വളരെ വര്‍ഷക്കാലമായി നടന്നുവരുന്ന ആറന്മുള മത്സര വള്ളംകളി വേണ്ടെന്ന് വെച്ചുകൊണ്ട് പള്ളിയോട സേവാസംഘം നിര്‍വ്വാഹക സമിതി കൈക്കൊണ്ട തീരുമാനം ആറന്മുള ക്ഷേത്രത്തെയും ആചാരാനുഷ്ഠാനങ്ങളെയും പൈതൃകത്തെയും വള്ളംകളിയെയും സ്‌നേഹിക്കുന്ന ഏവരിലും ദു:ഖവും അമര്‍ഷവും ഉത്കണ്ഠയും ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായങ്ങള്‍ ഒന്നും ഇക്കുറി ലഭിക്കില്ലെന്ന കാരണത്താലാണ് വള്ളംകളി വേണ്ടെന്ന് വെച്ചത്. പക്ഷെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായിട്ടുള്ളത് ആശ്വാസപ്രദമാണ്.
ആചാരത്തിന്റെ ഭാഗമായി പരമ്പരാഗത ആറന്മുള ഉത്രട്ടാതി ജലഘോഷയാത്രയോടൊപ്പം 1973 ലാണ് മത്സരവള്ളംകളി ആരംഭിച്ചത്. ജനങ്ങളുടെ പങ്കാളിത്തവും ആവേശവും ഉത്സാഹവും കൊണ്ട് ശ്രദ്ധേയമായ കായിക വിനോദമേളയായും ആചാരപ്പെരുമയുടെ നിറവില്‍ നടക്കുന്ന ജനകീയ പൈതൃക കൂട്ടായ്മയായും ആറന്മുള ജലോത്സവം ലോകവിഖ്യാതമായി തീര്‍ന്നിട്ടുണ്ട്. കരകളിലെല്ലാം വിപുലമായ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ട്രാക്കുകളും ബാച്ചുകളും നിശ്ചയിച്ച് സബ്കമ്മറ്റികളുടെയെല്ലാം പ്രവര്‍ത്തനം ഊര്‍ജ്ജിതമായി. ക്യാപ്റ്റന്‍മാരുടെ നിയന്ത്രണത്തില്‍ പരിശീലനവും നടന്നുവരുന്നു. ഒരുക്കങ്ങളുടെയെല്ലാം ഈ അന്തിമഘട്ടത്തിലാണ് ഏവരിലും ഞെട്ടലുളവാക്കികൊണ്ട് മത്സരവള്ളംകളി സെപ്റ്റംബര്‍ 3 ന് കൂടിയ നിര്‍വ്വാഹകസമിതി റദ്ദാക്കിയത്.
സര്‍ക്കാര്‍ സഹായങ്ങള്‍ പിന്‍വലിച്ച നടപടി ജനാധിപത്യവിരുദ്ധവും മനുഷ്യത്വഹീനവുമാണ്. ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ട ബാധ്യത ഏതൊരു ജനാധിപത്യ സര്‍ക്കാരിനുമുണ്ട്. മാരാമണ്‍ കണ്‍വന്‍ഷന്‍, ശബരിമല തീര്‍ത്ഥാടനം തുടങ്ങിയ ജനങ്ങളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നിടത്തെല്ലാം ഗതാഗതം, കുടിവെള്ളം, മല മൂത്രവിസര്‍ജനം, നിയമ സമാധാനം തുടങ്ങി ജനങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സൗകര്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വയം മുന്നോട്ടുവരാറുണ്ട്. ഇത് സര്‍ക്കാരിന്റെ കടമയും ജനങ്ങളുടെ അവകാശവുമാണ്. ആറന്മുളയില്‍ എം.എല്‍.എ. പങ്കെടുക്കുന്നില്ലെന്ന കാരണമുന്നയിച്ച് വള്ളംകളിക്കുള്ള സഹായങ്ങളെല്ലാം റദ്ദ് ചെയ്യുന്ന സര്‍ക്കാര്‍ നടപടി കാടത്തമാണ്, ക്രൂരമാണ്.
മാരാമണ്‍ കണ്‍വന്‍ഷനില്‍ എം.എല്‍.എ.യേയോ, എം.പി.യേയോ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കാറില്ല. പ്രസംഗവേദിയില്‍ സംഘാടകര്‍ നിശ്ചയിക്കുന്ന മതമേലധ്യക്ഷന്മാരും ക്ഷണിതാക്കളും മാത്രമേ ഇരിക്കാറുള്ളു. എം.എല്‍.എ.യെ പങ്കെടുപ്പിക്കില്ലെന്ന കാരണമുന്നയിച്ച് മാരാമണ്‍ കണ്‍വന്‍ഷന് സഹായങ്ങളൊന്നും കൊടുക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയുമോ? ശബരിമല മകരവിളക്കിന് റാന്നി എം.എല്‍.എ. പങ്കെടുത്താല്‍ മാത്രമേ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ എന്ന് സര്‍ക്കാരിന് പറയാന്‍ കഴിയുമോ? ആറന്മുളയില്‍ മാത്രം എം.എല്‍.എ. പങ്കെടുത്താലേ വള്ളംകളിക്ക് സഹായം തരൂ എന്ന് സര്‍ക്കാര്‍ പറയുന്നത് മൗഡ്യമാണ്, മതവിവേചനമാണ്. 2003 ല്‍ തിരുവല്ല സ്വദേശി ശ്രീഹരികൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ എല്ലാ സഹായവും ആറന്മുള വള്ളംകളിക്ക് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയലക്ഷ്യമാണ് സര്‍ക്കാര്‍ നടപടി. സെപ്റ്റംബര്‍ 1 ന് കൂടിയ പള്ളിയോടസേവാസംഘത്തിന്റെ പൊതുയോഗം ഏകകണ്ഠമായി പാസാക്കിയ പ്രമേയവും തുടര്‍ന്നുള്ള പ്രസിഡന്റ് ശ്രീ. സാമ്പദേവന്റെ രാജിയുമാണ് സര്‍ക്കാര്‍ സഹായം റദ്ദ് ചെയ്യാന്‍ മറ്റൊരു കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. തിരുവാറന്മുളയപ്പന്റെ പുത്തരിക്കണ്ടവും അരിങ്ങോട്ടുകാവും കണ്ണങ്ങാട്ടുമഠവും നീര്‍ച്ചാലുകളും നശിപ്പിച്ചുകൊണ്ട് അന്താരാഷ്ട്രവിമാനത്താവളം പണിതാല്‍ അത് ഭാവിയില്‍ പുണ്യപമ്പാനദിക്കും വള്ളംകളിക്കും വിനാശകരമായി തീരുമെന്ന തിരിച്ചറിവ് പള്ളിയോടസേവാസംഘത്തിന്റെ പൊതുയോഗത്തിനുണ്ടായത് സ്വഭാവികം മാത്രം. പമ്പയില്‍
വെള്ളമുണ്ടെങ്കിലേ വള്ളംകളിയുള്ളൂ പള്ളിയോടമുണ്ടെങ്കിലേ തിരുവോണത്തോണിയും ആചാരങ്ങളും കരകളും ഉളളൂ. ഇതെല്ലാം കൂടിചേര്‍ന്നാലേ ആറന്മുള പൈതൃകമുള്ളൂ. ആറന്മുളയെ മൂച്ചൂടം നശിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് കൂട്ടു നില്‍ക്കുന്ന എം.എല്‍.എ.യും എം.പി.യും ജനപ്രതിനിധികളാണെങ്കിലും ജനങ്ങളുടെ ശത്രുക്കളാണ്. ആറന്മുളയുടെ നാശത്തിന് വഴിയൊരുക്കുന്ന ജനപ്രതിനിധികളോട് പ്രതികരിക്കേണ്ട ബാദ്ധ്യത ആറന്മുളയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് വള്ളംകളിയില്‍ വിശിഷ്ടാതിഥികളായി എം.എല്‍.എ. കെ.ശിവദാസന്‍ നായരെയും, എം.പി.യായ ആന്റോ ആന്റണിയെയും രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനെയും പങ്കെടുപ്പിക്കരുതെന്ന് പള്ളിയോട സേവാസംഘത്തിന്റെ പൊതുയോഗം തീരുമാനിച്ചത്.
വിമാനത്താവള നിര്‍മ്മാണത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും പ്രതിഷേധവും മനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിന് എം.എല്‍.എ.യും എം.പി. യും ശ്രമിച്ചിട്ടില്ലെന്ന് എന്‍.എസ്.എസ്. അഭിപ്രായപ്പെടുകയുണ്ടായി. സത്യസന്ധവും സ്വാഗതാര്‍ഹവുമായ പ്രതികരണമാണിത്. മത്സരവള്ളംകളി മാറ്റിവെയ്ക്കണമെന്ന് എന്‍.എസ്.എസ്. ആവശ്യപ്പെട്ടുവെന്ന് സേവാസംഘം ട്രഷറാര്‍ പി. മോഹനചന്ദ്രന്‍ സെപ്റ്റംബര്‍ 4 ന് പത്ര പ്രസ്ഥാവനയില്‍ വ്യക്തമാക്കി. പച്ചക്കള്ളം പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.എന്‍.എസ്.എസിനെ പഴിചാരി ജനങ്ങളുടെ മുമ്പില്‍ അപഹാസ്യമാകുകയാണ് ട്രഷററുടെ ഉദ്ദേശം.
കഴിഞ്ഞ 600 ദിവസത്തിലേറെക്കാലമായി ആറന്മുളയില്‍ ജനകീയ പ്രക്ഷോഭം അതിശക്തമായി നടന്നുവരികയാണ്.
73 എം.എല്‍.എ. മാരും 5 ജഡ്ജിമാരും രണ്ട് ജ്ഞാനപീഠം ജേതാക്കളുമുള്‍പ്പെടെ പ്രമുഖരെല്ലാം പ്രക്ഷോഭത്തിന് അനുകൂലമായി ഒപ്പിട്ടു. എന്നിട്ടും എം.എല്‍.എ. യോ എം.പി.യോ സ്വന്തം നാട്ടിലെ വോട്ടറന്മാരായ പ്രക്ഷോഭകരോടെ ഫോണില്‍കൂടി വിളിച്ചെങ്കിലും കാര്യങ്ങള്‍ തിരക്കാനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. അതേ സമയം തന്നെ പങ്കെടുപ്പിക്കാത്തതിനാല്‍ വള്ളംകളിക്ക് വേണ്ട സഹായങ്ങളൊന്നും സര്‍ക്കാര്‍ കൊടുക്കരുതെന്ന് കളക്ടറോട് ആവശ്യപ്പെട്ടാന്‍ എം.എല്‍.എ. മടികാണിച്ചുമില്ല.
സെപ്റ്റംബര്‍ 3 ന് കൂടിയ പള്ളിയോടസേവാസംഘത്തിന്റെ നിര്‍വ്വാഹക സമിതി യോഗത്തില്‍ വള്ളംകളി വേണ്ടെന്നു വെയ്ക്കണമെന്ന് ശക്തിമായി വാദിച്ച് തീരുമാനമെടുപ്പിച്ച 12 അംഗങ്ങള്‍ സെപ്റ്റംബര്‍ 6 ന് ചെങ്ങന്നൂരില്‍ യോഗം ചേര്‍ന്ന് മത്സരവള്ളംകളി വേണമെന്ന് പ്രമേയം പാസ്സാക്കി. പൊതുയോഗത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാംബദേവന്റെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 3 ന്റെ എക്‌സിക്യൂട്ടീവ് യോഗ തീരുമാനത്തിന് വിരുദ്ധമായും അനൗദ്യോഗികമായും സമാന്തരയോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ശ്രീ. ശങ്കരനാരായണ പിള്ളയും സെക്രട്ടറി രതീഷും അറിയാതെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ യോഗം ചേര്‍ന്നത് അച്ചടക്കലംഘനമാണ്. ഗ്രൂപ്പുകളിക്കും രാഷ്ട്രീയ മുതലെടുപ്പിനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടി ചിലര്‍ പള്ളിയോട സേവാസംഘത്തെ ദുരുപയോഗം ചെയ്യുന്നതിന് ഇതില്‍പരം മറ്റൊരു ഉദാഹരണം ആവശ്യമില്ല.
ഏതൊരു പ്രസ്ഥാനത്തിന്റെയും പൊതുയോഗതീരുമാനം അന്തിമവും വിശുദ്ധവും അലംഘനീയവുമാണ്. സേവാസംഘപൊതുയോഗ തീരുമാനം 52 കരകളിലെയും ജനങ്ങളുടെ പൊതുവികാരത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിനെ മാനിക്കാന്‍ സര്‍ക്കാരിനും എം.എല്‍.എ. ക്കും ബാധ്യതയുണ്ട്. തനിക്ക് ഇഷ്ടമില്ലാത്തതെല്ലാം തെറ്റാണെന്ന് പ്രഖ്യാപിച്ച് അവ മുടക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന സാഡിസ്റ്റ് മനോഭാവമാണ് എം.എല്‍.എ. യുടേത്. തന്നെ വിശിഷ്ടാതിഥി ആക്കിയില്ലെങ്കില്‍ വള്ളംകളി നടത്താന്‍ സമ്മതിക്കില്ലെന്ന എം.എല്‍.എയുടെ ധാര്‍ഷ്ട്യം നീതിബോധമുള്ളവര്‍ക്ക് വകവെച്ചുകൊടുക്കാനാവുമോ?
എം.എല്‍.എ.യോ, എം.പി.യോ വള്ളംകളിയില്‍ പങ്കെടുക്കരുതെന്ന് പൊതുയോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നില്ല. ആറന്മുളയെ നശിപ്പിക്കുന്ന വിമാനത്താവള പദ്ധതിക്ക് കൂട്ടുനില്‍ക്കുന്ന എം.എല്‍.എ.യേയും എം.പി.യേയും വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് മാത്രമേ പ്രമേയത്തില്‍ പറയുന്നുള്ളു. വള്ളംകളിയില്‍ അവര്‍ക്ക് മറ്റെല്ലാവരേയും പോലെ പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്.
![]() |
പളളിയോടസേവാസംഘത്തിന്റെ നിര്‍വ്വാഹകസമിതിക്ക് വള്ളംകളി വേണ്ടെന്ന് വെക്കാനുള്ള അധികാരമില്ല. വള്ളംകളി നടത്തുന്നതിനുള്ള ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനാണ് പൊതുയോഗം തീരുമാനിച്ചത്. നിര്‍വ്വാഹകസമിതിയിലുള്ള ചില അംഗങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സമര്‍ത്ഥമായി നടത്തിയ കരുനീക്കമാണ് വള്ളംകളി റദ്ദാക്കല്‍ നടപടി. വള്ളംകളി നടക്കാതെ പോയത് വിമാനത്താവള വിരുദ്ധരുടെ നിലപാടുകൊണ്ടാണെന്ന് വരുത്തി തീര്‍ത്ത് എല്ലാ പഴിയും അവരുടെ തലയില്‍ കെട്ടിവെച്ച് ജനങ്ങളുടെ ഇടയില്‍ ഒറ്റപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
സഹ പ്രവര്‍ത്തകരോട് ആലോചിക്കാതെയും പൊതുയോഗതീരുമാനത്തെ മാനിക്കാതെയും പെട്ടെന്ന് പ്രസിഡന്റ് ശ്രീ. സാംബദേവന്‍ സ്ഥാനം രാജിവെച്ച് സഭ വിട്ടിറങ്ങിപോയത് അക്ഷന്തവ്യമായ അപരാധമാണ്. വള്ളംകളി നടക്കാന്‍ 19 ദിവസം മാത്രം അവശേഷിച്ചിരിക്കെ, പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞ് സംഘടനയെ പ്രതിസന്ധിയിലാക്കി പുറത്തുപോകാന്‍ എങ്ങനെ അദ്ദേഹത്തിന് മനസ്സു വന്നു? നിരവധി പേര്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടും മറ്റാരും രാജിവെച്ചില്ല. പ്രസിഡന്റിന്റെ നടപടിയില്‍ എതിര്‍പ്പുള്ളവരാണ് മറ്റുള്ളവരെല്ലാം. പൊതുയോഗത്തെ മാനിക്കാന്‍ തയ്യാറില്ലാത്തവര്‍ സംഘടനാവിരുദ്ധരാണ്. പ്രതിസന്ധിഘട്ടത്തില്‍ സംഘടനയെ ധീരമായി നയിക്കുന്നതിനും വള്ളംകളി ഭംഗിയായി നടത്തുന്നതിനും വേണ്ടിയാണ് പ്രസിഡന്റിനെ പൊതുയോഗം തെരഞ്ഞെടുത്തത്. 6 വര്‍ഷം അഥവാ രണ്ട് ടേം മാത്രമേ പ്രസിഡന്റിന് സ്ഥാനത്തിരിക്കാനാവൂ. ഇപ്പോഴത്തെ ടേം പൂര്‍ത്തിയാക്കാത രാജിവെച്ചിറങ്ങിയാല്‍ അടുത്തവര്‍ഷവും പ്രസിഡന്റാവാം എന്ന സ്വപ്‌നവുമായാണ് ശ്രീ. സാംബദേവന്‍ പടിയിറങ്ങിയത്.
മൃതദേഹത്തില്‍ റീത്ത് വെച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം നേരെ തിരുവാറന്മുള ക്ഷേത്രത്തില്‍ എം.എല്‍.എ. കയറി ആചാരലംഘനം നടത്തിയതു മുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നൊന്നായി സംഭവിക്കുകയാണ്. ഊട്ടുപുരയില്‍ തിളച്ച പരിപ്പുവെള്ളത്തില്‍ ഒരാള്‍ വീണ് ഗുരുതരമായി പൊള്ളലേറ്റു. ഒരു ഭക്തന്‍ കൊടിമരച്ചുവട്ടില്‍ തലകറങ്ങിവീണ് തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകി. പടിഞ്ഞാറെ ഗോപുരമതില്‍ നിലംപൊത്തി. ഈ ദുര്‍നിമിത്തങ്ങളും അപലക്ഷണങ്ങളും ജനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
സര്‍വ്വശക്തനായ തിരുവാറന്മുളയപ്പന്റെ പാദാരവിന്ദങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ആറന്മുളയുടെ മഹത്തായ പാരമ്പര്യവും സംസ്‌ക്യതിയും പൈതൃകവും കാത്തു സൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായി സര്‍വ്വശക്തിയുമുപയോഗിച്ച് രംഗത്ത് വരേണ്ട സന്ദര്‍ഭമാണിത്. ആറന്മുള ക്ഷേത്രവും മണ്ണും നദിയും വെള്ളവും വയലും കാവും വള്ളംകളിയും നമ്മുടേതാണ്. ഒരു കേടും കൂടാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്. ആറന്മുള ജലോത്സവത്തിന്റെ തനിമയും പൊരുളും തെല്ലും നഷ്ടപ്പെടാതെ അവയെ നെഞ്ചിലേറ്റുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. ആറന്മുള വള്ളംകളി അട്ടിമറിക്കുന്നവരെ ഒറ്റപ്പെടുത്താം.
ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.