അശ്ലീല വിവാദങ്ങളുടെ മറവില്‍ രക്ഷപെടുന്ന വന്‍തോക്കുകള്‍
സുധീര്‍ നീരേറ്റുപുറം
2011 മെയ് 18 ന് കേരളത്തിന്റെ ഭരണാധികാരമേറ്റ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത് വികസനവും കരുതലും ആയിരുന്നു. ഇതിനായി രൂപംകൊടുത്ത സപ്തധാരാ പദ്ധതികളില്‍ ഒന്നാമത്തേതായിരുന്നു അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പുവരുത്തല്‍. എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രമുളള യുഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നിരവധി അഴിമതി ആരോപണങ്ങളുടെയും കെടുകാര്യസ്ഥതയുടെയും ന്യൂനപക്ഷപ്രീണനത്തിന്റെയും കുത്തഴിഞ്ഞ ഭരണത്തിന്റെയും വിഴുപ്പലക്കലുകളുടെയും പരസ്പര ചെളിവാരിയെറിയലിന്റെയും ദുരന്ത ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. സുതാര്യമായ ഭരണം നടത്തുമെന്ന് അവകാശപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വീഡിയോ ക്യാമറകളിലൂടെ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയുണ്ടായി.
എനിക്ക് ബിജവിനേയും സരിതയേയും അറിയുകയേയില്ല.....
തികച്ചും സുതാര്യമായ, അഴിമതിരഹിതമായ സേവനം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നല്ല ഭരണമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നവകാശപ്പെട്ടുകൊണ്ട് സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറായിരിക്കും ഇെതന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ പൊതുജനങ്ങളുടെ വിശ്വാസത്തെയും ധാര്‍മ്മികബോധത്തെയും ലജ്ജിപ്പിക്കുന്നതാണ്. സ്ഥിരംതട്ടിപ്പുകളില്‍ ഭാഗഭാക്കായ ഒരു സരിത എസ് നായരുടെ പേരില്‍ മുഖ്യമന്ത്രിയുടെ സര്‍വ്വപ്രതിച്ഛായയും വീണ് മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ജനം നിത്യേന കാണുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്‍പ്പെട്ട ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്ബ്, ഗണ്‍മാന്‍ സലിംരാജ് തുടങ്ങിയവര്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിതയെ നിരന്തരം ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ഉയര്‍ന്നവേളയില്‍ മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്ന തരത്തിലാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ഇവരുടെയെല്ലാം ടെലഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും കൂടുതല്‍ തെളിവുകളും പുറത്തുവരികയും പ്രതിപക്ഷവും ബിജെപിയും മാധ്യമങ്ങളും സോളാര്‍ തട്ടിപ്പ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉരുണ്ടുകളികള്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി കുറ്റക്കാരായ തന്റെ സ്റ്റാഫംഗങ്ങളെ പുറത്താക്കാന്‍ തയ്യാറായത്. അതും താനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍. ദിവസങ്ങള്‍ക്കുളളില്‍, കോടതിയുടെ ഐപി വാറന്റ് പ്രതിയായ ബിജുവുമായി രഹസ്യമായി മണിക്കൂറുകളോളം കുടുംബകാര്യം ചര്‍ച്ച ചെയ്തു എന്ന കുറ്റസമ്മതം പൊതുജനസമക്ഷം നടത്തുമ്പോള്‍ തീര്‍ച്ചയായും അഴിഞ്ഞുവീണത് കാലകാലങ്ങളായി അലക്കിമിനുക്കി സൂക്ഷിച്ച അത്രക്ക് സുതാര്യമല്ലാത്ത ഒരാട്ടിന്‍തോലായിരുന്നു.

ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനായ കോഴിക്കോട് കായണ്ണ കല്ലങ്കൊത്തിപ്പാറ ഹൗസില്‍ കെ.പി.ഗിരീഷ്‌കുമാറിനെതിരെ ഒരു അദ്ധ്യാപിക ലൈംഗികാരോപണമുന്നയിച്ചത്. നിയമനം കിട്ടാന്‍ വൈകിയപ്പോള്‍ മുഖ്യമന്ത്രിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ പരാതി പറയാന്‍ വിളിച്ച അദ്ധ്യാപികയോട് ഫോണ്‍ എടുത്ത ഗിരീഷ് സൗഹൃദം സ്ഥാപിക്കുകയും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സൗകര്യമൊരുക്കുന്നതിനായി അയാളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി ഉയര്‍ന്നത്. ഗിരീഷിന്റെ അധാര്‍മ്മിക ആവശ്യം അദ്ധ്യാപിക നിരസിച്ചതോടെ ഉണ്ണിക്കൃഷ്ണന്‍, ജാഫര്‍ എന്നിവര്‍ക്ക് ഗിരീഷ് അദ്ധ്യാപികയുടെ ഫോണ്‍ നമ്പര്‍ കൈമാറിയെന്നും അവര്‍ തന്നെ നിരന്തരം ഇതേ ആവശ്യമുന്നയിച്ച് ശല്യപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരുടെയല്ലാം ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മെയ് 25 ന് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കി. വകുപ്പുതല അന്വേഷണം നടത്തിയ പൊതുഭരണ സെക്രട്ടറി ജൂണ്‍ 18 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. പരാതി ലഭിച്ച് ഒരു മാസം കഴിഞ്ഞ് വിവാദമായപ്പോള്‍ മാത്രമാണ് ജൂണ്‍ 19 ന് ഇയാളെ പിരിച്ചുവിട്ടെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ പത്രക്കുറിപ്പ് ഇറക്കിയത്. ഇയാള്‍ കരാര്‍ ജോലിക്കാരനാണെന്ന് ഗവ. പറയുന്നുണ്ടെങ്കിലും 2012 ല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ഗിരീഷിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
എല്‍.പി വാറന്റ് പ്രതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ കാതല്‍ അറിഞ്ഞേതീരൂ...
പത്രവാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത് ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് പതിനായിരം കോടിയുടെ തട്ടിപ്പ് പദ്ധതിക്കാണ് പ്ലാനിട്ടിരുന്നതെന്നും ഇതിന്റെ ഭരണാനുമതികളുടെ പ്രതിഫലമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അഞ്ഞൂറ് കോടി രൂപ കമ്മീഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചില ഉന്നതരും പോലീസ് മേധാവികളും ഈ തട്ടിപ്പിന് കൂട്ടുനിന്നിരുന്നതായും കണ്ണായ തെളിവുകള്‍ നശിപ്പിച്ചതായും അനുമാനിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുഖ്യമന്ത്രിയുടെ അനുചരരും സ്റ്റാഫംഗങ്ങളുമെല്ലാം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഭാഗഭാക്കുകളായിട്ട് നമ്മുടെ പാവം മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുവാന്‍ തക്കവണ്ണം കഴുതകളല്ല ഇവിടുത്തെ ജനങ്ങളെന്നത് അദ്ദേഹവും കോണ്‍ഗ്രസ് നേതൃത്വവും ഓര്‍ത്താല്‍ നന്ന്. വര്‍ഷങ്ങളായി തട്ടിപ്പ് നടത്തുന്ന വ്യക്തിയെന്ന പരക്കെ അറിവുളള ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി എന്താണ് രഹസ്യ

ചര്‍ച്ച നടത്തിയതെന്നറിഞ്ഞാല്‍ മാത്രമേ അന്വേഷണോദ്യോഗസ്ഥര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ എന്നത് പോലീസ്‌വൃത്തങ്ങളില്‍ മാത്രമല്ല ജനമദ്ധ്യത്തിലും ചര്‍ച്ചാവിഷയമാണ്. അതില്‍ നിന്ന് ഏവരുടേയും കണ്ണില്‍ പൊടിയിട്ട് മുങ്ങിനടക്കുവാന്‍ മുഖ്യമന്ത്രി കാട്ടുന്ന വ്യഗ്രത ജനാധിപത്യത്തിനുനേരെയുളള തുറന്ന യുദ്ധപ്രഖ്യാപനമാണ്.
തട്ടിപ്പിന്റെ ആരംഭം കോഴഞ്ചേരിയില്‍
കോഴഞ്ചേരി കെ.എച്ച്.എഫ്.എല്ലില്‍ മാനേജരുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ സരിതാ എസ്. നായര്‍ക്കെതിരെ ആറന്മുളയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. 2003 ല്‍ സ്ഥാപനത്തില്‍ പ്രവേശിച്ച് 2005 ല്‍ മാനേജര്‍ പദവിയില്‍ എത്തിയെങ്കിലും ഏറെക്കാലം കഴിയുംമുമ്പേ തട്ടിപ്പാരോപണത്തിന്മേല്‍ പുറത്താകേണ്ടിവന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ സരിതയുടെ ആദ്യവിവാഹം ആറന്മുളയിലായിരുന്നു. ഇതിനാല്‍തന്നെ തട്ടിപ്പിന് ഇരയായവര്‍ അധികവും ചെങ്ങന്നൂര്‍, ആറന്മുള എന്നിവിടങ്ങളില്‍നിന്നുള്ളവര്‍. ഒരുകോടിയിലധികം രൂപ നഷ്ടപ്പെട്ടവരും ഇവിടെയുണ്ട്. നാരങ്ങാനം, കോഴഞ്ചേരി എന്നിവിടങ്ങളിലും പണം നഷ്ടപ്പെട്ടവര്‍ ഏറെയാണ്. കേസിനെത്തുടര്‍ന്ന് നാടുവിട്ട സരിത പിന്നീട് ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് പുതിയ തട്ടിപ്പുകള്‍ നടത്തുകയായിരുന്നു. ഇവരൊന്നിച്ചാണ് കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ പാരമ്പര്യേതര ഊര്‍ജ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റി തല്‍സ്ഥാനത്ത് ബോര്‍ഡിന്റെ ചെയര്‍മാനും, കൂടാതെ ടീം സോളാര്‍ കമ്പനിയുടെ ചെയര്‍മാനുമാക്കാമെന്നു പറഞ്ഞ് പ്രവാസിമലയാളി ആറന്മുള സ്വദേശി ഇ.കെ. ബാബുരാജിനെ പറ്റിച്ച് 1.19 കോടി തട്ടിയെടുത്തത്. ഇതില്‍ 50 ലക്ഷം ചിദംബരത്തെ നീക്കുന്നതിനും ബാക്കിതുക സരിതയുടെ സ്ഥാപനത്തിന്റെ എല്‍.ഇ.ഒ ആക്കുന്നതിനുമാണെന്ന വിശദീകരണമാണ് നല്‍കിയത്. കമ്പനിക്ക് രാജ്യത്ത് പലയിടത്തായി 20,000 കോടിയുടെ ആസ്തിയുണ്ടെന്നും പണം മുടക്കിയാല്‍ കമ്പനിയില്‍ ഓഹരിവിഹിതവും ലാഭവിഹിതവും നല്‍കാമെന്ന ഉറപ്പും നല്‍കി. 888 കോടിയുടെ എ.ഡി.ബി വായ്പ ഉപയോഗിച്ച് കേരളവും തമിഴ്‌നാടും സംയുക്തമായി തീരദേശത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതി തങ്ങളുടെ കമ്പനി വഴിയാണ് നടപ്പാക്കുന്നതെന്നും ബിജുവും സരിതയും പറഞ്ഞിരുന്നു. സര്‍ക്കാറില്‍ നിന്ന് 15 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1,800 കോടിയുടെ പദ്ധതിയും വിവരിച്ചു. ഇതൊക്കെ വിശ്വസിച്ചാണ് ബാബുരാജ് പണം നല്‍കിയത്. ഡോ. ആര്‍.ബി. നായര്‍, ലക്ഷ്മി നായര്‍ എന്നീ കളളപ്പേരുകള്‍ പറഞ്ഞ ബിജുവും സരിതയും പണം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന മുഖ്യമന്ത്രിയുടെ കത്തും കാണിച്ചിരുന്നത്രെ. കൂടാതെ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദുമായും അടൂര്‍ പ്രകാശുമായും അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി കോടികളുടെ തട്ടിപ്പാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും മറ്റും

പേരുകള്‍ പറഞ്ഞ് ഇവര്‍ നടത്തിയത്. ഇവിടെ യഥാര്‍ത്ഥ വില്ലന്‍ ബിജു രാധാകൃഷ്ണനാണ എന്ന് മനസ്സിലാക്കാം. എന്നാല്‍ പോലീസും സര്‍ക്കാരും ബിജുവിനെ അപ്രധാന കഥാപാത്രാമാക്കി സരിതയുടെയും ശാലു മേനോന്റെയും പേരില്‍ പൈങ്കിളിക്കഥകള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നതും വ്യക്തമാണ്, പകല്‍പോലെ. ബിജു, നമ്മുടെ നാട് മാറിമാറി ഭരിക്കുന്ന ഇടത്-വലത് മുന്നണി നേതാക്കളുടെ പ്രിയതോഴനാണോ എന്ന സംശയം പരക്കെയുണ്ട്. കാരണം, ഇടത് ഭരണകാലത്താണ് ബിജു തന്റെ ഭാര്യയായ കൊല്ലം തിരുമുല്ലവാരം പൊയിലക്കട കോമ്പൗണ്ടില്‍ ശാരദാമണി പരമേശ്വരന്‍പിള്ള ദമ്പതികളുടെ മകള്‍ രശ്മിയെ (26) 2006 ഫെബ്രുവരി 4 ന് കൊലപ്പെടുത്തിയതും പോസ്റ്റുമോര്‍ട്ടത്തില്‍ മീഥൈല്‍ ആല്‍ക്കഹോളും കറുത്ത ദ്രാവകവും ആമാശയത്തില്‍ കണ്ടെത്തിയിട്ടും കൊല്ലം ക്രൈം ബ്രാഞ്ചിന്റെ അനേഷണത്തില്‍ മരണം കൊലപാതകമെന്ന നിഗമനത്തിലെത്തിയിട്ടും തലസ്ഥാന നഗരിയില്‍ത്തന്നെ ഇയാള്‍ അല്ലലില്ലാതെ വിലസാനായത്. രശ്മിയുടെ പിതാവിന്റെ പരാതി അന്നത്തെ ആഭ്യന്തരമന്ത്രി മുമ്പാകെ എത്തിയിരുന്നുതാനും. ഇയാളാണ് മുഖ്യമന്ത്രിയുമായി മണിക്കൂറുകള്‍ രഹസ്യചര്‍ച്ച (കുടുംബപ്രശ്‌നം?) നടത്തിയത്. സരിത മുന്‍ആഭ്യന്തരമന്ത്രിയെ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത് അങ്കിള്‍ എന്നുമായിരുന്നുവത്രെ.
സോളാര്‍ ടീം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് നല്‍കിയതായും പറയപ്പെടുന്നു. 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കി ആ ചിത്രമെടുത്ത് കമ്പനി പ്രചാരണത്തിനായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചെക്ക് മടങ്ങിയെങ്കിലും തുടര്‍നടപടികളുണ്ടായില്ലായെന്നത് അത്ഭുതമുളവാക്കുന്നു.
ഇടതുപക്ഷ പ്രമുഖരുടെ പേരുപറഞ്ഞും തട്ടിപ്പ്
ആശ്രമം വിപുലപ്പെടുത്താന്‍ സഹായിക്കാമെന്ന പേരില്‍ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്റെയും പി.കെ. ശ്രീമതിയുടെയും ഓഫിസില്‍ ബിജുവും സരിതയും തന്നെ എത്തിച്ചെന്ന് ആലപ്പുഴ ചാരുംമൂട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തപോവന്‍ യോഗചികിത്സാകേന്ദ്രം ചെയര്‍മാന്‍ യോഗി നിര്‍മലാനന്ദഗിരി ആരോപിക്കുന്നു.
ശാലുമേനോന്റെ രംഗപ്രവേശം
കൊല്ലപ്പെട്ട രശ്മിയുടെ സ്ഥാനത്ത് ബിജുവിന്റെ അവിശുദ്ധ സമ്പത്തിന്റെ അനിഷേധ്യ കാവല്‍ക്കാരിയായി വിലസിയിരുന്ന സരിതയുടെ പട്ടമഹിഷിസ്ഥാനത്തേക്ക് ഒരു വെല്ലുവിളിയുമായി എന്നവണ്ണം ചങ്ങനാശ്ശേരി സ്വദേശിനി ശാലുമേനോന്‍ (സീരിയല്‍നടി) എത്തിയതാണ് കാര്യങ്ങള്‍ ഇത്രവേഗം തകിടംമറിയാന്‍ കാരണമെന്നതിന് സംശയംവേണ്ട.
തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ (മറ്റ് ചില മന്ത്രിമാരുടെയും) വഴി പിന്തുടര്‍ന്ന് സരിതയെയും ബിജുവിനെയും അറിയുകയേയില്ല എന്നാണ് ശാലുവും ആദ്യം പറഞ്ഞത്. ഈ വാക്കുകള്‍ക്ക് മുത്തുക്കുടയുടെ തണലേകിയ അന്വേഷണോദ്യോഗസ്ഥര്‍ പിന്നീട് ബിജുവിനെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപെടുത്തിയതിനു പിന്നില്‍ ശാലുവായിരുന്നുവെന്ന് തെളിവുകളെല്ലാം ഉണ്ടായിരുന്നിട്ടും വേണ്ട നടപടികളെടുക്കാതിരുന്നപ്പോള്‍ അവര്‍ക്ക് പിന്നില്‍ തിമിംഗലങ്ങള്‍ തന്നെയുണ്ടെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരന്നിരുന്നു.
രാഷ്ട്രീയ പ്രമുഖരുള്‍പ്പെടുന്ന ശാലുവിന്റെ വമ്പന്‍ സുഹൃദ്ബന്ധങ്ങളും അവയുടെ വിവിധ തലങ്ങളും ചര്‍ച്ച ചെയ്യുവാന്‍ മാധ്യമങ്ങളുള്‍പ്പെടെയുളള പൊതുസമൂഹത്തിന്റെ ഗണ്യമായ ഒരു ഭാഗം നെട്ടോട്ടമോടുമ്പോള്‍ അവരൊക്കെയും മനപ്പൂര്‍വ്വമോ അല്ലാതെയോ മുഖവിലക്കെടുക്കാതെയിരിക്കുന്ന മര്‍മ്മപ്രധാനമായ വസ്തുതയൊന്നുണ്ട്. ശാലുവിന്റെ സാമ്പത്തികസ്രോതസ്സും മറ്റ് സ്വത്തുവിവരങ്ങളും അന്വേഷിക്കുകില്‍ വെളിച്ചത്തുവരാന്‍ സാധ്യതയുളളത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളായേക്കാം. അറസ്റ്റിലായ ശാലുവില്‍ നിന്നും ഒരു രഹസ്യങ്ങളും പുറത്തുപോകാതിരിക്കാനാണ് അന്വേഷണോദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
പൈങ്കിളി വായിച്ച് ഇക്കിളിപ്പെട്ടാല്‍ മതിയോ; സൗരോര്‍ജ്ജ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവരേണ്ടേ.....?
ബിജുവിന് വന്‍ തട്ടിപ്പുകള്‍ നടത്താന്‍ വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്ത രാഷ്ട്രീയ-ഭരണ-പോലീസ്-ഉദ്യോഗസ്ഥ തലങ്ങളിലെ വമ്പന്‍സ്രാവുകള്‍ രക്ഷപെടുകയും കേസുകള്‍ അട്ടിമറിക്കപ്പെട്ട് ഇവ അവസാനം വെറും പെണ്‍വാണിഭ-പീഡന കേസുകളായി ഒതുക്കപ്പെടുകയും ചെയ്യുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കോടികളും ലക്ഷങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അവ ഒരിക്കലും ലഭിക്കാതിരിക്കാനാണ് സാധ്യതയെന്നുകൂടി മനസ്സിലാക്കുക.
പോലീസ് യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ബിജുവിന് പിന്നിലുളള കറുത്ത ശക്തികളെ കണ്ടെത്തി പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുകയാണു വേണ്ടത്. കൂടാതെ ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്ത പണം ഒളിപ്പിച്ചുവെച്ചിരിക്കുന്നത് കണ്ടെത്തി പണം നഷ്ടപ്പെട്ടവര്‍ക്ക് മടക്കി നല്‍കുകയും വേണം. മുന്‍കാല അനുഭവം വെച്ചു നോക്കിയാല്‍ ഇത് മനോഹരമായ ഒരു നടക്കാത്ത സ്വപ്‌നമാകാനാണ് സാധ്യത.
എവിടെ ജിക്കുമോന്‍;
എവിടെ തോമസ് കുരുവിള...?
സൗരോര്‍ജ്ജ തട്ടിപ്പ് കേസ് അന്വേഷണം നടത്തുന്നവര്‍ക്ക് ശരിയായ ദിശയില്‍ മുന്നോട്ടു നീങ്ങാന്‍ സഹായകമായ രണ്ട് വാതിലുകളാണ് ജിക്കുമോന്‍ ജേക്കബും തോമസ് കുരുവിളയും. രഹസ്യമായി ലഭിച്ച വിവരങ്ങള്‍ പറയുന്നത് അന്വേഷണം ശാലു മേനോന്റെ സ്വത്തു വിവരങ്ങളിലെത്തുമ്പോള്‍ അവിടെ ബിജുവിന്റെയും വിരലിലെണ്ണാവുന്ന ഏതാനും രാഷ്ട്രീയപ്രമുഖരുടെയും പങ്കുകള്‍
തെളിഞ്ഞുവരുമെന്നും മറ്റൊരിടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ അഡീ. പി.എ ജിക്കുമോനിലേക്കും, അദ്ദേഹത്തിന്റെ ദില്ലിയിലെ കാര്യക്കാരനായ തോമസിലേക്കും എത്തുമ്പോള്‍ അവരുടെ മൊഴികളിലും കുമ്പസാരങ്ങളിലും തെളിയുക തങ്ങള്‍ അസാന്മാര്‍ഗ്ഗിക ബന്ധങ്ങളിലെത്തപ്പെട്ടതും അവിശുദ്ധവീഥികളിലൂടെ അലഞ്ഞതും ആരുടെ ഖജനാവ് നിറയ്ക്കുവാന്‍ വേണ്ടിയായിരുന്നുവെന്നതും ആയേക്കാം.
അന്വേഷകരുടെ വിലപ്പെട്ട കണ്ണിയായ ജിക്കുമോനെ ഗള്‍ഫ് രാജ്യങ്ങളിലെവിടേക്കോ കടത്തിയിരിക്കുന്നുവോ എന്ന സംശയവും ഇന്ന് പരക്കെ ഉയര്‍ന്നിട്ടുണ്ട്.
സാധാരണക്കാരന്റെ പ്രതീക്ഷ ഒരിക്കല്‍ കൂടി കോടതിക്കുമേല്‍
സൗരോര്‍ജ്ജ തട്ടിപ്പില്‍ ഉള്‍പ്പെട്ട എല്ലാവരേയും മുഖം നോക്കാതെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഇടത്-വലത് മുന്നണികള്‍ സംയുക്തമായി ഉള്‍പ്പെട്ട കേസുകള്‍ പൊതുജനശ്രദ്ധയില്‍ നിന്നും വഴിതിരിച്ചുവിടാന്‍ രാഷ്ട്രീയക്കാര്‍ക്കും പോലീസിനുമൊപ്പം പുത്തന്‍ പൈങ്കിളി പീഡനകഥകളുമായി കേരളത്തിലെ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട് എന്ന വസ്തുതയും കാണാതിരുന്നുകൂടാ. മാറിമാറി അധികാരത്തില്‍ വരുന്നതിനാല്‍ ഇവിടുത്തെ 99 ശതമാനം മാധ്യമങ്ങളും ഇടത്-വലത് മുന്നണികളുടെ താല്പര്യസംരക്ഷകരും വിനീതദാസന്മാരുമാണെന്നതല്ലേ സത്യം? നീതിന്യായവ്യവസ്ഥയോട് കൂറുളള ന്യായാധിപന്മാര്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷ അനേഷണം നടത്താന്‍ മുന്‍കൈയെടുക്കണം. ഏതാനും ബലിയാടുകളെ പോലീസിന് നല്‍കി രക്ഷപെടുന്ന ഇരുണ്ട വമ്പന്‍സ്രാവുകള്‍, അവര്‍ ആരായിരുന്നാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. തട്ടിപ്പിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപ്പെട്ട പണവും മാനവും തിരിച്ചു ലഭിക്കാനുളള സാഹചര്യം സൃഷ്ടിക്കാന്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയായ കോടതികള്‍ ഉണരണമെന്നും ഇടപെടണമെന്നുമാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. സത്യമേവ ജയതേ.
-------------------
കുഴിച്ചുമൂടിയെന്ന് കരുതുന്ന വന്‍തട്ടിപ്പുകള്‍
ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്
കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്താണ് മീശപോലും മുളക്കാത്ത ഒരു പത്തൊമ്പത് വയസുകാരന്‍ ശബരീനാഥ് ടോട്ടല്‍ ഫോര്‍ യൂ, ടോട്ടല്‍ മ്യൂസിക് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തുവെന്ന പരാതിയിന്മേല്‍ 2008 ഓഗസ്റ്റ് അവസാനത്തില്‍ പോലീസ് പിടിയിലായത്. രണ്ട് വര്‍ഷം (2007-2008) കൊണ്ട് 200 കോടിയിലേറെ രൂപ ശബരീനാഥ് തട്ടിച്ചുവെന്നാണ് കരുതപ്പെടുന്നത്. ശബരിയുടെ പേരില്‍ ബിഎംഡബ്ല്യു അടക്കമുള്ള 15 ഓളം കാറുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ജയിലില്‍ ആയിരുന്ന ശബരി ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഉടനെ പ്ലസ് ടുവിന് പഠിക്കുന്ന ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പൊലീസ് പിടിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കേസില്‍ നിന്നും തടിതപ്പിയ ശേഷം 'മോളിക്യൂള്‍' എന്ന പേരില്‍ വീണ്ടും

ഒരു തട്ടിപ്പു കമ്പനി രൂപീകരിച്ച് 'ടോട്ടല്‍ ഫോര്‍ യൂ' തട്ടിപ്പ് രീതിയില്‍ ധനസമാഹരണം നടത്തിയത്രെ. നാലുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ 12 ലക്ഷമായി തിരിച്ചു നല്‍കുമെന്ന ഈ തട്ടിപ്പുവീരന്റെ വാഗ്ദാനത്തില്‍ കുടുങ്ങി പിന്നെയും കുറേ പാവങ്ങള്‍ മോളിക്യൂളില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായെന്നാണ് വാര്‍ത്ത. ഇതിനിടയില്‍ മുസ്ലീമായി മതപരിവര്‍ത്തനം നടത്തിയ ശബരീനാഥ് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരം, സേലം, ബംഗളൂരു, ഹസന്‍ വഴി മംഗലാപുരത്തെത്തുകയും അവിടെ നിന്നും കള്ളപാസ്‌പോര്‍ട്ടില്‍ ദുബായിലേക്കു കടക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ശബരീനാഥ് ജാമ്യത്തിലിറങ്ങി മുങ്ങിയത് 2011 മാര്‍ച്ചിലാണ്. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച് 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒന്‍പതു കേസുകളൊഴിച്ച് മറ്റുള്ളവയിലെല്ലാം കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസിനെ വെട്ടിച്ച് മുങ്ങിയ ശബരീനാഥ് മുന്‍ ഇടതുപക്ഷ മന്ത്രിസഭയിലെ പല മന്ത്രിപുത്രന്മാരുടെയും ഉദ്യോഗസ്ഥപ്രഭുക്കളുടെയും കളളപ്പണ സൂക്ഷിപ്പുകാരനും ബിനാമിയും മാത്രമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇയാളുടെ പിന്നിലുളള കറുത്ത ശക്തികളെയൊന്നും തന്നെ പിടികൂടാതെയാണ് പോലീസ് കേസ് അനേഷിച്ചതും കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതെന്നും അവസാനം യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടി നാടുകടത്തുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. മിസ്സിംഗ്‌കേസ് അന്വേഷിക്കുന്ന നെയ്യാറ്റിന്‍കര പോലീസ് കേസ് എഴുതിത്തള്ളുകയും, ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിട്ട് ഫലമില്ലെന്ന് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ പ്രതി ശബരീനാഥിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സന്തോഷ് മാധവന്‍ കേസ്
2008 മെയ് 12 ന് സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ വിലസിയ സന്തോഷ് മാധവന്‍ പോലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി, നീല ചിത്രം നിര്‍മ്മിച്ചു, നിരോധിക്കപ്പെട്ട വസ്തുക്കള്‍ (മയക്ക് മരുന്ന്, പുലിത്തോല്‍) കൈവശം വെച്ചു, ഭക്തരില്‍ നിന്നും പണം തട്ടിയെടുത്തു, ദുബായില്‍ ഒരു വ്യവസായി സെറാഫിന്‍ എഡ്വിന്റെ കയ്യില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ പേരില്‍ ഇന്റര്‍പോളിന്റെ നോട്ടപുള്ളി തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് സന്തോഷ് മാധവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ എറണാകുളത്തെ ഭൂമാഫിയകളുടെ കുടിപ്പകയുടെ ഇരയായി ഒറ്റുകൊടുക്കപ്പെട്ട് പോലീസ് പിടിയിലായ വ്യക്തിയാണ് ഇയാളെന്ന ധാരണ പരക്കെയുണ്ട്. അക്കാലത്തെ ഭരണകക്ഷിയായ വിപ്ലവപാര്‍ട്ടി നേതാക്കന്മാരുടെ ബിനാമിയായി നിന്നുകൊണ്ട് ഭൂമിയിടപാടുകള്‍ നടത്തുകയായിരുന്നു ഇയാളത്രെ. ഈ അവിശുദ്ധബന്ധങ്ങള്‍ പുറത്തറിയിക്കാതിരിക്കാന്‍ വേണ്ടിയാണ് പിന്നീട് ഇയാളുടെ പേരില്‍ നിരവധി കളളക്കേസുകള്‍ പോലീസ് ചുമത്തി ഒരിക്കലും പുറത്തുവരാത്ത വിധം ജയിലിനുളളിലടച്ചതെന്നും സംസാരമുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ക്കും അവരുടെ പ്രിയപുത്രന്മാര്‍ക്കുമെതിരെ പോലീസും മാധ്യമങ്ങളും പൊതുജനങ്ങളും തിരിയാതിരിക്കാനും അവരുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുമായി അന്നവര്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ പ്രക്ഷോഭണമെന്ന പേരില്‍ ഹിന്ദു

സന്യാസാശ്രമങ്ങള്‍ക്കും, സന്യാസിമാര്‍ക്കും, ക്ഷേത്രങ്ങള്‍ക്കുമെല്ലാം എതിരെ വ്യാപകമായ ആക്രമണങ്ങളും കുപ്രചരണങ്ങളും അഴിച്ചുവിടുകയുണ്ടായി. ദരിദ്രനായിരുന്ന സന്തോഷ് മാധവന്റെ സാമ്പത്തികസ്രോതസ്സുകളെക്കുറിച്ച് യാതൊരു അന്വേഷണവും അക്കാലത്ത് നടക്കുകയുണ്ടായില്ലെന്നുമാണ് അറിയുന്നത്.
2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. 2011 ജൂലൈ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സന്തോഷ് മാധവന്‍ ജയിലില്‍ നിന്ന് ഒരു പരാതി അയക്കുകയുണ്ടായി. ഇത് മുഖ്യമന്ത്രി വിജിലന്‍സിന് കൈമാറിയിരുന്നു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ 80 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടത്. 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ദീപ്തി പ്രസേനനും ചേര്‍ന്ന് 80 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു സന്തോഷ് മാധവന്‍ പറഞ്ഞത്. 2006 ല്‍ വൈക്കത്തിനടുത്ത് വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍ക്കാനുണ്ടെന്ന് അറിഞ്ഞതിനെതുടര്‍ന്ന് അഡ്വ. ദീപ്തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്, സുരേഷ് പൈ, റെജി എന്നിവര്‍ തന്നെ വന്നു കണ്ട് ഇക്കാര്യം സംസാരിച്ചെന്നും സന്തോഷ് മാധവന്‍ പറഞ്ഞിരുന്നു. പാടം നികത്താനുള്ള അനുമതി ലഭിക്കുന്നത് എളുപ്പമല്ലെങ്കിലും അരുണ്‍കുമാര്‍ മുഖേന അനുമതിക്ക് ശ്രമിക്കാമെന്നും പറഞ്ഞതിനു ശേഷമാണ് അരുണ്‍കുമാര്‍ രംഗപ്രവേശം ചെയ്തതത്രെ. അരുണ്‍കുമാറും ദീപ്തിയും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുപോലും. ആധാരവും മുന്നാധാരവുമെല്ലാം പരിശോധിച്ച് നിയമോപദേശം നല്‍കിയത് അഡ്വ. ദീപ്തിയാണെന്നും അരുണ്‍കുമാറിന് 70 ലക്ഷവും തനിക്ക് പത്തു ലക്ഷവും തരണമെന്ന് ദീപ്തി അറിയിച്ചതനുസരിച്ച് 2006 ഒക്ടോബര്‍ ആറിന് ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എം ജി റോഡ് ബ്രാഞ്ചില്‍ നിന്ന് 80 ലക്ഷം രൂപ താന്‍ പിന്‍വലിച്ചുവെന്നും സന്തോഷ് മൊഴിനല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിറ്റേന്ന് തലയോലപ്പറമ്പിലെ ലോഡ്ജില്‍വച്ചാണ് ഇരുവര്‍ക്കും ഈ തുക കൈമാറിയതെന്നും, പിന്നീട് ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പാടം നികത്താനുള്ള അനുമതി വാങ്ങിത്തന്നില്ലെന്നും പരാതിപ്പെട്ട സന്തോഷ്, 2008 ജനുവരിയില്‍ പണം തിരിച്ചു തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് വിളിക്കുമ്പോള്‍ അരുണ്‍ ഫോണ്‍ എടുക്കാതായെന്ന് കൂട്ടിച്ചേര്‍ ക്കുകയാണുണ്ടായതത്രെ.

തന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ട്രസ്റ്റിന്റെ കീഴിലുള്ള ഹൗസ് ഒഫ് കിഡ്‌സിലെ അന്തേവാസികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കേസുണ്ടാക്കിയതും തന്റെ ഫഌറ്റില്‍ നിന്ന് പുലിത്തോലും കഞ്ചാവും കണ്ടെടുത്ത് കള്ളക്കേസുണ്ടാക്കിയതും മറ്റും അരുണ്‍കുമാറിന്റെയും ദീപ്തിയുടെയും സ്വാധീനഫലമായാണെന്ന് സന്തോഷ് മാധവന്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. ഭരണം നിയന്ത്രിക്കുന്ന പിതാവിന്റെ മകനായതിനാലാണ് ഇത്രയുംകാലം പരാതി പുറത്തുപറയാതിരുന്നതെന്നും, ഇനിയെങ്കിലും തനിക്കു നീതി കിട്ടുമെന്നു കരുതിയാണ് പരാതി അയയ്ക്കുന്നതെന്നും സന്തോഷ് മാധവന്‍ പറഞ്ഞിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തോന്നിയതിനെത്തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നു മൊഴിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സി.വി. ഗ്ലോബല്‍ നിക്ഷേപത്തട്ടിപ്പ്
കാസര്‍കോട് ആസ്ഥാനമായ സി.വി. ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ 320 കോടിയുടെ നിക്ഷേപത്തട്ടിപ്പുകേസ് അന്വേഷിച്ചിരുന്ന െ്രെകം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ ഡിവൈ.എസ്.പി. പി.കെ. വിജയപ്പനെ തിരുവനന്തപുരത്തെ പോലീസ് പരിശീലനകേന്ദ്രത്തിന്റെ വൈസ് പ്രിന്‍സിപ്പലായി സ്ഥലംമാറ്റിയത് കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ 61 ദിവസം കഴിഞ്ഞ് ഏഴു ശതമാനം പലിശ നല്‍കുമെന്നും, 13 മാസം കഴിഞ്ഞാല്‍ നിക്ഷേപസംഖ്യ തിരിച്ചുകൊടുക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പാലക്കാട് ജില്ലയില്‍ മാത്രം 100 കോടിരൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തതെന്നാണ് പോലീസ് പറഞ്ഞത്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ടായിരുന്നത്രെ. കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന കാസര്‍കോട് സ്വദേശികളായ ചെറിയവീട്ടില്‍ സാദിഖ്, ഭാര്യ ഖദീജ എന്നിവര്‍ ഇപ്പോള്‍ ഷാര്‍ജയിലാണെന്നാണ് അറിയുന്നത്. ഒപ്പം ഭരണസ്വാധീനമുളള ഇവരെ പിടികൂടാന്‍ യാതൊരു ശ്രമവും നടക്കുന്നില്ലെന്നതും.
കേസുകള്‍ അട്ടിമറിക്കാന്‍ ഇടത്-വലത് സഖ്യം
പ്രമാദമായ ഒട്ടുമിക്ക തട്ടിപ്പുകേസുകളിലും ഇരുമുന്നണികളുടെയും നേതാക്കന്മാരും ബന്ധുമിത്രാദികളും അനുയായികളും ഭാഗഭാക്കളായതിനാല്‍ ഇത്തരം കേസുകളെല്ലാം വിദഗ്ദ്ധമായി അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ യാതൊരു ധാര്‍മ്മികമൂല്യബോധവുമില്ലാതെ നേതാക്കന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുന്നയിച്ച് നിശബ്ദരാക്കുന്ന പ്രവണത അപകടകരമാംവിധം വര്‍ദ്ധിച്ചുവരികയാണ്. സുഖത്തിനും പണത്തിനും കാര്യസാദ്ധ്യങ്ങള്‍ക്കുമായി വഴങ്ങിക്കൊടുത്തിട്ട് വര്‍ഷങ്ങള്‍ക്കുശേഷം തന്നെ ലൈംഗികപീഡനം നടത്തി എന്നാരോപിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും, കളളകേസു കൊടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും മാധ്യമങ്ങളുടെയും ശ്രമങ്ങളും അനുദിനം കൂടിവരികയാണ്. ഇവിടെ പീഡനം എന്നതിന്റെ അര്‍ത്ഥത്തിനുതന്നെ മുല്യശോഷണം സംഭവിച്ചിരിക്കുകയാണ്.
ചെങ്ങന്നൂര്‍ ഡയറി, 2013 ജൂലൈ 4
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.