ഗ്രാമീണസംസ്‌കാരവും പൈതൃകവും നിലനില്‍ക്കുന്ന ആറന്മുളയിലാണ് ഒരു സുപ്രഭാതത്തില്‍ എയറോനോട്ടിക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ എന്ന നുണക്കഥ പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചുകൊണ്ട് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാനായ അമേരിക്കന്‍ മുതലാളി ഏബ്രഹാം കലമണ്ണില്‍ രംഗപ്രവേശം ചെയ്യുന്നത്. തുച്ഛമായ വില നല്‍കി ആറന്മുളയിലെ വിശാലമായ നെല്‍പ്പാടങ്ങളിലെ ഏക്കറുകണക്കിന് ഭൂമി ഇയാള്‍ വിലയ്ക്ക് വാങ്ങി. ട്രസ്റ്റുകള്‍ക്ക് ഭൂപരിഷ്‌കരണ നിമയം ബാധകമല്ലാത്തതിനാല്‍ ഒരു കടലാസ് ട്രസ്റ്റിന്റെ പേരിലാണ് ഈ ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുളള കോളേജാണ് എന്ന് തെറ്റിദ്ധരിച്ചാണ് ഏഴ് വര്‍ഷം മുമ്പ് മുതല്‍ ഇവിടുത്തെ കര്‍ഷകര്‍ ഇരുന്നൂറ് - അഞ്ഞൂറ് രൂപ വിലയ്ക്ക് ഭൂമി വിറ്റത്. 95 ഏക്കര്‍ ഭൂമിയാണ് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് വാങ്ങിയത് എന്നാണ് നാട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാല്‍ അവര്‍ ഏകദേശം 235 ഏക്കറോളം ഭൂമി ചുളുവിലയ്ക്ക് കൈക്കലാക്കിയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കോഴിത്തോടും, പാടശേഖരങ്ങളും, പുറമ്പോക്കുമെല്ലാം കൈയേറി മണ്ണിട്ട് നികത്തിയിട്ടാണ് ഇവര്‍ ഇവിടം കെജിഎസ് കമ്പനിക്ക് മറിച്ച് വിറ്റത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം വിടുന്നതിന്റെ ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്ഥലത്തെ എംഎല്‍ഏയുടെ സ്വാധീനം ഉപയോഗിച്ചാണ് 2011 ഫെബ്രുവരി 24 ന് 500 ഏക്കറോളം സ്ഥലം വ്യവസായിക മേഖലയായി പ്രഖ്യാപിച്ചത്. ജനവാസമേഖലകളും, തണ്ണീര്‍ത്തടങ്ങളും, നീര്‍ച്ചാലുകളും ഇതിലുള്‍പ്പെട്ടിരുന്നു. കെ.ജി.എസ് ഗ്രൂപ്പിന്റെ സ്വാധീനത്താല്‍ ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസുകളുടെ സഹായത്തോടെയാണ് 235 ാളം ഏക്കറിന്റെ രേഖകള്‍ കമ്പനി സംഘടിപ്പിച്ചത്. ഇതറിഞ്ഞ ജനങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് സമരത്തിന് തുടക്കം കുറിച്ചത്. അന്നത്തെ ആറന്മുള എം.എല്‍.എ കെ.സി. രാജഗോപാല്‍ പാര്‍ട്ടി കമ്മറ്റികളില്‍ നിന്ന് പുറത്താക്കപ്പെട്ടതും കമ്പനിയെ സഹായിച്ചതിന്റെ പേരിലാണെന്ന് പറയപ്പെടുന്നു. സമരമുഖങ്ങളില്‍ നിന്ന് കോണ്‍ഗ്രസും മറ്റും പിന്നോട്ടു മാറിയപ്പോള്‍ പളളിയോട-പളളിവിളക്ക് സംരക്ഷണ സമിതിയും, വിവിധ പളളിയോട കരകളും, കാവ് സംരക്ഷണ സമിതികളും ഹിന്ദുഐക്യവേദിയും ബിജെപിയും കൈകോര്‍ത്ത് മുന്നോട്ട് നീങ്ങുകയാണ്.
എയര്‍ സ്ട്രിപ്പ്, എയറോനോട്ടിക് എഞ്ചിനീയറിംഗ കോളേജ്, വിമാനത്താവളം എന്നെല്ലാംപറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നെല്‍കൃഷിഭൂമി നിയമവിരുദ്ധമായി കൈയേറി നികത്തി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്താനാണ് നീക്കം നടത്തുന്നത്. ഈ മേഖലയെ വ്യവസായ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടുകൂടി ഇവിടുത്തെ ജനങ്ങള്‍ക്ക് തങ്ങള്‍ നൂറ്റാണ്ടുകളായി ജനിച്ചുവളര്‍ന്ന ഭൂമി യഥേഷ്ടം ക്രയവിക്രയം നടത്താനോ പുതുതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സാധിക്കാത്ത ദുരവസ്ഥയാണ് ഉളളത്. ഇതിനാല്‍ നെല്‍പ്പാടങ്ങള്‍ നികത്തി പഞ്ചനക്ഷത്ര ഹോട്ടലുകളും, ബാറുകളും, ഹൗസിംഗ് കോംപ്ലസുകളും നിര്‍മ്മിച്ച് ആറന്മുളയുടെ ഗ്രാമീണ സംസ്‌കാരത്തെ തകര്‍ക്കാനുളള നീക്കത്തിനെതിരെ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭണത്തിലാണ്.
ഇന്ന് ജനപ്രതിധികളിലേറെയും സംശയത്തിന്റെ മുള്‍മുനയിലാണ്. അതിന് കാരണവുമുണ്ട്. പ്രതിപക്ഷ നിരകളില്‍ ഇരുന്ന സമയത്ത് പഞ്ചായത്ത്, നിയമസഭാ ജനപ്രതിനിധികള്‍ നെല്‍വയല്‍ നികത്തിയുളള വികസനത്തിന് എതിരായിരുന്നുവെങ്കില്‍, ഇന്ന് ഭരണത്തില്‍ എത്തിയപ്പോള്‍ പറയുന്ന ന്യായീകരണങ്ങള്‍ക്ക് പ്രബുദ്ധരായ ആറന്മുളക്കാര്‍ ചെവികൊടുക്കുമെന്ന് കരുതുന്നില്ല. 2006 കാലഘട്ടത്തില്‍ നെല്‍വയല്‍ നികത്തുവാന്‍ ഉപയോഗിക്കുന്ന മണ്ണ് മുഴുവന്‍ വാരിമാറ്റണമെന്ന പ്രമേയം അവതരിപ്പിച്ച ആള്‍ ഇപ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായപ്പോള്‍ എയര്‍ പോര്‍ട്ടിനുവേണ്ടി ഘോരം ഘോരം വാദിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിലം നികത്തലിന് കൂട്ടുനിന്ന ഇടതുപക്ഷം ഇന്ന് കളംമാറ്റി ചവിട്ടുന്നു. എയര്‍പോര്‍ട്ടിനും വ്യവസായമേഖലാ പ്രഖ്യാപനത്തിനും അനുമതി നല്‍കിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആയിരുന്നുവെങ്കില്‍, സിപി ഐ മന്ത്രിമാര്‍ റവന്യൂ- കൃഷി വകുപ്പുകള്‍ ഭരിക്കുമ്പോഴാണ് ആറന്മുളയിലെ നെല്‍വയലുകളും തോടുകളും നീര്‍ത്തടങ്ങളും പുറമ്പോക്ക് ഭൂമിയും എല്ലാം വ്യാജ റവന്യൂ രേഖകള്‍ ഉണ്ടാക്കിയും കൈയേറിയും ഭൂമഫിയകള്‍ക്കുവേണ്ടി കമ്പനി മണ്ണിട്ട് നികത്തിയുമെടുത്തത്. ഇതിനു വേണ്ട എല്ലാ സഹായസഹകരണങ്ങളും കുത്തക കമ്പനികള്‍ക്ക് നല്‍കിയ സിപിഎം-സിപിഐ കക്ഷികള്‍ പ്രതിപക്ഷത്തായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി എതിര്‍പ്പുമായി രംഗത്തെത്തുന്നത് വഞ്ചനയാണെന്നുവേണം പറയാന്‍. അന്നും ഇന്നും വിമാനത്താവള പദ്ധതിക്കെതിരെ ആത്മാര്‍ത്ഥമായുളള പ്രക്ഷോഭണങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബി.ജെ.പി മാത്രമാണ്.
രമ്യമായി പരിഹരിക്കേണ്ട വിഷയത്തിന് എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയാണ് സ്ഥലം എംഎല്‍എ ആയ അഡ്വ. കെ. ശിവദാസന്‍ നായരുടെ പ്രസ്താവനകള്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലനല്‍കാത്ത തരത്തിലുളള അഭിപ്രായ പ്രകടനങ്ങളാണ് എംപി ആയ ആന്റോ ആന്റണി നടത്തുന്നത്. വര്‍ഗ്ഗീയമായ ചേരിതിരിവ് ഹിന്ദു-ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനുളള ശ്രമവും ചിലര്‍ നടത്തുന്നു എന്ന ആരോപണവുമുണ്ട്.
ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ അടുത്ത ബന്ധു ചീഫ് സെക്രട്ടറിയായി ഇരുന്ന കാലത്താണ് 2500 ഏക്കറോളം സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചെടുത്തത്. ജനരോഷത്തെ തുടര്‍ന്ന് വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുമെന്ന് സര്‍ക്കാരും ആറന്മുളയിലെത്തിയ രമേശ് ചെന്നിത്തലയും മറ്റും പറയുന്നുണ്ടെങ്കിലും നാളിന്നുവരെയിത് നടപ്പാക്കിയിട്ടില്ല.
ആറന്മുളയിലെ എല്ലാ രാഷ്ട്രീയക്കാരും കുടിയൊഴിപ്പിച്ചുളള നിര്‍മ്മാണങ്ങള്‍ക്ക് എതിരാണ് എന്നുളള സത്യാവസ്ഥ അധികാരികള്‍ മനസ്സിലാക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമസഭാ കമ്മറ്റി അംഗവും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ചെങ്ങന്നൂര്‍ എംഎല്‍ഏ യുമായ പി.സി.വിഷ്ണുനാഥിനെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കിയത് ആറന്മുളയിലെ യൂത്ത്‌കോണ്‍ഗ്രസ് അല്ലെന്നും പകരം 8 ലക്ഷത്തോളം രൂപ സംഭാവനയായി കൈപ്പറ്റിയ ജില്ലയിലെ ഒരു യൂത്ത്‌കോണ്‍ഗ്രസ് നേതാവാണെന്നും കോണ്‍ഗ്രസുകാര്‍ തന്നെ രഹസ്യമായി പറയുന്നു.
ഭൂമിയുടെ മുന്‍ ഉടമസ്ഥനായ ഏബ്രഹാം കലമണ്ണില്‍ പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നല്‍കിയ പരാതി ഈ ഭൂമി കച്ചവടത്തിന് പിന്നില്‍ നടന്ന തിരിമറികള്‍ പലതും വെളിച്ചത്തുകൊണ്ടുവരുന്നതാണ്. ആധാരത്തില്‍ കാണിച്ചിരിക്കുന്നത് 6.7 കോടി രൂപയ്ക്ക് ഭൂമി വിറ്റെന്നാണ്. എന്നാല്‍ ഇപ്പോള്‍ മൗണ്ട് സിയോണ്‍ ഗ്രൂപ്പ് കോടതിയില്‍ പറയുന്നത് ഭൂമി 52 കോടി രൂപയ്ക്ക് വിറ്റുവെന്നാണ്. ഇതില്‍ അഡ്വാന്‍സായി 7 കോടി രൂപ കൈപ്പറ്റി. 15 കോടി രൂപ രജിസ്റ്റ്രേഷന്‍ സമയത്ത് ലഭിച്ചു. ബാക്കി 30 കോടി രൂപ മാര്‍ച്ച് 31 നകം നല്‍കാമെന്നായിരുന്നു കരാര്‍. ഇത് കെജിഎസ് കമ്പനി പാലിക്കാത്തതിനെ തുടര്‍ന്നാണ് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ആധാരം റദ്ദാക്കണമെന്ന കോടതി നിര്‍ദ്ദേശം വിമാനത്താവള പദ്ധതിയെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. വസ്തുവിന്റെ ഇതുവരെയുളള ക്രയവിക്രയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂമിയുടെ വിസ്തീര്‍ണ്ണം എന്നിവയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വ. ടി. ലതയെ കമ്മീഷനായി കോടതി നിയമിച്ചിട്ടുണ്ട്. ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതി കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയ കെജിഎസ് ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പളളിയോട-പളളിവിളക്ക് സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. 250 കോടിയുടെ സ്വത്ത് മാത്രമുളള കെജിഎസ് ഗ്രൂപ്പിന് 1500 കോടിയുടെ വിമാനത്താവളം നിര്‍മ്മിക്കാന്‍ എങ്ങനെയാണ് സാധിക്കുക? കേരളത്തിലും ചെന്നൈയിലുമായി കമ്പനിക്ക് ആകെ നാല് പദ്ധതികളാണുളളത്. ഇതില്‍ വിമാനത്താവള പദ്ധതി ഒഴിച്ച് മറ്റ് മൂന്നും ഫഌറ്റ് നിര്‍മ്മാണമാണ്. കേവലം മൂന്ന് വര്‍ഷം മുമ്പ് മാത്രം രൂപംകൊണ്ട ഈ കമ്പനിയ്ക്ക് 1500 കോടിയുടെ വിമാനത്താവളം പോലെയുളള ബൃഹത് പദ്ധതി വിജയകരമായി നടപ്പാക്കാനുളള ശേഷിയോ, സാങ്കേതികജ്ഞാനമോ, വിഭവസമ്പത്തോ ഒന്നുംതന്നെയില്ല. ഇവരുടെ രേഖകളില്‍ പറയുന്നത് 206 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഇവര്‍ വിമാനത്താവളത്തിന്റെ പേരില്‍ ഭൂമിതട്ടിയെടുത്ത് മറിച്ച്‌വില്‍ക്കാനാണ് സാധ്യത. നിലവിലുളള നിമയങ്ങളെല്ലാം കാറ്റില്‍ പറത്തി നെല്‍വയലും തണ്ണീര്‍ത്തടങ്ങളും തോടുകളും എല്ലാം മണ്ണിട്ട് നികത്തി ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇവരുടെ കൈവശമുളള ഭൂമിയുടെ സര്‍വ്വേ നമ്പരുകളനുസരിച്ച് പരിശോധിച്ചപ്പോള്‍ തുടര്‍ച്ചയായ ഭൂമി ഇവര്‍ക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പലയിടത്തായി കിടക്കുന്ന തുണ്ടുഭൂമികള്‍ തുടര്‍ച്ചയായ പ്രദേശത്തിന്റേതാണെന്ന തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വിവധതരത്തിലുളള അനുമതികള്‍ സംഘടിപ്പിച്ചെടുത്തത്. റവന്യൂ വകുപ്പ് ഇവിടം തണ്ണീര്‍ത്തടങ്ങളാണെന്നും, ഭൂപരിഷ്‌കരണ ചട്ടങ്ങളുടെ ലംഘനത്തിനെതിരെ നടപടി തുടങ്ങിവെച്ച സ്ഥലമാണെന്നും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.
കെജിഎസ് ഗ്രൂപ്പ് പല ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും വന്‍ ബിസിനസ് ഗ്രൂപ്പുകളുടെയും ബിനാമിയാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. 2ജി സ്‌പെക്ട്രം അഴിമതിയിലൂടെ ചിലര്‍ക്ക് ലഭിച്ച പണം ഇവിടെ നിക്ഷേപിച്ചിട്ടുളളതായി പരക്കെ ആക്ഷേപമുണ്ട്. കൂടാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ഇപ്പോള്‍ വിവാദനായകനുമായ റോബര്‍ട്ട് വദ്രക്കും ഈ സംരംഭത്തില്‍ പങ്കുളളതായി നാട്ടുകാര്‍ കരുതുന്നു. പൊതുജനനവികാരത്തെ മാനിക്കാതെ ജനദ്രോഹികളായ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി വാദിച്ച് വിമാനത്താവള പദ്ധതിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംപിമാരാമയ പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, തങ്കച്ചന്‍ കാക്കനാടന്‍ (പഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്. പുരോഗമനത്തിന്റെയും നഗരവല്കരണത്തിന്റെയും വ്യവസായിക പുരോഗതിയുടെയും പേരില്‍ ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നഷ്ടമാക്കി പഞ്ചനക്ഷത്ര പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമായ സെക്‌സ് ടൂറിസവും മഫിയാപ്രവര്‍ത്തനങ്ങളും ദേശവിരുദ്ധ നീക്കങ്ങളും കളളക്കടത്തും മയക്കു മരുന്നുവ്യാപാരവും നടത്താനുളള ശ്രമം മുളയില്‍ത്തന്നെ നുളളിക്കളയേണ്ടതാണ്.
വിമാനത്താവളത്തിന്റെയും, വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിന്റെയും പേരില്‍ ആറന്മുളയിലുളള അഞ്ചോളം ക്ഷേത്രങ്ങളും ആയിരക്കണക്കിന് ജനങ്ങളുടെ കിടപ്പാടങ്ങളും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്തന്ത്രങ്ങളിലൂടെയും കൈക്കലാക്കാനാണ് വിദേശപിന്തുണയോടെ ചില വന്‍കിടക്കാര്‍ ശ്രമിക്കുന്നത്. പ്രമുഖ ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തേയും 18 പൂങ്കാവനങ്ങളേയും തകര്‍ക്കാനുളള രഹസ്യഅജണ്ട ഈ പദ്ധതിക്കുപിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വര്‍ഷകാലങ്ങളില്‍ മഴവെളള സംഭരണികളായി പ്രവര്‍ത്തിക്കുന്ന നീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നതു മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവിയിലുണ്ടാക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പരിസ്ഥിതി സംഘടനകള്‍ വിശദമായ പഠന റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത കെ.ജി.എസ് ഗ്രൂപ്പിന് കൊടിപിടിക്കാനാണ് ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളുടെ ശ്രമം. നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമം നിലനില്‍ക്കെ കമ്പനി പറയുന്ന അളവില്‍ നിലം നികത്തു വാന്‍ ലക്ഷക്കണക്കിന് ലോഡ് മണ്ണ് വേണ്ടി വരും. അതിനായി പരിസര പ്രദേശങ്ങളായ കിടങ്ങന്നൂര്‍, മെഴുവേലി, ഇലവുംതിട്ട, വല്ലന, കോട്ട തുടങ്ങിയ പ്രദേശങ്ങളാണ് മണ്ണ് മഫിയ ലക്ഷ്യം വച്ചിരിക്കുന്നത്. മലനിരകള്‍ പൂര്‍ണ്ണമായും ഇടിച്ചുനിരത്തി നീക്കം ചെയ്യുന്നതോടെ 25 കി.മീ. ചുറ്റളവിലുളളവര്‍ക്ക് കുടിവെളളം പോലും കിട്ടാത്ത അവസ്ഥ നേരിടേണ്ടിവരും. ഇപ്പോള്‍ ആറന്മുളയില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രക്ഷോഭണങ്ങള്‍ സമീപ സ്ഥലങ്ങളിലേക്കും വ്യാപിക്കും. റോഡ് വികസനത്തിന്റെ പേരില്‍ മൂലമ്പളളിയില്‍ ഉണ്ടായതു പോലെയുളള കുടിയൊഴിപ്പിക്കലുകള്‍ ചെങ്ങന്നൂര്‍ വരെ എത്തിയേക്കാം. ചെങ്ങന്നൂരിന് സമീപമുളള പ്രസിദ്ധമായ പുത്തന്‍തെരുവ് അപ്രത്യക്ഷമായേക്കും എന്നാണ് അറിയുന്നത്.
ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കും എന്നാണ് കമ്മീഷന്‍ വാങ്ങി എയര്‍ പോര്‍ട്ടിനായി ചാരപ്പണി ചെയ്യുന്നവരുടെ പ്രചരണം. നെടുമ്പാശേരിയിലും കരിപ്പൂരിലും തിരുവനന്തപുരത്തും എത്ര തദ്ദേശിയര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നതാണ് ഇതിനെതിരായി ഉയരുന്ന വാദം. വ്യവസായ മേഖലയില്‍ ഒരു പെട്ടിക്കട ഇടാന്‍ പോലും നാട്ടുകാര്‍ക്ക് കഴിയില്ല എന്നതാണ് വാസ്തവം.
നിയമപരമായി ഉണ്ടാകുന്ന വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ പിന്തുണ നല്‍കണം. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനമായ വാസ്തുവിദ്യാ ഗുരുകുലത്തിന് സ്വന്തമായി വലിയ ഒരു ആസ്ഥാനമന്ദിരം ആറന്മുളയില്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കാത്ത ഭരണകൂടം വിമാനത്താവള പദ്ധതിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നിസംശയം അനുവാദം നല്‍കുന്നത് വിചിത്രമാണ്. ആറന്മുളയില്‍ നിന്നും 100 കിലോമീറ്ററിനുളളില്‍ 2 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ (തിരുവനന്തപുരം, നെടുമ്പാശ്ശേരി) ഉളളപ്പോള്‍ ആറന്മുളയില്‍ ഇത് വേണമെന്ന് ശഠിക്കുന്നത് ജുഗുപ്‌സാവഹമാണ്. വിമാനത്താവള പദ്ധതിപ്രദേശത്തിന് മദ്ധ്യത്തിലായി സ്ഥിതി ചെയ്യുന്ന തെച്ചിക്കാവ് ക്ഷേത്രം ഇപ്പോളും നാട്ടുകാരുടെ കൈവശത്തിലാണ്. കമ്പനിയും അവരുടെ ശിങ്കിടികളായ വിവിധ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരിനും മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്‍കിയ വിവിധ രേഖകളില്‍ വിമാനത്താവളത്തിന് 10 കി.മീ. ചുറ്റളവിനുളളില്‍ പ്രാചീന കെട്ടിടങ്ങളൊന്നും ഇല്ലെന്നും, ഇവിടുത്തെ നെല്‍വയലുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കൃഷി നടക്കുന്നില്ലെന്നും, ഇവിടെ നീര്‍ത്തടങ്ങളോ തോടുകളോ ഒന്നും ഇല്ലെന്നും ഒക്കെയാണ് പറഞ്ഞിട്ടുളളത്. വിമാനത്താവളത്തിന്റെ 500 മീറ്ററിനുളളിലാണ് പ്രസിദ്ധമായ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ വേറെയും നാല് ക്ഷേത്രങ്ങള്‍ ഇതിന് ചുറ്റുമായി നിലവിലുണ്ട്. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ കൊടിമരം വലിയ ബോയിംഗ് വിമാനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കൃഷിവികസന പദ്ധതിപ്രകാരം പത്തനംതിട്ട ജില്ലയിലെ ആറന്മുള, തിരുവല്ല, പന്തളം താലൂക്കുകളില്‍ കൃഷി ചെയ്തിരുന്നു. 407 ലക്ഷം രൂപ 2007-2008 ലും, 927 ലക്ഷം രൂപ 2009-2010 ലും അനുവദിച്ചിരുന്നു. 2010-2013 വര്‍ഷങ്ങളിലായി 2405 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. പത്തനംതിട്ട ജില്ലാ പ്ലാനിംഗ് കമ്മറ്റി രേഖകളില്‍ ഈ വിവരങ്ങളെല്ലാം ഉളളപ്പോഴാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശത്ത് കൃഷി നടക്കുന്നില്ലെന്ന വ്യാജ വിദഗ്ദ്ധസമിതി (?) റിപ്പോര്‍ട്ട് തയ്യാറാക്കി പരിസ്ഥതി അനുവാദം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ഇതേ മന്ത്രാലയം തന്നെയാണ് ശബരിമലയില്‍ കടുവകളുണ്ടെന്ന് പറഞ്ഞ് തീര്‍ത്ഥാടനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്!
സ്ഥലവാസിയായ ആറന്മുള എംഎല്‍എയും മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനദ്രോഹപരമായ വിമാനത്താവള പദ്ധതിയെ അനുകൂലിക്കുമ്പോള്‍ മാലേത്ത് സരളാദേവി, ഫിലിപ്പോസ് തോമസ്, കെ.കെ. റോയ്‌സണ്‍ എന്നീ കോണ്‍ഗ്രസുകാര്‍ ഇതിനെതിരെ പരസ്യമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടുകള്‍ക്ക് പുറത്ത് സംയുക്ത സമരസമിതിയുടെ കീഴിലാണ് ജനങ്ങള്‍ ഇപ്പോള്‍ സംഘടിക്കുന്നത്. വിമാനത്താവള പദ്ധതി ഉയര്‍ത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിച്ച് ആറന്മുളയെ രക്ഷിക്കുന്നതിനുവേണ്ടി പളളിയോട-പളളിവിളക്ക് സംരക്ഷണ സമിതി, പ്രകൃതി സംരക്ഷണ സമിതി, കോഴിമല സംരക്ഷണ സമിതി, ഭൂമി സംരക്ഷണ ജനകീയ വേദി, കുഴിക്കാല ആക്ഷന്‍ കൗണ്‍സില്‍, വിവിധ കാവ് സംരക്ഷണ വേദികള്‍ എന്നിവയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്
വിവിധ രാഷ്ട്രീയ സമുദായ നേതാക്കള്‍ പിന്തുണ നല്‍കുന്നുണ്ട്. ബിജെപി നേതാക്കളായ വി.എന്‍. ഉണ്ണി, കെ.ആര്‍. പ്രതാപചന്ദ്ര വര്‍മ്മ, അശോകന്‍ കുളനട കൂടാതെ സുഗതകുമാരി, കുമ്മനം രാജശേഖരന്‍, എം. അയ്യപ്പന്‍കുട്ടി, കെ. ഹരിദാസ്, പി. ഇന്ദുചൂഡന്‍, പി.ആര്‍. ഷാജി തുടങ്ങി ഒട്ടേറെപേരുടെ രാപ്പകലില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങള്‍ക്ക് വലിയ പ്രയോജനം നല്‍കാത്ത എന്നാല്‍ നിരവധിപേര്‍ക്ക് ദ്രോഹം മാത്രം പ്രദാനം ചെയ്യുമെന്നുറപ്പുളള അഴിമതിയും ഭൂമികച്ചവടവും ദുരൂഹതകളും നിറഞ്ഞ വിമാനത്താവള പദ്ധതിയെ എന്ത് വിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് തദ്ദേശവാസികള്‍ സമരമുഖത്ത് നിലയുറപ്പിച്ചിട്ടുളളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.