റെജി എന്നിവര്‍ തന്നെ വന്നു കണ്ട് ഇക്കാര്യം സംസാരിച്ചെന്നും സന്തോഷ് മാധവന് പറയുന്നു. പാടം നികത്താനുള്ള അനുമതി ലഭിക്കുന്നത് എളുപ്പമല്ലെങ്കിലും അരുണ്‍കുമാര്‍ മുഖേന അനുമതിക്ക് ശ്രമിക്കാമെന്നും പറഞ്ഞതിനു ശേഷമാണ് അരുണ്‍കുമാര്‍ രംഗപ്രവേശം ചെയ്തത്. അരുണ്‍കുമാറും ദീപ്തിയും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു. ആധാരവും മുന്നാധാരവുമെല്ലാം പരിശോധിച്ച് നിയമോപദേശം നല്‍കിയത് അഡ്വ. ദീപ്തിയാണ്. അരുണ്‍കുമാറിന് 70 ലക്ഷവും തനിക്ക് പത്തു ലക്ഷവും തരണമെന്ന് ദീപ്തി അറിയിച്ചതനുസരിച്ച് 2006 ഒക്ടോബര്‍ ആറിന് ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എം ജി റോഡ് ബ്രാഞ്ചില്‍ നിന്ന് 80 ലക്ഷം രൂപ താന്‍ പിന്‍വലിച്ചു. പിറ്റേന്ന് തലയോലപ്പറമ്പിലെ ലോഡ്ജില്‍വച്ചാണ് ഇരുവര്‍ക്കും ഈ തുക കൈമാറിയത്. പിന്നീട് ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പാടം നികത്താനുള്ള അനുമതി വാങ്ങിത്തന്നില്ല. 2008 ജനുവരിയില്‍ പണം തിരിച്ചു തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് വിളിക്കുമ്പോള്‍ അരുണ്‍ ഫോണ്‍ എടുക്കാതായി. പണം തിരിച്ചു വേണമെന്ന് ദീപ്തിയോട് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയാണുണ്ടായത്.
തന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ട്രസ്റ്റിന്റെ കീഴിലുള്ള ഹൗസ് ഒഫ് കിഡ്സിലെ അന്തേവാസികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കേസുണ്ടാക്കിയതും തന്റെ ഫഌറ്റില്‍ നിന്ന് പുലിത്തോലും കഞ്ചാവും കണ്ടെടുത്ത് കള്ളക്കേസുണ്ടാക്കിയതും മറ്റും അരുണ്‍കുമാറിന്റെയും ദീപ്തിയുടെയും സ്വാധീനഫലമായാണെന്ന് സന്തോഷ് മാധവന് ആരോപിക്കുന്നു. അച്ഛന് അസുഖം വന്നപ്പോള്‍ പോലും അടിയന്തര പരോള്‍ കിട്ടാതിരിക്കാന്‍ ഇവര്‍ കരുനീക്കി. പുറത്തുവന്നാല്‍ ഇവര്‍ക്കെതിരേ പരാതി കൊടുക്കുമെന്ന ഭയം മൂലമാണ് ഇങ്ങനെ ഉപദ്രവിച്ചത്. ഭരണം നിയന്ത്രിക്കുന്ന പിതാവിന്റെ മകനായതിനാലാണ് ഇത്രയുംകാലം പരാതി പുറത്തുപറയാതിരുന്നതെന്നും, ഇനിയെങ്കിലും തനിക്കു നീതി കിട്ടുമെന്നു കരുതിയാണ് പരാതി അയയ്ക്കുന്നതെന്നും സന്തോഷ് മാധവന് പറയുന്നു. പരാതി വാസ്തവമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നു മൊഴിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതിനു മുന്നോടിയായി വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യം ചെയ്യുമെന്ന് അറിഞ്ഞുവെങ്കിലും പിന്നീട് ഈ അന്വേഷണത്തിന് എന്ത് സംഭവിച്ചുവെന്ന് യാതൊരു വിവരവുമില്ല.
സി.വി. ഗ്ലോബല്‍ നിക്ഷേപത്തട്ടിപ്പ്
കാസര്‍കോട് ആസ്ഥാനമായ സി.വി. ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ 320 കോടിയുടെ നിക്ഷേപത്തട്ടിപ്പുകേസ് അന്വേഷിക്കുന്ന െ്രെകം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈ.എസ്.പി. പി.കെ. വിജയപ്പനെയാണ് തിരുവനന്തപുരത്തെ പോലീസ് പരിശീലനകേന്ദ്രത്തിന്റെ വൈസ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്ന് പരാതിയുയര്‍ന്നു. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ 61 ദിവസം കഴിഞ്ഞ് ഏഴു ശതമാനം പലിശ നല്‍കുമെന്നും, 13 മാസം കഴിഞ്ഞാല്‍ നിക്ഷേപസംഖ്യ തിരിച്ചുകൊടുക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പാലക്കാട്ജില്ലയില്‍ മാത്രം 100 കോടിരൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തതെന്ന് പോലീസ് പറയുന്നത്. ഒരുലക്ഷംമുതല്‍ 20 ലക്ഷംവരെ നിക്ഷേപിച്ചവരുണ്ട്. കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന കാസര്‍കോട് സ്വദേശികളായ ചെറിയവീട്ടില്‍ സാദിഖ്, ഭാര്യ ഖദീജ എന്നിവര്‍ ഇപ്പോള്‍ ഷാര്ജയിലാണെന്നാണ് വിവരം. ഭരണസ്വാധീനമുളള ഇവരെ പിടികൂടാന്‍ യാതൊരു ശ്രമവും നടക്കുന്നില്ല.
കേസുകള്‍ അട്ടിമറിക്കാന്‍ ഇടത്-വലത് സഖ്യം
പ്രമാദമായ ഒട്ടുമിക്ക തട്ടിപ്പുകേസുകളിലും ഇരുമുന്നണികളുടെയും നേതാക്കന്മാരും ബന്ധുമിത്രാദികളും അനുയായികളും ഭാഗഭാക്കളായതിനാല് ഇത്തരം കേസുകളെല്ലാം വിദഗ്ദ്ധമായി അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ യാതൊരു ധാര്മ്മികമൂല്യബോധവുമില്ലാതെ നേതാക്കന്മാര്ക്കെതിരെ ലൈംഗികാരോപണങ്ങളുന്നയിച്ച് നിശബ്ദരാക്കുന്ന പ്രവണത അപകടകരമാംവിധം വര്‍ദ്ധിച്ചുവരികയാണ്. സുഖത്തിനും പണത്തിനും കാര്യസാദ്ധ്യങ്ങള്ക്കുമായി വഴങ്ങിക്കൊടുത്തിട്ട് വര്‍ഷങ്ങള്‍ക്കുശേഷം തന്നെ ലൈംഗികപീഡനം നടത്തി എന്നാരോപിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും, കളളകേസു കൊടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ അനുദിനം കൂടിവരികയാണ്. ഇവിടെ പീഡനം എന്നതിന്റെ അര്‍ത്ഥത്തിനുതന്നെ മുല്യശോഷണം സംഭവിച്ചിരിക്കുകയാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ കൃത്രിമമായി മോര്‍ഫ് ചെയ്തുണ്ടാക്കിയ വ്യാജപീഡന വീഡിയോകള്‍ സൃഷ്ടിച്ച് ഭരണകൂടവും പോലീസും വ്യാജ കേസുകളെടുക്കുന്നതും തേജോവധം ചെയ്യുന്നതും കാണാന്‍ കഴിയുന്നു. യഥാര്‍ത്ഥ ജനകീയപ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ചുവിടാനായി നടത്തുന്ന ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് കനത്ത ആഘാതങ്ങളാണ് എല്പിക്കുക. കൊടുകുറ്റവാളികള്‍ നിയമസഭാ, ലോകസഭാംഗങ്ങളായി അധികാരകേന്ദ്രങ്ങളിലെത്തുകയും അവര്‍ തങ്ങളുടെ സ്വാര്ത്ഥതാല്പര്യങ്ങള് സംരക്ഷിക്കാനായി നിലവിലുളള സര്‍വ്വമര്യാദകളും ലംഘിച്ചുകൊണ്ട് പോലീസിനേയും നീതിന്യായവ്യവസ്ഥയേയും സ്വന്തം ചൊല്‍പ്പടിക്കു നിര്‍ത്തി അഴിമതി അക്രമ അധാര്‍മ്മിക ദുര്‍ഭരണം നടത്തുമ്പോള്‍ ഹതാശരാകുന്നത് സത്യവും നീതിയും ധര്‍മ്മവും പുലരണം എന്ന് ആത്മാര്‍ത്ഥമായി കാംക്ഷിക്കുന്ന ഭാരതീയ ജനസമൂഹമാണ്. ഇത് ഇവിടെ അരാഷ്ട്രീയവാദവും തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമവും വളരുവാന്‍ മാത്രമേ ഉപകരിക്കു.
സോളാര്‍, ടോട്ടല്‍ ഫോര്‍ യു, സന്തോഷ് മാധവന് കേസ്, സി.വി. ഗ്ലോബല്‍ നിക്ഷേപത്തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് സംഭവങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവരേയും മുഖം നോക്കാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഇടത്-വലത് മുന്നണികള്‍ സംയുക്തമായി ഉള്‍പ്പെട്ട കേസുകള്‍ പൊതുജനശ്രദ്ധയില്‍ നിന്നും വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമൊപ്പം കേരളത്തിലെ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും പുതിയ പൈങ്കിളി പീഡനകഥകള്‍ പറഞ്ഞ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. മാറിമാറി അധികാരത്തില്‍ വരുന്നതിനാല്‍ ഇവിടുത്തെ 99 ശതമാനം മാധ്യമങ്ങളും ഇടത്-വലത് മുന്നണികളുടെ താല്പര്യസംരക്ഷകരും ഗുണുഭോക്താക്കളുമാണെന്നതാണ് സത്യം. നീതിന്യായവ്യവസ്ഥയോട് കൂറുളള ന്യായാധിപന്മാര് സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ബാഹൗസമ്മര്ദ്ദങ്ങള്ക്ക് വഴങ്ങാതെ നിഷ്പക്ഷ അനേഷണം നടത്താന്‍ മുന്‍കൈയെടുക്കണം. ഏതാനും ബലിയാടുകളെ പോലീസിന് നല്കി രക്ഷപെടുന്ന ശരിയായ വമ്പന്‍സ്രാവുകള്‍ അവര്‍ ആരായിരുന്നാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം. നിരന്തരമായി തട്ടിപ്പിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപ്പെട്ട പണവും മാനവും തിരിച്ചു ലഭിക്കാനുളള സാഹചര്യം സൃഷ്ടിക്കാന്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയായ കോടതികള്‍ ഇടപെടണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.